Wednesday, 20 February 2019

വി.ഐ.പി.

വി.ഐ.പി.- ജട്ടിയല്ല,പെട്ടിയുമല്ല..സമൂഹത്തില്‍ അന്യായ വിലയും മതിപ്പും പ്രിവിലേജുകളുമുള്ള വെരി ഇമ്പോര്‍ട്ടന്റ് പേര്‍സണ്‍,വി.ഐ.പി.

ജനനവും ബാല്യവും പഠനവുമൊക്കെ നാണയങ്ങളുടെ ജാതകവും നോട്ടുകളുടേയും പ്രമാണങ്ങളുടേയും താരാട്ടും വാത്സല്യവും ഏറ്റുവാങ്ങി ആയിരുന്നു.നാലു പേര്‍ക്കു ജീവിക്കാനുള്ള പണം  ഫീസായി ചിലവഴിക്കുന്ന ഗുരുമുഖത്തെ താമസം വലിയ തമാശയാണ്.ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം,ടെക്സ്റ്റുബുക്കുകള്‍ ചവച്ചോ അല്ലാതെയോ വിഴുങ്ങണം,ഭക്ഷണം കഴിക്കുമ്പോള്‍ പുറത്ത് ശബ്ദം കേള്‍ക്കരുത്,ഇരുന്നിരുന്ന കസേര പൂര്‍വ്വസ്ഥാനത്തു വലിച്ചിടാതെ അവിടം വിട്ട് പോകാനാവില്ല.എന്തൊരു അവസ്ഥയാണ്.പണം അങ്ങോട്ടു കൊടുത്ത് അടിമയാവുന്ന സ്ഥിതി.കുറച്ചൊന്നു തടി വളര്‍ന്നപ്പോള്‍ ഒളിച്ചും പാത്തും പബ്ബിലും ബാറിലുമൊക്കെ പോയിനോക്കി.സ്വാതന്ത്ര്യം ആഘോഷിക്കാനോ ബഹളം വെക്കാനോ അവിടെയും പറ്റില്ല എന്നും തിരിച്ചറിഞ്ഞു.
അറിയാവുന്ന കുഞ്ഞു തെറികള്‍ സുകൃതജപം പോലെ ഉരുവിട്ടു നടന്ന കാലം;അതിന്റെ പേരിലും പണിഷ്മെന്റ് കിട്ടിയിട്ടുണ്ട്.പണം നിലച്ചതും പണം അയക്കുന്ന ആളുടെ മരണവും കടബാധ്യതകളും നാട്ടിലെ പഴയ വീട്ടിലേയ്ക്കുള്ള മാറ്റവും പുതിയ സൗഹൃദങ്ങളും നാടന്‍ വാറ്റുചാരായമടിയുമൊക്കെ സമയത്തിന്റെ പുരോഗതിയോടൊപ്പം നടന്നു.

അത്യാവശ്യം അപകര്‍ഷതകള്‍ക്കിടയിലേയ്ക്കാണ് അടുത്ത ആളുടെ വരവ്.ഇല്ലായ്മകളും അവയുണ്ടാക്കിയ ദൈനംദിന പ്രശ്നങ്ങളും പ്രശ്നങ്ങളുടെ പ്രത്യാഘാതങ്ങളും അവ തടഞ്ഞിട്ട ജീവിതവും.ദൂഷിതവലയമോ ചതുപ്പോ പോലെയാണ് ജീവിതം.തുഴയുംതോറും മുങ്ങിപ്പോവുന്നുണ്ട്.തുടക്കങ്ങളുടെയും ശൈശവത്തിന്റേയും അടിച്ചേല്‍പ്പിക്കപ്പെട്ട അമിതപ്രതീക്ഷകള്‍ പതിനായാരം തലയുള്ള സര്‍പ്പങ്ങളായി കാലിടറുന്നതും നോക്കിയിരിക്കും.ഇടറാനാഞ്ഞാല്‍ ഉടനെ വരിഞ്ഞു മുറുക്കി വിഷമിറക്കും.മനസ്സ് മൃഗത്തിന്റെ ആദിമസ്വഭാവികതയിലേയ്ക്കും സ്നേഹത്തിന്റെ വെളിച്ചത്തിലേയ്ക്കും പെന്‍ഡുലം പോലെ ആടുകയാണ്.പ്രകൃതി ഇടത്തോട്ടാണെന്നാണല്ലോ!Nature is left handed.

വെറുപ്പു നിറഞ്ഞ മനസ്സുകള്‍ക്ക് ചെയ്യാവുന്ന ഏറ്റവും സമര്‍ത്ഥമായ കാര്യം അവരും  ചെയ്തു.എന്തോ കാരണമുണ്ടാക്കി ഏതോ കൊടിയുടെ പേരില്‍ ഏതോ കൊടിയും പൊക്കിപ്പിടിച്ചു നടന്ന കുറച്ചു ജീവനുകള്‍ വെട്ടിക്കീറി എടുത്തു.പട്ടിണി സഹിക്കാനാവാതെ അപ്പക്കഷണം പെറുക്കിയ മാനസികരോഗിയെ തല്ലിക്കൊല്ലുന്ന നാട്ടില്‍ രാഷ്ട്രീയകൊലയാളി സ്വന്തം കിടപ്പറയിലൂടെ നടക്കുന്ന ലാഘവത്തോടെ നടന്നു.പട്ടിണിക്കാരെ
ഉരുട്ടിയും ചതച്ചും ശൂലം തറച്ചും നട്ടെല്ലു ചവിട്ടിപ്പൊട്ടിച്ചും ഫ്രസ്ട്രേഷനുകള്‍ തീര്‍ക്കുന്ന നിയമം വിലങ്ങു മറച്ചുപിടിച്ച് കുടചൂടിച്ചു പിറകില്‍ നിന്നു.പീഡനത്തിനിരയാവുന്നവരുടെ ബാല്യകാലവികൃതികള്‍ വരെ ചികഞ്ഞെടുക്കുന്ന പ്രബുദ്ധമാധ്യമങ്ങള്‍ രാഷ്ട്രീയകൊലപാതകികളുടെ ചരിത്രമൊന്നും അധികം അന്വേഷിക്കാറില്ല;ജനത്തിന് വേണ്ട ഉത്തരങ്ങള്‍ ഒറ്റവാക്കില്‍ കിട്ടിയല്ലോ-രാഷ്ട്രീയകൊലപാതകം.തത്വസംഹിതകള്‍ കൊഞ്ഞനം കുത്തി സംഭവത്തെ കുഴിച്ചുമൂടാന്‍ സേഫ് സോണുകളില്‍ നേതാക്കളൊരുപാടുണ്ട്.

രാഷ്ട്രീയത്തടവുകാര്‍ എന്ന ഒന്നാംകിട പൗരന്‍മാരായി അവര്‍ മാറ്റപ്പെട്ടു.ചുമടെടുക്കുന്നവര്‍ക്കും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും കൊടുക്കാതെ മാറ്റി വച്ചിരുന്ന തങ്ങളുടെ കന്യകളെ വി.ഐ.പി.തടവുകാരന്റെ ആഴ്ചപരോളില്‍ ഏറ്റവുമടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ഒന്നില്‍ കൈപിടിച്ചു നല്‍കാന്‍ പിതാക്കള്‍ കൊതിച്ചു.ഇനിയുമിനിയും ഒരുപാട് വി.ഐ.പി.കള്‍ ഉണ്ടാവട്ടെ.

No comments:

Post a Comment