Thursday, 21 March 2019

ജയന്തി എന്ന കെനിയന്‍ സുന്ദരി

"താന്‍ അത്യാവശ്യമായിട്ട് കെനിയയിലെ ജയന്തിയെ വിളിക്കണം.പ്രൈസ് നെഗോഷിയേഷനായിരിക്കും.ഇന്നൊരു നൂറു തവണ വിളിച്ചുകാണും.ഞാന്‍ അറ്റെന്റു ചെയ്താല്‍ പ്രൈസ് കുറക്കേണ്ടി വരും.സര്‍ ട്രാവലിങ്ങിലാണ്.ഫോണ്‍ എടുക്കാന്‍ പറ്റാത്തതില്‍ ഒരുപാടു വറീഡ് ആണ്.മെസേജ് അയച്ചു.പ്രൈസിന്റെ കാര്യം ചോദിച്ചാല്‍ വര്‍ക്ക് ഔട്ട് ചെയ്ത് തിരിച്ചു വിളിക്കാം എന്നോ മറ്റോ പറഞ്ഞു സ്ലിപ്പായാല്‍ മതി.അതില്‍ എന്തു മാര്‍ജിനുണ്ടെന്ന് തനിക്കറിയാമല്ലോ!"

"വിളിക്കാം സര്"

ജയന്തി ഹിരണി.

വിശദമായ ഗ്രീറ്റിങ്ങുകളും സുഖവിവര അന്വേഷണങ്ങളുമൊക്കെയുളള സ്നേഹമസൃണമായ മെയിലുകളില്‍ മാത്രം തെളിഞ്ഞ കോമളമായ മുഖമാണ് ജയന്തിക്ക്.വലിയ പ്രായവും കാണില്ല.ആഫ്രിക്കയിലേയ്ക്ക് പൂര്‍വ്വികരായിട്ട് കുടിയേറിയ ബനിയാനുകളുടെ ഇളംതലമുറക്കാരി ആവും.

എങ്ങിനെ സംസാരിച്ചു തുടങ്ങും?എങ്ങിനെയെങ്കിലും സംസാരിക്കണമല്ലോ.

നക്കുറുവിലെ ലോക്കല്‍ ടൈം ഗൂഗിളിനോടു ചോദിച്ച് മനസ്സിലാക്കി.വിറയാര്‍ന്ന കരങ്ങള്‍ക്കൊണ്ട് അന്താരാഷ്ട്ര കോഡടക്കമുളള നീണ്ട നമ്പര്‍ ഡയലുചെയ്തു.

രണ്ടു അടിക്കുന്നതിനു മുന്‍പേ കനത്ത ഒരു പുരുഷശബ്ദം ഫോണെടുത്തു.മൊബൈല്‍ നമ്പറല്ലായിരിക്കുമോ?റിസപ്ഷനിലെ മരങ്ങോടനായിരിക്കുമോ?ഹിരണിക്കുട്ടി ഏതു മൂടുപടങ്ങള്‍ക്കടിയില്‍ ഒളിച്ചിരിക്കുകയാണാവോ?പരിഭ്രമത്തിന്റേയും ആവേശത്തിന്റേയും ആ ഫ്ളോ അങ്ങു പോയി.

സ്വയം പരിചയപ്പെടുത്തിയതിനുശേഷം മാഡം ജയന്തിയുമായി സംസാരിക്കാന്‍ സാധിക്കുമോ എന്നു വളരെ പൊളൈറ്റായി ചോദിച്ചു.

"യേേേസ്...ജയന്തി ഹിരാനി ഹിയര്" ‍പുരുഷശബ്ദം തുടര്‍ന്നു.

അടിപൊളി!!! ജയന്തി ഹിരണി ജയന്തി ഹിരാനിയോ ഹിറാനിയോ ഒക്കെ ആയ ആണ് അണ്. അവനെയൊക്കെ എന്നെങ്കിലും പറ്റിക്കാന്‍ വേണ്ടി സുഷമ സുമന്‍ എന്നോ മറ്റോ പേര് ഗസറ്റില്‍ കൊടുത്ത് മാറ്റുന്നതിനെ പറ്റി വരെ ചിന്തിച്ചുപോയി.

No comments:

Post a Comment