Friday, 22 February 2019

വിശ്വാസം - എന്റെ കുഞ്ഞു മഞ്ഞ കണ്ണിലൂടെ

ആരേയും സംശയിച്ചോ എതിര്‍ത്തോ ചോദ്യം ചെയ്തോ വേദനിപ്പിക്കാനറിയാത്ത നീണ്ട ബാല്യകാലത്തില്‍ ഞാന്‍ ആഴ്ചയില്‍ ഏഴു ദിവസവും പള്ളിയില്‍ പോകുന്ന അള്‍ത്താരബാലസംഘത്തിലെ മാറ്റിനിര്‍ത്താനാവാത്ത ഒരു അംഗമായിരുന്നു.ചെറിയ സംശയങ്ങള്‍ ഒറ്റപ്പെടുത്തലിന്റെയും ശാപത്തിന്റെയുമൊക്കെ എക്സാജുറേറ്റ് ചെയ്യപ്പെട്ട ഉരുക്കുമുഷ്ടികളാല്‍ നേരിടപ്പെട്ട കൗമാരത്തില്‍ ഗട്ടറില്‍ നിന്ന് പൊട്ടക്കുളത്തിലേയ്ക്ക് ചാടുംപോലെ 'കപടനാട്യക്കാരുടെ'(അന്നത്തെ ഭാഷയില്‍) പള്ളിയില്‍ പോകാതിരുന്നു പീഡനങ്ങള്‍ക്കായി സ്വയം മറ്റുള്ളവര്‍ക്ക് ഏല്‍പ്പിച്ചകൊടുത്തു.ഇടക്കെന്നോ വന്നുപോയ യൗവ്വനത്തിലും ഇന്നീ അകാലവാര്‍ദ്ധക്യത്തിലും ജീവിതത്തില്‍ അങ്ങോളമിങ്ങോളം സുലഭമായിരുന്ന ദുരവസ്ഥകളില്‍ സ്വയം ആശ്വസിക്കാനും അതുവഴി ചുറ്റുമുള്ള സരളഹൃദയര്‍ക്ക് (ഒറ്റവാക്കിലെങ്കിലും ഇതൊരു വലിയ വലിയ കണ്ടീഷനാണ്.സരളഹൃദയത്തെ സംരക്ഷിക്കാത്തവര്‍ക്ക് ഏത് പാലാഴിയിലെ അമൃതിനാലും ശാന്തി ലഭിക്കില്ല)ആശ്വാസം കൊടുക്കാനാവുമെങ്കില്‍ അതിനും പള്ളിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ
നെഗറ്റീവ് എനര്‍ജികളെന്തെങ്കിലുമുണ്ടെങ്കില്‍ തടസ്സമാവാതെ നോക്കാറുണ്ട്.

തൊട്ടു മുന്‍പിലേത് ഒരു സങ്കീര്‍ണ്ണമായ വാചകമാവാം.മതപരമായ ഒന്നുംതന്നെ മനശാന്തിയെ ബാധിക്കാതെ അനുരഞ്ജനത്തില്‍ കഴിയാനാവുന്നുണ്ടെന്ന് ചുരുക്കാം.

വിശ്വാസത്തെപ്പറ്റി വിശ്വാസത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുനിഞ്ഞാല്‍ 'വിശ്വസിച്ചോളൂ' എന്നതിനപ്പുറം ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ കണ്ടറിവുകളുടെ വെളിച്ചത്തില്‍ സംസാരിച്ചോട്ടെ.

ശൈശവത്തില്‍ പ്രകടമായി കാണുന്ന അത്ഭുതങ്ങളോടും കഥകളോടും മായാജാലത്തോടും അനുകരണത്തോടും സൗന്ദര്യത്തോടും സുഗന്ധത്തോടും വര്‍ണ്ണങ്ങളോടും
കൂടിച്ചേര്‍ന്നു പാട്ടുപാടുകയോ ജപിക്കുകയോ ചെയ്യുന്ന സ്ഥിതിവിശേഷത്തോടും എല്ലാമെല്ലാമുള്ള പ്രതിപത്തി ജീവിതാന്ത്യം വരെ എല്ലാവരിലുമുണ്ടത്രെ.

എനിക്കറിയാവുന്ന എതീസ്റ്റുകളെല്ലാം മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കുമായി മതങ്ങള്‍ക്കു പുറമേ ഏതെങ്കിലുമൊക്കെ ഉപാദികള്‍ അന്വേഷിക്കുന്നവരോ കണ്ടെത്തിക്കഴിഞ്ഞവരോ ആണ്.അത്ഭുതങ്ങളെക്കുറിച്ച് അത്ഭുതപ്പെടാനും ഒരുമിച്ച് പാടാനോ മൗനത്തില്‍ മുങ്ങി ഇരിക്കാനോ കൊതിക്കാത്ത മനുഷ്യരുണ്ടോ!?

'അവനവനാത്മസുഖത്തിനാചരിക്കുന്നതപരന്നു സുഖത്തിനായി വരേണം' എന്ന ആത്മാര്‍ത്ഥമായ ഡ്രൈവിങ്ങ് ഫോഴ്സുണ്ടെങ്കില്‍ എല്ലാം ഒ.കെ. ആണ്;അതില്ലെങ്കില്‍ എല്ലാം മാത്തമാറ്റിക്സുമാണ്.(കണക്കാണെന്ന്-സ്വതന്ത്രപരിഭാഷ).

എതീസ്റ്റുകളെ സംബന്ധിച്ചിടത്തോളം എനിക്ക് കാണാന്‍ കഴിഞ്ഞ ഒരു ഗുണം-സമൂഹത്തോട് അടുത്ത് ഇടപഴകുന്ന;അതിസമ്പന്നന്‍മാരല്ലാത്ത എല്ലാവര്‍ക്കും-സമൂഹത്തിന്റെ ക്വാളിറ്റി ചെക്കപ്പുകള്‍ക്ക് നിരന്തരമായി വിധേയമായിക്കൊണ്ടിരിക്കുന്നവരാണ്.ഒരു മതവിശ്വാസിയേക്കാള്‍ മനുഷത്വത്തിന് കണക്കുപറയേണ്ടി വരിക വിശ്വാസമില്ലെന്ന് 'പറയുന്നവര്‍'ക്കാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ചിലര്‍ മുലപ്പാലു കുടിക്കുന്നു,ചിലര്‍ക്ക് കുപ്പിപ്പാല്‍ മറ്റു ചിലര്‍ തള്ളവിരലുമുണ്ട് ഉറങ്ങുന്നു.ആര് ആരൊക്കെ എന്നു ചോദിക്കരുത്!!അറിയില്ല.

No comments:

Post a Comment