സമ്പത്തും അതിന്റെ വിനിയോഗവും അധികാരവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന പൊതുതത്വത്തില്‍ നിന്നാണ് ചിലത് ചിന്തിച്ചുപോവുന്നത്.പെരുന്നാള്‍ കമ്മറ്റി മുതല്‍ വന്‍രാഷ്ട്രങ്ങള്‍ വരെ ഇതില്‍ ചുറ്റി പറ്റി ചലിക്കുന്നവയാണല്ലോ.
ചിന്തിക്കാനുള്ള എളുപ്പത്തിനായി ഞാന്‍ പഴയ സാധനസേവന കൈമാറ്റ (ബാര്‍ട്ടര്)വ്യവസ്ഥയിലേയ്ക്കൊന്നു തിരിച്ച് പൊയ്ക്കോട്ടെ?ചുറ്റും പുഴയുള്ള എന്റെ കൊച്ചുഗ്രാമത്തിന് പുറത്തേയ്ക്ക് പോവണമെങ്കില്‍ ചങ്ങാടത്തിലേറണം.ചങ്ങാടം നിയന്ത്രിക്കുന്നതില്‍ സമര്‍ത്ഥനായ ആള്‍ക്ക് (കടത്തുകാരന്)ഞാന്‍ ഒരു തേങ്ങ ആണ് ഒരു യാത്രക്കു പ്രതിഫലമായി കൊടുത്തു പോന്നിരുന്നത്.അതില്‍ ഞാനും അയാളും സംതൃപ്തരായിരുന്നു താനും.
അങ്ങനെയിരിക്കെ കടത്തു കടന്നു ചെല്ലുന്ന നാട്ടില്‍ ഒരു സംരംഭം തുടങ്ങി.തേങ്ങ അരച്ച് മധുരം ചേര്‍ത്തു പാക്കറ്റിലാക്കിയ ഒരു രസമുള്ള വിഭവമാണ് അവിടുത്തെ ഉത്പന്നം.ആദ്യമാദ്യമൊക്കെ ജനങ്ങള്‍ ഇത് ഉപയോഗിക്കാന്‍ മടിച്ചെങ്കിലും കേട്ടുകേള്‍വിയും ഫ്രീ സാമ്പിളിന്റെ രുചിയും തങ്ങള്‍ ആരാധനയോടും അസൂയയോടും നോക്കിക്കണ്ടിരുന്ന ചിലര്‍ ഇത് ഉപയോഗിച്ചു കണ്ടതുമൊക്കെ പ്രചോദനമായി.നിയമം വന്നു,യന്ത്രങ്ങള്‍ വന്നു,പരിഷ്കാരം വന്നു,അരമുറി തേങ്ങയുടെ വിഭവം വാങ്ങാന്‍ പതിനഞ്ചു തേങ്ങ പകരം കൊടുക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കപ്പെട്ടു.നിര്‍ബന്ധങ്ങള്‍ പ്രലോഭനങ്ങളായും പ്രകോപനങ്ങളായും എത്തി...സംരഭത്തില്‍ തൊഴിലാളികളാവാന്‍ ആളുകള്‍ പഠനം തുടങ്ങി.പഠിക്കാനായി തേങ്ങ കണക്കില്ലാതെ പകരം കൊടുക്കണമെന്നായി.പഠിക്കാന്‍ കൊടുക്കേണ്ടി വന്ന തേങ്ങകളൊക്കെ ആരെ കൊന്നായാലും തിരിച്ചു പിടിക്കണമെന്നായി.കടത്തുകാരുടെ എണ്ണം കൂടി.ഞാനും തെങ്ങുകൃഷി വിട്ട് കടത്തുകാരനാവേണ്ടി വന്നു.ഇങ്ങനെ ലളിതമായി നടന്നുപോന്നിരുന്ന സാധാരണ ജീവിതങ്ങള്‍ മുള്ളിന് മുകളിലായി.
സാമ്പത്തികശാസ്ത്രത്തിന്റെ ആയിരം തേങ്ങ പകരം കൊടുത്തു വാങ്ങിയ ഭാഷയില്‍ ഈ ദുരവസ്ഥയെ പണപ്പെരുപ്പം അഥവാ ഇന്‍ഫ്ളേഷന്‍ എന്നാണത്രെ പറയുക.
ഇതൊക്കെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നവരുണ്ട്,സാമ്പത്തിക ഉപദേഷ്ടാക്കള്‍ ഉണ്ട്,കരിഞ്ചന്തയും കള്ള ഇടപാടുകളും തടയാന്‍ അധികാരികളുണ്ട്..ഇവരൊക്കെ അസംഖ്യം തേങ്ങ പ്രതിഫലമായി കൈപ്പറ്റുന്നവരുമാണ്.പക്ഷേ തമാശ എന്തെന്നാല്‍ ഇവരും ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം എന്ന തത്വമനുസരിച്ച് പെരുപ്പത്തെ കണ്‍ട്രോള്‍ ചെയ്യുന്നതിനു പകരം തങ്ങളുടെ പ്രതിഫലതേങ്ങകളുടെ എണ്ണം പെരുപ്പിക്കുന്നതില്‍ ഗവേഷണവിദ്യാര്‍ത്ഥികളാണ്.
എല്ലാ നേതാക്കള്‍ക്കും ഇനീഷ്യേറ്റീവ് എടുക്കുന്നവര്‍ക്കും ആത്മവിശ്വാസം ആര്‍ജിക്കാനായി ദൃശ്യമായ ചില കര്‍മ്മപദ്ധതികള്‍ വേണം എന്ന സത്യം അംഗീകരിക്കുന്നു.ഒരു വെയിറ്റിങ്ങ് ഷെഡിലെങ്കിലും പേരും കള്ളക്കണക്കുമില്ലാത്ത ഒരു എം.പി.യ്ക്ക് എന്തു ഭാവി ഉണ്ടാകുമെന്നറിയില്ല.പക്ഷേ ഇതിനോടൊപ്പം മനുഷ്യജീവിതത്തെ എല്ലാ രീതിയിലും നശിപ്പിക്കുന്ന പണപ്പെരുപ്പത്തെ കൂടി കണക്കിലെടുക്കാന്‍ നിയമനിര്‍മ്മാതാക്കാള്‍ക്കു ബാധ്യത ഇല്ലേ??
വിലക്കയറ്റത്തെപ്പറ്റി..
ഒരു ഉത്പന്നത്തിന്റെ വില അതിന്റെ ചിലവും ലാഭവും കൂടുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ?എന്നാല്‍ ചിലവ് എന്നത് അതിന്റെ എല്ലാ വിധ ആര്‍ഭാടങ്ങളും-സംരഭകന്‍ സോഡ സര്‍ബത്ത് കുടിച്ചതടക്കം-ഉള്‍പ്പെടുന്നതാണെന്നും ലാഭം എന്നത് അതിന്റെ മാര്‍ക്കറ്റിങ്ങ് കഴിവുകളേയും സാഹചര്യങ്ങളേയും പരമാവധി മുതലെടുക്കുന്നതാണെന്നും നമുക്ക് അറിയാമോ?
നമ്മുടേതു പോലെയുള്ള ഒരു രാജ്യത്ത് ആര്‍ത്തിക്കാരായ സംരഭകരെ നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ട് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ആ സംവിധാനങ്ങളെ തീറ്റി പോറ്റാനുള്ളതു കൂടി സാധാരണക്കാര്‍ കണ്ടെത്തണം എന്നു മാത്രമാണ്.
രാജ്യത്ത് ഭൂരിപക്ഷവും ഉപയോഗിക്കാന്‍ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ ഒരു ഉദാഹരണമായി എടുക്കാം.വില കൂടുന്നു.പ്രതിഷേധങ്ങള്‍.അധികാരികളുടെ സ്ഥിരം മൗനം,തിരക്ക്,അനുരഞ്ജനനാടകങ്ങള്‍,ശ്രദ്ധ തിരിക്കലുകള്‍,വികാരപ്രകടനങ്ങള്‍ അങ്ങിനെയങ്ങനെ ഒരുപാട്..ഈ സമയം കൊണ്ട് കുമിഞ്ഞു കൂടുന്ന സാമൂഹിക അസംതുലിതാവസ്ഥ ആരറിയുന്നു??
കൊള്ളയടിക്കപ്പെടുന്ന അധ്വാനഫലങ്ങള്‍ എവിടേയ്ക്ക് പോയി എന്തായി തിരിച്ചു വരുന്നു??
ആര്‍ക്കറിയാം!!!
നമുക്ക് തലമുറകളുടെ രാഷ്ട്രീയപാരമ്പര്യം ഉള്ളവരും ഉന്നതവിദ്യാഭ്യാസമുള്ളവരുമായ ജനപ്രതിനിധികള്‍ ഉണ്ടല്ലോ!!അവര്‍ സ്ഥിരം പൂഴിക്കടകന്‍ വികസന നാടകങ്ങളല്ലാതെ മനുഷ്യര്‍ക്കു വേണ്ടി എന്തു ചെയ്തു എന്നു ചിന്തിക്കേണ്ടതല്ലേ!!??
തിരഞ്ഞെടുപ്പുകള്‍ അത്ര ചെറിയ കാര്യമല്ല!!
No comments:
Post a Comment