മിനിമോളുടെ ലോകത്തിലാണ് 'ഇന്ന്' എത്തിച്ചേര്‍ന്നു നില്‍ക്കുന്നത്...ഇവിടെ ഇന്നലെകളേക്കാള്‍ 'ഇന്നി'ന്
പനിനീര്‍പ്പൂക്കളും സൂര്യപ്രകാശവുമുണ്ടോയെന്നും നാളെ ഇനിയുമിനിയും കൂടുതല്‍ വിരിയുമോയെന്നും ചോദിച്ചാല്‍...അറിയില്ല.ദോഷൈകദൃക്കായി പറഞ്ഞാല്‍ വലതു കാലിലെ മന്ത് ഈശ്വരകൃപയാല്‍ ഇടതു കാലിലേയ്ക്കു ട്രാന്‍സ്ഫര്‍ ആയതുപോലെയൊക്കെ.
മിനിമോളുടേത് തുലോം ബൃഹുത്തായ ഒരു കൂട്ടുകുടുംബമാണ്.നരവംശശാസ്ത്രമ്യൂസിയം പോലെ വൈവിധ്യമുള്ളവരുള്ളിടം.വലിയ കുടുംബം.പള്ളീലച്ചന്‍ പ്രാസമൊപ്പിച്ചു പറയുംപോലെ കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബമാണോ?നോക്കാം..
വലിയ കുടുംബത്തിനുള്ളിലെ മിനിമോള്‍ക്ക് അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന ഒരു ചെറിയ കുടുംബം കൂടിയുണ്ട്.നഖം കടിക്കുക,മൂക്കിനുള്ളില്‍ വിരലുകളിടുക,രാവിലെ എണീറ്റോടുമ്പോള്‍ പുതപ്പ് മടക്കിവെക്കാതിരിക്കുക,പകര്‍ത്തെഴുത്തുകില്‍ മുടക്കം വരുത്തുക,കാലുകള്‍ അടിപ്പിച്ചുവെച്ചു ഇരിക്കാതിരിക്കുക,അധികം ജീരകവെള്ളം മത്സരംവെച്ച് കുടിച്ച് ഉറങ്ങുന്ന തണുപ്പുള്ള രാത്രികളില്‍ കിടക്ക നനയ്ക്കുക,വസ്ത്രം മാറുന്നവരുടെ മുറിയില്‍ വെറുതേ ഒളിഞ്ഞുനോക്കി നില്‍ക്കുക തുടങ്ങിയ കുറേ തല്ലുകൊള്ളിത്തരങ്ങള്‍ കുഞ്ഞു മിനിമോള്‍ക്കുണ്ടെന്നാണത്രെ അച്ഛനുമമ്മയും പറയാറ്.ഇടക്കൊക്കെ തല്ലും കിഴുക്കും കിട്ടാറുമുണ്ട്.
ഇന്നലെകളെപ്പോലെയല്ല;ഇപ്പോ കാവും വേലിപ്പത്തലും വളര്‍ന്ന് അയല്‍വീട്ടിലെ കാഴ്ച മറയ്ക്കാറില്ലല്ലോ.ഏതോ ഒരു കാരണവര്‍ അയല്‍പക്കകാഴ്ചകളൊക്കെ ക്രിസ്റ്റല്‍ ക്ളിയറാക്കാന്‍ താത്പര്യമെടുത്തത്തിനാല്‍ അവരൊക്കെ എന്തെല്ലാം കാണിക്കാനാഗ്രഹിച്ചാലും അത് ഞങ്ങളിലേക്കെത്തും.അങ്ങിനെയാണ് തനിക്ക് സ്ഥിരം കിഴുക്കു കിട്ടുന്ന വിഷയങ്ങളൊക്കെ തല്ലുകൊള്ളാതെ അനുഷ്ഠിച്ചുപോരുന്ന പലരുമുണ്ടെന്നും അവര്‍ക്കൊക്കെ അതിനുവേണ്ടി സംഘടനകള്‍ പോലുമുണ്ടെന്നും മിനിമോള്‍ തിരിച്ചറിഞ്ഞത്.സേവനമേഖലയില്‍ ഉത്പാദനപരമായ ജോലികള്‍ ചെയ്ത് ആരോഗ്യവും മനശ്ശാന്തിയും കൂടുതലനുഭവിച്ച്
കീശയില്‍ ഭാരം കുറഞ്ഞ നാണയങ്ങള്‍ മാത്രം ചുമക്കേണ്ടി വന്നിരുന്ന മറ്റുള്ളവരും സമ്മര്‍ദ്ദവും ഉവ്വാവുകളും ശരീരത്തില്‍ പേറി
ഭക്ഷിക്കാനോ സൂക്ഷിക്കാനോ കൊള്ളാവുന്ന ഒന്നും ഉത്പാദിപ്പിക്കാത്ത ജോലികളിലേര്‍പ്പെട്ട് കണക്കുകൂട്ടലുകളുടെ ചക്രവ്യൂഹങ്ങളിലകപ്പെട്ടു തിരിയുന്നുണ്ടായിരുന്നു.
എന്തായാലും മിനിമോളുടെ മനസ്സില്‍ അസംതൃപ്തിയുടെ ഒരു മേഘപടലം ഉരുവംകൊണ്ടു.ഇടിയും മിന്നലും തുമ്മിയും ചീറ്റിയും ആ പ്രധിഷേധം പെയ്യാനാരംഭിച്ചു.ക്ളീഷേ കഥകളിലേപ്പോലെ തനിച്ചുള്ള ശ്രമങ്ങളൊക്കെ കൂടുതല്‍ മര്‍ദ്ദനങ്ങളും ക്രൂരപരിഹാസങ്ങളുമായി നിലംപരിശ്ശാക്കപ്പെട്ടു.വിഷയം വൈറലാക്കാതെ ഇനി രക്ഷയില്ല.ഇത്രയും വലിയോരു കൂട്ടുകുടുംബമല്ലേ?!ആളുകളെ സംഘടിപ്പിച്ച് ഉദ്ബോധിപ്പിക്കുന്നത് ഭാഗീരഥപ്രയത്നമാവില്ല!
ആദ്യത്തെ മുറി കൂട്ടുകുടുംബത്തിലെ കാര്യസ്ഥപ്പണി താത്കാലികമായി ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവരുടേതാണ്.ആദര്‍ശം മണക്കുന്ന തറയും അഡ്രിനാലിന്‍ പമ്പു ചെയ്തുപോവുന്ന നിറമുള്ള ചുമരുകളുമുള്ള മുറിയാണ്."ആദര്‍ശ മാര്‍ക്കറ്റിങ്ങ്, മീഡിയ അനലിസ്റ്റുകളോട് ആലോചിച്ച് വേണ്ടത് ചെയ്യാം"കൂട്ടത്തില്‍ പ്രധാനി ജനസേവകന്റെ സാന്ദര്‍ഭികമായ ഗൗരവം എടുത്തണിഞ്ഞ് മൊഴിഞ്ഞു.മിനിമോളുടെ പ്രതീക്ഷ ചത്തു.പേമാരിയില്‍ വലിയ വീട് ചോര്‍ന്നൊലിച്ചപ്പോള്‍ പത്തായത്തിലൊന്നുമില്ലാത്തതിനാല്‍ അയല്‍വീട്ടിലെ പളപളപ്പ് കണ്ടു അടിമപ്പണിക്കുപോയവരുടെ സഹായം മാത്രം തേടി അലഞ്ഞ വീരനാണ്.വറുതിയിലും പത്തായം നിറക്കുന്നവരുടെ പ്രാധാന്യം കണ്ടില്ലെന്നു വെച്ചയാളാണ്.കൃഷിയെ ഒരു ജോലിയായി അംഗീകരിക്കാത്ത സമൂഹത്തിന്റെ വക്താവാണ്.കണക്കെഴുത്തുകാരനും വേലക്കാരെ നിയമിക്കാന്‍ ശ്ശി മടിയാണ് പോലും!ആദര്‍ശങ്ങളെ എതിര്‍ക്കുന്നവരെ തല്ലിയൊതുക്കാനുള്ള വേലക്കാരൊഴികെ മറ്റുള്ളവരെല്ലാം ആഡംബരവും പാഴ്ചെലവുമാണെന്നാണ് പണ്ഡിതമതം.സംവിധാനങ്ങളുടെ അന്തമില്ലാത്ത ചക്രങ്ങളിലിട്ട് ജീവിതങ്ങളെ ഫ്രസ്ട്രേറ്റഡ് ജീവിതങ്ങളാക്കാന്‍ രക്തരൂക്ഷിതമായ ഒരുപാടു മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്കുണ്ട്.
അടുത്ത മുറി കാര്യസ്ഥപ്പണി പ്രതീക്ഷിച്ചിരിക്കുന്നവരുടേതാണ്.ആരേയും എന്തിനേയും കച്ചവടം ചെയ്യാമെന്ന് കരുതുന്നവര്‍ വിലസുന്ന പ്രസ്തുത മുറിയില്‍ നിന്ന് "കാര്യസ്ഥപ്പണിയില്ലാതെ ഞങ്ങളെന്ത് ചെയ്യാന്‍?തിരഞ്ഞെടുക്കുമ്പോള്‍ ഓര്‍ക്കണ്ടേ?ഇങ്ങിനെയൊക്കെയാണെങ്കിലും പ്രശ്നം കൊഴുത്ത് കൊഴുത്ത് കൊഴുക്കട്ടയാവുമ്പോള്‍ കട്ട സപ്പോര്‍ട്ടുായി ഞങ്ങളിറങ്ങും" എന്നൊരു അശരീരി വന്നപ്പോള്‍ തന്നെ മിനിമോള്‍ തിരിഞ്ഞു നടന്നു.
അടുത്തത് അച്ചടക്കം ആര്‍പ്പുവിളിക്കുന്ന മുറിയാണ്.സ്വദേശിവാദവും ശുദ്ധരക്തവാദവും കുലമഹിമയും അപ്പാപ്പന്റെ കഷായക്കുറിപ്പടിയുമൊക്കെ സാഫ്രൊണൈസ് ചെയ്തു വടികൊടുത്ത് വോട്ടു വാങ്ങുന്ന അവര്‍ മിനിമോളെ കൊന്നില്ല എന്നേ ഉള്ളൂ.
പല ജാതി വേലക്കാരുടെ മുറിയാണടുത്തത്.മുന്‍പിലെത്തുന്നവരെ സാന്ദര്‍ഭികമായി താങ്കള്‍,അങ്ങുന്ന്,താന്‍,നീ,മൈ.,പൂ. എന്നൊക്കെ ആശ്ചര്യമുളവാക്കുംവിധം മാറി മാറി വിളിക്കാന്‍ ശീലിച്ച ഇവര്‍ കാര്യസ്ഥന്‍മാരെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കുന്നവരാണ്."പണി പോകുന്ന പരിപാടിയുമായി രാവിലെ ഓരോന്നിറങ്ങിക്കോളും.നമ്മുടെ സമയത്തിന് പൊന്നിന്‍ വിലയാണെന്നറിഞ്ഞ് ഇറങ്ങി പോയാട്ടെ!റിട്ടയര്‍മന്റിനപ്പുറമേ ഞങ്ങള്‍ നന്മചെയ്യാറുള്ളൂ.കഥനകഥകളുടെ ഭാണ്ഡമഴിച്ച് പുസ്തകമെഴുതുന്നതും അപ്പോള്‍ തന്നെ"ഇംപരറ്റീവ് സെന്റന്‍സുകളില്‍ കാര്യത്തിനു തീരുമാനമായി.
തൊട്ടടുത്തത് സന്ദേശവാഹകരെന്ന് അറിയപ്പെടുന്നവരുടെ മുറിയാണ്."വൈറലാകത്ത വിഷയത്തില്‍ ഇടപെടാറില്ലാ.ഇടപെടുന്ന വിഷയങ്ങളൊന്നും വൈറലാക്കാതിരിക്കില്ല.കിടന്നുമുള്ളിക്കേസിനിന്ന് മൂഡില്ല."ആ മുറിയും പ്രതീക്ഷ തല്ലിക്കെടുത്തുകയാണ്."മോളൊന്നും പറഞ്ഞ് വിഷമിക്കേണ്ട.ചുമ്മാ നിന്നു തന്നാല്‍ മതി.ലോകത്തിനു മുന്‍പില്‍ ഈ കഥകളെല്ലാം സ്വന്തം കൈയ്യില്‍ നിന്നിട്ട് കഥിച്ച് കണ്ണീരും കിനാവും ഇക്കിളിയും നമുക്ക് കൊയ്യാം"കണ്ടാല്‍ പേടിയാവുന്ന മൂലയ്ക്കു ചുറ്റിപ്പറ്റിനിന്ന
ഒരു മാമന്റെ ഓഫര്‍ വേണ്ടെന്നു വെച്ചു മിനിമോള്‍.മെക്കിട്ടു കയറ്റവും പൊലിപ്പിക്കലും കെട്ടിത്താഴ്തത്തലും പണി പഠിപ്പിക്കലും മസ്തിഷ്കപ്രക്ഷാളനവുമായി അവര്‍ തിരക്കുകളിലേയ്ക്കു മറഞ്ഞു.
അതിനടുത്ത മുറിയില്‍ പാട്ടും കഥയും പ്രഭാഷണവും മൗനവുമൊക്കെയാണ്.വലിയ വീട്ടിലെ സാംസ്കാരികനായകര്‍.ഈശ്വരനെക്കുറിച്ച് പുസ്തകമെഴുതുന്നവര്‍ ചെകുത്താനെ ഓര്‍ത്തും നിരീശ്വരവാദികളെപ്പോഴും ഈശ്വരനെ ഓര്‍ത്തും സമയം പോക്കുന്നു.പുച്ഛം എമ്പാടും വഴിഞ്ഞൊഴുകുന്നു."ഞങ്ങള്‍ പറയാറേയുള്ളൂ.കേള്‍ക്കാറില്ല.നിനക്ക് പോകാം"മിനിമോള്‍ക്കു മുന്നില്‍ ആ വാതിലും അടഞ്ഞു.
അലങ്കരിക്കപ്പെട്ട;ശുഭ്രവസ്ത്രധാരികളായ പരിചാരകര്‍ ഭൂമിയെ നോവിക്കാതെ തെന്നി നടക്കുന്ന ആ മുറി ദേവാംശമുള്ള ആളുടേതാണ്.പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞ് പുല്ലും വൈക്കോലും തീറ്റിച്ച് മിനിമോളെ ആ മുറിയും യാത്രയാക്കി.
ആകാശങ്ങളിലേയ്ക്കു നോക്കി ജപിച്ചുനടക്കുന്നവരുടെ മുറിയാണ് അരികില്‍.വിചിത്രവസ്ത്രധാരികള്‍.നാടിനോ കാലാവസ്ഥയ്ക്കോ ചേരാത്ത ആഡംബര ഉടുപ്പുകളുമിട്ട് പലയിടത്തായി കുഷ്യനുള്ള കസേരകളിലിരിക്കുന്ന അവര്‍ക്കെല്ലാം ഒരേയൊരു ചോദ്യം മാത്രം-"മിനിമോളും അച്ഛനും ശരിക്കും ഞങ്ങളിലാരുടെ കൂടെയാണ്?"മറുപടിയില്ലാത്തതിനാല്‍ അവിടെ നിന്നും ഇറങ്ങി നടക്കേണ്ടിവന്നു.
അടുത്ത മുറി വെളുത്ത മേല്‍ക്കുപ്പായം ഇട്ടവരുടേതാണ്."കിടന്നു മുള്ളല്‍,മടി,പെരുമാറ്റവൈകല്യങ്ങള്‍ എല്ലാത്തിനും നമുക്ക് ചികിത്സയുണ്ട്.മൂക്കിലെ മറുകും പല്ലിനിടയിലെ മീന്‍കഷണവും വരെ നമുക്ക് ലേസറടിച്ച് ശരിയാക്കിത്തരാം.വടക്ക് വശത്തുള്ള ചില്ലിട്ട സ്ഥാപനത്തില്‍ ചെന്ന് ആന്തരാവയവങ്ങളുടെയെല്ലാം പടമെടുത്ത് ഓടിവരൂ.ഒന്നൊന്നരക്കോടി മുടക്കി തുന്നിയെടുത്ത വെള്ളക്കുപ്പായമാണിത്."
ഹൊയ്യാര ഹൊയ്യാ ഹമ്മിങ്ങുകളുയരുന്ന മുറിയാണടുത്തത്.നിരാശയുടെ മണം പൊങ്ങുന്ന ആ മുറിയില്‍ ആരുംതന്നെയില്ല."ഇവിടെയിപ്പം ആരും തങ്ങാറില്ല.മിനിമം ഒരു ഡോക്ടറോ സോഫ്റ്റുവയറന്‍ എഞ്ചിനീയറോ ആയതിനുശേഷം അതുപേക്ഷിച്ച് മണ്ണിലേക്കിറങ്ങുന്നവര്‍ക്കാണ് ഇപ്പോ മാര്‍ക്കറ്റ്".പറഞ്ഞ ആള്‍ കയറിലെ കുടുക്കില്‍ തലയിടുന്നതു കണ്ട മിനിമോള്‍ പേടിച്ച് ഓടിക്കളഞ്ഞു.
അതിനടുത്ത മുറി ആദ്യം കണ്ട പല മുറികളില്‍ നിന്നായി ഇറങ്ങിവന്നവരുടേതാണ്.പ്രതിഛായകൃഷിക്കാര്‍ എന്നറിയപ്പെടുന്ന ഇവരും പറഞ്ഞു"ഒരു മൊബൈല്‍ കാമറപോലുമില്ലാതെ ഈ മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ എങ്ങിനെ ധൈര്യം വന്നെടോ?"
അതിനടുത്ത മുറിയും ഇത്തരം പലവക ആളുകളുടേതാണ്.ഒടിഞ്ഞും ചതഞ്ഞും ചുമച്ചും ദീര്‍ഘമായി ശ്വസിച്ചും കഴിയുന്ന അവരെല്ലാം കരുണാപൂര്‍വ്വം മിനിമോളെ നോക്കി."ഒരു ജന്മമല്ലേ ഞങ്ങള്‍ക്കുള്ളൂ മോളേ?!തുടങ്ങിവെച്ച കര്‍മ്മങ്ങളുടെ പ്രതിഫലമായ മര്‍ദ്ദനങ്ങളേല്‍ക്കാന്‍ ഈ ജന്മം പോരാതെ വരുമോ എന്നാണിപ്പോഴത്തെ ഭയം"ശരിയായിരിക്കും.മിനിമോള്‍ തനിയേ പിന്‍വാങ്ങി.
"നീയെന്റെ മോളാണ്;വലിയ ദോഷം വരത്തക്കതൊന്നും ഞാന്‍ മനഃപൂര്‍വ്വം ചെയ്യില്ല എന്ന് നിരീക്ഷിക്കാനുള്ള കാഴ്ചശക്തി നിനക്കായില്ലേ?"എന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെങ്കിലെന്ന് മിനിമോളും ആശിക്കാന്‍ തുടങ്ങി.പറയുമായിരിക്കും അല്ലേ?കാത്തിരിക്കാം..
No comments:
Post a Comment