"നിന്റെ പഴേ ഗോതമ്പുണ്ട ഇല്ലേടാ?വല്ല്യമ്മക്ക് കൊടുക്കാന്‍."വല്ല്യപ്പനാണ്.
നാടു കിടുങ്ങുന്ന ശബ്ദത്തിലാണ് കമന്റ്.
വളിച്ച ചിരിയുമായി നിന്ന് കുട്ടിക്കാലത്തേയ്ക്കൊന്ന് മുങ്ങാംകുഴിയിട്ടു.
തറവാടിനടുത്താണ് അന്ന് താമസം.പനിക്കാലമാണ്.
രാവിലെ കാപ്പിയ്ക്ക് ഉണ്ടാക്കിയ ഗോതമ്പുണ്ടകള്‍ ആര്‍ക്കും പരിഹരിക്കാനാവാത്ത ഒരു സമസ്യയായി ഉരുണ്ടുകൂടി അപ്പച്ചെമ്പിലിരിക്കുന്നു.അന്നം പാഴാക്കാന്‍ പാടില്ല എന്നാണ് മാതാശ്രീയുടെ മതം.ആര്‍ക്കും എതിര്‍പ്പില്ല.വല്ല്യപ്പനും വല്ല്യമ്മയ്ക്കും പനിയില്ല.അവര്‍ കഴിക്കട്ടെ.അവരും കഴിക്കുന്നില്ലെങ്കില്‍ തറവാട്ടില്‍ പന്നിയുണ്ട്.അതിന് കൊടുത്തോളും.
മേല്‍പ്പറഞ്ഞ സംഭാഷണങ്ങള്‍ നടന്നു.പിള്ള മനസ്സില്‍ കള്ളമില്ലല്ലോ.പിള്ളേച്ചന്‍ എന്തൊക്കെയോ മനസ്സില്‍ സംഗ്രഹിച്ചു.
പാത്രത്തില്‍ ഗോതമ്പുണ്ടകളുമായി തറവാടിന്റെ പായല്‍ പിടിച്ചു പച്ചനിറമായ വെട്ടുകല്ലു പടികള്‍ കയറി.
"എന്നതാടാ കൈയ്യില്‍?"വല്ല്യപ്പന്‍ ഉമ്മറത്ത് ഉണ്ടായിരുന്നു.
"ഗോതമ്പുണ്ടയാ.ഞങ്ങള്‍ക്കാര്‍ക്കും വേണ്ട.വല്ല്യപ്പനും വല്ല്യമ്മയും കഴിച്ചോ.വേണ്ടെങ്കി പന്നിയ്ക്ക് കൊടുത്തേര്."പിള്ളമനസ്സ് ലൗഡായി മൊഴിഞ്ഞു.പറഞ്ഞുവന്നപ്പോള്‍
വല്ല്യപ്പനും വല്ല്യമ്മയും പന്നിയും ഒരേ തട്ടിലായി..
ഭംഗിയായി!!
No comments:
Post a Comment