Monday, 8 April 2019

രണ്ട് കഥകളെക്കുറിച്ച്

രണ്ട് കഥകള്‍ വായിച്ചതോര്‍ക്കുന്നു.

ഒന്നാമത്തേതില്‍ ഒരു ഫയല്‍വാനുണ്ട്.ഭാര്യയുടെ ആങ്ങളയായ എലുമ്പനെ എന്തോ നിസാരകാര്യത്തിന്
തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ഒരാള്‍.മര്‍ദ്ദനമേറ്റു വാങ്ങി അഭിമാനം വൃണപ്പെട്ട എലുമ്പന്‍ പെങ്ങളു കണ്ണീരു കുടിച്ചാലും വേണ്ടില്ല അളിയന്റെ കുടലുമാല എടുക്കുമെന്ന് ഉറക്കെ ചിന്തിക്കുമ്പോള്‍ കേട്ടുനിന്നവരെല്ലാം പ്രകമ്പനം കൊള്ളുന്നുണ്ട്.ആകാംക്ഷാഭരിതരാവുന്നുണ്ട്.പക്ഷേ കഥയ്ക്കവസാനം ആദ്യമര്‍ദ്ദനത്തിന് മുപ്പതാണ്ടു ശേഷവും ഫയല്‍വാന്‍ എലുമ്പനെ തെങ്ങില്‍ കെട്ടി മര്‍ദ്ദിക്കുന്നതും എലുമ്പന്‍ കുടലെടുപ്പ് വെല്ലുവിളി നടത്തുന്നതും പതിവായിരുന്നു എന്ന രിതിയിലാണ് കഥ അവസാനിക്കുന്നത്.

രണ്ടാമത്തെ കഥ ദുര്‍ബലനും ദരിദ്രനുമായ ഒരു കൂലിവേലക്കാരന്റെയും കാട്ടുപോത്തുകളെപ്പോലെ ബലിഷ്ടരായ മൂന്ന് സഹോദരങ്ങളുടേതുമാണ്.ദുര്‍ബലന്റെ ചുമ കേള്‍ക്കുമ്പോഴൊക്കെ ജനം പറയും പാവം ഇവനീ വര്‍ഷം തികയ്ക്കില്ല.നാടെങ്ങും പറഞ്ഞു പതിഞ്ഞതിനാല്‍ ബലിഷ്ഠരും ചെറുപ്പക്കാരുമായ ആ മൂന്ന് സഹോദരങ്ങളും പറഞ്ഞു പാവം ദുര്‍ബലന്‍ അവനീ വര്‍ഷം തികയ്ക്കില്ല.അങ്ങിനെ അങ്ങിനെ ഓരോരുത്തരായി ബലിഷ്ഠസഹോദരങ്ങള്‍ അസുഖങ്ങളാലും മറ്റും മരിച്ചുകൊണ്ടിരുന്നു.അവര്‍ മൂന്നു മരിച്ച് മണ്ണായിട്ടും ദുര്‍ബലന്‍ ചുമ തുടര്‍ന്നു,ജോലി തുടര്‍ന്നു..പാവം ദുര്‍ബലന്‍ അവനീ വര്‍ഷത്തിനപ്പുറം പോവില്ല എന്ന പല്ലവി ജനങ്ങളും തുടര്‍ന്നു.

രണ്ടു കഥകളും തമ്മില്‍ ഉള്ളിന്റെ ഉള്ളില്‍ പൊരിഞ്ഞ സംഘര്‍ഷം നടക്കാറുണ്ട്.

No comments:

Post a Comment