പ്രതിരോധബഡ്ജറ്റിന്റെ പൊലിമയും പട്ടാളക്കാരുടെ കാര്യക്ഷമതയും മസില്‍ക്കൊഴുപ്പും ആയുധങ്ങളുടെ നശീകരണശേഷിയുമൊക്കെ സര്‍വേ(?)നടത്തി റാങ്ക് സ്വയം നിശ്ചയിച്ച് ആധുനികവിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത് അമേരിക്കന്‍ ഐക്യനാടുകളാണെന്നാണ് ഓര്‍മ്മ.
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍,ലോകത്തിലെ ഏറ്റവും പ്രതിരോധബഡ്ജറ്റുള്ള രാജ്യം എന്നിങ്ങനെ രസമുളള പല കണക്കുകളും വര്‍ഷംതോറും പുറത്തുവരാറുണ്ടത്രെ.ഈ കണക്കുകള്‍ പുറത്തുവിടുന്നത് ഏറ്റവും വലിയ പണക്കാരനെ ആ സ്ഥാനത്തു നിലനിര്‍ത്താന്‍ ഇതു വായിക്കുന്നവര്‍ ഉദാരമായി സംഭാവന ചെയ്യണം എന്നും പ്രതിരോധബഡ്ജറ്റ് ഏറ്റവും കൂടുതലുള്ള രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ എപ്പോളും എവിടെയും സംരക്ഷിക്കപ്പെടണം എന്നുമായിരിക്കുമോ ഉദ്ദേശിക്കുന്നത്.എത്രമാത്രം ഒപ്റ്റിമിസ്റ്റിക്കായി ചിന്തിച്ചിട്ടും ഇതിനപ്പുറം ഒരു യുക്തി കണ്ടെത്താനായില്ല.
വീഡിയോ ഗെയിമുകളിലൂടെയും സിനിമകളിലൂടെയും ആയുധങ്ങളെയും സര്‍വൈലന്‍സിനേയും പാട്രിയോട്ടിസ(??)ത്തെയുമൊക്കെ ലോകമെങ്ങുമെത്തിക്കുന്നതില്‍ അവര്‍ വന്‍വിജയവുമാണ്.ഇത്തരം ഗെയിമുകളുടേയും സിനിമകളുടേയും നിയമപരമല്ലാത്ത പകര്‍ത്തല്‍ തടയാന്‍ ലോകപോലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.ശതകോടികള്‍ മുടക്കി മാളികകള്‍ പണിഞ്ഞുകൊണ്ടേ ഇരിക്കുന്ന ഒരാള്‍ അയാളുടെ കിടപ്പുമുറിയോ ശൗചാലയമോ മറയ്ക്കാനേ പറ്റുന്നില്ല എന്നു പറയുന്നതുപോലെയുള്ള മാരകമായ ലോജിക്കാണ് ഇവിടെ വര്‍ക്കൗട്ട് ആകേണ്ടതെന്ന് ഓര്‍ക്കുക.
അതെന്തുതന്നെ ആയാലും യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ആയുധക്കമ്പനികള്‍ ഏറ്റവും കൂടുതലുള്ളത് അമേരിക്കന്‍ ഐക്യനാടുകളിലാണെന്ന് അറിയാമല്ലോ!(നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ഫെഡറല്‍ നിയമസംഹിതയിലെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഭാഗങ്ങള്‍ ദയവായി വായിക്കുക).
ലോകത്തെമ്പാടും തങ്ങളുടെ ആയുധശേഷിയുടെ ഡെമോണ്‍സ്ട്രേഷനുവേണ്ടി നേരിട്ടും അല്ലാതെയും ബാലിശമായ കാരണങ്ങളുടെ പേരില്‍ നടത്തുന്ന (മാനിപ്യുലേറ്റഡായ ആഭ്യന്തരയുദ്ധങ്ങളും ശ്വസിക്കാനോ കുടിക്കാനോ കഴിക്കാനോ ഉടുക്കാനോ കഴിയാത്ത സാധനങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങളും ഇതില്‍പ്പെടുന്നു)നരബലികളെ പറ്റി വലിയ തലക്കനമില്ലാത്ത കണ്ണുകളോടെ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.
അവരുടെ ബിസിനസ് അവര്‍ അഗ്രസ്സീവായി ചെയ്യുന്നു എന്നതിനപ്പുറം വിമര്‍ശിക്കാന്‍ ഞാനാരുമല്ല.അല്ലെങ്കിലും വിമര്‍ശനംകൊണ്ട് സ്വയം മാറുകയെന്നല്ലാതെ മറ്റെന്തെങ്കിലും സംഭവിക്കും എന്ന് വിശ്വസിക്കാന്‍ ജീവിതത്തില്‍ ഇന്നേ വരെ ഒരു അനുഭവം പോലും കിട്ടുകയോ കൊടുക്കുകയോ ഉണ്ടായിട്ടെല്ലെന്നാണ് ഓര്‍മ്മ.
നമുക്ക് നാടന്‍ സായ്വുകളൊരുപാടുണ്ട്.ആഗോളവത്കരണം ഒഴുക്കിക്കൊണ്ടു വന്ന എല്ലിന്‍കഷണങ്ങള്‍ കഴുത്തിലണിയാന്‍ നിര്‍ബന്ധിക്കുന്നവര്‍.നാടന്‍ സായിപ്പുകളിലെ ഭരണം തൊഴിലാക്കി എടുത്തവര്‍ തീര്‍ച്ചയായും പ്രതിരോധത്തിന് വലിയ പ്രാധാന്യം കൊടുക്കും.ഉത്സവം നടന്നാലല്ലേ കിലുക്കികുത്തുകാരനും മുച്ചീട്ടുകളിക്കാരനും വരുമാനം വര്‍ദ്ധിക്കൂ...
പ്രതിരോധത്തെ കുറിച്ചും ആയുധബലത്തെക്കുറിച്ചും ഒരുപാട് ആവേശം ഉണ്ടാക്കാന്‍ എളുപ്പവഴികള്‍ തേടുന്ന സിവിലിയന്‍മാരോട് പറയട്ടെ...താരതമ്യേന
കണ്‍സ്ട്രക്റ്റീവല്ലാത്ത കാര്യങ്ങള്‍ക്കായി സംഘം ചേരുന്നതും ആയുധമെടുക്കുന്നതും മാനസികമായ അനാരോഗ്യത്തിന്റെ ഒരു അളവുകോല്‍ മാത്രമാണ്.കപ്പടാമീശയും അരയില്‍ പിച്ചാത്തിയുമായി ചെവി വട്ടംപിടിച്ച് പൂച്ചയേപ്പോലെ നടക്കുന്നത് ഭീകരന്‍മാരല്ല,ഒരു കോഴിക്കുഞ്ഞിനേക്കാള്‍ ഇന്‍സെക്യൂരിറ്റി അനുഭവിക്കുന്നവരാണ്.
രാജ്യത്തെ സ്നേഹിക്കുന്നവര്‍ക്കും യശസ്സ് ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്നവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്.ചെയ്യുന്ന ജോലികള്‍ ആത്മാര്‍ത്ഥമായി ചെയ്യുക,റോഡിലും സമൂഹത്തിലും നിയമം കൈയ്യിലെടുക്കാതിരിക്കുക,രാഷ്ട്രീയമുതലെടുപ്പിനായി പൊതുമുതല്‍ നശിപ്പിക്കുകയോ സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യാതിരിക്കുക,നികുതി അടയ്ക്കുക,മുദ്രപ്പത്രങ്ങളില്‍ വെട്ടിപ്പു നടത്താതിരിക്കുക,ശുപാര്‍ശകളും ഇടപെടലുകളും നിര്‍ത്തുക,ചോദ്യം ചെയ്യേണ്ട സംവിധാനങ്ങളെ അതിനുള്ള വേദികളില്‍ ചോദ്യം ചെയ്യുക,മതരാഷ്ട്രീയസാമൂഹികകാര്യങ്ങളില്‍ സഹിഷ്ണുതയും മര്യാദയും പുലര്‍ത്തുക,
നാടുകാണാന്‍ വരുന്ന വിദേശികളോട് നന്നായി പെരുമാറുക എന്നിവ അതില്‍ ചിലതാണ്.(വിദേശടൂറിസ്റ്റുകളോടുള്ള കുറ്റകൃത്യങ്ങളും തുറിച്ചുനോട്ടങ്ങളും തത്കാലം മാറ്റിവെച്ചു എഴുതുന്നു.മൂന്നാറില്‍ കുറച്ചു മാസങ്ങള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യാനിടയായി.ബാലിയിലോ സുമാത്രയിലോ ശ്രീലങ്കയിലോ എല്ലാം കണ്ടും കേട്ടും ഒരാഴ്ച കുടുംബമായി ചിലവഴിക്കുന്ന പണം മൂന്നാറിലെ ആദ്യദിവസം തന്നെ ചിലവാകുന്നുണ്ടെന്ന് പരാതി പറഞ്ഞ ഒരുപാട് വടക്കേ ഇന്ത്യക്കാരേയും വിദേശികളേയും പരിചയപ്പെട്ടു.കെട്ടും മട്ടും സ്മാര്‍ട്ട്നെസ്സ് ലെവലുമൊക്കെ അളന്നു റേറ്റു കൂട്ടുന്ന ഒരുകൂട്ടം ടൂറിസം പ്രവര്‍ത്തകരുടെ പ്രശ്നം അജ്ഞതയല്ല,അല്‍പ്പജ്ഞാനമോ ദീര്‍ഘവീക്ഷണമില്ലായ്മയോ തൊഴില്‍ പരമായ ധാര്‍മ്മികമൂല്യച്യുതിയോ ഒക്കെയാണ്.വലിയ ചൂഷകരായ സായിപ്പന്‍മാരെയൊക്കെ തിരിച്ച് പറ്റിച്ച് തൃപ്തിയടയാനാണ് ഇങ്ങിനെ ചെയ്യുന്നതെങ്കില്‍ അതിന്റെ ലാഭനഷ്ടക്കണക്കുകളെപ്പറ്റി വിശദീകരിച്ച് സമയം കളയാന്‍ ഞാനിഷ്ടപ്പെടുന്നില്ല.)
ഇതിനെല്ലാം പുറമേ ധീരജവാന്‍മാരേ പുകഴ്ത്തുമ്പോള്‍ നമ്മുടെ രാജ്യസ്നേഹത്തിന് പുതിയൊരു മാനം കൈവരും തീര്‍ച്ച.ഇതെല്ലാം ഞാന്‍ വിജയകരമായി എന്റെ ജീവിതത്തില്‍ ഇംപ്ളിമെന്റ് ചെയ്തു കഴിഞ്ഞു എന്നല്ല..പക്ഷേ പടിപടിയായി ചെയ്യുന്നുണ്ട്.
പ്രതിരോധം വെള്ളം നിറച്ച,പുറത്തേയ്ക്കു മുള്ളുകള്‍ പോലെ പ്രൊജക്ഷനുകളുള്ള ബലൂണാക്കാതെ അകത്തുനിന്ന് ബലവത്തായ ഒരു ഉരുക്കുഗോളം പോലെയാവട്ടെ.ഉരുക്കിലിടിച്ച് കൈ കളയാന്‍ ഒരുമ്പെടുന്നവരുടെ എണ്ണം തീര്‍ച്ചയായും കുറവായിരിക്കും.