അല്‍പ്പം ഭാരിച്ച ദൗത്യമാണിന്നത്തേത്.തീയും പുകയുമൊന്നുമില്ലാത്ത പുതിയ തീവണ്ടിയിലെ സ്ഥിരം കഥാപാത്രങ്ങള്‍ക്കെല്ലാം ആളാംവീതം തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കുക.
"കിതണാ പ്യാരാ തുമേ റബ് ണേ ബണായാാാ...രാജാ ഹിന്ദുസ്ഥാനീീീ.."ഇരിപ്പുറപ്പിക്കും മുന്‍പേ മനുഷ്യകണ്ഠത്തില്‍ നിന്നു തന്നെയോ ഈ ഫ്രീക്വന്‍സിയിലുള്ള ശബ്ദവീജികളെന്ന് അതിശയിപ്പിക്കുംവിധം അറ്റവും മൂലയും കളഞ്ഞ ഹിന്ദിപ്പാട്ടുമായി ഒരു കൂട്ടം...കൂട്ടത്തില്‍ ചെറുത് അത്യാവശ്യം ശക്തിയായി തന്നെ എന്റെ തുടയില്‍ മാന്തുംപോലെ തോണ്ടാന്‍ തുടങ്ങി.
"കാര്‍ഡ് പെട്ടെന്ന് തന്നേക്കാം.നിങ്ങളുടെ പാട്ട് അസുഖമുള്ളവര്‍ക്കൊന്നും പിടിക്കണമെന്നില്ല."അസഹിഷ്ണുത അറിയാതെ പുറത്തു ചാടി.
"ഹമരീ ദംന്ത ഐജാ ഹൈ സര്‍ജീ.ദംന്ത മാനേ ബിജിനജ്.നീങ്കളെ സല്ല്യപ്പെടുത്തി പേസ തറും"
ശരിയാണല്ലോ!പലപ്പോഴും പാട്ടു നിര്‍ത്താനും തോണ്ടും മാന്തും നിര്‍ത്താനുമാണ് പണം കൊടുക്കാറുള്ളത്!സാംസ്കാരികനേതാക്കളും മാധ്യമപ്രവര്‍ത്തകരും ചുഴിഞ്ഞു ചിന്തിച്ചാല്‍ ഭൂരിഭാഗം പ്രൊഫഷണലുകളും ചെയ്യുന്നത് ഇതേ ശബ്ദകോലാഹലവും ശല്ല്യപ്പെടുത്തി പണം വാങ്ങലും തന്നെയാണല്ലോ!കൊടുത്തു ഓരോ കാര്‍ഡ്.
എന്തെങ്കിലുമാലോചിക്കാന്‍ സമയം കിട്ടും മുന്‍പേ കമ്പ്യൂട്ടറില്‍ പടം വരച്ചും മായിച്ചും കളിക്കുന്ന ആക്ഷനില്‍ തറയിലേയും ഇരിപ്പിടങ്ങളിലേയും പൊടി തുടച്ചു നിരക്കി നീക്കി ഒരാളെത്തി.ഒട്ടുമാമാന്തിക്കാതെ ആ നിര്‍ബന്ധിത സേവന ദാതാവിനും കൊടുത്തു കാര്‍ഡൊന്ന്.
"മെറ്റില്‍ഡ മോളീ പാര്‍ലേ ജീ കഴിച്ചേ!"എന്നൊരു ചെറിയ വാത്സല്യമിശ്രിത ഭീഷണി കേട്ടിടത്തേയ്ക്ക് നോക്കി.കണ്ടാല്‍ നാട്ടിന്‍പുറത്തുകാരെന്ന് വ്യക്തമാകുന്ന മാതാപിതാക്കളും ആധുനികരായ രണ്ടു മക്കളുമടങ്ങുന്ന ഒരു കുടുംബമാണ്(ആണെന്ന് തോന്നുന്നു).എല്ലാവരും സുന്ദരീസുന്ദരന്‍മാരാണ്.
"അങ്കിളേ,ഞാന്‍ ബിബിന്‍ സാംകുട്ടി,ഇത് അനിയത്തി മെറ്റില്‍ഡ അന്ന സാംസണ്‍,അത് പപ്പ സാംകുട്ടി,ഇതു മമ്മി റാണി."
"ഏതു സ്കൂളിലാന്നുകൂടി സാറിനോട് പറഞ്ഞേ ബിബിനേ"ബിബിന്‍ മോന്റെ സ്വയം പരിചയപ്പെടുത്താനുള്ള ആ ആര്‍ജ്ജവത്തെ റാണി മമ്മി സ്നേഹത്തോടെ ഒന്നുകൂടി ഉന്തി.
"സെന്റ്.മാര്‍ത്താസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഉടുമ്പഞ്ചോലേല്‍ ഫിഫ്ത്ത് സ്റ്റാന്‍ന്റേഡിലാണ് ഞാന്‍ പഠിക്കുന്നത്.ഇവള് സെക്കന്റിലും."
"ആഹാ,മിടുമിടുക്കന്‍.സ്മാര്‍ട്ടാണല്ലോ.മോളും മിടുക്കിയാട്ടോ.മെറ്റില്‍ഡ അന്ന സാംസണെന്ന് ഇടിവെട്ട് പേരും."
"ഞങ്ങടെ വീട്ടില്‍ പെമ്പിള്ളേര്‍ക്കെല്ലാം സ്റ്റൈലന്‍ പേരാണു സാറേ"സാംകുട്ടി ആദ്യമായി വായ തുറന്നു.
"അങ്കിളിന്റെ മൊബൈലില്‍ ബ്ളൂ വെയിലുണ്ടോ?എക്സെന്ററില്‍ അയച്ചു തരാമോ?"ബിബിന്‍ മോന്‍ ആവേശത്തിലാണ്.
"ഇടക്കുകയറി സംസാരിക്കരുതെന്ന് നൂറുപ്രാവശ്യം പറഞ്ഞിട്ടില്ലേ ബിബിനോട്."റാണി മമ്മിക്ക് ജാള്യത ദേഷ്യമായി പുറത്തുവന്നു.
"കുഞ്ഞുങ്ങളല്ലേ!വഴിയിലെവിടെയെങ്കിലും കേള്‍ക്കുന്നത് ഓര്‍ത്തുവെച്ച് അറിയാതെ പുറത്തുവിടും.അതൊന്നും വലിയ പ്രശ്നമായെടുക്കേണ്ട.തനിയേ മാറിക്കൊള്ളും."ഞാനൊരല്‍പ്പം ഫിലോസഫിയുടെ പൊടിയിട്ട് ജാള്യതയും ദേഷ്യവും മയപ്പെടുത്തി.
"എക്സെന്ററു കാണത്തില്ലടാ ചേട്ടായീ.അങ്കിളിന്റേത് ഓപ്പോയല്ല,സാംസങ്ങാ"അങ്ങിനെ ചെറിയ കൊഞ്ചലിന്റെ രസമുള്ള മെറ്റില്‍ഡ മോളുടെ കുഞ്ഞു ശബ്ദവും കേട്ടു.
"ആഹാ,അതൊക്കെ പോട്ടെ!എങ്ങോട്ടാണ് എല്ലാവരും കൂടി?"ഞാന്‍ വിഷയം ഗതി തിരിച്ചുവിട്ടു.
"പപ്പായ്ക്ക് എന്നും വലിവാണ് സാറേ.കിടന്നൊറങ്ങാന്‍ പറ്റില്ല.ഒരു ഒറ്റമൂലി കഴിക്കാന്‍ പോകുവാ.പാലക്കാട് ..കഞ്ചിക്കോട്.റ്റോക്കണെടുത്തിട്ടുണ്ട്.ഇരുപ്പത്തഞ്ചാമത്തെ റ്റോക്കണ്‍ പന്ത്രണ്ടരക്കു മുന്‍പേ വിളിക്കുവാരിക്കുവോ?"റാണി മമ്മി.
"റ്റോക്കണ്‍ നമ്പറു നോക്കാന്‍ സാറെന്താ ഒറ്റമൂലീടെ കമ്പോണ്ടറാണോ?അങ്ങനെ വലിവൊന്നുമില്ല സാറേ.തണുപ്പുള്ളപ്പോ ചെറിയ ഒച്ചയടതപ്പും ചുമയും മാത്രം.ഇവര് നിര്‍ബന്ധിച്ചതുകൊണ്ടാണിപ്പോ കഞ്ചിക്കോടിന് പോയേക്കാമെന്ന് വെച്ചത്."സാംകുട്ടിയ്ക്ക് ചെറിയ ചമ്മലുണ്ടായി.
"അയ്യേ അങ്കിളേ പുളു.പപ്പാന്റെ വലിയ്ക്ക് ട്രെയിനേക്കാളും സൗണ്ടൊണ്ട്"മെറ്റില്‍ഡ കാര്യമാത്രപ്രസക്തമായി വീണ്ടും സ്കോര്‍ ചെയ്തു.
എല്ലാവരും ചിരിച്ചു.സാംകുട്ടി മോളെ വാരിയെടുത്ത് മടിയില്‍ വെച്ച് ചിരിയില്‍ പങ്കുചേര്‍ന്നു.
"ഈ പപ്പയെക്കൊണ്ട് തോറ്റു അല്ലേ മോളേ?ഒറ്റമൂലി വൈദ്യനെ നേരിട്ട് പരിചയമുണ്ടോ?"ഒരു പുസ്തകം വായിക്കുന്നമട്ടില്‍ ബലംപിടിച്ചിരുന്ന,വിലകുറഞ്ഞ ബ്രാന്റുകളില്‍ വൃത്തിയായി വസ്ത്രം ധരിച്ച ഒരു
മെല്ലിച്ച മധ്യവയസ്കന്‍ പുസ്തകം അടയാളം വെക്കാതെ അടച്ച്(വായിക്കാനുദ്ദേശമുള്ളവര്‍ക്കല്ലേ അടയാളത്തിന്റെ ആവശ്യം)ഞങ്ങള്‍ക്കിടയിലേയ്ക്ക് നുഴഞ്ഞുകയറി.
"നിങ്ങള്‍ക്കറിയാമോ,മനുഷ്യശരീരം അതീവ സങ്കീര്‍ണ്ണമായൊരു അത്ഭുതയന്ത്രമാണ്.നമ്മുടെ രക്തക്കുഴലുകള്‍ക്കുള്ളിലെ ചുവരുകള്‍ കണ്ണാടിയേക്കാള്‍ മിനുസമുള്ളതാണ്.അവിടെ ആല്‍ഫാ മിനറല്‍സും ഫ്രീ റാഡിക്കല്‍സും പറ്റിപിടിക്കുന്നതിനെയാണ് വൈദ്യശാസ്ത്രം വിവിധ രോഗങ്ങളായി പേരിട്ടു വിളിക്കുന്നത്"
"നേരാണോ അങ്കിളേ!!"ബിബിന്‍മോന്‍ കുറച്ചധികം ആശ്ചര്യം കലര്‍ത്തി ചോദിച്ചു.ഫ്രീ റാഡിക്കല്‍ ശാസ്ത്രജ്ഞനു അതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും പെട്ടന്നു തന്നെ അയാള്‍ പ്രസന്നത വീണ്ടെടുത്തു.
"അതേ.എനിക്കും കുടുംബത്തിനുമില്ലാത്ത അസുഖങ്ങളുണ്ടായിരുന്നില്ല.നാലഞ്ചു വര്‍ഷം മുന്‍പ് ഇതുപോലൊരു യാത്രയില്‍ ഒരു വലിയ മനുഷ്യനെ പരിചയപ്പെടുംവരെ.അദ്ദേഹമാണ് എന്നെ പുതിയൊരു ലോകത്തിലേയ്ക്ക് കൈ പിടിച്ച് നടത്തിയത്.ഈ ഫ്രീ റാഡിക്കലുകളെ അബ്സോര്‍ബ് ചെയ്യാന്‍ കഴിവുള്ള ഒരേയൊരു വസ്തുവേ ഈ ഭൂമുഖത്തുള്ളൂ.നോര്‍ത്ത് അമേരിക്കയിലെ അറ്റക്കാമാ പ്രവിശ്യയിലുള്ള മലനിരകളില്‍ വളരുന്ന വൈറ്റ് മക്കാവോ എന്ന ഒരിനം ചെടിയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഒരു ഔഷധമാണിത്.അറ്റ്ലാന്റയിലെ ഒരേയൊരു ഫാക്ടറിയില്‍ മാത്രമേ ഈ ദിവ്യൗഷധം വേര്‍തിരിച്ച് വിവിധ ആഹാരപദാര്‍ത്ഥങ്ങളില്‍ ഗുണമൊട്ടും ചോരാതെ ചേര്‍ക്കാനുള്ള സംവിധാനങ്ങളുള്ളൂ.റാഡിവേ ഉത്പന്നങ്ങള്‍ ലോകത്തു വേറൊരിടത്തും ഉത്പാദിപ്പിക്കാനാവില്ല"
"അയ്യായിരം രൂപയുടെ മെമ്പര്‍ഷിപ്പെടുക്കുമ്പോള്‍ പതിനയ്യായിരം രൂപയുടെ റാഡിവേ സൗജന്യമായി കിട്ടുകയും പിന്നീട് A യുടെ ചുവട്ടില്‍ B,C,D ചേര്‍ക്കുമ്പോള്‍ അവര്‍ വാങ്ങുന്ന റാഡിവേയുടെ ഒന്നരശതമാനം വീതം അക്കൗണ്ടില്‍ വരികയും ആണോ പതിവ്?"എനിക്കു കാര്യം മനസ്സിലായി.
"സര്‍ പറഞ്ഞതുപോലെയാണ് നമ്മുടെ മാര്‍ക്കറ്റിങ്ങ് സ്ട്രക്ച്ചറെങ്കിലും പ്രൊഡക്റ്റെസെല്ലാം നൂറു ശതമാനം ഫലപ്രദമാണ് സര്‍.ഞാന്‍ ഗ്യാരണ്ടി!"
"അതൊക്കെ ശരി.എന്താണീ ആല്‍ഫാ മിനറല്‍സ്?
"അതിനെപ്പറ്റി വിശദമായി ഞങ്ങളുടെ റിസേര്‍ച്ച് റ്റീമിനു പറഞ്ഞു തരാനാകും സര്‍."
"ഹും.എങ്ങോട്ടാണ് യാത്ര"ഞാനൊരല്‍പ്പം ഗൗരവത്തിലായി.
"ഒരു ബിസിനസ് മീറ്റിങ്ങുണ്ട് സര്"റാഡിവേ അതിവിനയത്തിലായി.
"തരാന്‍ പോകുന്ന കാര്‍ഡില്‍ ബയോമെട്രിക്കും ഗ്ളോബല്‍ പൊസിഷനിങ്ങ് ട്രാക്കറുമൊക്കെയുള്ളതാണ്.നിരീക്ഷിക്കാനാളുണ്ടാവും"ആല്‍ഫാ മിനറല്‍സിന് അതേ നാണയത്തില്‍ ഭീഷണി.
"അയ്യോ സാറേ ഇതൊക്കെ തന്നെ മീറ്റിങ്ങ്.ഇങ്ങനെ യാത്ര ചെയ്യുന്നത് ആളെ ചേര്‍ക്കാന്‍ വേണ്ടിയാണ്.പോണ്ടിച്ചേരീ ചെന്ന് ഒരു പൈന്റ് എടുത്തടിച്ച് കടപ്പുറത്തു കിടന്നുറങ്ങി ബോധം വരുമ്പോള്‍ കുളിച്ച് ഡ്രസ്സും മാറി തിരിച്ചു വണ്ടി കയറും!"ശാസ്ത്രജ്ഞന്റെ വെടി തീര്‍ന്നു.
"ആഹാ കള്ളു കുടിച്ച് കടപ്പുറത്തു കിടക്കുന്നവനാണോ ആരോഗ്യത്തിനു അങ്ങെര് നൂറു ശതമാനം ഗ്യാരണ്ടി പറയുന്നത്."റാണി മമ്മിയ്ക്ക് ആശ്ചര്യമടക്കാനായില്ല.
"ഞങ്ങളെപ്പോലെയുള്ളവര്‍ നിങ്ങളുടെ മേലനങ്ങാതെ സമ്പാദിക്കാനുള്ള ആഗ്രഹത്തെ ചൂഷണം ചെയ്യുന്നു.അത്ര മാത്രം."എന്തായാലും ശാസ്ത്രജ്ഞന്റെ ആ ന്യായം എനിക്കു ബോധിച്ചു.കാര്‍ഡുമടിച്ചു.
"അയ്യോ നമ്മടെ ഓപ്പോയെന്തിയേ മമ്മീ?പാളത്തേ ചാടി പോയോ?"ബിബിന്‍ മോന്‍ മൊബൈലിനെ ഓര്‍ത്തു വേവലാതിപ്പെട്ടു.എല്ലാവരും തിരയാനും ആരംഭിച്ചു.
"ഇവിടെ കാണുമെന്നേ.ആ നമ്പര്‍ പറഞ്ഞാട്ടെ"ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"നയന്‍ സെവന്‍ ഏയ്റ്റ് ഫോര്‍ ത്രീ റ്റു സിക്സ് സെവന്‍"ബിബിന്‍ പറഞ്ഞ കൂടെ ഡയല്‍ ചെയ്തു ഞാനും.
എന്റെ ഫോണിന്റെ സ്പീക്കറിലൂടെ ട്രൂ ട്രൂ ശബ്ദവും ചുറ്റുവട്ടത്തുനിന്നെവിടെ നിന്നോ മഹേഷിന്റെ പ്രതികാരത്തിലെ പതിഞ്ഞ പാട്ടും കേള്‍ക്കുമാറായി.
"അയ്യോ ഹാന്റ് വായ്ഗില്‍ ഇട്ട കാര്യം ഞാന്‍ മറന്നുപോയി.സോറി സാറേ"റാണി മമ്മി നാണംകൊണ്ട് ബ്ളഷടിച്ചു.
ഇതിനിടയിലാണ് ഒരു ചെവിയില്‍ നിന്ന് ഹെഡ്സെറ്റ് ഊരിപ്പോയിട്ടും അറിയാത്ത,വലിയൊരു മൗണ്ടനീയറിങ്ങ് ബാഗ് മടിയില്‍ വെച്ച ഒരു ആധുനികചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
"താനെവിടേക്കാടോ?"അല്‍പ്പം കനത്തില്‍ തന്നെ ചോദിച്ചു.
"ബാംഗ്ളൂര്‍ക്കാണു മാന്‍"ഫ്രീക്കനാണ്.
"അവിടെയെന്താ ഇടപാട്?"സ്വരം പിന്നേയും കടുപ്പിച്ചു.
"ഞാനവിടെ ഒരു കോഴ്സ് ചെയ്യുവാണ്."
"ഇവനെ കൂട്ടില്‍ കയറ്റി ചോദിക്കേണ്ടി വരുമല്ലോ!എന്തു കോഴ്സാടോ നിന്റെ?"
"അയ്യോ സാറേ നാട്ടില്‍ നിന്നിട്ട് ലൈനൊന്നും സെറ്റാകുന്നില്ല.കൂട്ടുകാരാണ് പറഞ്ഞത് അല്‍പ്പം ജാഡയില്‍ ബാംഗ്ളൂരൊന്നു പോയി വന്നാല്‍ ലൈനൊക്കെ സെറ്റാകുമെന്ന്."ഫ്രീക്കന്റെ മനസ്സു ഫ്രീയായി.
"നിനക്കെന്താ പണി?"
"കാറ്ററിങ്ങിനൊക്കെ പോകും സാറേ.വേറെ കള്ളത്തരമൊന്നുമില്ല,സത്യം"
"പഠിക്കാന്‍ അപ്പനമുമ്മയും കഷ്ടപ്പെട്ടു വിടുന്ന കൊച്ചുങ്ങളെ വളയ്ക്കുന്നതല്ലാതെ വേറെ കള്ളത്തരമൊന്നുമില്ലല്ലേ.വാ കാര്‍ഡു തരാം"
സാംകുട്ടിയും കുടുംബവും അത്ഭുതം കൂറി ഇരിപ്പാണ്.
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയെ ഓര്‍മ്മിപ്പിച്ച് ഒരു അന്യസംസ്ഥാനയുവതിയും കൈക്കുഞ്ഞുമെത്തി.മെല്ലെ തട്ടിവിളിച്ച് ശാന്തയായി നിന്നു.പോക്കറ്റില്‍ നിന്ന് പത്തുരൂപ എടുത്തു നീട്ടിയപ്പോള്‍ വാങ്ങി തൊഴുതിട്ട്.സാരിയൊക്കെ ശരിയാക്കി ഇട്ടു.പ്രതീക്ഷകള്‍ക്കപ്പുറം ഔദാര്യം കാണിക്കുന്നവരെയൊക്കെ അവളങ്ങിനെയാവാം മനസ്സിലാക്കിയിരിക്കുന്നത്.
"ഒരുത്തനാണ്ടെ മോളിലിരുന്ന് കുറേ നേരമായി!"റാണി മമ്മി ദേഷ്യം കുറച്ചുറക്കെ പങ്കുവെച്ചു.സാംകുട്ടി ക്ഷുഭിതനായി വലിച്ചിറക്കി തല്ലാനെന്ന ഭാവത്തില്‍ ചാടിയെണീറ്റു.
"ഞാന്‍ എന്താക്കി?"
"എന്ത് ആക്കിയെന്ന് കാണിച്ചു തരാടാ.ഇറങ്ങി വാ!"സാംകുട്ടി കലിപ്പിലാണ്.
"ആയി സാറേ.എനക്കും ലൈസന്‍ മാണം"
"മുകളിലിരുന്ന് പടംപിടുത്തം,നഗ്നതാപ്രദര്‍ശനം,ബാത്റൂമിലെ ചുവര്‍ചിത്രങ്ങള്‍!ഇത് ഐ.ഡി.കാര്‍ഡാണ്..ലൈസന്‍സല്ല!!"
"ആയി സാറേ"അവനും കൊടുത്തു കാര്‍ഡൊരെണ്ണം.
"വണ്ടി ഷൊര്‍ണൂര്‍ പോവില്ലേ?"പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച അസഹിഷ്ണുത സ്ഫുരിക്കുന്ന മുഖഭാവങ്ങളുള്ള ഒരു യുവാവിനെ ഞാന്‍ ശ്രദ്ധിച്ചുവരികയായിരുന്നു.
"എന്‍ക്വയറിയില്‍ ഇറങ്ങി ചോദിക്കണം ചേട്ടാ.അല്ലെങ്കില്‍ ഇത്ര വലിയ മൊബൈലൊക്കെയുണ്ടല്ലോ!വെറുതേ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കണം"
"ദേഷ്യപ്പെടേണ്ട.ഞാനൊരു തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കുന്ന ഓഫീസറാണ്"
"അതെയോ!ഞാന്‍ കരുതി മഫ്തിയിലുള്ള പോലീസാണെന്ന്.എന്നോട് മിക്കവാറും ആ വണ്ടി വന്നില്ലേ,ഈ വണ്ടി എങ്ങോട്ടാണെന്നൊക്കെയുള്ള മണ്ടന്‍ ചോദ്യങ്ങളുമായി കുറേയെണ്ണം അടുത്തുവരാറുണ്ട്.ഞാനെന്തോ നക്സല്‍ ബാരി സിന്ദാബാദെന്ന് വിളിച്ചു പറഞ്ഞ് ഗ്രനേഡ് പിന്നൂരാന്‍ തുടങ്ങുമ്പോള്‍ പിടിച്ചുകൊടുത്ത് മെഡലുവാങ്ങാമെന്ന് കരുതിയാണെന്ന് തോന്നുന്നു.മണ്ടന്‍മാര്"
"തനിയ്ക്കും ഒരു കാര്‍ഡഡിക്കാം.എനിക്ക് പോലീസും പട്ടാളവുമൊന്നുമായി ഒരു ബന്ധവുമില്ല"
"മുന്‍വിധികളോടു കൂടിയ പെരുമാറ്റങ്ങളോട് പോരാടി പോരാടി സാറും ഒരു മുന്‍വിധിക്കാരനെന്നൊരു മുന്‍വിധി എനിക്കുണ്ടായിപ്പോയി.ക്ഷമിക്കണം"
"ആഹാ ഭംഗിയായി സംസാരിക്കുന്നുണ്ടല്ലോ!"സഹതാപമില്ലാതെ തന്നെ അഭിനന്ദിക്കാന്‍ വകുപ്പുണ്ട്.
"കൊടളിയാ ഒരു കാര്‍ഡിവിടേം.കാശ് മെണത്ത് കണ്ടുപിടിച്ച് അടിക്കൂന്നൊക്കെയാണ് യെവര് പറയാറ്.അതല്ല കെട്ടാ.കാശൊളള ദിവസം യെവനൊക്കെ കോട്ടും കൂളിങ്കാളാസ്സും തിരുകും.വടിവിഴുങ്ങിയാലത്തെ കണക്കെ ഇരുപ്പും.**രുകള്"
"ഈ അങ്കിളെന്തൊക്കെയാ ഈ പറയുന്നത്?"ബിബിന്‍ മോന് ഇടിച്ചു കയറിവന്ന ആ പരുക്കന്‍ അങ്കിള്‍ പറഞ്ഞതൊന്നും മനസ്സിലായില്ല.
"ട്രെയിനില്‍ നിന്ന് പൈസ കട്ടെടുത്ത് ജീവിക്കുന്ന ഒരു പാവം അങ്കിളാണിതെന്ന്!"റാണി മമ്മി സംശയം ദൂരീകരിച്ചു.
"സമസ്യായേം..സമസ്യായേയം.."വീണ്ടുമൊരു ഹൈ ഫ്രീക്വന്‍സി.നോര്‍ത്ത് ഇന്ത്യന്‍ സമൂസക്കാരനാണ്.
"ഹാം ജീ,ആപ്കീ സബ്സെ ബഡെ സമസ്യായോംസെ ഏക് ഏക് സെറ്റ് ദേദോ!"എനിക്ക് വിശക്കാന്‍ തുടങ്ങിയിരുന്നു.
സാംകുട്ടിയും കുടുംബവും സ്വന്തക്കാരായല്ലോ!അവര്‍ക്കും കൂടി സമൂസകള്‍.
"അയ്യോ സാറേ കൊച്ചുങ്ങള്‍ക്കിതു വയറ്റി പിടിക്കുകേലന്നേ.ഞങ്ങക്കു വേണ്ട"
"സോറി ജി.ബാദ് മേം ലൂംഗാ."എനിക്കും വേണ്ട എന്നാല്‍.
"ചായയോ കാപ്പിയോ പിറകേ വരുമായിരിക്കും."ഞാന്‍ സ്വയം ആശ്വസിപ്പിക്കുംപോലെ പറഞ്ഞു.
വാതിലിനോട് ചേര്‍ന്ന് പാറിപ്പറന്ന മുടിയും മുകളിലെ മൂന്നു ബട്ടണുകള്‍ തുറന്നിട്ട കുപ്പായവുമായി അദൃശ്യരായ ആരോടോ തന്റെ നിരാശ മുഴുവന്‍ പ്രകടിപ്പിക്കും പോലെ ഇടക്കിടെ
ആംഗ്യം കാണിച്ചുകൊണ്ടിരുന്ന ഒരാളെ വിളിച്ചു
"ചേട്ടാ.ആ വാതില്‍ വന്ന് അടിച്ചു കൊള്ളും.ഇങ്ങോട്ട് വാ"അയാള്‍ ആരോടെന്നില്ലാതെ തലയാട്ടി.ദീര്‍ഘമായി ശ്വാസംവിട്ടു.മരണത്തിനും ജീവിതത്തിനുമിടയിലുള്ള കയ്യാലപ്പുറംപോലെയുള്ള ആ വാതില്‍ പടിയില്‍ നിന്ന് വന്ന അയാള്‍ക്കും കാര്‍ഡൊരെണ്ണം വേണമെന്ന് തോന്നി.
എല്ലായിടത്തും കാണും പല ഗെറ്റപ്പുകളില്‍ ഇങ്ങനെ ചിലര്‍.ചില പരിഹാസങ്ങളുട വേദനയും ചില പുഞ്ചിരികളുടെ മാധുര്യവും ജീവിതത്തിലേയ്ക്കും രണ്ടുംകെട്ട ചില നിലപാടകള്‍ മരണത്തിലേയ്ക്കും ഉന്തിയിടാന്‍ കാത്തിരിക്കുന്ന ചിലര്‍.
"ചാ ....ചായേയ്"ചായക്കാരനെത്തി.
"ഞാന്‍ കൊടുക്കാം സാറേ."സാംകുട്ടി പോക്കറ്റില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടെടുത്തു.
"അതുവേണ്ട.ഞാനല്ലേ വാങ്ങിയത്.അടുത്ത തവണ സാംകുട്ടി കൊടുത്തോളൂ."
വിശപ്പുകൊണ്ടാവും നല്ല രുചി തോന്നി ചായയ്ക്ക്.ഇരുട്ട്,ക്ഷീണം.മൊബൈല്‍ ബെല്ലടിച്ചപ്പോള്‍ ഏതോ ഒരു ഓഫീസിന്റെ ബഞ്ചില്‍ കിടക്കുകയാണ്.
"ഹലോ സാറേ ഞങ്ങളുടെ കാര്‍ഡ് ഞങ്ങളുതന്നെ ഇങ്ങ് അടിച്ചെടുത്തു.സാറിന്റെ കാര്‍ഡ് പോക്കറ്റിലുണ്ടോന്ന് നോക്ക്യേ!"
"സാംകുട്ടീ,നിങ്ങളൊക്കെ??!!"
ശരീരത്തുണ്ടായിരുന്ന സ്വര്‍ണ്ണമൊക്കെ-കല്ല്യാണമോതിരമടക്കം-കാണ്‍മാനില്ല.മൊബൈലൊഴിച്ച് കീശയിലുള്ളതും കാലി.റെയില്‍വേ സംരക്ഷണസേന സ്റ്റേഷനിലാണെന്നും മനസ്സിലായി.
"നുമ്മ ക്രിസ്റ്റോപ്പറാണ് സാറേ..മേഡ് മട്ടാഞ്ചേരി..ഇയാളെന്തുക്കൂട്ട് പെലയാണ്."മറുപുറത്തുനിന്ന് ചിരി പൊങ്ങി.
"എന്നാലും.."
"ആ പളോ..നുമ്മ മുതലെടുക്കണത് നിങ്ങക്കടെ അഹങ്കാരോണ്.അല്ലെങ്കി ജനിച്ചപ്പ മുതലേ പത്രത്തീ വായിക്കണയാണല്ലോ..മയക്കി കാശടിച്ചു..കാശടിച്ചെന്ന്...എന്നിട്ട് പിന്നേം പിന്നേം നിങ്ങയെന്തോ കണ്ണീ നോക്കി കാര്യം അറിയണ കൂടിയ മൊതലാണെന്നൊള്ള ചിന്തേണ് നുമ്മക്കടെ വിജയം."
കാര്‍ഡ് കീറി.
No comments:
Post a Comment