മണമില്ലാത്ത വെള്ളപ്പൂക്കളുണ്ടാവുമോ? അറിയില്ല..
അവള്‍ ചെറുപ്പത്തിലേ അങ്ങിനായിരുന്നു..കറുത്ത്..മെലിഞ്ഞ്..അധികമാര്‍ക്കും ഓമനത്തം തോന്നാത്ത..ഒക്കത്തിരുത്താനും ഉമ്മ കൊടുക്കാനും മത്സരിക്കുന്ന കുഞ്ഞേച്ചിമാരില്ലാത്ത..
വളര്‍ന്നപ്പോള്‍ അവളുടെ മൗനവും കൂടെ വളര്‍ന്നു.
ക്ളാസ്സിന്റെ സാധ്യമായതില്‍ ഏറ്റവും കോണില്‍ പുസ്തകസഞ്ചിയുടെ പിറകില്‍ മുഖം പൂഴ്ത്തിയങ്ങിനെ ഇരിക്കും.പൂച്ചയെപ്പോലെ നടക്കും.പഠിപ്പിക്കുന്നതൊന്നും മനസ്സില്‍ നില്‍ക്കാറില്ല.പരീക്ഷകള്‍ പരീക്ഷണങ്ങള്‍...പാട്ടുപാടുമോ,പടം വരക്കുമോ,ഓടുമോ,ചാടുമോ എന്നൊക്കെആശ്വസിപ്പിക്കാനെന്നോണം പലരും ചോദിച്ചിട്ടുണ്ട്.ഒന്നുമില്ല.കണ്ണു തുറന്ന് ആളും അനക്കവുമില്ലാത്ത എവിടെയെങ്കിലും നോക്കിയിരുന്ന് കിനാവ് കാണാനറിയാം.കറുപ്പിലും വെളുപ്പിലുമുള്ള കിനാക്കളാവാം.പത്താംതരം കഷ്ടി കരകയറി കന്യാസ്ത്രീ മഠത്തിലെത്തി.അടുക്കളയിലേയും തൊഴുത്തിലേയും പന്നിക്കൂട്ടിലേയും സ്ഥിരം മൂലകളില്‍ നിന്നൊരു ദിനം അവര്‍ ബാലഭവനിലും.ഒരുപാട് കുഞ്ഞുങ്ങള്‍.വര്‍ണ്ണാഭമായ ചിത്രം.പാടാനും ഓടാനും കഥ പറയാനും മായാജാലം കാട്ടാനും ആരും പഠിച്ചുപോവും.അവരും പഠിച്ചു.പഠിപ്പിച്ചു.
നേര്‍ത്തതെങ്കിലും പരിമളം പരക്കട്ടെ.
No comments:
Post a Comment