Tuesday, 29 January 2019

കോര്‍പ്പറേറ്റ് ചിത്രശലഭങ്ങള്‍

പണവും സ്വാധീനവും പ്രതാപവും ഉള്ളവരെ കാണുമ്പോള്‍ കാല്‍വിരലാല്‍ ചിത്രംവരയ്ക്കുന്ന പുരുഷപ്രജകളും മേല്‍പ്പറഞ്ഞതിന്റെ കൂടെ അല്‍പ്പം ഭക്ത്യാഭ്യാസങ്ങളും സൗമ്യഭാവങ്ങളുമുള്ളവരെ കാണുമ്പോള്‍ ദിവ്യഅഭിഷേകത്താല്‍ മെസ്മറൈസ്ഡ് ആകുന്ന സ്ത്രീപ്രജകളുമുള്ള
സാധാരണ കുടുംബമാണ് എന്റേതും.(ആദര്‍ശവും ഭക്തിയും ലാളിത്യവുമൊക്കെ യോഗ്യതകളായി കാണാനല്ല;അധികയോഗ്യതകളായി കൈകാര്യം ചെയ്യാനാണ് നമ്മുടെ സമൂഹത്തിലെ സ്ത്രീജനങ്ങള്‍ക്ക് കിട്ടുന്ന പരിശീലനം എന്ന സ്ത്രീവിരുദ്ധമായ പ്രസ്താവന നടത്തുന്നതില്‍ ഒരു മടിയുമില്ല.)

ഇങ്ങനെയിരിക്കെ ആദ്യം സൂചിപ്പിച്ച പോലെ പണപ്രതാപഭക്ത്യാദികള്‍ ഉള്ള ഒരു അയല്‍വീട്ടിലെ N.R.I. മാതാപിതാക്കളുടെ; പിതാമഹരുടെ ഉത്തരവാദിത്തത്തിലുള്ള കുട്ടികളെ റ്റ്യൂഷന്‍ പഠിപ്പിക്കുക എന്നൊരു ജോലി എന്റെ രക്ഷകര്‍ത്താക്കള്‍ മുഖേന കിട്ടി.പിള്ളേര് ലോവര്‍ പ്രൈമറി സ്കൂളിലാണെങ്കിലും ഇന്റര്‍നാഷണല്‍ സിലബസാണു പഠിക്കുന്നത്.പണ്ടു മലയാളത്തില്‍ പഠിച്ച കാര്യങ്ങള്‍ ഇംഗ്ളീഷിലാക്കി പറഞ്ഞു കൊടുക്കുക എന്നത് അല്‍പ്പം ശ്രമകരമാണ്.എങ്കിലും കോളേജില്‍ നിന്ന് നടന്നു വരുന്ന വഴിയിലുള്ള അധ്യാപനംപോലെ സുഖമുള്ള ഒരു ജോലി.വേണ്ടെന്ന് വെച്ചില്ല...എന്റെ കോഴ്സും അത്ര സങ്കീര്‍ണ്ണമായിരുന്നില്ല.

റ്റ്യൂഷന്‍ തുടങ്ങി.റ്റ്യൂഷനോടൊപ്പം എനിക്ക് ഇന്റര്‍വ്യൂ ഉം നടന്നുകൊണ്ടിരുന്നു.

'വാഴക്കുല ഒന്നു വെട്ടിത്തരാമോ?''കൊടുത്തേക്കാം!അസുഖങ്ങള്‍ ഉള്ള പ്രായമായവരും ചെറിയ രണ്ടു കുട്ടികളും മൂന്നരച്ചാണ്‍ പൊക്കമുള്ള ഒരു പാവം ഹിന്ദിക്കാരിയുമുള്ള വീട്ടുകാര്‍ സഹായം ചോദിച്ചാല്‍ ചെയ്യാതിരിക്കാനാവില്ലല്ലോ!

'മൂത്ത കുട്ടി ഒരു അത്യാവശ്യ അസൈന്‍മെന്റിനേക്കുറിച്ച് പൂര്‍ണ്ണമായും മറന്നു പോകുന്നു.ഇന്റര്‍നാഷണല്‍ സിലബസുകാര്‍ക്ക് രാവിലെ അഞ്ചേമുക്കാലിന് ക്ളാസ്സു തുടങ്ങും.രാത്രി വണ്ടിയുമെടുത്ത് എന്റെ വീട്ടില്‍ കട്ടിക്കടലാസുമായി ആളെത്തി.പടം വരച്ചു കൊടുക്കാമോ?ഉറക്കമിളച്ച് ആ നിര്‍ബന്ധിതസേവനവും ചെയ്തുകൊടുത്തു.

അങ്ങനെയിരിക്കേ എന്റെ അവസാന പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന സമയത്ത് N.R.I.മാതാപിതാക്കള്‍ എത്തിച്ചേരുന്നു.കണ്ട ഉടനേ അന്നു വരെയുള്ള റ്റ്യൂഷന്‍ ഫീസ് കിറുകൃത്യമായി എണ്ണി തരുന്നു.കൂടെയൊരു ബോഡി സ് പ്രേയും.അടുത്ത ദിവസങ്ങളില്‍ അവര്‍ എന്റെ മാതാപിതാക്കളെ കാണുന്നു.എന്റെ ഭാവിപരിപാടികളെ പറ്റി അന്വേഷിക്കുന്നു.കാറ്ററിങ്ങോ ഇന്‍ഷുറന്‍സോ പോലെയെന്തെങ്കിലും ചെയ്തുകൊണ്ട് പി.എസ്.സി.പഠനമാണ് ലക്ഷ്യമെന്നറിഞ്ഞപ്പോള്‍ പി.എസ്.സി.ജോലി ലഭ്യതയെ അറഞ്ചം പുറഞ്ചം പുച്ഛിച്ച് അവരുടെ മനസ്സില്‍ ദുബായ് സ്വപ്നങ്ങള്‍ പാകുന്നു.

തട്ടുകടയിലും മറ്റും പാര്‍ട്ട് ടൈം ജോലി ചെയ്ത്  ലാപ്ടോപ്പൊക്കെ വാങ്ങിയ വിജ്ഞാനകുതുകി ആണ് ഈയുള്ളവനെന്ന് എന്റെ അസാന്നിദ്ധ്യത്തില്‍ ഒരു എഫക്ടിനുവേണ്ടി മാതാപിതാക്കള്‍ തട്ടിവിടുന്നു.നൂറ്റി അന്‍പതു രൂപയ്ക്കുവേണ്ടി രാത്രി പത്തു മണിക്കൂര്‍ ഉറക്കമിളച്ചു പാത്രം കഴുകുന്നവന്‍ ഇരുന്നൂറോ ഇരുന്നൂറ്റമ്പതിനോ വേണ്ടി അടിമപ്പണി ചെയ്തുകൊള്ളും എന്ന് ഏതോ പ്രപഞ്ചത്തില്‍ പ്രതിധ്വനികളായി മുഴങ്ങിപോലും.എന്തായാലും സാമൂഹികപരിതസ്ഥിതികള്‍ പഠിച്ച ശേഷം അടുത്ത ദിവസം റ്റ്യൂഷനെത്തിയ എന്നെ നേരിട്ടും ഇന്റര്‍വ്യൂ ചെയ്തു.

പഠിച്ച കോഴ്സിനു
പി.എസ്.സി.വഴി ജോലി കിട്ടാന്‍(അത്ര കാര്യക്ഷമമാണല്ലോ നമ്മുടെ നാട്) മൂന്നു നാലു വര്‍ഷമെങ്കിലും എടുക്കും എന്ന ഒരു പോയിന്റ് വളരെ സ്ട്രൈക്കിങ്ങായി തോന്നി.അന്നുവരെ പാസ്പോര്‍ട്ടിനെപ്പറ്റി ആലോചിക്കാതിരുന്ന എനിക്ക് ആ നാടും കാണണമെന്നും 'കുറച്ചു'കാലം അവിടെ ജോലി ചെയ്യണമെന്നും ആഗ്രഹം മുളപൊട്ടി.

പാസ്പോര്‍ട്ട് കാത്തിരുന്ന ദിവസങ്ങളില്‍ നെറ്റ് വര്‍ക്കിങ്ങിന്റേയും വെബ് ഡിസൈനിങ്ങിന്റേയും ബാലപാഠങ്ങള്‍ പഠിക്കണമെന്നും ഗള്‍ഫിലെ ഒന്നു രണ്ടു ഉത്പന്നങ്ങള്‍ നാട്ടില്‍  ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള പണി കിട്ടി.ഒരുമാസത്തില്‍ താഴെ സമയം കൊണ്ട് കുറച്ചു ഫോട്ടോഷോപ്പ് പഠിച്ചു.മറ്റുള്ള സംഗതികള്‍ പഠിക്കാന്‍ അത്ര എളുപ്പമല്ലെന്നും പഠിച്ചു.ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്റെ ആദ്യഘട്ടം വിജയകരമായി കോര്‍ഡിനേറ്റ് ചെയ്തു.(പിന്നീട്
ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുകയും ചെയ്തു.)

'കീപ്പ് മീ പോസ്റ്റഡ്' മെയിലുകള്‍ക്ക് വിജ്ഞാനകുതുകി കൂലിപ്പണിയെടുത്തു വാങ്ങിയ ഫോണിലെ ഐമാപ് സാങ്കേതികവിദ്യയിലൂടെ(ശിലായുഗംപോലെഒന്ന്)അറിയാവുന്ന പൊട്ട ഇംഗ്ളീഷില്‍ മറുപടികളയച്ചു(ഇന്നും ഇംഗ്ളീഷൊക്കെ ശിലായുഗത്തില്‍ തന്നെ നില്‍ക്കുന്നു).

പാസ്പോര്‍ട്ടു കിട്ടി കോപ്പി മെയില്‍ ചെയ്തു മൂന്നുനാലു ദിവസത്തിനകം വിസ വരുന്നു.ഉള്ളതു പറയണമല്ലോ വിസയ്ക്കു ചിലവായ പണം (റീഫണ്ട് ചെയ്യാത്ത ആയിരം ദിര്‍ഹത്തോളം)പണമായി എന്നോടു വാങ്ങിയിട്ടില്ല.ഒരു ലക്ഷം വരെ തരാന്‍ തയ്യാറുള്ളവര്‍ ഉണ്ടെന്നു സംഭാഷണങ്ങള്‍ക്കിടയില്‍ കുത്തിത്തിരുകി അവതരിപ്പിച്ചതുമാത്രമേ ഉള്ളൂ.അതിനുപകരം കടപ്പാടാണ് വേണ്ടത്.എളിയവനും എലുമ്പനുമായി ഗള്‍ഫിലെത്തിപ്പെട്ടു.

'ഇവിടെ എല്ലാവരും ഒരു കുടുംബം പോലെയാണ്.'എന്ന മുഖവുരയോടെ പരിചയപ്പെടുത്തി എല്ലാവരേയും പരിചയപ്പെടുത്തി.

വിവേചനങ്ങളും കൂട്ടത്തില്‍ കൂട്ടുംമുന്‍പുള്ള കലാപരിപാടികളുമൊന്നും ഇപ്പോള്‍ വിശദീകരിക്കുന്നില്ല.അമേദ്യം തൊട്ടാല്‍ നാറും എന്ന പൊതുതത്വം കൊണ്ടു മാത്രം.

'ഒരു ഡബിള്‍ഡെക്കര്‍ കട്ടില്‍ തന്നെ വാങ്ങിയേക്കാം.ഇനി വരുന്ന ആള്‍ക്കുകൂടി പ്രയോജനപ്പെടട്ടെ'എന്ന കൂടെ വന്ന ആളിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ശിരസ്സാ വഹിച്ച എനിക്ക് ആ മാസത്തെ ശമ്പളത്തില്‍ നിന്ന് കട്ടിലിന്റേയും പുതപ്പിന്റേയുമൊക്കെ തുക കട്ട് ചെയ്തപ്പോഴാണ് കൂടെ വന്ന ആളുടെ ആഹ്വാനം ചേതമില്ലാത്ത ഉപകാരം ചെയ്യാനല്ല,ചേതമുള്ള എന്തോ കൃമികടി തീര്‍ക്കാനാണെന്ന് മനസ്സിലായത്.

കമ്പനി എല്ലാവര്‍ക്കും നിര്‍ബന്ധിതമായി തന്നെ ഓരോ ഫോണ്‍ കണക്ഷന്‍ നല്‍കുന്ന സമയമാണ്.നൂറ്റിയിരുപത്തഞ്ചു വീതം നാഷണല്‍ ഇന്റര്‍നാഷണല്‍ മിനിറ്റുകള്‍ക്ക് നൂറു ദിര്‍ഹം വേണം അതിനുശേഷമുള്ള വിളികള്‍ക്ക് ഒരുപാട് പണം കൂടുതല്‍ അടയ്ക്കണം എന്ന് അറിഞ്ഞ ഞാന്‍ ആ കണക്ഷന്‍ വേണ്ടെന്നു പറഞ്ഞെങ്കിലും 'വന്നയുടനേ ഇതാരാണീ കുത്തിത്തിരിപ്പ് ഒക്കെ ഉണ്ടാക്കിയതെന്നുള്ള'ആത്മഗതവുമായി പറഞ്ഞുറപ്പിച്ച ആയിരത്തി നാനൂറ് ദിര്‍ഹത്തോടൊപ്പം നൂറുകൂടി കൂട്ടിച്ചേര്‍ക്കാനുത്തരവായി.(നൂറ്റമ്പതില്‍ കുറഞ്ഞ ബില്ല് അതിനു വന്നിട്ടില്ലെന്നാണ് ഓര്‍മ്മ.ഓഫീസിലെ ഉത്തരവാദിത്വമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നയാള്‍ക്ക് ഇരട്ടി ശമ്പളം വാങ്ങുന്ന ആളായാലും മിസ്ഡ് കോള്‍ തന്നാല്‍ തിരിച്ച് വിളിച്ചേ പറ്റൂ).

പേരിനൊരു റൂമുണ്ടെന്നല്ലാതെ അവിടുത്തെ കറന്റ് ചാര്‍ജ്ജും കുടിവെള്ളം സ്യുവറേജ് ചാര്‍ജ്ജുകളും എന്റ്റി പെര്‍മിറ്റിനുശേഷം റസിഡന്‍സ് വിസ പതിക്കുന്നതുവരെയുള്ള ചെറുതല്ലാത്ത ചിലവുകളും സ്വന്തമായി ആണു വഹിക്കേണ്ടി വരികയെന്ന് അധികം താമസിയാതെ തന്നെ ചെറിയോരു ആശ്ചര്യത്തോടെ മനസ്സിലാക്കി.

വിവാഹിതനല്ല,വിവാഹം കഴിച്ചയക്കാന്‍ പെങ്ങന്‍മാരോ വീട്ടില്‍ രോഗികളോ ഇല്ല എന്ന കാര്യം എല്ലാവരും ആദ്യം തന്നെ ചോദിച്ചറിഞ്ഞു.ആദ്യമാസത്തെ തന്നെ ശമ്പളത്തില്‍ നിന്ന് ആയിരം ദിര്‍ഹം വേണമെന്ന് ആവശ്യപ്പെട്ട് ഒരാളെത്തി.വിമാനടിക്കറ്റിനും മറ്റും ചിലവായ പണം പെട്ടെന്നു തിരിച്ചു കൊടുക്കാമെന്നു സമ്മതിച്ചതായതിനാല്‍ ഈ മാസം അത്രയും വലിയ തുക കടം തരാനില്ലെന്ന് ഒരേ കുടുംബത്തിലെ ആ സഹോദരനോട് വിനീതനായി അറിയിച്ചു.എന്തുകൊണ്ടോ പ്രകോപിതനായി തീര്‍ന്ന അദ്ദേഹം മുതലാളിയെന്ന കുടുംബാഗത്തോട് ഒരു ഓഫീസ് സ്റ്റാഫായ എനിക്ക് വളരെ ശമ്പളം കുറവാണ് ഈ കമ്പനി തരുന്നതെന്ന് ഞാന്‍
അദ്ദേഹത്തോട് പുച്ഛത്തോടെ  പറഞ്ഞുവെന്നോമറ്റോ അറിയിച്ചു.

ആ കാലയളവില്‍ തിരക്കിട്ടു പണിയെടുക്കുന്നവരെ മിനക്കെടുത്താന്‍ നിരന്തരം നടത്തിക്കൊണ്ടിരുന്ന റിവ്യു മീറ്റിങ്ങുകളിലെ ഇര ഞാനായി.പണക്കൊതിയന്‍മാര്‍ ലോകത്തില്‍ ഒന്നുമാവാതെ പോകുമെന്നൊക്കെയുള്ള ലൈനില്‍ വിവിധ ഭാഷകളില്‍ പ്രസംഗങ്ങള്‍ നടന്നു.ഈയുള്ളവന്‍ സാലറി കുറവാണെന്ന് അതുമായി യാതൊരു ബന്ധമുമില്ലാത്ത ഒരാളോട് പറഞ്ഞോ എന്ന് നേരിട്ടന്വേഷിക്കാനുള്ള സാഹസം അവര്‍ കാട്ടിയില്ല.കലിപ്പടങ്ങിയപ്പോള്‍ പേഴ്സണല്‍ മീറ്റിങ്ങു വിളിച്ചു.

നാട്ടിലെ ചളിക്കുഴിയില്‍ നിന്ന് ഗള്‍ഫിലെ ഫാമിലി സെറ്റപ്പിലെ സ്വര്‍ഗ്ഗരാജ്യത്ത് എത്തിപ്പെട്ട എന്റെ ഭാഗ്യത്തേക്കുറിച്ചും-ദൈവാനുഗ്രഹം;സ്പെസിഫിക്കായി പറഞ്ഞാല്‍- എന്നേക്കാള്‍ പത്തിരട്ടി ശമ്പളം വാങ്ങുന്ന ഒരു മാനേജരെ നിയമിച്ചതിലുള്ള തന്റെ ക്രാന്തദര്‍ശിത്വത്തെ കുറിച്ചും കുറേ സംസാരിച്ചു.ഒരു ജ്യൂസ് ഒരുത്തനു വാങ്ങിക്കൊടുത്താല്‍ പത്തു ജ്യൂസിനുള്ളത് തിരിച്ചുപിടിക്കാന്‍ പഠിക്കണമെന്ന് പറഞ്ഞു.

ഒരു ചിത്രശലഭം തന്റെ കൊക്കൂണ്‍ പണിപ്പെട്ട് പൊട്ടിച്ച് പുറത്തുവന്നാല്‍ മാത്രമേ അതിന്റെ ചിറകുകള്‍ സ്വതന്ത്രമാകൂ എന്നും ആകാശങ്ങള്‍ സ്വന്തമാക്കാന്‍ അതിനാവൂ എന്നും കവിത തുളുമ്പുന്ന വാക്കകളില്‍ മൊഴിഞ്ഞു.

ഞാനെന്ന കോര്‍പ്പറേറ്റ് ശലഭം അപ്പോള്‍ വെറും മുട്ട പരുവത്തിലാണ്.ഭാഷകളറിയില്ല,ജാര്‍ഗണ്‍സ് അറിയില്ല,അക്കൗണ്ട്സറിയില്ല.

ലൈസന്‍സാകാത്തതിനാല്‍ അകത്തിരിക്കുന്ന വിലപിടിച്ച മാനേജര്‍ക്ക് പറ്റിയ ഇര.രാജകുമാരന്‍മാര്‍ വികൃതി കാട്ടിയാല്‍ അവര്‍ക്കുവേണ്ടി തല്ലു കൊള്ളാന്‍ ഒരു അധഃകൃതനെ നിര്‍ത്താറുണ്ടെന്ന് എവിടെയോ വായിച്ചത് ഓര്‍ത്തുപോയ കാലം.

ചെന്ന് ഏറെ കഴിയുംമുന്‍പേ ഓഫീസില്‍ ഒറ്റയ്ക്കാക്കി.സൂപ്പര്‍വൈസ് ചെയ്യാന്‍ വിലകൂടിയ മാനേജരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.എവിടെ തിരിഞ്ഞാലും ഫൈനുകളും പെനാല്‍റ്റികളും-വിസ അടിക്കാന്‍ താമസിച്ചാല്‍,ഫ്രീ സോണില്‍ പാസ്പോര്‍ട്ടുകള്‍ തിരിച്ചുകൊടുക്കാന്‍ താമസിച്ചാല്‍,കസ്റ്റംസില്‍,വണ്ടികളുടേയും വെയര്‍ഹൗസിന്റേയും വാര്‍ഷികരജിസ്ട്രേഷന്‍ റിന്യൂവല്‍ താമസിച്ചാല്‍.കുറേ പണിപ്പെട്ട് കമ്പനിസംബന്ധമായി ഓര്‍ക്കേണ്ട കാര്യങ്ങളെല്ലാം എക്സല്‍ ഷീറ്റുകളിലും ഗൂഗിള്‍ കലണ്ടറിലുമാക്കി.

എല്ലാത്തിനുമൊടുവില്‍ പെറ്റി കാഷ് എക്സ്പെന്‍സുകളടക്കം സകലതും വിവരിക്കുന്ന ഡെയിലി റിപ്പോര്‍ട്ടുമയക്കണം.മുതലാളി മാഡം സീസണലായി വന്നു പെറ്റി ക്യാഷ് വൗച്ചറുകള്‍ പരിശോധിക്കും.

പ്രൊഡക്ഷനില്‍ ഓവര്‍റ്റൈം ജോലിയുള്ളപ്പോള്‍ ഭക്ഷണം വാങ്ങുന്ന പതിവ് ഉണ്ടായിരുന്നു.എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ബിരിയാണി ആണ് മിക്ക ദിവസങ്ങളിലും കാലാകാലങ്ങളായി വാങ്ങിപ്പോരുന്നത്.ഫ്രീ സോണ്‍ മതില്‍ക്കെട്ടിനുള്ളില്‍ വില അല്‍പ്പം കൂടുതലാണ്.ഓവര്‍ടൈം നില്‍ക്കുന്നതിന്റെ പാപഭാരം മുഴുവന്‍ ചുമന്ന് തമാശ പറഞ്ഞു നില്‍ക്കുന്ന ഓഫീസ് സ്റ്റാഫായ എനിക്ക് ഒരു രൂപപോലും സാമ്പത്തികലാഭമില്ലാത്ത പണിയാണ് ഈ കൂട്ടിരിക്കല്‍.ഫ്രീ സോണിന്റെ ഏഴെട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു ഹോട്ടലുകളില്ലാത്തതിനാലും സ്വന്തമായി വണ്ടി സൗകര്യങ്ങളില്ലാത്തതിനാലും ഗള്‍ഫിലെത്തി ഒന്നു രണ്ടു തവണ ശരിക്കും ഓവര്‍റ്റൈമുകാരുടെ കൂടെ ഓരോ ബിരിയാണി കഴിച്ചു.റിപ്പോര്‍ട്ടിലിതു കണ്ട മുതലാളി മുതലാളി ചേച്ചിയെ ശട്ടം കെട്ടി വിട്ടു.

'തന്നെ കണ്ടാല്‍ പതിനൊന്ന് ബിരിയാണി ഒറ്റയ്ക്ക് തിന്നുന്ന ആളാണെന്ന് തോന്നില്ലല്ലോ'എന്നൊരു ദൈവനിവേശിതമായ തമാശ മണിയടിച്ച് റൂമില്‍ വിളിച്ച് പറഞ്ഞതോടെ പിന്നീടുള്ള ഓവര്‍ടൈം കൂട്ടിനിരിപ്പുകള്‍ പട്ടിണിയോ സ്വന്തം ചിലവില്‍ ഭക്ഷണം വാങ്ങിയോ ആക്കി.ചിത്രശലഭത്തിലേയ്ക്കുള്ള വഴിയല്ലേ!

ജോലിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ തലേദിവസം മുതലാളി വിളിച്ചു.ആരോ ഒരാള്‍ എവിടെ എന്നു ചോദിച്ചു.ആള്‍ സിക്ക് ലീവിലാണെന്നും പ്രതിപുരുഷനായ മാനേജരെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടും അദ്ദേഹത്തിന്റെ കോപമടങ്ങുന്നില്ല.ഒരു മാനുഫാക്ടറിങ്ങ് കമ്പനിയിലെ ലിമിറ്റഡ് ആയ വര്‍ക്ക്ഫോഴ്സിന്റെ പ്രാധാന്യത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാമെന്നൊക്കെ ചോദിച്ച് കത്തിക്കയറിയ മുതലാളി പിറ്റേ ദിവസം അതേ സമയത്തുവിളിച്ച് താന്‍ വന്നിട്ട് ഒരു വര്‍ഷമായി അല്ലേ!ഒരു നൂറു ദിര്‍ഹം കമ്പനിയുടെ നിലവിലെ 'സാഹചര്യപ്രകാരം'ശമ്പളക്കയറ്റം തന്നിട്ടുണ്ട് എന്നറിയിച്ചു.തലേന്നും പിറ്റേന്നുമായുള്ള ഈ ഫോണ്‍കോളുകള്‍ അധികം ചോറു കഴിക്കാത്ത ആളായതുകൊണ്ടാവും എനിക്കിതു വരെ കൂട്ടി വായിക്കാനായിട്ടില്ല.

കാലമുരുണ്ടു.രാജി വെച്ചു നാട്ടില്‍ പോണമെന്നായി.ഫെഡറല്‍ ബാങ്കിലെ ബന്ധുവായ മാനേജരെക്കൊണ്ട് വീടിന് ലോണെടുത്തു തരാം എന്ന് ആദ്യത്തെ പ്രീണനം.
ലോണെന്ന സമ്പ്രദായത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായ കുടുംബത്തില്‍ നിന്നായതുകൊണ്ട് അത് കേട്ടപാടെ നിഷേധിച്ചു.ഇന്നും എന്നും അവിടെ അടിമയായി തുടരാനുളള അവസരമാണ് തട്ടിക്കളഞ്ഞത്.

അതിനിടയില്‍ പുതിയൊരു ചിത്രശലഭവുമെത്തി.മരിച്ച് ജീവിക്കുന്ന ഞങ്ങളുടെ ഇടയിലേയ്ക്ക് മദ്യമെത്തി.ലഹരിക്കപ്പുറം കോര്‍പ്പറേറ്റ് ചൂഷണങ്ങളെപ്പറ്റിയും കമ്പനി പോളിസികളെ പറ്റിയും പുതിയ കമ്പനി തുടങ്ങുന്നതിനെപ്പറ്റിയുമൊക്കെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു(എല്ലാത്തിനും തുടക്കമിട്ടതും ഗതി തിരിച്ചുവിട്ടതും പുതിയ 
ശലഭമാണെന്നത് പ്രസ്താവ്യമാണ്).ഇടക്കിടെ അപ്രത്യക്ഷനാകുന്ന ഇദ്ദേഹത്തിന്റെ വരവോടെ അന്നുവരെ പിള്ളേരായിരുന്ന ഞങ്ങളേയും മുതലാളി കോര്‍പ്പറേറ്റ് ലോകത്തേയ്ക്ക് ജ്ഞാനസ്നാനപ്പെടുത്തിയപോലെ തോന്നി.ചെറിയ കാലത്തെ പരിചയംകൊണ്ട് നമുക്കാവശ്യമുള്ള വിവരങ്ങള്‍ ആവശ്യമുള്ളിടത്ത് എത്തിക്കാനുള്ള എളുപ്പവിധ്യ പഠിച്ചിരുന്നു.അപ്രമാദിത്യത്തിന്റെ ആജ്ഞാസ്വരം മാറി അഭിപ്രായം ചോദിക്കാന്‍ തുടങ്ങി.(അനുസരിച്ചോ എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല).

ഗ്രൂപ്പ് ഓഫ് കമ്പനീസിന് വലിയ  മുട്ടന്‍ കരിക്കുലം വിറ്റേയുള്ള ഒരു ഫിനാന്‍സ് മാനേജരെത്തി.മാസത്തിലൊന്നു കിട്ടിക്കൊണ്ടിരുന്ന സാലറി വല്ലപ്പോഴുമായി.അഡ്വാന്‍സ് ചോദിക്കുന്നവര്‍ക്ക് കിട്ടാതായി.അപ്രൂവലുകള്‍ അനന്തമായി നീണ്ടുപോയി.പണമില്ലാത്തതിനാല്‍ തൊഴിലാളികള്‍ തമ്മില്‍ തമ്മില്‍ ചൂഷണം ചെയ്യാനാരംഭിച്ചു.ഇന്നുവന്നു നാളെ വഴക്കുണ്ടാക്കി പോകുന്നവരുടെ കിട്ടാക്കടങ്ങളും കണ്ണീരും ദാരിദ്ര്യവുമൊക്കെ
വിസ കാന്‍സലേഷന് കൂടെ പോകാന്‍ വിധിക്കപ്പെട്ട ഈയുള്ളവന്റെ മനഃസാക്ഷിയെ മഥിച്ച് കുറേശ്ശെ പണമായി ചോര്‍ന്നുപോകുന്നത് സ്ഥിരമായി.

ഡ്രൈവിങ്ങ് ലൈസന്‍സെടുക്കുക വഴി മാര്‍ക്കറ്റിങ്ങിലേയ്ക്ക് സ്ഥാനക്കയറ്റം എന്ന ഓഫറാണ് അടുത്തതായി.
സാമ്പത്തികവശങ്ങളേക്കുറിച്ച് പറയാന്‍ ഒരുമ്പെടുംമുന്‍പേ രണ്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാകുന്നതിനാല്‍ ലീവ് സാലറി ക്ളെയിം ചെയ്തുകൊണ്ട് ഫിനാന്‍സ് മാനേജര്‍ക്ക് മെയില്‍ അയക്കാം എന്ന ആശയം മുതലാളി തന്നെ തന്നു.പേപ്പറുകള്‍ ശരിയാക്കി.ക്ളാസ്സു തുടങ്ങി.ആദ്യ ടെസ്റ്റു പാസ്സായി.ഫിനാന്‍സിനച്ച മെയില്‍ മാത്രം ചുവപ്പുനാടയില്‍ തന്നെ.അമ്പതു ദിര്‍ഹം ദിവസ വരുമാനമുള്ള (ചിലവിനുള്ളത് ഇതില്‍നിന്ന് കണ്ടെത്തണം)എനിക്ക് ക്ളാസിനും ടാക്സിക്കുമടക്കം നൂറ്റി ഇരുപത് ദിര്‍ഹം ചിലവുളള ആ ഉദ്യമവുമായി അധികം മുന്നോട്ടുപോകാനായില്ല.

പുതിയതായി വന്ന ചിത്രശലഭത്തിന് ഫാമിലി സ്റ്റാറ്റസിനായി വിസ മാറ്റിയടിക്കണം.സമയമില്ലാത്ത സമയത്ത് ദൂരെയെങ്ങോ സപ്ളൈക്കുപോയ അര ഡ്രൈവറെ കാത്തുനില്‍ക്കാതെ ടാക്സിയിലേറി ഡോക്യുമെന്റുമായി എമിഗ്രേഷന്‍ ഓഫീസിലേയ്ക്കു പാഞ്ഞ എനിക്ക് മുതലാളിയുടെ വിളി വന്നു.'എവിടെയാണ്?ഈ ചെറിയ കമ്പനിയില്‍ ടഫ് മാര്‍ക്കറ്റ് സിറ്റുവേഷനില്‍ ഇത്തരം ടാക്സി ബില്ലുകളൊക്കെ എങ്ങിനെ അക്കൗണ്ട് ചെയ്യും എന്നൊരു ചോദ്യമെത്തി.കര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാത്ത മണ്ടനൊരുവന്‍ 'അക്കൗണ്ട് ചെയ്യണ്ട'.എന്ന് ഉറക്കെയും
'കഷ്ടപ്പെട്ടു പണിയെടുക്കുന്നവനെ വിറ്റു കാശാക്കിയ എന്റെ അളിയന്‍ ശലഭത്തിന്റെ പൊണ്ടാട്ടി വരാനല്ലേ!'എന്നു പതുക്കെയും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

മുതലാളിയുടെ റബ്ബര്‍ സ്റ്റാമ്പായി സാലറിയില്‍ 'കളിച്ചുകൊണ്ടിരുന്ന' ഫിനാന്‍സ് മാനേജരെ കൊണ്ട് അങ്ങേര്‍ക്ക് ശമ്പളമായി കൊടുത്തതെല്ലാം അപ്പാര്‍ട്ട്മെന്റ് എടുക്കാനും ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാനുമായി ചിലവഴിപ്പിച്ച ശേഷം ബാങ്കിലെ ചെക്ക് ഡിസ്കൗണ്ടിങ്ങ് പോലെയുള്ള ഫസിലിറ്റികള്‍ ശരിയാക്കി വെറും കൈയ്യോടെ പറഞ്ഞയക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു.

അളിയന്‍ ശലഭം കണ്‍ട്രോളേറ്റെടുത്തതോടെ സാമ്പത്തികശാസ്ത്രത്തിന്റെ ഫോര്‍മുല ഒന്നു മാറി.ബാങ്ക് ഫസിലിറ്റികള്‍ വന്നതിനാല്‍ മുതലാളിയും ഹാപ്പി.എല്ലാവര്‍ക്കും പത്തും ഇരുന്നൂറും ശമ്പളവര്‍ദ്ധന.വര്‍ദ്ധിച്ച ശമ്പളവും അതിലധികവും(അതൊക്കെ ആര് ശ്രദ്ധിക്കുന്നു) ആഘോഷങ്ങളും പരിപാടികളുമായി അവിടെ തന്നെ പൊടിക്കുന്നു.വലിപ്പച്ചെറുപ്പമന്യേ എല്ലാവരുടേയും ജന്മദിനങ്ങള്‍ അവരെക്കൊണ്ട് നൂറ്റമ്പത് ദിര്‍ഹത്തിന്റെ ഫ്രൈഡ് ചിക്കണ്‍ വാങ്ങിപ്പിച്ച് ആഘോഷിക്കുന്നു.
എക്സിബിഷന്‍ സെന്ററുകളില്‍ സ്വന്തം ശമ്പളത്തിന്റെ മൂന്നിലൊന്നു ഭാഗമൊക്കെ മുടക്കി ഉടയാടകളും വാങ്ങി വിശക്കുമ്പോള്‍ അങ്ങകലെയുള്ള ചെറുഹോട്ടലില്‍ നിന്ന് മത്തിക്കറി കൂട്ടി ചോറുമുണ്ട് ജീരകവും വിക്സുമുട്ടായിയും തിന്ന് തിരിച്ചുവന്നു ചിരിച്ചുനില്‍ക്കുന്ന കലാപരിപാടികള്‍ അടിക്കടി അരങ്ങേറി.തീര്‍ക്കാനുള്ള പണികള്‍ പാതിരാത്രി ആകാമല്ലോ!

വ്യക്തിപരമായ  സാമ്പത്തികശാസ്ത്രം പരാജയപ്പെട്ടതിനാല്‍ ഡ്രൈവിങ്ങ് ലൈസെന്‍സ് ഉദ്യമം നിരുപാധികം ഉപേക്ഷിച്ചു.രാജി ശ്രമങ്ങള്‍ നീക്കിത്തുടങ്ങിയപ്പോള്‍ ഓഫീസ് ജോലിയില്‍ നിന്ന് മാര്‍ക്കറ്റിങ്ങിലേയ്ക്ക് ഇറക്കുന്നു.ദീര്‍ഘദൂരയാത്രകളില്‍ കാഴ്ചകാണാം,ഫോട്ടോയെടുക്കാം,സോഷ്യല്‍ മീഡിയായില്‍ നിരങ്ങാം.സ്ഥലത്തെത്തുമ്പോള്‍ ലോഡിറക്കാം.അങ്ങനെ ആകെ ഒരു നവോത്ഥാനം..

ഇതിനിടയില്‍ മുതലാളി പുതിയ മൊബൈലുകളെടുക്കുമ്പോഴും ആഡംബരക്കാറെടുക്കുമ്പോഴും ലാപ്ടോപ്പെടുക്കുമ്പോഴും ആഡംബരഫ്ളാറ്റെടുക്കുമ്പോഴും ഇതൊക്കെ മോട്ടിവേഷന്‍ പര്‍പ്പസിനുവേണ്ടിയാണെന്ന് കൊഞ്ഞനംകുത്തും പോലെ പറഞ്ഞ് അടിച്ചേല്‍പ്പിക്കുന്നു.

സാലറി പെന്റിങ്ങ് രണ്ടു മാസം പിന്നിടുമ്പോള്‍ മുതലാളി സപോണ്‍സര്‍ ചെയ്യുന്ന നാട്ടിലെ കോളേജിന്റെ അലുമ്നി മീറ്റ് നടക്കുന്ന സ്റ്റാര്‍ ഹോട്ടലില്‍ കെട്ടിയൊരുങ്ങി നിന്ന് പ്ളാസ്റ്റിക് പുഞ്ചിരികള്‍ സമ്മാനിക്കാന്‍ ഭാഗ്യം കിട്ടുന്നു.

മൂന്നു വര്‍ഷത്തിനപ്പുറം വിസ പുതുക്കണ്ടെന്നു തന്നെ തീരുമാനിച്ച ശലഭത്തെ അനുനയിപ്പിക്കാന്‍ സില്‍ബന്ധികളുടെ ഒരു പട തന്നെ.പണ്ടു കഷ്ടപ്പെട്ടതിന്റെ ഒക്കെ ഫലം കൊയ്യാന്‍ പോകുന്നതേ ഉള്ളൂ എന്നൊക്കെയുള്ള നിര്‍ബന്ധത്തിന് വഴങ്ങി വിസ റിന്യു ചെയ്യാന്‍ തീരുമാനിച്ചു.(റിന്യു ചെയ്തു പാസ്പോര്‍ട്ടും ഐ.ഡി.യും കിട്ടാന്‍ കാലതാമസമെടുക്കുമെന്നതിനാല്‍ നേരത്തേ  ബുക്ക് ചെയ്ത ഫ്ളൈറ്റിന്റെ ഡേറ്റ് മാറ്റിയെന്നും അതിന്റെ ചിലവിലേയ്ക്ക് അഞ്ഞൂറോളം ദിര്‍ഹം എന്റെ അക്കൗണ്ടിലിട്ടു എന്നുമുള്ള കാര്യം കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നു).

പേയ്മെന്റ് ഫോളോ അപ്പിന് വളരെ അപ്പീലിങ്ങായ ഫീമെയില്‍ വോയിസില്‍ (മുതലാളിയുടെ ശൈലിയില്‍)വിളിക്കാനും പുരുഷസ്റ്റാഫുകള്‍ക്ക് അച്ചടക്കംകൊണ്ടുവരാനുമൊക്കെയായി നിയമിതയായ ഒരു മധ്യവയസ്ക ഇതിനിടയില്‍ ഇടിച്ചുകയറി എന്തോ ഒരു ഹൃദയൈക്യം (റാപ്പോ)ബില്‍ഡുചെയ്തെന്ന് സ്വയം കരുതിയിരുന്നു.'നാട്ടില്‍ നിന്നു വരുമ്പോള്‍ എന്റെ മോളേക്കൂടി കൂട്ടാമോ!?താനാകുമ്പോള്‍ വിശ്വസിക്കാമല്ലോ!'എന്നൊക്കെയായി കമന്റുകള്‍.ആ മോളെ കൂട്ടേണ്ടി വന്നില്ല.അധികമാരോടും പറയാതെ സ്വന്തം ജീവിതാന്തസ്സു തെരഞ്ഞെടുത്തു എന്ന് ആക്സിഡന്റ്ലി അറിയാനിടയായി.
അതില്‍ ആനന്ദിക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല.അവരുടെ ജീവിതം..അവരുടെ കാഴ്ചപ്പാടുകള്‍.എന്തായാലും കമ്പനി വിട്ടതിനുശേഷം ആ വാത്സല്യത്തിന്റെ ഊഷ്മളത അനുഭവിക്കാന്‍ ആയിട്ടില്ല.ഗള്‍ഫിലെ മോബൈലുകള്‍ കാക്ക കൊത്തി കൊണ്ടുപോയതാവാം

പുതിയ ശലഭങ്ങള്‍ വീണ്ടും വന്നു ചേര്‍ന്നു.അവര്‍ക്കെല്ലാം കമ്പനി വക കട്ടിലുണ്ട്,സൗകര്യങ്ങളുണ്ട്..ചിത്രശലഭങ്ങള്‍ കൂടുപൊട്ടിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന സംവിധാനങ്ങള്‍ വളരെ കുറവാണ്.ഈ നാലുവര്‍ഷത്തിനപ്പുറം ഞാന്‍ വാങ്ങുന്ന സാലറിയും എല്ലാവര്‍ക്കും ഉണ്ട്.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മാര്‍ക്കറ്റ് സിറ്റുവേഷനോ കമ്പനിയുടെ ലാഭമോ കടുകിട മുന്നേറാത്ത ഈ നാലുവര്‍ഷത്തിനപ്പുറം ആയിരത്തിയഞ്ഞൂറിന് ഈ ശലഭം ഒറ്റയ്ക്ക് തുഴഞ്ഞുകൊണ്ടിരുന്ന വള്ളം ഒരാള്‍ക്കു നാലായിരവും മറ്റു രണ്ടു പേര്‍ക്കു രണ്ടായിരത്തഞ്ഞൂറും വെച്ച് കൊടുത്ത് കൂടുതല്‍ മെച്ചപ്പെട്ട തുഴകള്‍ കൊടുത്ത് മുന്നോട്ടു ചലിപ്പിക്കാന്‍ മഹാനായ മുതലാളിക്ക് ആവുന്നുണ്ട്.

സാധാരണ എല്ലാവരുടേയും പോലെ പുതുതായി വന്ന ഒന്നുമറിയാത്തവര്‍ക്ക് കിട്ടേണ്ട നീതി കിട്ടിയതില്‍ അസൂയപ്പെടാനുള്ള മനസ്സിന്റെ ചോദനകളെ സമര്‍ത്ഥമായി അടക്കി.

പക്ഷേ കൊന്തയും കുരിശും പള്ളിയും പട്ടക്കാരനും പൊക്കിപ്പിടിച്ച് മനഃപൂര്‍വ്വം കബളിപ്പിക്കുന്ന ഒരാളുടെ കൂടെ ഒരു നിമിഷം പോലും പാഴാക്കരുത് എന്നുറച്ചു.

ആദ്യകാലപാര്‍ട്ട്ണര്‍ ഒരു അപ്പാവിയും അവിടെ ജോലിക്കാരനായി എത്തിപ്പെട്ടിരുന്നു.എല്ലാം ശരിയാക്കാനുള്ള ക്വോട്ടേഷനെടുത്തു വന്ന അദ്ദേഹത്തിനോട് പഴയ സ്റ്റാഫുകളുടെ ലെതാര്‍ജിയും സ്റ്റാഫുകളോട്
പാര്‍ട്ട്ണറുടെ മുന്‍കോപവും എടുത്തുചാട്ടവുമൊക്കെ എക്സാജുറേറ്റ് ചെയ്തു പറഞ്ഞ് നടത്തിയ ചില സാമൂഹിക നാടകങ്ങള്‍ക്കുടവില്‍ ഞങ്ങളേപ്പോലെ ചിലരുടെ വാട്സാപ്പ് സ്റ്റാറ്റസും ഒരിക്കലും ശരിയാകാത്ത സ്റ്റോക്കൂം ഇട്ടെറിഞ്ഞ് അദ്ദേഹവും മുടക്കിയ കാശും അതു സമ്പാദിച്ച കൊള്ളാവുന്ന വേറൊരു കമ്പനിയിലെ ജോലിയുമുപേക്ഷിച്ച് സന്യസിക്കാനിറങ്ങി എന്നറിഞ്ഞു.അതിലും സന്തോഷിക്കുന്നു എന്നല്ല.

പോകുമെന്നുറപ്പിച്ച അവസാനദിവസങ്ങളില്‍ കൊന്തയും കുരിശും മുതലാളി വഴി തിരിച്ചുവന്നു.'എന്തായാലും ഇവിടെ വന്നു ഒരുപാടു കാര്യങ്ങള്‍ പഠിച്ചില്ലേ?അതൊന്നും ഞാന്‍ തിരിച്ചെടുക്കുന്നില്ലല്ലോ.നാട്ടില്‍ പോയി ഒരു ധ്യാനം കൂടുക.മനസ്സ് ശാന്തമാകുമ്പോള്‍ എപ്പോ വേണമെങ്കിലും തിരിച്ചുവരാം'

അയല്‍ക്കാരനൊരാളുടെ കൂടെ ജോലിക്കു കയറി വര്‍ഷമൊന്നു കഴിയുംമുന്‍പേ അവിടെനിന്ന് രണ്ടു സ്റ്റാഫുകളേയും കൂട്ടി ചാടിയ, ചായക്കടയില്‍ വരെ കമ്മീഷന്‍ ഇടപാടുള്ള,അറബിയെ പറ്റിച്ച് രഹസ്യകമ്പനിയുണ്ടാക്കിയതിന് അകത്തുപോയി പിന്നീട് നഷ്ടപരിഹാരം കൊടുക്കാമെന്നേറ്റ് പുറത്തിറങ്ങി നടക്കുന്ന ആളാണ് നക്കാപ്പിച്ച ശമ്പളത്തില്‍ നിന്നും പണവും സമയവും ചെലവാക്കി പഠിച്ച കാര്യങ്ങള്‍ക്കു കണക്കപറയുന്നത്.വളരെ നല്ല കാര്യം.

കൊന്തയുടേയും കുരിശിന്റേയും വേലിപൊട്ടിച്ച് പുറത്തുചാടി വന്നയാള്‍ക്ക് കുടുംബത്തിലും കിട്ടുന്ന സ്വീകരണം അതിമഹത്തരമാണ്.എത്രയോ പേര്‍ അവിടെ ഹാപ്പിയായി ജോലി ചെയ്യുന്നു?അവരുടെ വീട്ടിലെ അവസ്ഥ കണ്ടാല്‍ ഇങ്ങനെ ഒന്നും തോന്നില്ലല്ലോ?നിന്റെ ടെന്‍ഷനുകളും പൊരുത്തപ്പെടല്‍ പ്രശ്നങ്ങളും ധ്യാനം കൂട്ടി പരിഹരിക്കാം.എന്നൊക്കെ പല  വിധ അഭിപ്രായങ്ങള്‍.

ഹാപ്പിയായി ജോലി ചെയ്യുന്നതിനുളള ഫോര്‍മുല ട്രൈ ചെയ്തില്ലെങ്കിലും കണ്ടു പഠിച്ചിട്ടുണ്ട്.കൂടെയുള്ളവരുടെ കുറ്റവും കുറവും ശേഷിക്കുറവും എടുത്ത് കാണിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ സുഖിക്കാത്ത മുതലാളിമാരില്ല.ശമ്പളവര്‍ദ്ധനവ് ഉറപ്പ്.

പക്ഷേ എന്തോ പെര്‍ഫെക്റ്റായ സിറ്റുവേഷനുകളല്ല കൊതിച്ചതും തിരഞ്ഞെടുത്തതും.സാമ്പത്തികമാന്ദ്യമോ ശമ്പളപ്രശ്നമോ എന്തും കൂട്ടത്തില്‍ ചേര്‍ന്ന് അനുഭവിച്ച് കൂടെയുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് അവര്‍ സ്വന്തം പ്രിന്‍സിപ്പളുകള്‍ക്കെതിരെ പ്രവൃത്തിച്ചാല്‍ മാത്രമേ ആദ്യം തമാശയായും പിന്നെ വരമൊഴിയായും കാര്യം അവതരിപ്പിക്കാറുള്ളൂ.ഇവിടെ ഇങ്ങിനെ മതി എന്നുള്ളവരോട് നല്ല രീതിയില്‍ യാത്ര പറയാനാണ്
ആദ്യശ്രമങ്ങള്‍ എന്ന് ഓര്‍ക്കാവുന്നവര്‍ക്ക് ഓര്‍ക്കാവുന്നതാണ്.ഇതൊക്കെ വീട്ടില്‍ പറഞ്ഞാല്‍ ഏല്‍ക്കില്ല.

സന്തോഷമുള്ള ഫാമിലിയെപ്പറ്റി പറഞ്ഞാല്‍ തിരുട്ടു ഗ്രാമത്തിലെ ഒരു അംഗം സ്വര്‍ണ്ണാഭരണങ്ങള്‍ നിറഞ്ഞ ഒരു കൈയ്യോ കാലോ വെട്ടിയെടുത്തു കൊണ്ടുചെന്നാല്‍ അവര്‍ കൊട്ടും കുരവയുമായി സ്വീകരിച്ചേക്കാം..നരഭോജിഗ്രാമത്തിലേയ്ക്ക് ഒരാളെ കൊന്നു കൊണ്ടുചെന്നാലും നല്ല സ്വീകരണമായിരിക്കും.(നമ്മുടെ പാര്‍ട്ടി ഗ്രാമങ്ങളിലും ഇങ്ങനെ തന്നെ..കൊന്നു ശവം കൊണ്ടുചെല്ലണമെന്നില്ല).ഇതൊക്കെ മാതൃകയാക്കി ഞാന്‍ ഈ നുണയന്‍മാരിലാരുടെയെങ്കിലും കഴുത്തിനു പിടിച്ചു നിര്‍ത്തി പറ്റിച്ചെടുത്ത കാശ് പോക്കറ്റില്‍ നിന്നെടുക്കുകയോ ചെവിക്കുറ്റി നോക്കി ഒാരോ തല്ലു കൊടുക്കുകയോ ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.തല്ലുവാങ്ങിയവര്‍ ധ്യാനം കൂടി പുതിയ മനുഷ്യരാകാന്‍ പോകുമോ?ഞാന്‍ നാടിന്റേയും വീടിന്റേയും സ്വീകരണമേറ്റുവാങ്ങി മടങ്ങുമോ?അറിയില്ല.....

ഇതൊന്നും പറഞ്ഞാല്‍ ഏല്‍ക്കില്ല.ധ്യാനം കൂടി.സാമാന്യബുദ്ധിക്കും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കും നിരക്കാത്ത കുറേ മണ്ടന്‍ചോദ്യങ്ങള്‍ക്ക് നിന്നു കൊടുത്തു.

അതിനിടയില്‍ ഇങ്ങോട്ടു കയറിവന്ന ഒരു പ്രണയവും(എന്റെ വര്‍ഷങ്ങളുടെ മാന്യതകൊണ്ട് ഞാന്‍ സമര്‍ത്ഥമായി പറ്റിച്ച് വീഴിച്ചെടുത്ത എന്നൊരു മറുവാദവും ഞാന്‍തന്നെ പറഞ്ഞേക്കാം).പ്രണയിനിയുടെ കമന്റുകള്‍ എന്റെ ജോലി ചെയ്യുന്നവര്‍ക്കു ആളിനെ കിട്ടില്ല,മാന്യത 'അഭിനയിച്ച്' എന്റെ സ്വപ്നങ്ങളില്‍ കയറിപ്പറ്റി എന്നെ വഞ്ചിച്ചു എന്ന ലെവലെത്തിയപ്പോള്‍ പറഞ്ഞു പത്തുപതിനാറു വയസ്സുമുതല്‍ ജോലിക്ക് പോകുന്നുണ്ട്,ജോലി ചെയ്യുന്നതില്‍ ഒരു മടിയുമില്ല ഈ ഒരു അവസ്ഥയോട് പൊരുത്തപ്പെടാമെങ്കില്‍ നമുക്ക് ആലോചിക്കാം.വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിയുടെ മാനം സംരക്ഷിക്കുന്നതിനായി ഞാന്‍ തന്നെ ഇനീഷ്യേറ്റീവെടുക്കുംപോലെ ചെയ്യാം.

കലുങ്കില്‍ കട്ടന്‍ബീഡിയും വലിച്ചിരുന്ന് ഒരാള്‍ ഒരുമിച്ച് ജീവിക്കാനാവില്ലെങ്കില്‍ നമുക്ക് ഒരുമിച്ചു പോയി മരിക്കാം എന്നു പറയുംവിധത്തിലുളള പ്രതികരണം നിശബ്ദമായി ഉണ്ടായി.നാലുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലിയെന്നൊക്കെയുള്ള കുറേ അഭ്യാസങ്ങള്‍ക്കും വടംവലികള്‍ക്കും അപമാനങ്ങള്‍ക്കുംശേഷം ആ വിലപിടിച്ച സംഭവം ഒഴിഞ്ഞുപോയി.

നാട്ടിലെത്തിയപ്പോള്‍ കൈയ്യിലുള്ള
ചില്ലറത്തുട്ടുകൊണ്ട് ചെറിയൊരു ഹെല്‍പ്പ്ലൈന്‍ പോലൊന്നു സൃഷ്ടിച്ച് അവിടെയിരുന്നുകൊണ്ട് പി.എസ്.സി.പഠനം തുടങ്ങാമെന്നു വെച്ചു.പിതാമഹന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കിടയില്‍ പിതൃസഹോദരനൊരാളെ കണ്ടു.'ഇപ്പോള്‍ എന്തു ചെയ്യുന്നു' എന്ന ചോദ്യത്തിന് മറുപടി സത്യസന്ധമായി പറഞ്ഞുംപോയി.

ഒരുപാടു കേസുകള്‍ ഡീലു ചെയ്ത അദ്ദേഹത്തിന് സ്നേഹമോ അനുവഭാവമോ കാണിച്ചാല്‍ നാളെ കടമെന്നോ ഇന്‍വെസ്റ്റുമെന്റെന്നോ സഹായമെന്നോ ചോദിച്ച് കയറിചെന്നേക്കാവുന്ന ഒരു മാരണത്തിന്റെ മണമടിച്ചതിനാല്‍ ഗള്‍ഫിലെ ജോലിയില്‍ ഉറച്ചു നില്‍ക്കാന്‍ പറ്റാതിരുന്നതിലുള്ള അമര്‍ഷവും പുതിയ ഉദ്യമം രക്ഷപെടാതിരിക്കാനുള്ള സാധ്യതകളുമൊക്കെ ധാര്‍മ്മികരോക്ഷം ചാലിച്ച് എടുത്തലക്കി.

എന്തോ ഭാഗ്യം കൊണ്ട് ആ ദേഹത്തിന്റെ കല്ല്യാണത്തിനോ മറ്റോ ഒക്കത്തിരുന്നു പോയതല്ലാതെ കൊട്ടാരത്തില്‍ പോവുകയോ ഒരു തുളളി വെള്ളം ചോദിച്ചു വാങ്ങുകയോ ചെയ്യാനിട വന്നിട്ടില്ല-ഈ ധാര്‍മ്മികരോക്ഷ പ്രകടനത്തിന് മുന്‍പും ശേഷവം,ഇതെഴുതുന്ന ഇന്നുവരെ.ഇത് ബന്ധുജനങ്ങളില്‍ ഒരു വിഭാഗത്തില്‍ നിന്നുമുണ്ടായ അനുഭവങ്ങളുടെ ഒരു മാതൃക മാത്രമാണ്.

സംഗതിവശ്ശാല്‍ കോഴിക്കോട് വനത്തില്‍ വെച്ച് കാഴ്ചയില്‍ നിഷ്കളങ്കനായ (സ്ഥിരം പല്ലവി)ഒരു കായ കഴിച്ച് മൃതപ്രായനായി ഇരുപത്തഞ്ചു ദിവസത്തോളം ഒരു പ്രൈവറ്റ് മെഡിക്കല്‍ കോളേജില്‍ കിടന്നു.കൂടെപ്പഠിച്ച ആരൊക്കെയോ അവിടെ ഉണ്ടെന്നറിയാം.കണ്ടില്ല.അന്വേഷിച്ചുമില്ല.കായ് എന്തായാലും മനഃപൂര്‍വ്വം കഴിച്ചതല്ല..വിശ്വസിക്കൂ.അപൂര്‍വ്വ വിഷക്കൂട്ടുകളൊന്നും ഇതുവരെ പരിചയമില്ല.മനപൂര്‍വ്വം കൊല്ലാനോ ചാകാനോ പോയാല്‍ അത് ചെയ്യാനുള്ള ആര്‍ജ്ജവവും ഉണ്ട് എന്നു തന്നെ കരുതിക്കൊള്ളൂ.ഫുഡ് പോയിസണിങ്ങുണ്ടാക്കിയ സാമ്പത്തിക ആഘാതം സ്വന്തം ബിസിനസെന്ന ഉദ്യമം കടംവാങ്ങി പുനഃര്‍സൃഷ്ടിക്കണ്ട എന്ന തീരുമാനത്തിലെത്തിച്ചു.

പരിധിയില്ലാതെ ,ആരോഗ്യവാനായ
നമ്മുടെ അപ്പി  കോരാന്‍ (ഷിറ്റു കൂട്ടിയുള്ള ഇംഗ്ളീഷ് പ്രയോഗത്തിന്റെ സ്വതന്ത്രതര്‍ജ്ജമ)
ഒരാള്‍ വരുന്നുണ്ടെങ്കില്‍ അയാള്‍ മയക്കുരുന്നിന് അടിമയോ അല്ലെങ്കില്‍ ഇതിനൊക്കെ പകരം വലുതെന്തോ നിങ്ങളില്‍ നിന്ന് കൊണ്ടുപോകണമെന്ന് ഉറപ്പിച്ച ആളോ ആണ്.എന്നും എപ്പോഴും മധുരമായി സംസാരിക്കാത്തതെന്തെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഇതിലുണ്ട്.പരസ്പരം മുതലെടുക്കുന്നവര്‍ക്ക് പുറമേ സന്തോഷം നടിക്കുക വളരെ എളുപ്പമാണ്.

ദുരനുഭവങ്ങള്‍ പല ഓപ്ഷനുകള്‍ തരുന്നുണ്ട്.പിറകേ വരുന്നവരുടെ മേല്‍ ഇതൊക്കെ പരീക്ഷിക്കാം.കൊന്തയേയും കുരിശിനേയും തള്ളിപ്പറയാം.അതിനോടൊക്കെ അനുരഞ്ജനപ്പെട്ട് കൊന്തയും കുരിശും ഉയര്‍ത്തിപ്പിടിച്ച് പറ്റിക്കുന്നവരോട് സഹകരിക്കില്ല എന്നും തീരുമാനിക്കാം.മൂന്നാമത്തെ രീതിയാണ് ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ശലഭം പുഴുവായി പുതിയ സമാധികള്‍ തേടി മണ്ടനായി മണ്ടട്ടെ.