Monday, 30 September 2019

മറുചിരി,പ്രതിവിധി

നമ്മളിങ്ങനെ മനുഷ്യനായി ജന്മമെടുക്കുന്നു.

വളരുന്നു.

മറ്റു മനുഷ്യരെ നോക്കി ചിരിക്കുന്നു.

ഭൂരിപക്ഷവും തിരിച്ചു ചിരിക്കുന്നില്ല.

കാരണം ചോദിച്ച് ശാസിക്കണമെന്നുണ്ട്.

പക്ഷേ പറ്റുമോ?

പറ്റും.

സ്റ്റുഡിയോ തുടങ്ങി.

"ചൊടി കടിച്ചു പിടിക്കാതെ വൃത്തിയായിട്ട് ചിരി ജാന്‍സീ.ഇല്ലേല്‍ ഫോട്ടോ ബോറാകുവേ!"

"എത്താ റംലാ മെനയ്ക്ക് ചിറിച്ചാല് അന്റെ വായീന്ന് മുത്തുവല്ലോം പൊയ്യോ"

നമ്മളങ്ങനെ ചിരിയുടെ രാജകുമാരനായി..ആഹാ

Friday, 27 September 2019

U.F.O.

കട്ടിയായ കോടയില്ലെങ്കിലും തണുപ്പിന്റെ ചുളുചുളുപ്പന്‍ കാറ്റുള്ള പ്രഭാതമാണ്.ഉത്തരവാദിത്വമുള്ളൊരു അള്‍ത്താരബാലനെന്ന നിലയില്‍ ആറേകാലിന്റെ കുര്‍ബാനക്ക് പത്തുമിനുട്ടു മുന്‍പേ പള്ളിയിലെത്തണം.കാടും പടലും നിറഞ്ഞ വിജനമായതെങ്കിലും
കണ്ണടച്ചും വേണമെങ്കില്‍ നടക്കാവുന്നത്ര ചിരപരിതമായ വഴിയിലൂടെ പ്രകൃതിയൊരുക്കിയ കാഴ്ചകളൊക്കെ കണ്ട് സാമാന്യം വേഗത്തിലാണ് നടപ്പ്.

പടിഞ്ഞാറേ ചക്രവാളത്തിലതാ ചുവന്നു തിളങ്ങുന്ന ഒരു പൊട്ട്.പൊട്ടു വളര്‍ന്ന് വിചിത്രരൂപമാകാന്‍ അധികം സമയമെടുത്തില്ല.ഐഡന്റിഫൈ ചെയ്യാനാവാത്തതിനാല്‍ സംഗതി അണ്‍ഐഡന്റിഫൈഡ് ഫോറിന്‍ ഒബ്ജക്ട് തന്നെ.നല്ല ശാസ്ത്രബോധമുള്ളതുകൊണ്ട് പെട്ടെന്ന് കാര്യം മനസ്സിലായി.

മനസ്സിലാക്കലിന്റെ പ്രക്രിയ തീരുന്നതിന് മില്ലീസെക്കന്റുകള്‍ക്കപ്പുറം ആ ബൃഹുത്തായ പേടകത്തിന്റെ അപൂര്‍വ്വവെളിച്ചം എന്നെ പൊതിഞ്ഞു!!നിറമെന്തെന്ന് മനസ്സിലാകാത്ത ആ വെളിച്ചത്തില്‍ ചലനമറ്റ് മെസ്മറൈസ്ഡായി ഞാനും!
പ്രതീക്ഷിച്ചതുപോലെ തന്നെ നൊടിയിടയില്‍ ആ അഭൗമപ്രകാശത്തിന്റെ അജ്ഞാതസംവിധാനത്തിലൂടെ ഞാനാ പേടകത്തിനകത്തെത്തി.

വിവരിക്കാനാവാത്തവണ്ണം വിചിത്രമായ ജീവികളും സജ്ജീകരണങ്ങളും.പരീക്ഷണനിരീക്ഷണങ്ങളാണ് അവരുടെ ലക്ഷ്യമെന്നത് വ്യക്തം.

സ്കാനിങ്ങുകള്‍ പലതു കഴിഞ്ഞു.

അടുത്ത പരീക്ഷണ സെറ്റപ്പിലേയ്ക്കു കടക്കും മുന്‍പ് എന്റെ യൂറിനറി ബ്ളാഡര്‍ കാലിയാക്കേണ്ടതുണ്ട്.അതിനും അനുയോജ്യമായ യന്ത്രസംവിധാനങ്ങളുണ്ട്.

അതിശയം!ഞാന്‍ പോലുമറിയാതെ ബ്ളാഡര്‍ കാലിയായി.

അടുത്ത മെയിന്‍ പരീക്ഷണ സെറ്റപ്പില്‍ എന്റെ ശരീരത്തിന്റെ നിര്‍മ്മാണവസ്തുക്കള്‍ പരിശോധിക്കലാണ് നടന്നു കൊണ്ടിരിക്കുന്നത്.ചെറിയ തട്ടലുകളും തടവലുകളും എനിക്ക് അനുഭവഭേദ്യമാവുന്നുണ്ട്.

പെട്ടെന്നാണ്,പൃഷ്ഠഭാഗത്തിന് താഴെയായി നാട്ടു ഭാഷയില്‍ 'അകംതുട' എന്നു വിളിക്കുന്നിടത്ത് ശക്തിയേറിയ ഒരു താഢനമേറ്റത്.ശക്തിയുള്ള എന്തോ ലോഹഭാഗം കൊണ്ടാണ് താഢനം.അതാ വീണ്ടും..ലോഹമല്ല.വലിയ തഴമ്പില്ലാത്ത കൈപ്പടമാണ്.

"മുള്ളീട്ട് കെടന്നൊറങ്ങാന്‍ ഡെയ്ലി പറഞ്ഞോര്‍മ്മിപ്പിക്കാന്‍ ഇള്ളക്കൊച്ചൊന്നുമല്ലല്ലോ!നേരേ ബെഡ്ഷീറ്റും പൊതപ്പുമെടുത്ത് തോട്ടിലേയ്ക്ക് വിട്ടോ.ബെഡിന്റെ മണം പോകാനിനി എത്ര  കാലമെടുക്കുമെന്ന് തമ്പുരാനറിയാം!"

"ബെഡ് വെറ്റിങ്ങ് സൈക്കളോജിക്കലായ പ്രശ്നങ്ങള്‍ക്കൊണ്ടാണെന്ന് ഞാനീയടുത്ത് വായിച്ചമ്മേ!ചേട്ടനെയേതെങ്കിലും നല്ല സൈക്ക്യാട്രിസ്റ്റിനെ കാണിച്ചാലോ!"പെങ്ങളുടെ വക.

"ആയുര്‍വേദത്തില്‍ നല്ല ചൂരല്‍ക്കഷായമുണ്ട്!"അമ്മയുടെ ചികിത്സാവിധി.

എന്നാലും ഇത്ര ഭാവനാസമ്പൂര്‍ണ്ണമായി സ്വപ്നത്തില്‍ കഥമെനഞ്ഞ് കിടക്ക നനയ്ക്കാനെങ്ങിനെ സാധിക്കുന്നു എന്നതായിരുന്നു തുണികളും പേറി തോടിന്റെ  ആളൊഴിഞ്ഞ കടവിലേയ്ക്കു ഒളിച്ചും പാത്തും നടക്കുമ്പോഴാകെ മനസ്സിനെ ഭരിച്ച ചിന്ത.

Thursday, 26 September 2019

കണക്കുമാഷിന്റെ സ്വപ്നത്തിലേക്ക്

കണക്കുമാഷിങ്ങനെ സ്വപ്നം കാണുകയാണ്...

ജ്യാമിതീയനിര്‍മ്മിതികളുടെ ഭാഷയില്‍ നോക്കിയാല്‍ വൃത്തത്തിലാണ് സ്വപ്നം...കണക്കുമാഷാണല്ലോ!

'അറിവെ'ന്ന് പൊതുവേ പറയപ്പെടുന്നതില്‍ ഒന്നുമില്ലാത്തവനെന്ന ബിന്ദുവില്‍ തുടങ്ങി അന്വേഷണങ്ങളുടെ മഹത്തരമെന്നു നിനക്കുന്ന വര്‍ത്തുളപാതയിലൂടെ സമയമെടുത്ത് ചരിച്ച് 'അറിവില്‍'  ഒന്നുമില്ലെന്നും 'അറിവ്' എന്താണെന്നും നിനയ്ക്കുന്ന ശൂന്യതയുടെ ആരംഭബിന്ദുവില്‍ തന്നെ എത്തിനില്‍ക്കുന്ന ഒന്നാമത്തെ വൃത്തം.

പരസഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താനാവാതെ തുടങ്ങി അവിടെ തന്നെ വന്നു ചേരുന്ന രണ്ടാമത്തെ വൃത്തം.

കോപവും സങ്കടവും ഇഷ്ടവും മാത്സര്യവും സ്വാര്‍ത്ഥവുമൊക്കെ ജാള്യതയില്ലാതെ പ്രകടിപ്പിച്ചിരുന്ന കാലത്തുനിന്ന് ഇവയെല്ലാം പാടുപെട്ട് ഒളിപ്പിക്കുന്ന ഒരു വളര്‍ച്ചാകാലം വൃത്തത്തില്‍ പിന്നിട്ട് തുടക്കത്തിലേക്കെത്തുന്ന അടുത്ത ജ്യാമിതീയരൂപം.താനിപ്പോഴും ക്ളാസില്‍ അലറി വിളിക്കാറുണ്ടല്ലോ!പൊട്ടിത്തെറിക്കാറുമുണ്ട്.അതെല്ലാം വൃത്തത്തിലെ ആരംഭബിന്ദുവാണ്.

മറ്റു ജീവിതങ്ങളും ഈ വൃത്തങ്ങളില്‍ പിണഞ്ഞാണ് കിടക്കുന്നത്.

വൃത്തത്തെ പല കോണുകളില്‍ നിന്നും നോക്കുമ്പോള്‍ പൂജ്യമായി തോന്നാറുണ്ട്.ചില കോണുകളില്‍ നിന്ന് അത് ആശയങ്ങളുടെ വര്‍ണ്ണച്ചിറകുള്ള പക്ഷിയുടെ മുട്ടയാണ്.

ഉറക്കത്തിന്റെ വൃത്തം വരച്ചുകഴിയും വരെ സ്വപ്നത്തിലൂടിങ്ങനെ വര്‍ത്തുളചലനം തുടര്‍ന്നേക്കാം

Tuesday, 24 September 2019

പരിചിതനായൊരു കപ്പലണ്ടിക്കാരന്‍

കടല്‍ക്കരയിലാണ് ഞാനവനെ കാലങ്ങള്‍ക്കുശേഷം കണ്ടത്.തിരിച്ചറിയാന്‍ നന്നേ പാടുപെട്ടു.സമൃദ്ധമായുണ്ടായിരുന്ന താടി മീശകളിലൊക്കേ വെള്ളിനിറത്തിന്റെ കടന്നുകയറ്റം.മുഖമാകെ കരുവാളിച്ചിരിക്കുന്നു.ഗൂഢവും ഹൃദ്യവുമായ ആ പഴയ ചിരിക്കു മാത്രം വലിയ മാറ്റമില്ല.അതിലാണ് ആളെ മനസ്സിലായതും.

കടപ്പുറത്തെ തിരക്കും അഴുക്കും കണ്ട് ഇറങ്ങാന്‍ മടിച്ച് വണ്ടിയിലിരുന്നപ്പോഴാണ് തെല്ലു ദൂരെ കപ്പലണ്ടിക്കാരന്‍ കണ്ണില്‍പ്പെട്ടത്.കൈകാട്ടി വിളിച്ചു വരുത്തി.ഭംഗിയായി പൊതിഞ്ഞ പാക്കറ്റു വാങ്ങി കാശുകൊടുക്കാനായി മുഖമുയര്‍ത്തിയപ്പോഴാണ് ആ ചിരിയും ചിരിയുടെ ട്രേഡ് മാര്‍ക്ക് ഉടമസ്ഥനേയും കണ്ടത്.അമ്പരന്നു പോയി.

"എടാ നീ!"

"അതേ.ഞാന്‍"തറുതല മറുപടി.

അവനെന്നെ നേരത്തേ മനസ്സിലായിരിക്കണം.ഉറപ്പാണ്.പക്ഷേ അറിഞ്ഞ ഭാവം നടിച്ചില്ല.അതാണ് ജനുസ്സ്.അത് അങ്ങിനെയൊക്കെയാണെന്ന് എനിക്കും അറിയാവുന്ന കാര്യമായതിനാല്‍ അതിനെക്കുറിച്ച് പിന്നീട് സംസാരിച്ചില്ല.

"വിപ്ളവകാരിയെന്താണ് കപ്പലണ്ടിയുമായി കാറിനടുത്തേയ്ക്കൊക്കെ?"അമ്പരപ്പിന്റെ
മഞ്ഞുരുകാന്‍ ഒരു തമാശയടിച്ചു.

"വിപ്ളവം കലത്തിലിട്ടിട്ട് പഴയപോലെ കഞ്ഞിയാവുന്നില്ലല്ലോ.അതാണ്.ഇന്നിന്റെ തിരക്കുകാര്‍ കപ്പലണ്ടി തൊലി കളഞ്ഞ് ഗ്രൈന്ററിലരച്ച് ലായനിയാക്കി കുത്തിവെപ്പായി കിട്ടുമോ എന്നന്വേഷിക്കാറുണ്ട്.വണ്ടിയുടെ അരികില്‍  സേവനമെത്തിയില്ലെങ്കില്‍ അവര്‍ക്കല്ല,ഈയു്ള്ളവനല്ലേ കഷ്ടനഷ്ടങ്ങള്‍"

"തന്റെ ഭാഷയൊന്നും കൈമോശം വന്നിട്ടില്ലല്ലോ!എഴുതാറില്ലേ?പഴയ കൃതികളെല്ലാം ഇപ്പോളുമെന്റെ കൈയ്യിലുണ്ട്"

"എഴുത്തിന്റെ ലോകത്തും കപ്പലണ്ടി ഇന്‍ജക്ഷന്‍ കസ്റ്റമേഴ്സ് തന്നെയാണ്.പരമയാഥാര്‍ത്ഥ്യങ്ങളായ
ആകസ്മികതകളും വേദനകളും  ആര്‍ക്കും വേണ്ട.കുറേ നിറം കലര്‍ത്തിയ നുണകളും മോട്ടിവേഷന്‍ ഭ്രമകല്‍പ്പനകളും നിറമുള്ള പുറംചട്ടകളും എഴുത്തുകാരുടെ കച്ചവടതന്ത്രങ്ങളും മാത്രമേ ഞാന്‍ കാണുന്നുള്ളൂ.മടുത്തു.പേന അടച്ചു."

എന്തു പറയണം,എങ്ങിനെ പറയണം എന്നറിയാതെ ഞാനുമൊരു നിമിഷം മൗനം ഭജിച്ചു.

"എടോ,പൈങ്കിളി കഥകളും നിറം കലര്‍ത്തിയ നുണകളും മാത്രം രുചിക്കുന്ന ഒരു വിഭാഗം അന്നും ഇന്നും എന്നും ഉള്ളതല്ലേ?!തന്റെ കണ്ണില്‍ അവര്‍ മാത്രമേ പെടുന്നുള്ളോ?"പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഒരല്‍പ്പം മൂര്‍ച്ച കൂടിയെന്ന് മനസ്സിലായത്.അവന്റെ ചിരി നിന്നു.മുഖം തിരിഞ്ഞു.

"കച്ചവടം നടക്കുന്ന തിരക്കിന്റെ സമയമാണ്"എന്നൊരു പരുക്കന്‍ ഒപചാരവാക്കിന്റെ സൗമനസ്യംകാട്ടി അവനാള്‍ക്കൂട്ടത്തിലലിഞ്ഞു.

Friday, 20 September 2019

ഐസുംവെള്ളം

ജീവിതം അതിന്റെ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളോടെ ഒരു കുമ്പിള്‍ വെള്ളം പോലെ കൈക്കുമ്പിളിലുണ്ട്....

ആകൃതിയില്ലാത്ത,നിറമില്ലാത്ത,മണമില്ലാത്ത,രുചിയില്ലാത്ത,അമ്ളവും ക്ഷാരവുമില്ലാത്ത ജലം...

ദേഷ്യം വരില്ലേ?!എല്ലാത്തിനുമൊരു അടുക്കും ചിട്ടയും വേണ്ടതല്ലേ???

ജീവിതജലം ഒരു ശില്‍പ്പം പോലെ മെനയാന്‍ നോക്കി...വരച്ചവരയില്‍ ഒതുക്കാന്‍ നോക്കി...

എന്തു ഫലം?!ഒരു രക്ഷയുമില്ല!വെള്ളമല്ലേ?വഴുതിയൊഴികിക്കൊണ്ടേയിരുന്നു.

അവസാനം കോല്‍ ഐസു വില്‍പ്പനക്കാരനെപ്പോലെ വേഷം കെട്ടി!

പഞ്ചസാര ചേര്‍ത്തു...

നിറം ചേര്‍ത്തു..

പഴത്തിന്റെ സ്വാദ് ചേര്‍ത്തു..

ഇഷ്ടമുള്ളപോലെ ദീര്‍ഘചതുരത്തില്‍ തണുപ്പിച്ചെടുത്ത് കോലുകൊണ്ടൊരു താത്കാലികനട്ടെല്ലും ഘടിപ്പിച്ച് കോല്‍ ഐസുപോലാക്കി വെച്ചു...

ഇനിയേതാകൃതിയെന്ന് ആരറിഞ്ഞു!

Thursday, 19 September 2019

eau de toilette

വിഖ്യാതമായ സ്കൂള്‍ കാലം.ഗണിതോത്സവത്തിന്റെ രണ്ടു ദിവസത്തെ ക്യാമ്പില്‍ താമസസൗകര്യം കിട്ടിയത് യുക്തിവാദികളുടെ ഒരു മനയിലാണ്.പൂര്‍വ്വാശ്രമത്തില്‍ പൂണൂലിട്ടിരുന്നവര്‍ എന്നും പറയാം.

മുറ്റത്ത് സ്വന്തമായൊരു ക്ഷേത്രമുണ്ട്.ദൈവങ്ങളെ അവരുടെ വഴിക്ക് വിട്ടേക്കാമെന്ന കാഴ്ചപ്പാടുകാരായതിനാല്‍ പൊളിച്ചു മാറ്റാതെ;എന്നാല്‍ ഇടിഞ്ഞു പൊളിഞ്ഞ ചെറിയോരു ക്ഷേത്രം.

മത്തി എന്ന ചാള വറുത്തതുകൂട്ടി സുഭിക്ഷമായ അത്താഴം.

മനയ്ക്കകത്തെ സാധനസാമഗ്രികള്‍ അവരില്‍ പലരും "ഫോറിന്‍ കാര്‍' ആയിരുന്നുവെന്നത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.നാട്ടിലെങ്ങും കണ്ടു പരിചയമില്ലാത്ത കമ്പനിയുടെ ടി.വി.യും വി.സി.ആറും.800 വാട്സിന്റെ സ്റ്റീരിയോയും മുതല്‍ സംസാരിക്കുന്ന പാവകളും മിനിയേച്ചര്‍ കളിപ്പാട്ടകാറുകളും അങ്ങനെ മുഴുവന്‍ ഫോറിന്‍ മയം.

ഞങ്ങള്‍ക്കുറങ്ങാന്‍ തന്ന മുറിയിലും ഒരു അടുക്കും ചിട്ടയുമില്ലാതെ പലവിധ ഫോറിന്‍ സാധനങ്ങള്‍ ചിതറി കിടപ്പുണ്ട്.

പരിചയമില്ലാത്ത വീടായതിനാല്‍ സാധനങ്ങളിലൊക്കെ കൈവെക്കണമെന്ന ആശയെ ബലം പിടിച്ച് അടക്കി കുറച്ചു നേരമിരുന്നു.

വിധിവൈഭവത്താല്‍ അവസാനം അസ്തമയസൂര്യന്റെ നിറമുള്ള ദ്രാവകം നിറഞ്ഞൊരു സെന്റു കുപ്പി ഞങ്ങളുടെ കണ്‍ട്രോളാകെ കളഞ്ഞു.സെന്റല്ല..സ് പ്രേയാണ്.

ആദ്യം സംഗതി കൈയ്യിലെടുത്ത് കുലുക്കിയും വാസനിച്ചുമൊക്കെ നോക്കി.ജിജ്ഞാസ കൂടി വരികയാണ്.

അവസാനം;ചില്ലു അടപ്പു വലിച്ചു തുറന്ന് രണ്ടും മൂന്നും കല്‍പ്പിച്ച് ഒരു വട്ടം ഉടുപ്പിനെ ലക്ഷ്യമാക്കി സ് പ്രേ കുപ്പിയുടെ കാഞ്ചി വലിച്ചു.ആകെയൊരു വെപ്രാളത്തോടെ ഒരുപിടി സുഗന്ധം ഉടുപ്പിലായി.

ടെന്‍ഷന്‍ കൂടി.പരിചയമില്ലാത്ത വീട്.അവരുടെ അനുവാദമില്ലാതെ സാധനം എടുത്തുപയോഗിച്ചു.തെളിവ് നശിപ്പിച്ച് ഉടുപ്പിലെ മണം മൂടിവെക്കാന്‍ സാധിക്കില്ലല്ലോ!

പെട്ടെന്നതാ.... വീട്ടിലാരുടെയോ കാലൊച്ച  ഞങ്ങളുറങ്ങേണ്ട മുറിയെ ലക്ഷ്യമാക്കി!പിന്നെയും വെപ്രാളം.

വന്ന ആള്‍ക്കും ഞങ്ങളുടെ വെപ്രാളവും അതിന്റെ കാരണവും മനസ്സിലായതുപോലെ!

"ആരാണീടെ ടോയിലെറ്റിലടിക്കണ സ് പ്രേ തൊറന്നീനി?"മലബാര്‍ ബ്രാഹ്മണരുടെ സംസാരരീതി ഇങ്ങിനെയൊക്കെയാണ്.

അടുത്ത ചമ്മല്‍-ടോയിലറ്റിലടിക്കുന്ന സ് പ്രേയോ!കെട്ടും മട്ടും കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ല താനും.ശ്ശെ!

"അത് അറിയാതെ ഞെങ്ങി പോയതാ!"സമാധാനം പറയണമല്ലോ!

"അതു പ്രശ്നീല്ലടോ!ന്നാലും ടോയിലറ്റിലടിക്കണതാണന്നോര്‍ക്കുമ്പോ!"

"ടോയിലറ്റിലടിക്കുന്നതോ!അതെന്താ?"

"ആടോ!അയിന്റെ ബോട്ടിലെടുത്തൂ?"
ബോട്ടില്‍ കണ്ടെടുത്തു.

"ദാ എഴുത്ത് വായ്ച്ചാണീ.eau de toilette.ച്ചാല്‍ ടോയിലെറ്റിലടിക്കണത്"

ഹോ.അതൊരു കീറാമുട്ടി സമസ്യയായി മനസ്സിന്റെ കോണുകളില്‍ നിന്നും കോണുകളിലേയ്ക്ക് കുറേക്കാലം സ് പ്രേ ചീറ്റി നടന്നു.

Monday, 16 September 2019

ഗോളാന്തരം

'ജോസഫേട്ടന്‍'എന്ന് ഏതെങ്കിലും തൃശ്ശൂര് ഘട്യോള് വിളിച്ചാല്‍ അതില് താക്കീതിന്റെ സ്വരമുണ്ടോയെന്നൊക്കെ മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും സത്യം അതല്ല;അത് ആരാധനയാണ്!

തൊണ്ണൂറുകളിലെ ക്രൗഡ് പുള്ളര്‍ സിനിമഭാഷയില്‍ പറഞ്ഞാല്‍ ഉപചാപങ്ങളുടെ ചക്രവര്‍ത്തിയാണ് ജോസഫേട്ടന്‍!ജ്യോഗ്രഫിക്കലോ പൊളിറ്റിക്കലോ ആയ അതിര്‍ത്തികള്‍ക്കൊന്നും തടുത്തുനിര്‍ത്താനാവാത്ത വിശ്വപൗരന്‍!

ലോകനേതാക്കളെല്ലാം ചായ കുടിക്കാന്‍ കയറിയ ഹോട്ടലില്‍ അമേരിക്കന്‍ പ്രഥമപൗരനോട് കൊച്ചുവര്‍ത്താനം പറഞ്ഞു നിന്ന ജോസഫേട്ടനെ നോക്കി മറ്റുള്ളവര്‍ "അതാരാ ജോസഫേട്ടനോട് കത്തിവെച്ചു നിക്കണ ആ മത്തങ്ങക്കവിളും പന്നത്തലമുടിയുമുള്ള വെളുമ്പന്‍?"എന്ന് അതിശയിക്കണമെങ്കില്‍ ആളാരാണ്!ആ കഥ എല്ലാരും കേട്ടിട്ടുള്ളതാണല്ലോ?

അദ്ദേഹത്തിന്റെ ബിസിനസെന്തെന്ന് ആലോചിക്കാന്‍ പോലും പാടില്ലത്രെ!

അത്രക്ക് ക്ളാസിഫൈഡ്!!

അങ്ങിനെ പണം ചാക്കില്‍ വാരി വാരി മടുത്തു നില്‍ക്കുന്ന സമയത്ത് സ്വഭാവികമായും ജോസഫേട്ടനും പേടിയുടെ  അസുഖം തുടങ്ങി.പേടിയല്ല..അമിത ദീര്‍ഘവീക്ഷണം.'ചുറ്റുമുള്ള ക്ടാങ്ങളെല്ലാം കൂടി പെട്ടെന്നെങ്ങാനും ഈ ഭൂമി വെട്ടിക്കീറി തട്ടിപ്പൊട്ടിച്ച് കുട്ടിച്ചോറാക്കുമോ?സമ്പാദിച്ച ഡെയ്സ്യേടത്തിയേയും ഡോളറുകെട്ടുകളേയും വിട്ട് ഏതെങ്കിലും മാരകരോഗം വിളിച്ചാലിറങ്ങിപ്പോവേണ്ടി വരുമോ?'അങ്ങിനെ അങ്ങിനെ പല പല സംശയങ്ങള്‍.

സംശയം വന്നാല്‍ എന്താ ചെയ്യുക?

അച്ചനേക്കൊണ്ട് തലക്കു പിടിപ്പിക്കുന്ന കാര്യമാണേല്‍ പറയണ്ട!ആഗോളപൗരന്‍മാര്‍ സംശയവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും മുന്‍കരുതലുകളും നടത്തുകയാണ് ചെയ്യുക.അതന്നെ ചെയ്തു!

വാസയോഗ്യമായ വിദൂരഗ്രഹങ്ങള്‍ കണ്ടെത്തുക,അവയങ്ങളേതും വളര്‍ത്തിയെടുക്കാനാവുന്ന സ്റ്റെം സെല്ലുകളെ  പരിപാലിക്കുക,അങ്ങിനെയൊക്കെ.

ഇതൊന്നും നേരിട്ടല്ല ട്ടോ.

ജോസഫേട്ടനാരാ മോന്‍!

സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയാണീ പരീക്ഷണങ്ങളെന്നറിഞ്ഞാല്‍ അസൂയ പെരുത്ത മറ്റൊള്ള ഹോമോ സാപിയന്‍സ് എന്തൊക്കെ ചെയ്യുമെന്ന് പറയാനാവുമോ?അതുകൊണ്ട് പരീക്ഷണനിരീക്ഷണങ്ങളെല്ലാം രാജ്യങ്ങളുടെ ഗവണ്‍മെന്റുകളുടെ രക്ഷകര്‍തൃത്തത്തിലാണ് ജോസഫേട്ടന്‍ നടത്തിയത്.

പ്രശ്നങ്ങളവിടംകൊണ്ട് തീരുന്നുണ്ടോ?

ഇല്ല!

രാജ്യസുരക്ഷയും കെട്ടുറപ്പും കൂടുതലുള്ള,അഴിമതിയും കൈക്കൂലിയും കുറവുള്ള
വലിയ രാജ്യങ്ങളുടെ പരീക്ഷണനിരീക്ഷണരഹസ്യങ്ങള്‍ ജോസഫേട്ടന്റെ കൈയ്യിലെത്തുക അല്‍പ്പം പാടാണ്.

ബ്രഹ്മാവിനാണോ ആയുസ്സിന് പഞ്ഞം?

ജോസഫേട്ടന്‍ മൂന്നാംലോക വികസ്വരരാഷ്ട്രങ്ങളെ പ്രകോപിപ്പിച്ചും മോട്ടിവേറ്റു ചെയ്തും പ്രലോഭിപ്പിച്ചും പരീക്ഷണങ്ങള്‍ ചെയ്യാനാരംഭിച്ചു.

പരീക്ഷണങ്ങളൊന്നും വെറുതെയായില്ല.

അങ്ങനെ ഡെയ്സ്യേച്ചിയേയും പറഞ്ഞാല്‍ അനുസരണയുള്ള മൂന്നാല് ബില്യണെയേഴ്സിനേയും ഒരു കൊള്ളാവുന്ന മിനി ഭൂമി സെറ്റാക്കാനുള്ള റിസോഴ്സുകളുമൊക്കെയായി ജോസഫേട്ടന്റെ പെട്ടകം അമ്പതിനായിരത്തിപതിനാറ് പ്രകാശവര്‍ഷമകലെയുള്ള കെപ്ളര്‍ 1234 ന്റെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതും നാലുമണിക്കോഴി കൂവി.ഉറക്കം പോയ സ്ഥിതിക്ക് ഇനി കട്ടനടിച്ച് കക്കൂസേ പോയി പത്ത് റബ്ബറുള്ളത് കുത്തിപ്പോറി പാലെടുക്കാന്‍ തീരുമാനിച്ചു!

Tuesday, 10 September 2019

കുശുമ്പു മിഠായികള്‍

മിഠായികള്‍ എപ്പോഴും മധുരമാവണമെന്നില്ലല്ലോ!അതിന് കുശുമ്പിന്റെ നീറ്റലും പുകച്ചിലുമൊക്കെ വമിപ്പിക്കാനും ശേഷിയുണ്ട്.

നമുക്കെല്ലാവര്‍ക്കും കാണുമല്ലോ അടിക്കടി കാണാനും ഒത്ത് സമയം ചിലവഴിക്കാനും ഒരുപാട് ഇഷ്ടമുള്ള സ്വന്തക്കാരും അവരുടെ കുടുംബവും.നമുക്കും കൂടി ഇഷ്ടമുളള എന്തെങ്കിലും ചെറിയ വിഭവങ്ങളുമായി അവിടെ ചെന്ന് അതൊക്കെ പങ്കുവെച്ച് അവരുടെ സന്തോഷത്തിലിങ്ങനെ അലിഞ്ഞില്ലാതാകാന്‍ എന്താ രസം!കടലമിഠായി അത്തരത്തില്‍ കുപ്രസിദ്ധമായ  വിഭവമാണ്.കടലമിഠായി ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോയെന്നറിയില്ല!

കുപ്രസിദ്ധ സാധനത്തിന്റെ അഞ്ചാറ് കഷണങ്ങള്‍ കേരള കൗമുദിയുടെ ബ്ളാക്ക് ആന്റ് വൈറ്റ് ആശംസാപത്രത്തില്‍ പൊതിഞ്ഞ് ചാക്കുനൂലുകൊണ്ട് റിബണും കെട്ടി അങ്ങിനെ ആടിപ്പാടി നടന്നു ചെന്ന ഒരു ദിവസം.ഇഷ്ടവീട്ടിലെ കുട്ടികളുടെ കണ്ണുകള്‍ പൊതിയില്‍ കൊളുത്തി വലിക്കാനാരംഭിച്ചത് പൊടുന്നനേ ഫീലു ചെയ്തു തുടങ്ങി.

എന്നാലും....എല്ലാത്തിനും അതിന്റേതായൊരു സമയം ഉണ്ടല്ലോ!

'ആ സമയത്തി'നായുള്ള കാത്തിരിപ്പിനും കുശലാന്വേഷണങ്ങള്‍ക്കുമിടയിലാണ് ഇതാ രസംകൊല്ലിയെന്ന് മുഖത്ത് എഴുതിവെച്ച ഒരുത്തന്‍ കാറുമോടിച്ച് കയറി വന്നത്.

കടലമിഠായിയുടെ ചെറിയ പൊതിയിലെ ചൂണ്ടക്കൊളുത്തുകള്‍ പെട്ടെന്ന് അയഞ്ഞ് അങ്ങേരുടെ കൈയ്യിലെ വലിയ പ്ളാസ്റ്റിക് കവറിലേയ്ക്ക് ഉടക്കുന്നത് അറിവായി.

മൈക്രോണ്‍ കുറഞ്ഞ നിരോധിച്ച നിയമവിരുദ്ധ പ്ളാസ്റ്റിക് കവറാവും..കണ്ടാലേ അറിയാം!

എന്നിട്ടോ,യാതൊരു ഔചിത്യവുമില്ലാതെ നിയമവിരുദ്ധ കൂട്ടിലെ കുറേയധികം ഹല്‍വയെടുത്ത്
"വീട്ടിലമ്മയ്ക്കേറ്റവുമിഷ്ടപ്പെട്ട സാധമമാണ്.ഈത്തപ്പഴത്തിന്റെ അലുവ." എന്നും പറഞ്ഞ് വിതരണം ചെയ്യാനാരംഭിച്ചു.

"ഈന്തപ്പഴ അലുവായ്ക്കൊക്കെ നല്ല വെലയായി കാണും!എനിക്കറിയാം!ഇതൊന്നും വേണ്ടാരുന്നല്ലോ!'എന്ന് നമ്മുടെ പ്രിയജനത്തിന്റെ കമന്റും പിറകെ കത്തിയെടുക്കാന്‍ പിള്ളേരുടെ ഓട്ടവുമൊക്കെയായപ്പോഴേയ്ക്ക് കടലമിഠായിക്ക് അവഗണനയുടെ കയ്പുള്ള കാറ്റടിച്ചു തുടങ്ങി.

'ഓ!ഒരു ബല്യ ഊത്തപ്പഴം!ഇവിടെ കില്ലപ്പട്ടിയെ മച്ചിങ്ങ പെറുക്കി എറിയും പോലെ കാട്ടറബികള് കില്ല ഒട്ടകങ്ങളെ എറിഞ്ഞോടിക്കാനുപയോഗിക്കുന്ന സാധനമാണീ ഈന്തപ്പഴമെന്ന് ആര്‍ക്കാണറിയാത്തത്!'ഇവ്വിധ ചിന്തകളോടെ മനസ്സിന്റെ ചിറി കൊണ്ട് ഞാനാ ഈത്തപ്പഴ അലുവയെയും അതു കൊണ്ടുവന്ന അസ്മാദിയേയും കോക്രി കാട്ടി.

സത്യം പറയണമല്ലോ നിര്‍ബന്ധത്തിനു വശംവദനായി ചെറിയോരു കഷണം ഹല്‍വ തിന്നപ്പോള്‍ അപാര സ്വാദ്.മനസ്സിലാണെങ്കിലും സമ്മതിക്കാതെ തരമില്ല.

'എന്നാലുമീ വീട്ടുകാരെന്തു പോങ്ങന്‍മാരാണ്?രണ്ടാഴ്ചയിലൊന്നു കിറുകൃത്യമായെത്തുന്ന കടലമിഠായിയെ അവഗണിച്ച് പ്രപഞ്ചാരംഭം മുതല്‍ ഇന്നോളം ആദ്യമായും അവസാനമായും വന്ന ഈന്തപ്പഴ ഹല്‍വയുടെ പിറകെ പോയ ബുദ്ധിശൂന്യര്'‍ചിന്തകള്‍ കാടുകയറുമ്പോള്‍ കുശുമ്പിനാലുരുകി തുടങ്ങിയ കടലമിഠായി ലക്ഷ്യമാക്കി ഒരു ബറ്റാലിയന്‍ ഉറുമ്പുകള്‍ മാര്‍ച്ചു ചെയ്തു തുടങ്ങിയിരുന്നു.

Monday, 9 September 2019

ഭയാനക രാത്രി

റെയില്‍വേയില്‍ ജോലി കിട്ടി ഈ പ്രേതനഗരത്തില്‍ എത്തിയതിനെ മാത്രമല്ല മനുഷ്യജീവിയായി ജനിച്ചുപോയതിനെ വരെ ശപിച്ച ഒരു രാത്രിയായിരുന്നു അത്...

അമാവാസി....വെള്ളിയാഴ്ച.

ബ്രിട്ടീഷുകാര്‍ പണിത ആ സ്റ്റേഷന്‍ എന്നെയൊന്നാകെ വിഴുങ്ങാന്‍ തക്കം നോക്കിനില്‍ക്കുന്ന ഒരു പിശാചിനെപ്പോലെ അഞ്ജനക്കറുപ്പുള്ള ഇരുട്ടു പുതച്ചിരിക്കുന്നു...

ചോരക്കണ്ണുകളുള്ള കടവാവലുകള്‍ കൊട്ടിപ്പറക്കുന്നു...നായകളെല്ലാം എന്തോ അപകടം വിളിച്ചറിയിക്കാനെന്നപോലെ ഒരേ താളത്തില്‍ ഓലിയിടുന്നു...

വെച്ചുണ്ടാക്കുന്നതിന്റെ പൊട്ടും പൊടിയും കൊടുത്തു ഓമനിച്ച പൂച്ചപോലും കണ്ണുകളില്‍ മരതകക്കല്ലുകളുമെരിച്ച് വിചിത്രവും ഭയാനകവുമായ ശബ്ദങ്ങളുണ്ടാക്കിത്തുടങ്ങി...

ഏതോ യാമത്തില്‍ വരുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഗുഡ്സ് ട്രെയിനുണ്ട്.ഒരു ട്രെയിനിന്റെ സഞ്ചരിക്കുന്ന അസ്ഥിപഞ്ചരം എന്നു പറയുന്നതാവും ശരി!

പഴഞ്ചന്‍ ഘടികാരത്തിന്റെ സൂചികള്‍ ഭീതിതമായ ശബ്ദത്താല്‍ നിശബ്ദതയെ കൊന്നു കൊണ്ടേയിരുന്നു.നായകളുടെ ഓലിയിടല്‍ ഉച്ചത്തിലായിത്തുടങ്ങി.സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു.ഉറക്കം പോലും ഈ പ്രേതതാഴ്വരയില്‍ നിന്നൊരു വിടുതല്‍ തരുന്നതിനായി വന്നെത്തുന്നില്ല.പെട്ടെന്ന്...

തളകളുടേയും ചെറുമണികളുടേയും താളമുള്ള ശബ്ദം ക്ളോക്കിന്റെ ശബ്ദത്തെ കടത്തിവെട്ടി ചെവിയിലെത്തിത്തുടങ്ങി...നെഞ്ചില്‍ പെരുമ്പറയാണ്.ജപ്തിനോട്ടീസ് സീനിലേ ഇത്ര ഒച്ചപ്പാടു കണ്ടതായി ഓര്‍മ്മയുള്ളൂ.ചിലമ്പൊലികള്‍ അടുത്തേയ്ക്കു തന്നെയാണ്.ആരാണെന്ന് ചോദിക്കണമെന്നുണ്ട്.നാവില്‍ ഒരു തുള്ളി വെള്ളമില്ല.തൊണ്ട വരണ്ടിരിക്കുന്നു.ദീര്‍ഘമായി ഒന്നു ശ്വസിക്കാന്‍ പോലുമാവുന്നില്ല.പഴഞ്ചന്‍ കസേരയില്‍ മരവിച്ചിരിക്കയാണ്.

പാന്‍ മസാലയുടെ സുഗന്ധം അവിടെങ്ങും പരന്നു.അവളകത്തെത്തി.യക്ഷി തന്നെ.കാലു നിലത്തു തൊടുന്നേയില്ല.കാല്‍പ്പാദങ്ങളുടെ സ്ഥാനത്ത് പുകച്ചുരുളുകള്‍ മാത്രം.വെളുപ്പിന്റെ ഒരു പരിവേഷം.തീ പിടിച്ചപോലെ ഇടക്കിടെ തുരുമ്പു നിറമുള്ള ചിതറിയ കേശഭാരം.വലിഞ്ഞു മുറുകിയ മുഖത്തില്‍ വലിയ മൂക്കുത്തിയില്‍ മണികള്‍ ഭ്രാന്തമായി ചിരിക്കുന്നു.കണ്ണുകള്‍ മരണം പതിയിരിക്കുന്ന കടലാഴങ്ങള്‍ പോലെ നീല നിറത്തില്‍.വശീകരിക്കാനുദ്യമിച്ചെന്നപോലുള്ള ചിരിയില്‍ പുറത്തു ചാടാന്‍ വെമ്പുന്ന ദ്രംഷ്ടകളുടെ കൊതി തിളങ്ങുന്നു.നിശ്വാസങ്ങള്‍ക്ക് കട്ടച്ചോരയുടെ മണം.

"സേട്ടാ"മാസ്മരികമായ വിളി.തെക്കന്‍ മുറയിലും വടക്കന്‍ മുറയിലുമുള്ള കളരിയിലും പ്രാണായാമത്തിലും നസ്രാണി,ഹിന്ദു,ഇസ്ലാം മന്ത്ര തന്ത്രങ്ങളിലും പ്രവീണനായതിനാല്‍ മാത്രം ആ വിളിയുടെ കിനാവള്ളിയില്‍ തൂങ്ങി ഞാന്‍ മരണത്തിലേയ്ക്കെത്തിപ്പെട്ടില്ല.അന്യസംസ്ഥാന പ്രേതമാണ്!!എവിടെത്തിരിഞ്ഞാലും അവരേ ഉള്ളുവല്ലോ!എന്തിനേറെ ഫേസ്ബുക്കിലൊരു ഫോട്ടോയിട്ടാല്‍ ലൈക്ക് തരാന്‍ പോലും അന്യസംസ്ഥാന തൊഴിലാളികള്‍ തന്നെ ശരണം.

പിന്നീടുള്ള നിമിഷങ്ങള്‍ കഠിനമായ മന്ത്രതന്ത്രങ്ങളുടേതായിരുന്നു.സ്റ്റേഷനിലെ ചുവന്ന കൊടിയും പച്ച കൊടിയും യൂണിഫോമിലെ വെള്ള ഷര്‍ട്ടുമെല്ലാം സര്‍വ്വമത ഉച്ഛാടനത്തിനായി ഉപയോഗപ്പെട്ടു.കഠിനമായ മുറകള്‍ക്കുശേഷം അന്യസംസ്ഥാന പ്രേതത്തെ ടൗണിലുള്ള ഒരു കമ്പനിയില്‍ കൊണ്ടുപോയി തളച്ചു.