Friday, 8 March 2019

മാങ്ങാച്ചൊന

"നിന്റെ കിറിയേലിതെന്നതാടാ?തലേ നെറേ മണ്ണും പോക്കറ്റില്‍ കമ്പും കോലും മോന്തേല്‍  മാന്തിപ്പറിച്ച പാടും.ക്ടാത്തന്റെ മാതിരി.പോയി എണ്ണ വെച്ചു ചകിരി കൊണ്ട് ഒരച്ചു തേച്ചു കുളി" തലയുടെ പുറത്തുള്ള മണ്ണാണ് വിവക്ഷ.അകത്തുള്ള മണ്ണ് വെളിവാക്കപ്പെടാനുള്ള പ്രായം ആയിരുന്നില്ലല്ലോ.പോക്കറ്റിലെ കമ്പും കോലും ഇലയുമൊക്കെ കുറച്ചു മുന്‍പ്
കറന്‍സിയും തോക്കും സിഗരറ്റുമൊക്കെയായിരുന്നു.ആരോട് പറയാന്‍!

എണ്ണയെന്നാല്‍ പാരച്ചൂട്ടല്ല.ആട്ടിയ എണ്ണയുടെ മട്ട് എടുത്ത് മാറ്റി വെച്ചിട്ടുണ്ട്.അത് ഒപ്പി എടുത്താല്‍ അത്ഭുതകരമാം വണ്ണം അക്ഷയപാത്രം കണക്കേ എണ്ണ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കുന്നതായി കാണാം..പരസ്യഭാഷയില്‍ പറഞ്ഞാല്‍ കാലങ്ങളോളം എന്നൊരു വാലും ചേര്‍ക്കാവുന്നതാണ്.

എണ്ണ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും ..കാലങ്ങളോളം..വൗ

അടിപൊളി.

ദോഷം പറയരുതല്ലോ!ചകിരി എന്നത് ഒരു ഫുട്ബോളിന്റെ വലുപ്പത്തിലുണ്ട്.ഫുട്ബോളുപോലെ അകത്തു കാറ്റല്ല..സോളിഡാണ്..
പെയിന്റു പണിക്കാര്‍ പായലിനും പൂപ്പലിനും വിട തല്‍ കൊടുക്കുന്ന മൂര്‍ച്ചയുമുണ്ട്.

"ഇഞ്ഞോട്ട് മാറു.ചെളിയൊന്നും പോകുന്നില്ല..
ഞാന്‍ ഒരച്ചു കഴുകിത്തരാം" എന്നു കേട്ടാല്‍ പിന്നെ
ശ്വാസം ഉളളിലേയ്ക്കെടുത്ത് കുണ്ഡലനീനാഡിയെ ഉത്തേചിപ്പിച്ച് മിണ്ടാതിരുന്ന് ചകിരിപ്രയോഗം സഹിക്കലേ നിവൃത്തിയുള്ളൂ. എല്ലാം കഴിഞ്ഞ് വെയിലടിച്ച് ഇരുമ്പുകമ്പി വല പോലെ ആയി മാറിയ പാലക്കാടന്‍ തോര്‍ത്തിനാല്‍ ഫിനിഷ് ചെയ്യപ്പെടുകയാണ്.കിറിയിലെ പോകാത്ത അഴുക്കില്‍ നഖമിട്ട് രണ്ട് കിള്ളു കൊടുക്കുന്നതോടെ ശാസ്ത്രസത്യം പുറത്തുവരും"മാങ്ങാച്ചൊനയാ..പാണ്ടു പിടിച്ചിരിക്കട്ടെ.നല്ല ശേലായിരിക്കും"

(ഇതൊക്കെ ചില കാലത്തെ ചില ജീവിതങ്ങളുടെ കഷ്ടപ്പാടുകള്‍ക്കിടയിലെ പരുക്കന്‍ സ്നേഹപ്രകടനങ്ങള്‍ മാത്രം.പീഡനത്തിന്റെ കാറ്റഗറിയില്‍ പെടുത്തരുത്)

No comments:

Post a Comment