മഡഗാസ്കറില്‍ ആഞ്ഞുവീശിയ ആ കാറ്റാണെല്ലാത്തിന്റെയും തുടക്കം!!ലോകത്തിന്റെ രസമുകുളങ്ങളെ ഇക്കിളിയിടാന്‍ തയ്യാറെടുത്തു കുലമറിഞ്ഞു കായ്ച്ചു കിടന്ന അനേകായിരം വനില വള്ളികളല്ലേ നശിച്ചുപോയത്?എന്തും വിളയുന്ന മലയാള മണ്ണാണ് ഇനി ഏക ആശ്രയമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!ശ്രീ,രത്നം എന്നൊക്കെ കുറിയ വാലുപേറുന്ന കര്‍ഷകമാസികകളിലെ സൂചനകളില്‍ ആവേശഭരിതരായ കാര്‍ഷികശാസ്ത്രജ്ഞര്‍ കൊണ്ടുപിടിച്ച അന്വേഷണം തുടങ്ങി.വീട്ടില്‍ നേരിട്ടു വന്ന് ക്ഷണിച്ചില്ലെന്ന ഭീകരമായ കാരണംകൊണ്ട് കല്ല്യാണങ്ങള്‍ ബഹിഷ്കരിച്ച് സമ്മാനത്തിന്റെ പണം ലാഭിച്ച ബന്ധുവീടുകളില്‍ വരെ ഈ അന്വേഷണം ലിമിറ്റഡ് സ്റ്റോപ്പില്‍ ചെന്നെത്തി.ഊഷ്മളമായ പുനഃസമാഗമത്തിന്റെ ഉപഹാരമായി കിട്ടിയ വനില വള്ളികളും നെഞ്ചോടടുക്കിപ്പിടിച്ച് കുടുംബനാഥന്‍ വീട്ടിലെത്തുന്നു.കറുകപ്പുല്ലുപോലും നുള്ളിപ്പറിച്ച് മണ്‍കുടത്തിന്റെ പുറംപോലാക്കിയ മണ്ണില്‍ കുളിപ്പിച്ചു പൊട്ടു തൊടുവിച്ച വള്ളികള്‍ നടുന്നു.ഓരോ തളിരും റംസാനിലെ പിറ പോലെ-മലയപ്പുലയന്റെ വാഴ പോലെ.അപ്പനും അമ്മയും മക്കളും പരാഗണോപകാരികള്‍ കരിവണ്ടുകളായി.വനില ചാറിന്റെ ആവശ്യമിങ്ങിനെ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്..കുന്നു കൂടുകയാണ്..കായ പാകമാകും മുന്‍പേ വില ഇങ്ങിനെ കൂടിയാലെന്തു ചെയ്യും.ലാഭം കണക്കുകൂട്ടാന്‍ കൈകാല്‍ വിരലുകള്‍ മതിയാവുന്നില്ല.ഒരു ചാക്ക് കായക്ക് ഒരു ലോറി നോട്ടെന്ന അവസ്ഥയിലാണിപ്പോള്‍.കേട്ടവര്‍ കേട്ടവര്‍ നിധി വേട്ടങ്ങിറങ്ങുകയായി.നടീല്‍ വസ്തുവായ തണ്ടിനും റോക്കറ്റുപോലെ വില കുതിക്കുകയാണ്.അവിടെയുമിവിടെയും ചില്ലറ വള്ളി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.അച്ചായന്‍മാരുടെ ഉറക്കം ആധിയുടെ ചൂളയിലെരിഞ്ഞു പോകുന്നു.കാവലിന് നാടന്‍ തോക്കുമായി കൂലിക്കാരെ ഏര്‍പ്പാടാക്കുന്നുണ്ട്.മോഷണം നടന്ന വള്ളിച്ചുവട്ടിലെ കാല്‍പ്പാടിന്റെ ആകൃതിയും ആഴവും പൊടുന്നനെ അപ്രത്യക്ഷരായ കലുങ്കില്‍ തപസ്സിരിക്കുന്ന ജീവികളുമൊക്കെ പൊതുജനത്തിന്റെ മേശപ്പുറത്ത് കീറിമുറിക്കപ്പെടുകയാണ്.
"രണ്ട് പൂശുകൊടുത്താല്‍ അവന്റെ കീച്ചിപ്പാപ്പാന്‍ നേരു പറയും.വേണ്ടി വന്നാ വീട്ടീ കയറി പരിശോധിക്കണം."അസഹിഷ്ണുക്കള്‍ മൊഴിഞ്ഞു.
വെള്ളത്തിന്റെ വിലയില്ലെങ്കിലും പാലു ചുരത്തിക്കൊണ്ടിരുന്ന റബ്ബറുമരങ്ങളുടെ മണ്ട വെട്ടി വള്ളി പടര്‍ത്തിയവരാണ്..അസഹിഷ്ണുവാകാം.തെറ്റില്ല.
കാലമാകുന്ന വള്ളി അച്ചടക്കത്തോടെ വളര്‍ന്നു.നാലാം ക്ളാസുകാരനെഴുതിയ ചോദ്യ ചിഹ്നം പോലെ വനില കായകള്‍ വള്ളികളില്‍ വരണ്ടു നിന്നു.ലോകമെപ്പോഴും വനില നുണയുന്നുണ്ടായിരുന്നു.എവിടെ നിന്നെന്നറിയില്ല.
No comments:
Post a Comment