മരം വെട്ടി സുന്ദരം ശവപ്പെട്ടിയൊന്നു തീര്‍ത്തവന്റെ ദീര്‍ഘവീക്ഷണം
Monday, 11 December 2017
Saturday, 21 October 2017
Wednesday, 18 October 2017
പനിനീര്‍
എന്തൊരു വൃത്തികെട്ട തണുപ്പാണിവിടെ?ഞരമ്പുകളിലെ ദ്രവമെല്ലാം മരവിച്ചല്ലോ!ദേഹത്ത് പറ്റിയ നീര്‍ത്തുള്ളി പോലും തണുത്തുറഞ്ഞു പോയി.ഇവിടെ കാറ്റില്ല.സൂര്യപ്രകാശമില്ല.കുടിവെള്ളം പോലുമില്ല.ഈയടുത്ത് മാത്രം പരിചയപ്പെട്ട വിചിത്രമായ വെളിച്ചങ്ങളാണിവിടെ.ഒരുപാടു ആളുകള്‍ അടുത്തുവരുന്നുണ്ട്.ബലം പിടിച്ച് നില്‍ക്കുന്നവരുണ്ട്.കരയുന്നവരുണ്ട്.പ്രാര്‍ത്ഥിക്കുന്നവരുണ്ട്.ഇടക്കിടെ ആകാശം മങ്ങുമ്പോള്‍ ആരോ വന്ന് തുടച്ച് വൃത്തിയാക്കുന്നുണ്ട്.
ഞാനാദ്യമായി കണ്ണു തുറന്ന ദിവസമോര്‍ത്തുപോയി.സൂര്യപ്രകാശത്തിനെന്ത് ഊഷ്മളതയായിരുന്നു..കാറ്റിന്റെ കുളിരെത്ര ഹൃദ്യമായിരുന്നു..നിറങ്ങളുടെ ഒരു ലോകമായിരുന്നു അത്.വരി വരിയായി അമ്മച്ചെടികള്‍.വളക്കൂറുള്ള മണ്ണില്‍ നനവ് വറ്റാറില്ല.വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷം.ഇതളുകള്‍ വീശി ഞാനും വളര്‍ന്നു;കഴുത്തറക്കുന്ന സാധനവുമായി അവര്‍ വരുന്നതുവരെ...
വേദന!!അല്‍പ്പം ഭക്ഷണവുമായി രണ്ട് കുഞ്ഞ് ഇലകളും കൂടെയുണ്ട്.
ജീവിതത്തിലെ നല്ല നാളുകളവസാനിച്ചു.അര്‍ദ്ധപ്രാണനായി പല കൈകളില്‍ പുളഞ്ഞ് പുതിയ ലോകങ്ങളിലൂടെ യാത്ര ചെയ്തു.അവസാനമിവിടെ ഈ മരവിച്ച മനുഷ്യന്റെ പളുപളുത്ത കുപ്പായത്തിനു മുകളില്‍.
Tuesday, 17 October 2017
വനില വാര്‍സ്
മഡഗാസ്കറില്‍ ആഞ്ഞുവീശിയ ആ കാറ്റാണെല്ലാത്തിന്റെയും തുടക്കം!!ലോകത്തിന്റെ രസമുകുളങ്ങളെ ഇക്കിളിയിടാന്‍ തയ്യാറെടുത്തു കുലമറിഞ്ഞു കായ്ച്ചു കിടന്ന അനേകായിരം വനില വള്ളികളല്ലേ നശിച്ചുപോയത്?എന്തും വിളയുന്ന മലയാള മണ്ണാണ് ഇനി ഏക ആശ്രയമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!ശ്രീ,രത്നം എന്നൊക്കെ കുറിയ വാലുപേറുന്ന കര്‍ഷകമാസികകളിലെ സൂചനകളില്‍ ആവേശഭരിതരായ കാര്‍ഷികശാസ്ത്രജ്ഞര്‍ കൊണ്ടുപിടിച്ച അന്വേഷണം തുടങ്ങി.വീട്ടില്‍ നേരിട്ടു വന്ന് ക്ഷണിച്ചില്ലെന്ന ഭീകരമായ കാരണംകൊണ്ട് കല്ല്യാണങ്ങള്‍ ബഹിഷ്കരിച്ച് സമ്മാനത്തിന്റെ പണം ലാഭിച്ച ബന്ധുവീടുകളില്‍ വരെ ഈ അന്വേഷണം ലിമിറ്റഡ് സ്റ്റോപ്പില്‍ ചെന്നെത്തി.ഊഷ്മളമായ പുനഃസമാഗമത്തിന്റെ ഉപഹാരമായി കിട്ടിയ വനില വള്ളികളും നെഞ്ചോടടുക്കിപ്പിടിച്ച് കുടുംബനാഥന്‍ വീട്ടിലെത്തുന്നു.കറുകപ്പുല്ലുപോലും നുള്ളിപ്പറിച്ച് മണ്‍കുടത്തിന്റെ പുറംപോലാക്കിയ മണ്ണില്‍ കുളിപ്പിച്ചു പൊട്ടു തൊടുവിച്ച വള്ളികള്‍ നടുന്നു.ഓരോ തളിരും റംസാനിലെ പിറ പോലെ-മലയപ്പുലയന്റെ വാഴ പോലെ.അപ്പനും അമ്മയും മക്കളും പരാഗണോപകാരികള്‍ കരിവണ്ടുകളായി.വനില ചാറിന്റെ ആവശ്യമിങ്ങിനെ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്..കുന്നു കൂടുകയാണ്..കായ പാകമാകും മുന്‍പേ വില ഇങ്ങിനെ കൂടിയാലെന്തു ചെയ്യും.ലാഭം കണക്കുകൂട്ടാന്‍ കൈകാല്‍ വിരലുകള്‍ മതിയാവുന്നില്ല.ഒരു ചാക്ക് കായക്ക് ഒരു ലോറി നോട്ടെന്ന അവസ്ഥയിലാണിപ്പോള്‍.കേട്ടവര്‍ കേട്ടവര്‍ നിധി വേട്ടങ്ങിറങ്ങുകയായി.നടീല്‍ വസ്തുവായ തണ്ടിനും റോക്കറ്റുപോലെ വില കുതിക്കുകയാണ്.അവിടെയുമിവിടെയും ചില്ലറ വള്ളി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.അച്ചായന്‍മാരുടെ ഉറക്കം ആധിയുടെ ചൂളയിലെരിഞ്ഞു പോകുന്നു.കാവലിന് നാടന്‍ തോക്കുമായി കൂലിക്കാരെ ഏര്‍പ്പാടാക്കുന്നുണ്ട്.മോഷണം നടന്ന വള്ളിച്ചുവട്ടിലെ കാല്‍പ്പാടിന്റെ ആകൃതിയും ആഴവും പൊടുന്നനെ അപ്രത്യക്ഷരായ കലുങ്കില്‍ തപസ്സിരിക്കുന്ന ജീവികളുമൊക്കെ പൊതുജനത്തിന്റെ മേശപ്പുറത്ത് കീറിമുറിക്കപ്പെടുകയാണ്.
"രണ്ട് പൂശുകൊടുത്താല്‍ അവന്റെ കീച്ചിപ്പാപ്പാന്‍ നേരു പറയും.വേണ്ടി വന്നാ വീട്ടീ കയറി പരിശോധിക്കണം."അസഹിഷ്ണുക്കള്‍ മൊഴിഞ്ഞു.
വെള്ളത്തിന്റെ വിലയില്ലെങ്കിലും പാലു ചുരത്തിക്കൊണ്ടിരുന്ന റബ്ബറുമരങ്ങളുടെ മണ്ട വെട്ടി വള്ളി പടര്‍ത്തിയവരാണ്..അസഹിഷ്ണുവാകാം.തെറ്റില്ല.
കാലമാകുന്ന വള്ളി അച്ചടക്കത്തോടെ വളര്‍ന്നു.നാലാം ക്ളാസുകാരനെഴുതിയ ചോദ്യ ചിഹ്നം പോലെ വനില കായകള്‍ വള്ളികളില്‍ വരണ്ടു നിന്നു.ലോകമെപ്പോഴും വനില നുണയുന്നുണ്ടായിരുന്നു.എവിടെ നിന്നെന്നറിയില്ല.
Monday, 16 October 2017
മണമില്ലാത്ത വെള്ളപ്പൂക്കള്‍
മണമില്ലാത്ത വെള്ളപ്പൂക്കളുണ്ടാവുമോ? അറിയില്ല..
അവള്‍ ചെറുപ്പത്തിലേ അങ്ങിനായിരുന്നു..കറുത്ത്..മെലിഞ്ഞ്..അധികമാര്‍ക്കും ഓമനത്തം തോന്നാത്ത..ഒക്കത്തിരുത്താനും ഉമ്മ കൊടുക്കാനും മത്സരിക്കുന്ന കുഞ്ഞേച്ചിമാരില്ലാത്ത..
വളര്‍ന്നപ്പോള്‍ അവളുടെ മൗനവും കൂടെ വളര്‍ന്നു.
ക്ളാസ്സിന്റെ സാധ്യമായതില്‍ ഏറ്റവും കോണില്‍ പുസ്തകസഞ്ചിയുടെ പിറകില്‍ മുഖം പൂഴ്ത്തിയങ്ങിനെ ഇരിക്കും.പൂച്ചയെപ്പോലെ നടക്കും.പഠിപ്പിക്കുന്നതൊന്നും മനസ്സില്‍ നില്‍ക്കാറില്ല.പരീക്ഷകള്‍ പരീക്ഷണങ്ങള്‍...പാട്ടുപാടുമോ,പടം വരക്കുമോ,ഓടുമോ,ചാടുമോ എന്നൊക്കെആശ്വസിപ്പിക്കാനെന്നോണം പലരും ചോദിച്ചിട്ടുണ്ട്.ഒന്നുമില്ല.കണ്ണു തുറന്ന് ആളും അനക്കവുമില്ലാത്ത എവിടെയെങ്കിലും നോക്കിയിരുന്ന് കിനാവ് കാണാനറിയാം.കറുപ്പിലും വെളുപ്പിലുമുള്ള കിനാക്കളാവാം.പത്താംതരം കഷ്ടി കരകയറി കന്യാസ്ത്രീ മഠത്തിലെത്തി.അടുക്കളയിലേയും തൊഴുത്തിലേയും പന്നിക്കൂട്ടിലേയും സ്ഥിരം മൂലകളില്‍ നിന്നൊരു ദിനം അവര്‍ ബാലഭവനിലും.ഒരുപാട് കുഞ്ഞുങ്ങള്‍.വര്‍ണ്ണാഭമായ ചിത്രം.പാടാനും ഓടാനും കഥ പറയാനും മായാജാലം കാട്ടാനും ആരും പഠിച്ചുപോവും.അവരും പഠിച്ചു.പഠിപ്പിച്ചു.
നേര്‍ത്തതെങ്കിലും പരിമളം പരക്കട്ടെ.
Sunday, 15 October 2017
അബ്സ്ട്രാക്റ്റ്
അബ്സ്ട്രാക്റ്റ് ചിത്രങ്ങളോടു ഇഷ്ടം കാണിക്കുന്നത് ആശയക്കുഴപ്പമുള്ള,വിഷാദത്തിലേയ്ക്കു വഴുതിയ മനസ്സിനെയാവാം പ്രതിഫലിപ്പിക്കുന്നതെന്നൊരു വിജ്ഞാനം അയാളോടൊരിക്കല്‍ വിളമ്പിപ്പോയി.പിന്നെ ഒരിക്കല്‍ അയാളുടെ കല്ല്യാണക്കത്തില്‍ തീരെ മഷിപുരളാത്ത ഒരെണ്ണം അയച്ചു തന്നു.
Saturday, 14 October 2017
താളുകള്‍ മറിയുമ്പോള്‍
താളുകള്‍ മറിയുമ്പോള്‍
ഭാഷയേ മാറിപ്പോവുന്നു
'സ്വാര്‍ത്ഥം എന്നെ വേദനിപ്പിച്ചു'- പ്രസ്താവനയുടെ മൂന്നില്‍ രണ്ടു ഭാഗവും വിരല്‍ ചൂണ്ടുവതാര്‍ക്കുനേരെ?
'നിസ്സാരം' വികാരങ്ങളരിച്ചുമാറ്റിയേക്കാം- പകല്‍വെളിച്ചത്തില്‍ നിന്ന് ഏഴുനിറങ്ങളെന്നപോല്‍..
രാത്രിയായി!!
കണ്ണാലെ കണ്ടതോ?
കണ്ണേതെന്നൊരു ചോദ്യം..
Monday, 2 October 2017
അതിരേല്‍ ദേഹണ്ണം
ഏക്കറു കുറേയുണ്ടെങ്കിലും അതിരേല്‍മാത്രം ദേഹണ്ണിക്കുന്നത് അച്ചായനൊരു വീക്കന്‍സായിരുന്നല്ലോ.പള്ളിനട വീതികൂട്ടിയപ്പോ ജെ.സി.ബി. പുള്ളിയുടെ പെട്ടിയുടെ അതിരുമൊന്നു മാന്തി.കൊച്ചുങ്ങളു പെട്ടീലിട്ട സെന്റ് കുപ്പീം പൊട്ടിച്ചു.
Sunday, 24 September 2017
കര്‍മ്മപഥം
കൃത്യമായ കര്‍മ്മപഥമില്ലാത്ത ഒരേയൊരു ജീവി മനുഷ്യനായിരിക്കും.
"അങ്ങേര്‍ക്ക് കൈയ്യുംകഴുകി ചോറിന്റെ നടുക്ക് കുഴീം കുത്തി പാറപോലങ്ങ് ഇരുന്നാ മതിയല്ലോ!".ചാറുകറി ഒലിച്ചു പോകാതെ മിക്സ് ചെയ്യാനാണ് ചോറിന് നടുക്ക് കുഴി കുത്തുന്നത്.അപ്പന്‍ രാവും പകലും പറമ്പില്‍ നിന്നു കയറാതെ ചോര നീരാക്കി പണിയെടുക്കുമെങ്കിലും പണം കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് അമ്മയുടെ ഈ ക്രൂരപരിഹാസം.പണം കൈകാര്യം ചെയ്യുന്നവര്‍ക്ക് എവിടെയും ശകലം ഗൗരവവും മുഷ്കുമൊക്കെ അനുവദനീയമാണല്ലോ.തിണ്ണയിലെ കസേരയില്‍ അപ്പന്റെ മടിയിലിരുന്ന് കേട്ട കഥകളില്‍ ഒരുപാട് ചിന്തകളും ഒളിപ്പിച്ചിരുന്നോ?!വേണ്ടതിനപ്പുറവും ഇപ്പുറവുമൊക്കെ ചെയ്യുന്നതല്ലേ എല്ലാ നാശനഷ്ടങ്ങളുടേയും അസമത്വങ്ങളുടേയും പല്ലിറുമ്മലുകളുടേയും കാരണം.ഗുണപാഠകഥകള്‍ ഇച്ഛാഭംഗം വന്നവരുടെ ലക്ഷണമാണെന്നാണ് ലോകം കരുതുന്നതത്രെ.
സ്പെഷ്യല്‍ റിലേറ്റിവിറ്റി - നാഴിക്കണക്ക്
വേഗം ചോറാണെന്നിരിക്കട്ടെ.സഞ്ചരിച്ച ദൂരം അരിയും സഞ്ചരിക്കാനെടുക്കുന്ന സമയം നാഴിയുമാണെങ്കില്‍ - ഒരു കുന്നു ചോറു വെക്കുമ്പോള്‍ നാഴിയുടെ വലിപ്പം കൂടും.അരിയുടെ വലിപ്പം കുറയും.
NB:എത്രത്തോളം ശാസ്ത്രീയമെന്നറിയില്ല
Thursday, 31 August 2017
അമ്മ
കഠിനമായ ചില വേദനകള്‍ യുക്തിയെ കവച്ചു വെക്കും.അവളുടെ ന്യൂനതകള്‍ എന്നിലേക്കു പകര്‍ന്നപല്ല.ഞങ്ങള്‍ സമാനസ്വഭാവികളാണ്.
Friday, 25 August 2017
ദൈവനിഷേധി
"വിശ്വാസകാര്യങ്ങളിലൊക്കെ ഇത്തിരി പിറകോട്ടാണല്ലേ?"
"അങ്ങിനെയൊന്നുമില്ല."
"നമുക്കൊന്നു പ്രാര്‍ത്ഥിച്ചാലോ?"
"ശരി."
"ഒരു വറുത്ത മീന്‍ കാണുന്നുണ്ടല്ലോ.അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍??"
"ഉച്ചയായില്ലേ.അതുകൊണ്ടായിരിക്കും വറുത്ത മീന്‍.വേറെ സംഭവമൊന്നുമില്ല."
"വെള്ളത്തില്‍ വീണു പേടിച്ചിട്ടുണ്ടോ?"
"ഒാര്‍മ്മയില്ല."
"ജോസ് എന്നു പേരുള്ള ആരെങ്കിലും കുടുംബത്തിലുണ്ടോ?"
"എന്താണ് സാറേ!!ഒരു ജോസോ മാത്യുവോ ഇല്ലാത്ത ഏതെങ്കിലും നസ്രാണി കുടുംബം ഉണ്ടോ?"
ദൈവനിഷേധിയാണല്ലേ???
Monday, 7 August 2017
കാലത്തിന്റെ അടയാളങ്ങള്‍
സൂര്യന്‍ ഇരുണ്ടുപോവും.ചന്ദ്രന്‍ പ്രകാശം പൊഴിക്കയില്ല.നക്ഷത്രങ്ങള്‍ ആകാശത്തുനിന്നും നിപധിക്കും.ആകാശഗോളങ്ങള്‍ പ്രകമ്പനം കൊള്ളും.
കാലത്തിന്റെ അടയാളങ്ങള്‍....
പ്രവാചകന്റെ സ്വരം....
അടയാളങ്ങള്‍ ആദ്യം ബാധിച്ചത് പ്രവാചകനെയാണ്.ജനക്കൂട്ടം ചാര്‍ത്തിക്കൊടുത്ത അടയാളങ്ങള്‍.
Tuesday, 1 August 2017
ചെറിയോരു ന്യായവാദം
നിന്നോട് ഞാനൊരുപാട് മണ്ടത്തരം പറയും...
അത്രമേല്‍ അഗാധമാണ് എനിക്ക് നിന്നിലുള്ള വിശ്വാസം!!
Tuesday, 25 July 2017
ആരാണ് അപരാധി?
ഒരു ആള്‍ ഇന്ത്യാ റേഡിയോ ഡല്‍ഹി പ്രക്ഷേപണം കാതില്‍ മുഴങ്ങുന്നു.ചാഞ്ചാടിയോടുന്നൊരു പാസഞ്ചര്‍ ട്രെയിനില്‍ തമിള്‍ വാസനയുള്ള ഒരു യുവതി കൈക്കുഞ്ഞുമായി കയറുന്നു.ധരിത്രിയോളം താഴ്ന്ന ദൃഷ്ടികളില്‍ ദൈന്യത മാത്രം.പതിവിലും വലുതായൊരു തുക നല്‍കുന്ന എതിര്‍ലിംഗത്തെ അവള്‍ പരമാവധി വശ്യതയോടെ കടാക്ഷിക്കുന്നു.ഇതില്‍ ആരാണ് അപരാധി?
Sunday, 23 July 2017
തീരങ്ങളെക്കുറിച്ച്
കടല്‍ത്തീരങ്ങള്‍ പരിപൂര്‍ണ്ണമായ ഒരു ചിത്രം പോലെയല്ലേ? അവിടെ നമുക്ക് എല്ലാം കാണാം…ആരെയും കാണാം…ആരുമായിത്തീരാം…
കുടുംബത്തിന്റെ സുരക്ഷിതത്വം പുതപ്പു പോല്‍ പുതച്ച് ഓടിത്തിമിര്‍ത്ത് കാലു നനച്ചു കൊച്ചുകുട്ടിയാവാം..
കന്യാസ്ത്രീ റ്റീച്ചറിനൊപ്പം വിനോദയാത്ര വന്ന യൂണിഫോം ധാരിയാവാം..
കുഞ്ഞുകണ്ണുകള്‍ക്കൊണ്ട് വല്ല്യ ലോകത്തെ അളന്നു തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്ന ചിന്തകനാവാം..
വര്‍ണ്ണങ്ങളുടെ കൂട്ടുകാരനായൊരു ചിത്രകാരനാവാം..
വാക്കുകളുടെ കാമുകനായൊരു കവിയുമാവാം..
ആദ്യപ്രണത്തിന്റെ ഊഷ്മാവ് വിരലില്‍ തൊട്ട് അറിയുന്നൊരു പ്രണയിതാവാകാം..
വിപ്ളവകാരിയാവാം..
തൊഴിലന്വേഷിക്കുന്നവനാവാം.
കക്കാ പെറുക്കുന്ന ലോലഹൃദയനാവാം..
മുക്കുവനാവാം..വിദ്യാര്‍ത്ഥിയാവാം..പണ്ഡിതനാവാം..മനോരോഗിയാവാം..ഭിക്ഷുവാകാം..വിഷാദിയാവാം..കായികതാരമാവാം..കച്ചവടക്കാരനാവാം..വൃദ്ധനാവാം..സമ്പന്നനാവാം..പ്രശസ്തനാവാം..ധൂര്‍ത്തനാവാം..
കടല്‍ത്തീരം എത്ര വലിയ ഒരു കാന്‍വാസാണ്.
Sunday, 9 July 2017
ഗോതമ്പുണ്ട
"നിന്റെ പഴേ ഗോതമ്പുണ്ട ഇല്ലേടാ?വല്ല്യമ്മക്ക് കൊടുക്കാന്‍."വല്ല്യപ്പനാണ്.
നാടു കിടുങ്ങുന്ന ശബ്ദത്തിലാണ് കമന്റ്.
വളിച്ച ചിരിയുമായി നിന്ന് കുട്ടിക്കാലത്തേയ്ക്കൊന്ന് മുങ്ങാംകുഴിയിട്ടു.
തറവാടിനടുത്താണ് അന്ന് താമസം.പനിക്കാലമാണ്.
രാവിലെ കാപ്പിയ്ക്ക് ഉണ്ടാക്കിയ ഗോതമ്പുണ്ടകള്‍ ആര്‍ക്കും പരിഹരിക്കാനാവാത്ത ഒരു സമസ്യയായി ഉരുണ്ടുകൂടി അപ്പച്ചെമ്പിലിരിക്കുന്നു.അന്നം പാഴാക്കാന്‍ പാടില്ല എന്നാണ് മാതാശ്രീയുടെ മതം.ആര്‍ക്കും എതിര്‍പ്പില്ല.വല്ല്യപ്പനും വല്ല്യമ്മയ്ക്കും പനിയില്ല.അവര്‍ കഴിക്കട്ടെ.അവരും കഴിക്കുന്നില്ലെങ്കില്‍ തറവാട്ടില്‍ പന്നിയുണ്ട്.അതിന് കൊടുത്തോളും.
മേല്‍പ്പറഞ്ഞ സംഭാഷണങ്ങള്‍ നടന്നു.പിള്ള മനസ്സില്‍ കള്ളമില്ലല്ലോ.പിള്ളേച്ചന്‍ എന്തൊക്കെയോ മനസ്സില്‍ സംഗ്രഹിച്ചു.
പാത്രത്തില്‍ ഗോതമ്പുണ്ടകളുമായി തറവാടിന്റെ പായല്‍ പിടിച്ചു പച്ചനിറമായ വെട്ടുകല്ലു പടികള്‍ കയറി.
"എന്നതാടാ കൈയ്യില്‍?"വല്ല്യപ്പന്‍ ഉമ്മറത്ത് ഉണ്ടായിരുന്നു.
"ഗോതമ്പുണ്ടയാ.ഞങ്ങള്‍ക്കാര്‍ക്കും വേണ്ട.വല്ല്യപ്പനും വല്ല്യമ്മയും കഴിച്ചോ.വേണ്ടെങ്കി പന്നിയ്ക്ക് കൊടുത്തേര്."പിള്ളമനസ്സ് ലൗഡായി മൊഴിഞ്ഞു.പറഞ്ഞുവന്നപ്പോള്‍
വല്ല്യപ്പനും വല്ല്യമ്മയും പന്നിയും ഒരേ തട്ടിലായി..
ഭംഗിയായി!!
Friday, 30 June 2017
മുറിവിന്റെ കഥ
ഒാരോ മുറിവും ഓരോ കഥയാണ്..
നിരവധി കഥാപാത്രങ്ങളുള്ള കഥ....
പോഷിപ്പിച്ചവരും പൊതിഞ്ഞുപിടിച്ചവരും ഉമ്മ വെച്ചവരും ഉപദേശിച്ചവരും കരം പിടിച്ചവരും മുന്‍പേ നടന്നവരും തള്ളിയിട്ടവരും ആവേശം കുത്തിവെച്ചവരും തട്ടി മാറ്റിയവരും വാരിയെടുത്തവരും മുഖം തിരിച്ചവരും കുറ്റപ്പെടുത്തിയവരും പരിഹസിച്ചവരും സമാശ്വസിപ്പിച്ചവരും ശുശ്രൂഷിച്ചവരും കൂടെയിരുന്നവരും മൗനം ഭജിച്ചവരും കഥകള്‍ പടര്‍ത്തിയവരുമായ കഥാപാത്രങ്ങള്‍..
ഇവരെല്ലാം അകത്തും പുറത്തുമുള്ളവരാണ്.
Saturday, 6 May 2017
പനിച്ചൂടില്‍
സായിപ്പന്‍മാര്‍ ആട്ടിന്‍കാട്ടം പോലെ കുറച്ചേ അപ്പിയിടാറുള്ളൂ എന്നാണ് കേള്‍വി.നമ്മുടെ മാതിരി കപ്പേം ചക്കേം ഒന്നുമല്ലല്ലോ അവര്‍ കഴിക്കുന്നത്.മുഴുവന്‍ ഗുണമുള്ള സാധനങ്ങളല്ലേ.പനി വരുമ്പോള്‍ നമ്മളും സായിപ്പിനേപ്പോലാകും.
പനി വേറൊരു ലോകമാണ്.തിരക്കുകളില്‍ നിന്നെല്ലാം മാറി..പുതച്ച് മൂടി..ക്ഷീണിച്ച കണ്‍പോളകളെയും ചൂടുള്ള ശ്വാസത്തേയും മന്ദഗതിയിലായ നെഞ്ചിടിപ്പിനേയും സ്വയം ശ്രദ്ധിച്ച്..
ഇടക്കെപ്പൊഴോ നനവുള്ള ഒരു കൈപ്പടം നെറ്റിയില്‍ വീഴും.ശുണ്ഠി വരും.പുറമേ കാണിക്കില്ല.അമ്മയാണ്.അടുക്കളയില്‍ നിന്നുള്ള വരവാണ്.ഇനി മധുരമിടാത്ത ചുക്കുകാപ്പി കുടിക്കണം.മരുന്ന് കഴിക്കണം.മരുന്ന് കഴിച്ച് പനി വിയര്‍പ്പിച്ചു കളയാന്‍ മടിയാണ്.എന്നാലും കഴിക്കണം.പുറംലോകത്തേക്കിറങ്ങണമല്ലോ.
Thursday, 2 February 2017
രൂപാന്തരീകരണം
കുടിച്ച് കുടിച്ചിരിക്കെ പതിയെ തലയൊരു വലിയ ചഷകമായി രൂപാന്തരപ്പെടും.മൂക്കും ചൊടിയും കൈപ്പിടിയാകും.കണ്ണുകളും ചെവികളും വെളിച്ചത്തില്‍ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഓളം തല്ലും.അടിത്തട്ടില്‍ നിന്ന് പൊങ്ങി മുകള്‍പ്പരപ്പില്‍ തങ്ങുന്ന നുരയാകും ചുരുളന്‍ തലമുടി.
Wednesday, 1 February 2017
ൠതു ഭേദങ്ങള്‍
"മഴയ്ക്കു പകരം വെയില്‍,ചൂടിനു പകരം മഞ്ഞ്..എന്താണിങ്ങനെ?"ഞാനവളോടു ചോദിച്ചു.
"കരച്ചിലിനു പകരം ചിരിക്കാനും വെറുപ്പ് മറയ്ക്കാനും ഞാനും പഠിക്കുകയാണ്."
Monday, 30 January 2017
മരിച്ചവരുടെ ഇടം
മരിച്ചവര്‍ക്കൊരു ദിനമുണ്ട്.അത് പള്ളിയില്‍..
മരിച്ചവര്‍ക്കൊരു ഇടവുമുണ്ട്.അത് പള്ളിപ്പറമ്പിനും പുഴയ്ക്കുമിടയിലുള്ള ടാറിടാത്ത വഴിയാണ്.
അപ്പനു പീടികയില്‍ നിന്ന് ജ്യോതിമാന്‍ ബീഡി വാങ്ങി തിരികെ വരുമ്പോള്‍ എല്ലാവരും അവിടെ ഉണ്ടാകും!!
കള്ളുവണ്ടിയിടിച്ച് തലച്ചോര്‍ ചിതറി മരിച്ച എട്ടു വയസ്സുകാരി മുതല്‍ തൊണ്ണൂറാം വയസ്സില്‍ ഈശോ മറിയം ചൊല്ലി ചിരിച്ചോണ്ട് മരിച്ച അപ്പാപ്പന്‍ വരെ എല്ലാവരും!!
ആറ്റുവഞ്ചിയും കൊങ്കിണിയും കൂറുമുള്ളും കൈതയും നിറഞ്ഞ വഴിയില്‍ അവര്‍ ഉണ്ടാകും.
തുറിച്ചു നോക്കി ഞാനാരേയും അപമാനിക്കാറില്ല.
തിരിഞ്ഞു നോക്കി അലോസരപ്പെടുത്താറുമില്ല.
പിന്നെയോ കാലടികള്‍ക്കും നെഞ്ചിടിപ്പിനും വേഗം കൂട്ടി വേഗം പുഴ കടക്കാറാണ് പതിവ്.
Monday, 2 January 2017
ഉരുള്‍
ഒരു മൂന്നര വയസ്സുകാരന്റെ മുളയിട്ടുവരുന്ന സ്മരണകളില്‍ ഉരുള്‍പൊട്ടല്‍ വറ്റിയ പുഴപോലെ മണ്ണോടിയ ഒരു മലഞ്ചെരിവും നിവര്‍ന്ന് നില്‍ക്കുന്ന ഭീമാകാരനായ മുട്ട പോലൊരു കല്ലും അമ്പേ ചളുങ്ങി വയര്‍ കീറി തുണികള്‍ പുറത്തുചാടിയ ഒരു ഇരുമ്പു പെട്ടിയും പിന്നീട്,നിരത്തിക്കിടത്തിയ പല വലിപ്പത്തിലുള്ള നാല് ശവപ്പെട്ടികളും മുന്‍പില്‍ എരിയുന്ന മെഴുകുതിരികളും സാമ്പ്രാണിയും ഈറന്‍ കണ്ണുകളുള്ള ഒരു ജനക്കൂട്ടവും ആരോ പറഞ്ഞ വിവരണവുമാണ്.വല്ല്യപ്പന്റെ ചാച്ചന്‍ മരിച്ചത് ആ ദിവസം തന്നെയാണത്രെ.വലിയ മഴയുള്ള ദിവസം.ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങളുടെ ഭീകരതയില്‍ ചാച്ചന്റെ മരണം സ്മൃതികളില്‍ നിന്ന് പാടേ മാഞ്ഞു പോയിരിക്കുന്നു.
അപ്പനും അമ്മയും മൂന്നു ചെറിയ കുട്ടികളുമുള്ള കുടുംബമായിരുന്നു അത്.കാപ്പി കുടിച്ചു കൊണ്ടിരിക്കേ പറമ്പിന്റെ മുകളില്‍ നിന്ന് വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ അപ്പന്‍ നിരങ്ങി വരുന്ന കല്ലും മണ്ണും കണ്ട് അമ്മയേയും മക്കളേയും അലറിക്കരഞ്ഞ് വിളിച്ചതാണ്.എന്നാല്‍ തൊട്ടിലില്‍ ഉറങ്ങുന്ന ഇളയ കുഞ്ഞിനെ എടുക്കാന്‍ തിരിഞ്ഞോടിയ ആ അമ്മയും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന കുഞ്ഞുങ്ങളും തങ്ങള്‍ സമാധാനത്തോടെ അന്തിയുറങ്ങിയിരുന്ന ആ മേല്‍ക്കൂരക്ക് താഴെ നിത്യമായുറങ്ങി.കലിതുള്ളിയെത്തിയ മലവെള്ളവും മണ്ണും കല്ലും അവരെ മൂടി.ആ നാട്ടിലെ സ്ത്രീജനങ്ങള്‍ ആ അമ്മയുടെ പുത്രവാത്സല്യത്തെ കണ്ണീരില്‍ കുതിര്‍ന്ന അഭിമാനത്തോടെ ഓര്‍ക്കുന്നു.തോണ്ടിയെടുത്ത ആ മൃതദേഹങ്ങള്‍ മരണാനന്തര ചടങ്ങുകള്‍ക്കായി തറവാട്ടില്‍ കൊണ്ടുവന്നു.കൂട്ടത്തിലൊരു ശവപ്പെട്ടി തീരെ ചെറുതാണ്.ആദ്യമായാണ് അത്രയും ചെറിയ കുഞ്ഞിന്റെ മൃതദേഹം കാണുന്നത്.മരണമെന്നത് വയസ്സായവര്‍ക്ക് സംഭവിക്കുന്ന എന്തോ ഒന്നാണെന്ന ധാരണ ഹൃദയഭേദകമായ ആ കാഴ്ക നീക്കിക്കളഞ്ഞു.ഈറനണിയാത്ത ഒരു കണ്ണുപോലും ആ ജനക്കൂട്ടത്തിലുണ്ടായിരുന്നില്ല.സംഹാരരൂപിയായ പ്രകൃതിയുടെ ഉരുള്‍പൊട്ടല്‍ എന്ന മുഖം ആ കൊച്ചു നാട് കണ്ടു.ആ കാഴ്ചയുടെ വിങ്ങുന്ന സ്മരണകള്‍ നാട് ഇന്നും പേറുന്നു.