Tuesday, 25 September 2018

ബാരിക്ക് ഫിഷ്

"സാറമ്മാര്‍ക്കെന്തുവാ?മോട്ടയാന്നോ ബാരിക്കാന്നോ?"മദ്ധ്യപൂര്‍വ്വദേശത്തെ മണലാരണ്യത്തിനരികെയുള്ള;വിലകൊണ്ടും  സ്വാദുകൊണ്ടും അന്തരീക്ഷംകൊണ്ടും മോശമല്ലാത്ത ഒരു റസ്റ്റോറന്റില്‍ ഹാഫ്ഡേ ലീവ് ആഘോഷിക്കാനിറങ്ങിയ ഒരു പറ്റം ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിക്കാന്‍ കുത്തരിച്ചോറാണോ പച്ചരിച്ചോറാണോ വേണ്ടതെന്നാണന്വേഷണം.

"ബാരിക്ക് ഫിഷെടുത്തോ അണ്ണാ." "എല്ലാര്‍ക്കും അതു തന്നല്ലേ?"ഓര്‍ഡര്‍ ചെയ്തയാള്‍ സഹജീവനജീവികളുടെ അഭിപ്രായമാരാഞ്ഞു.

തലകുലുക്കലുകളും മൂളലുകളും 'മതി' എന്ന് ഉത്തരവുമൊക്കെയായി അഭിപ്രായങ്ങളൊരുമിച്ചപ്പോള്‍ ബാരിക്കും എണ്ണിയാലൊടുങ്ങാത്ത കറികളുമെത്തി.കുസൃതിക്കുട്ടികളൊക്കെ കൂടെയുണ്ടെങ്കില്‍ വിഴുങ്ങാന്‍ പാകത്തിന് ചെറിയ കറിപ്പാത്രങ്ങളുമുണ്ട്.ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.

"ബാരിക്കാന്നേ പ്രവാസികള്‍ക്ക് നല്ലത്"നാലാമത്തെ പാത്രം പായസം കുടിച്ചുകൊണ്ടൊരാള്‍ അഭിപ്രായപ്പെട്ടു.

സ്വാദോടെ മിണുങ്ങുന്ന ഈ  പഞ്ചസാര രഹിതന്‍ നീളന്‍ ചോറിന് വേറെ ചില കഥകള്‍ പറയാനില്ലേ? ഉണ്ട്.ഒരുപാടുണ്ട്.

കഥ പറയാനിഷ്ടമുള്ളവര്‍ക്ക് കഥക്കുണ്ടോ പഞ്ഞം.

ആട് അങ്ങാടിയിലെന്നൊക്കെ പറയുംപോലെ എല്ലാം പെറുക്കിക്കെട്ടി എറണാകുളം നഗരമധ്യത്തില്‍ വലിയ വാടകയുള്ള(സാഹചര്യവും വ്യക്തിപരമായ പരിമിതികളും വെച്ചുള്ള കമന്റാണ്)ഒരു വീട്ടിലേക്ക് താമസമെത്തി പഠിക്കാന്‍ സ്കൂളും ഉപജീവനത്തിന് മാര്‍ഗ്ഗവുമന്വേഷിച്ചു നടന്ന കാലം.

സ്കൂള്‍ കിട്ടി.ബോയ്സ് സ്കൂളാണ്.സച്ചിനേയും മമ്മൂട്ടിയേയുംകാള്‍ കൂടുതലായി തമ്മനം ഷാജി ആരാധിക്കപ്പെടുന്ന ഇടം.റ്റൂള്‍സും കൊട്ടേഷനുമൊക്കെയാണ് സംസാരത്തിലെങ്ങും.

ഇവിടെ എല്ലാം പുതിയതാണ്.കാഴ്ചകളും മണങ്ങളും സംസാരവുമെല്ലാം.കാറുകള്‍ കാണാനിഷ്ടമുണ്ടായിരുന്ന ആ കാലത്ത് കണ്ണിനു വിരുന്നായി ബെന്‍സുകളൊരുപാട് കണ്‍മുന്നില്‍ വന്നു.നമ്മുടെ കോളനിയുടെ ഒരറ്റത്ത് ഒരു ജര്‍മ്മന്‍ എന്‍.ആര്‍.ഐ.ക്ക് ബി.എം.ഡബ്ള്യൂ.ഉണ്ടല്ലോ.ഇടക്കിടെ ആനയെ എഴുന്നള്ളിക്കുംപോലെ ആ ലെഫ്റ്റ് ഹാന്ററുമുരുട്ടി മുതലാളി വഴിയേ തീരെ മെല്ലെ സഞ്ചരിക്കുന്നത് കാണാം.അന്നൊക്കെ ബി.എം.ഡബ്ള്യൂ. ബുക്ക് ചെയ്താല്‍ പാരമ്പര്യമായി പണക്കാരാണോ എന്ന് ഡിക്ടറ്റീവ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതിനുശേഷം മാത്രം ശകടം കൈമാറ്റം ചെയ്യപ്പെടുന്ന കാലമാണ്.കുട്ടിക്കൂറയും സിന്തോളുമല്ലാതെ മറ്റെന്തൊക്കെയോ വാസനയുള്ള പെണ്‍കുട്ടികള്‍ സൈക്കിളുകളില്‍ സ്കൂളില്‍ പോകുന്നത് കാണാം.പച്ചവെള്ളം കുടിക്കാനാവാത്തത് വലിയ ബുദ്ധിമുട്ടാണ്.ക്ളോറിന്‍ വെള്ളം നാടന്‍ പട്ടി പോലും കുടിക്കാന്‍ സാധ്യതയില്ല.പള്ളിയില്‍ പോയാല്‍ ഫാഷന്‍ ചാനലില്‍ കയറിയതുപോലെയാണ്.വേദപാഠക്ളാസ്സും.'നമ്മടവടെ ഇതൊന്നും നടക്കത്തില്ല.ആയിരം പോക്കറ്റുള്ള പാന്റും ബനിയനുമൊന്നും ആണും പെണ്ണും ഇടാന്‍ വികാരിയച്ചന്‍ സമ്മതിക്കുകേല.'പലരും വണ്ടിയിലിരുന്ന് കുര്‍ബാന ഇഷ്ടമുള്ള പോര്‍ഷന്‍ കാണുന്നു.ആരേയും ബുദ്ധിമുട്ടിക്കാതെ വണ്ടിയെടുത്തു പോകുന്നു.എന്നാ എടപാടാ!

അതുപോലെ അയല്‍വക്കത്തുകാരെ വാതില്‍ തുറന്ന് കണ്ടിട്ടേ ഇല്ല.ഒരേ റ്റ്യൂഷന്‍ ക്ളാസില്‍ പഠിക്കുന്ന ഒരു കുട്ടി അയല്‍പക്കമാണെന്നറിഞ്ഞത് വര്‍ഷം ഒന്നു കഴിഞ്ഞതില്‍പിന്നെ എങ്ങിനെയോ യാദൃശ്ചികമായാണ്.

അയല്‍വക്കമില്ലാത്തതും ഒരു വിധത്തില്‍ നല്ലതാണ്.പട്ടിണി ആരും അറിയില്ലല്ലോ!യൂണിയന്‍ ആപ്പീസില്‍ പോയിരുന്നാല്‍ ആഴ്ചയിലൊരു മാറ്റപ്പണി കിട്ടും.ഇരുന്നൂറ്റിയിരുപതു രൂപ കൂലിയില്‍ അമ്പതു രൂപ മേസ്തിരിക്കു കമ്മീഷന്‍.ബാക്കിയുള്ളതാണ് ആശ്രയം.

പൊട്ടും പൊടിയും ചില്ലറയും തുട്ടുമെല്ലാം കൂട്ടി വീടിനു തൊട്ടടുത്തുള്ള കടയില്‍ പോയി പതിനാറു രൂപ കിലോ വിലയുള്ള പച്ചരി വാങ്ങും.രണ്ടു കിലോ കുത്തരി വാങ്ങുന്നതിലെ നാണക്കേട് ഒഴിവാക്കാനുള്ള നാടന്‍ തന്ത്രമാണ്.പശയുള്ള  പച്ചരിയിങ്ങനെ മുളകുപൊടിയില്‍ ഉപ്പ് ചേര്‍ത്തതും കൂട്ടി അടിക്കുമ്പോള്‍ ഉണ്ടാവുന്ന മാനസികക്ളേശമാണ് ഇതിലെ ഹൈലൈറ്റ്.സവാള വില കുറഞ്ഞിരിക്കുന്ന യുഗമാണെങ്കില്‍ അതും കാണും സൈഡ് ഡിഷായി.

"ഞാന്‍ രണ്ടുകിലോ കൊമ്പന്‍മൊളക് (വറ്റല്‍ മുളക്)സപ്ളൈകോയീന്ന് വാങ്ങി കഴുകി ഒണക്കി പൊടിപ്പിച്ചു വെച്ചകൊണ്ട് ഇപ്പോ ഈ കഞ്ഞിപ്പശ തൊണ്ടേന്നിറങ്ങും'മാതാശ്രീ ആരോടെന്നില്ലാതെ തന്റെ ഡിസാസ്റ്റര്‍ മാനേജുമെന്റ് സ്കില്‍ അടിവരയിട്ടുറപ്പിക്കും.

"പതിനഞ്ചു മിനിറ്റ് നടക്കാനൊണ്ടല്ലേ?വലിഞ്ഞ് നടന്ന് ഇങ്ങു വന്നാ മതി.ചെറുപ്പമല്ലേ!പച്ചരി പൊതികെട്ടി  നാട്ടുകാരെ കാണിക്കണ്ട"ഇത്തരമൊരു നിര്‍ദ്ദേശമുള്ളതിനാല്‍ ഉച്ചക്കുണ്ണലുകള്‍ വീട്ടില്‍ വന്നാണ്.

"എന്തുക്കൂട്ട് കൂറ മണമാടോ?താന്‍ വെള്ളവടിക്കാന്‍ പോണയാണോ ഉച്ചക്ക്?"സവാള ഗിരി ഗിരിയാക്കിയ സൈഡ് ഡിഷിന്റെ മണമടിക്കുമ്പോള്‍ കൊട്ടേഷന്‍ ആരാധകര്‍ സഹപാഠികള്‍ പറയും.

അതുമൊരു ബാരിക്ക് കാലം.ചിലപ്പോഴൊക്കെ മനസ്സിനെ ഭാരപ്പെടുത്തുന്ന കാലം.

തുടക്കത്തിലഞ്ചാറുമാസത്തെ റാഗിങ്ങിനു ശേഷം നഗരം ഞങ്ങളേയും അവളിലേക്ക് ചേര്‍ത്തു.ചെറിയ സ്ഥിരജോലികള്‍.പത്തുരൂ പയുടെ സാമ്പാര്‍ കിറ്റ്.എക്സിബിഷനുകളില്‍ വലിയ എല്‍.സി.ഡി. ടെലിവിഷനുകളും ബുക്കു പൊതിയാനവയുടെ ബ്രോഷറുകളും.ചങ്ങമ്പുഴ ലൈബ്രറിയിലൊരു മെമ്പര്‍ഷിപ്പും പതിനായിരം പുസ്തകങ്ങളും.കുറച്ചു സുഹൃത്തുക്കളും.

No comments:

Post a Comment