Wednesday, 23 January 2019

പ്രളയാനന്തരം

ജീവിതത്തിലുമൊരുപാടു പ്രളയങ്ങള്‍ കഴിഞ്ഞിട്ടുണ്ട്.മുന്‍പും പിന്‍പുമുള്ള മാനേജുമെന്റിലെ അപാകതകളുടെ തിക്തഫലങ്ങളൊരുപാട് അനുഭവിച്ചിട്ടുമുണ്ട്.വൈകാരികവും സാമ്പത്തികവുമായ സഹായത്തിനായി ചുരുക്കം ചിലയിടങ്ങളില്‍ ചെന്നിട്ടുണ്ട്.തിരിച്ചു കൊടുക്കാമെന്ന് ഉറപ്പുള്ള  സാമ്പത്തികസഹായങ്ങള്‍ മാത്രം....വൈകാരികമായ പിന്തുണയെന്നതിന്  സഹതാപത്തിനപ്പുറം മറ്റൊരു നല്ല വേഷവും അണിയാനില്ലെന്നറിയുന്നതിനാല്‍ അതിനൊരുമ്പെടാതിരിക്കാറാക്കി പതിവ്.ആഘാതം വര്‍ദ്ധിപ്പിക്കാനേ സഹതാപം ഉതകൂ.സാമ്പത്തികമായ, തിരിച്ചുകൊടുക്കുന്ന സഹായങ്ങളില്‍ അര്‍ഹതക്കുറവിന്റെ ആദര്‍ശപ്രശ്നങ്ങളുള്ളവരോട് പ്രതികാരമനോഭാവത്തോടെ പെരുമാറിയിട്ടില്ല (അതേ നാണയത്തില്‍ പ്രതികരിക്കണമെന്ന് ചിന്തിച്ചിട്ടുണ്ട്,തീര്‍ച്ചയായും)
എന്നു തന്നെയാണോര്‍മ്മ.

മനസ്സിലെപ്പോഴും പല കഥാപാത്രങ്ങളുണ്ടായിരുന്നു.എല്ലാ കഥാപാത്രങ്ങളുടേയും വാദഗതികള്‍ അക്ഷരംവിടാതെ കേട്ടു നിന്നിട്ടുമുണ്ട്.ഒരുപാട് അഭിപ്രായങ്ങളുടെ ബഹളത്തിനിടയില്‍ കുഴങ്ങി നിന്ന മനസ്സിനെ പ്രവേഗം കൂട്ടിയെടുക്കാന്‍ പാടുപെട്ടിട്ടുമുണ്ട്.

അന്നെല്ലാം ചിന്തകളെത്തിനിന്നത് കൈമോശം വന്നു പോയ കുറച്ചു കൃഷിഭൂമി ഇപ്പോളുണ്ടെങ്കില്‍ സഹതാപ+ചൂഷണതരംഗം അവസാനിക്കുംവരെ ചെറിയ കൃഷിപ്പണികളിലെന്തെങ്കിലും ഏര്‍പ്പെടാമായിരുന്നല്ലോ എന്നാണ്...

ഒരു പരിസ്ഥിതിയില്‍ സ്വഭാവികമായി വളരുന്നതൊഴിച്ച് മറ്റുള്ളവയെല്ലാം ചെറുതല്ലാത്ത വിപരീതഫലങ്ങളുമുളവാക്കുമെന്ന് പറഞ്ഞുകേട്ടത് ശരിയെന്ന് തോന്നിയെങ്കിലും   അത്തമൊരു ഐഡിയല്‍ സിറ്റുവേഷനിലേയ്ക്ക് ഒറ്റയടിക്ക് തിരിച്ചു ചാടാന്‍ ഒറ്റയ്ക്ക് സാധിക്കുമോ എന്നറിയില്ല.എന്തായാലും ഭോജ്യമായ എന്തെങ്കിലും ഉത്പാദിപ്പിക്കാന്‍ ഇടനിലക്കാരനാവുന്നത് പെരുത്ത സന്തോഷം തരുന്ന ഒന്നാണ്.

നാട്ടിലുമുണ്ടായി പ്രളയം.ഓണ്‍ലൈന്‍ കണ്‍ട്രോള്‍ റൂമുകള്‍ പരിണാമത്തിലെവിടെയോ പോസ് അടിച്ച നിത്യശിശുവിനേപ്പോലെ സഹായത്തിനായി നിലവിളിച്ചു.കൂടെ നിലവിളിക്കാത്തവരെ ക്രൂരമായി തന്നെ നേരിട്ടു.പ്രകൃതി ദുരന്തങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്ന,വിഭവങ്ങളുടെ വിതരണം ഭൂമിശാസ്ത്രപരമായി അസന്തുലിതമായ എത്രയോ നാടുകളീ ഭൂമുഖത്തുണ്ട്.കരുതലും യുക്തിയുമുണ്ടെങ്കില്‍ ഒരുപാടു സഹായം അഭ്യര്‍ത്ഥിക്കേണ്ടി വരില്ലെന്ന് തെളിയിക്കുന്ന പല മാതൃകകളും നമുക്കു മുന്‍പിലുണ്ട്.പ്രളയസമയത്ത് ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെല്ലാം കിട്ടിയതും കിട്ടാതെ പോയതുമായ സഹായങ്ങളുടെ (നിര്‍ബന്ധിതസഹായമടക്കം)കണക്കെടുപ്പില്‍ മുഴുകിയിരിക്കുകയായിരുന്നല്ലോ!പഞ്ഞകാലത്തെ സര്‍വൈവ് ചെയ്ത പത്തായപ്പെട്ടികള്‍ക്കെന്തുപറ്റി?അതു നിറച്ചിരുന്നവര്‍ക്ക് എന്തു പറ്റി?വാചകക്കസര്‍ത്തുകൊണ്ട് ജീവിക്കുന്നവരെ ആരാധിക്കാന്‍ പഠിച്ചും പഠിപ്പിച്ചും കൊണ്ടിരിക്കുന്ന അല്‍പ്പജ്ഞസമൂഹത്തിന് അറിയില്ലേ ശബ്ദകോലാഹലം കൊണ്ട് താത്കാലികമായ സന്തോഷമോ ആവേശമോ മാത്രമേ ഉണ്ടാവൂ എന്നു.(അതും വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ മാത്രം).പൊന്നുംവില കൊടുത്തു വാങ്ങുന്ന ഭക്ഷ്യവസ്തുക്കള്‍ വിളയിക്കുന്നവര്‍ക്കു കിട്ടുന്ന പ്രതിഫലം എന്താണ്?

പ്രളയങ്ങള്‍ ആരേയും ശൈശവത്തിന്റെ നിസ്സഹായതയിലേക്കും നിര്‍ലജ്ജമായ
സ്വാര്‍ത്ഥതയിലേക്കും തിരിച്ചുകൊണ്ടുപോവാതിരിക്കട്ടെ.

No comments:

Post a Comment