ഇന്‍ഡയറക്ടാക്കി എഴുതി ഗൗരവം കുറയ്ക്കുന്നില്ല. ഈയടുത്ത് ഒരു സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീപീഡനക്കേസിലെ പ്രതിയുടെ വീട് സന്ദര്‍ശിക്കാനിടയായി.ബാലന്‍ K. നായര്‍, K.P. ഉമ്മര്‍ മോഡല്‍ ബഹളമുള്ള പീഡനമല്ല.ശാന്തസുന്ദരപീഡനം ഏതോ ഒരു പോയിന്റില്‍ പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ എത്തിയതാണ്.ഇല മുള്ളില്‍ വീണാലും മുളള് ഇലയില്‍ വീണാലും മുള്ളിനെയും ഇലയേയും സംശയാസ്പദസാഹചര്യങ്ങളില്‍ കണ്ടാലും ഇലയ്ക്ക് ചാവേറായി മുള്ളിനെ കുടുക്കണമെന്നോ നാല് കാശ് സമ്പാദിക്കണമെന്നോ തോന്നിയാലും മുള്ള് കുടുങ്ങില്ലേ?!എന്തോ വ്യക്തിവൈരാഗ്യം തീര്‍ത്തതാണീ കേസെന്ന ഏറെക്കുറെ വിശ്വസനീയമായ കാര്യം ഉറച്ച് പറയാന്‍ പ്രതിയോട് ചേര്‍ന്നു ഇടപഴകി ജീവിക്കുന്ന ഭാര്യക്കോ മാതാപിതാക്കള്‍ക്കോ കഴിയുന്നില്ല.ഇതിനര്‍ത്ഥം പ്രതിയാക്കപ്പെട്ടയാള്‍ ദൈനംദിനജീവിതത്തിലെ കൂലിപ്പണിയുടേയും ബുദ്ധിമുട്ടുകളുടേയും നാട്ടുകാരുടേയും വീട്ടുകാരുടേയും മോണിറ്ററിങ്ങിനിടയിലും ആര്‍ക്കും
ഒരു സംശയവും സൂചനയും കൊടുക്കാതെ പീഡിപ്പിക്കാന്‍ കഴിവുള്ള ഒരു ക്രിമിനല്‍ മാസ്റ്റര്‍മൈന്റ് ആണെന്നാണോ?ഇത്തരം ഒരു പേടി ഉള്ളതുകൊണ്ടാണോ ഉറ്റവരും ഉടയവരും അവനെ തള്ളിപ്പറയുംപോലെ സംസാരിക്കുന്നത്? ഒരു സാധ്യതയുമില്ല.ആരോപണങ്ങളില്‍ പെടുന്ന സാധാരണക്കാരോട് എല്ലാവരും പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.അവനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇരുപത്തിനാലു മണിക്കൂറും കൂടെ നടക്കുന്നവനും ഒരു സംശയത്തിന്റെ മുന്‍കൂര്‍ജാമ്യതുരുമ്പ് അവശേഷിപ്പിക്കും.അമ്മാതിരി കേസില്‍ പെട്ടവരെ സഹായിക്കാനായി അറിയാവുന്ന സത്യങ്ങള്‍ പറയുന്നതുപോലും 'പണി'യാകുമെന്ന് നമ്മള്‍ കരുതിപ്പോരുന്നു.പ്രതികളോട് നിയമവും മീഡിയായും എന്തുചെയ്യുമെന്ന് അറിയാത്തവര്‍ ഇവിടെ അരുമുണ്ടാവില്ല.
പീഡനക്കേസിലകപ്പെടുന്നവര്‍ക്ക് ഇത്ര വലിയ ഭ്രഷ്ട് കല്‍പ്പിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഒരു കത്തോലിക്കാ ബിഷപ്പിന്റെ പീഡനകഥയും അതുണ്ടാക്കിയ ബഹളങ്ങളും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.പക്ഷേ ആദ്യം പറഞ്ഞ കൂലിപ്പണിക്കാരന്‍ പീഡകപ്രതിയുടെ കഥയുമായി ബിഷപ്പിന്റേതിന് എന്തൊക്കെയോ കാതലായ വ്യത്യാസങ്ങളുള്ളത് പോലെ.ആ ദേഹത്തെ ചോദ്യം ചെയ്യുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ ആഴ്ചകള്‍,മുഖം മറയ്ക്കാന്‍ തൂവാലയ്ക്കു പകരം ആകെ
മറച്ച ഫോക്സ്വാഗന്‍ കാര്‍,വാദിയെ കൊല്ലാക്കൊല ചെയ്യാന്‍ വെമ്പി നില്‍ക്കുന്ന വലിയ പ്രബുദ്ധസമൂഹം.
രണ്ടുപേരേയും ജനകീയകോടതിയില്‍ വിചാരണചെയ്തു കല്ലെറിഞ്ഞു കൊല്ലണമെന്നോ,നിയമം അനുശാസിക്കാത്ത മര്‍ദ്ദനങ്ങളോ പീഡനങ്ങളോ ഏല്‍പ്പിക്കണമെന്നോ ഒരിക്കലും ഞാന്‍ പറയില്ല. പക്ഷേ ഒരാളെ അളവില്‍ക്കൂടുതല്‍ ഉപദ്രവിക്കാനും മറ്റൊരാളെ അളവില്‍ കൂടുതല്‍ സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങള്‍ തീര്‍ത്തും അന്യായമാണ്.
ഒരു ഇന്‍ഡിപ്പെന്‍ഡന്റ് ചര്‍ച്ചില്‍ ചേര്‍ന്നാല്‍ ബിഷപ്പാവാന്‍ എനിയ്ക്കും നാലോ അഞ്ചോ വര്‍ഷത്തെ പ്രതിഫലം പറ്റുന്ന ജോലി ചെയ്താല്‍ മതിയാവും.അതിനര്‍ത്ഥം പീഡനം കഴിഞ്ഞിറങ്ങുമ്പോള്‍ ഫോക്സ്വാഗനിലെ സവാരിയും ദൃശ്യമാധ്യമങ്ങളിലിരുന്നു ഓരിയിടുന്നവരുടെ സപ്പോര്‍ട്ടും എനിക്കും ഉറപ്പിക്കാമെന്നാണോ?സമഭാവന പ്രതീക്ഷിക്കുന്ന ഒരാളുടെ സംശയമാണ്.
സാധാരണ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും തമ്മിലുള്ള വ്യത്യാസവും മുന്‍പ് പറഞ്ഞിട്ടുള്ളതും എല്ലാവര്‍ക്കുമറിയാവുന്നതുമാണ്.
വസ്തു ഇടപാടുകളില്‍ ശരിയായ വില കാണിച്ച് സ്റ്റാമ്പ് പേപ്പര്‍ വാങ്ങുന്ന ഒരു മതസ്ഥാപനമെങ്കിലും ഈ രാജ്യത്തുണ്ടോ?
കത്തോലിക്കാസഭ ഏറെ അഭിമാനത്തോടെ പ്രസംഗിക്കുന്ന വിദ്യാഭ്യാസരംഗത്തെ സംഭാവനകളെപ്പറ്റിയും പലതും പറയാനുണ്ട്.പണംകൊടുത്ത് പ്രൊഫഷണല്‍ കോഴ്സുകളായ മെഡിസിനും എഞ്ചിനീയറിങ്ങിനും സഭ പ്രമോട്ട് ചെയ്യുന്ന സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്ന എത്ര പേര്‍ ജോലി ചെയ്യാന്‍ മാനസികമായി സന്നദ്ധരാണ്? മരുന്നു കമ്പനികളോടു ചേര്‍ന്നു ഭയം പരത്തി ചില തരികിട നമ്പറുകളുമായി ജീവന്റെയും ജീവിതത്തിന്റെയും വില കുറയ്ക്കാനല്ലാതെ എന്തു സംഭാവനയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്യുന്നത്.ക്ഷമയോടും സ്ഥിരോത്സാഹത്തോടും പഠിച്ച് ലിമിറ്റഡായ സീററുകളുടെ വില മനസ്സിലാക്കിയ പഴയ ഡോക്ടര്‍മാരെവിടെ പോയി.എല്ലാം പണത്തിന്റെ അളവുമായി ബന്ധിപ്പിക്കുന്നത് ആരൊക്കെ ചേര്‍ന്നാണ്.പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാരെല്ലാം പഠിച്ച തൊഴിലാണോ ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ദൈവീകത മുഖമുദ്രയാക്കിയവര്‍ അന്വേഷിക്കുന്നുണ്ടോ??
സ്പെഷ്യല്‍ പ്രിവിലേജുകള്‍ വേണമെന്ന് ഡിമാന്റ് ചെയ്യുന്ന എല്ലാവരും ഒരു സിസ്റ്റത്തെ(സംവിധാനത്തെ)ശല്ല്യപ്പെടുത്താനും നശിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരാണ്.സംഗതിവശാല്‍ നമ്മുടെ നാട്ടില്‍ വലിയോരു ശതമാനം ഊളകള്‍ സ്പെഷ്യല്‍ പ്രിവിലേജുള്ള പുന്നാരക്കുട്ടികളായി മറ്റുളളവരുടെ അന്നം ഭക്ഷിക്കുകയും മിച്ചമുള്ളതില്‍ മണ്ണു വാരിയിടകയും ചെയ്യുന്നു. ഇവിടെ ഇങ്ങിനാണ് ഭായ് എന്നാവും എല്ലാവരുടേയും പ്രതികരണം.
വാല്‍ക്കഷണം: എന്റെ പേര് ജോണ്‍സണ്‍ തോമസെന്നായതിനാലാണ് കത്തോലിക്കാസഭയെ പേരെടുത്ത് പറഞ്ഞത്.ദൃക്സാക്ഷിയായ സംഭവങ്ങള്‍ അധികമുള്ളതും സഭയിലാണ്.മറ്റു പുന്നാരക്കുട്ടികള്‍ ഒട്ടും മെച്ചമാണെന്ന് ഇതിനര്‍ത്ഥമില്ല.
No comments:
Post a Comment