Sunday, 16 September 2018

മര്‍മ്മാണിയുടെ ഔഷധത്തോട്ടം

പണ്ടെങ്ങാണ്ട്,ഏതോ ഒരു രാജ്യത്ത് നിപുണനായൊരു മര്‍മ്മവിദഗ്ദനുണ്ടായിരുന്നു.അദ്ദേഹത്തിന്റെ പുരയിടത്തില്‍ പരിപാലിക്കപ്പെടുന്ന അപൂര്‍വ്വങ്ങളായ കുറെ ഔഷധസസ്യങ്ങളും.

ഒരു ദിവസം രോഗികളുടെ തിരക്കൊഴിഞ്ഞപ്പോള്‍,മര്‍മ്മാണി പച്ചപ്പിന്റെ സ്ക്രീന്‍സേവറിടാനെന്നോണം തന്റെ അരുമഔഷധത്തോട്ടത്തിലേക്കൊന്നു പാളി നോക്കി.കണ്ട കാഴ്ച വളരെ പൈശാചികവും ക്രൂരവുമായിരുന്നു.അയല്‍പക്കത്തെ പുള്ളിപ്പശു,ഊട്ടി റോസ് ഗാര്‍ഡനില്‍ ചെന്ന ഇന്സറ്റഗ്രാം അക്കൗണ്ടുടമയെപ്പോലെ;തൊഴിലുറപ്പിനിറങ്ങിയ കുടുംബശ്രീക്കാരിയെപ്പോലെ, അപൂര്‍വ്വസസ്യങ്ങളെയെല്ലാം സമൂലം
(പൂവും കായുമടക്കം) വികലാംഗരാക്കുന്ന പ്രക്രിയയില്‍ വ്യാപൃതയായിരിക്കുന്നു.കളരിമുറയില്‍ പെരുവിരലിലുയര്‍ന്ന്,വട്ടംതിരിഞ്ഞ്,പറന്നുവീണ്,ഇടത്തുമാറി,ചെമ്പരത്തിവടിയൊടിച്ച്,പുള്ളിക്കാമധേനുവിനടുത്തെത്തിയ മര്‍മ്മന്‍ അടിക്കാനായി കൈയ്യുയര്‍ത്തി.തുടയില്‍ തളര്‍ത്തുന്ന മര്‍മ്മം,വയറ്റില്‍ ശ്വാസം മുട്ടിക്കുന്ന മര്‍മ്മം,കഴുത്തില്‍ കാഴ്ചപോകുന്ന മര്‍മ്മം,തലയില്‍ ബുദ്ധിനശിക്കുന്ന മര്‍മ്മം,മൂക്കില്‍പോലും കാടിവെള്ളം കുടിച്ച് നക്കിത്തുടക്കാനുള്ള എന്തോ പ്രത്യേകമര്‍മ്മം കാണായി പോലും.ഇപ്രകാരം മര്‍മ്മമയമായ പശുഗാത്രത്തെനോക്കി നിര്‍വീര്യനായി നിന്ന മര്‍മ്മാണി സോപ്പുപൊടിയുടെ പരസ്യത്തിലെന്നപോലെ(കറ ഇളക്കാന്‍ അമ്മക്കറിയാം)സഹധര്‍മ്മിണിയെ ഉദ്ദേശിച്ച് അമറി"എട്യേ,രാഷ്ട്രീയ സാഹചര്യം നോക്കാതെ ഞാനീ ജീവിയെ ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനയക്കും"."നിങ്ങളീ വടിയും പിടിച്ച് കോമരം തുള്ളാതിങ്ങു മാറ് മനുഷ്യാ" എന്ന കമന്ററിയോടെ മിസിസ് മര്‍മ്മാണി പുള്ളിപ്പശുവിന്റെ മുതുകുവഴി ഒരു ബ്ളോക്കാ ബ്ളോക്കി.ക്ളിഷേ കഥകളിലൂടെ പശു വാലുംപൊക്കിയോടിയെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ!

അമിതവിചാരം മനുഷ്യനെ നിസ്സഹായനാക്കുന്നുണ്ടോ?പഠനത്തെക്കുറിച്ച് ഒരുപാടു ചിന്തിച്ച് പഠനം ഒരുവഴിയാക്കിയ,ജോലികളെപ്പറ്റിയും അതിന്റെ ധാര്‍മ്മികവശങ്ങളെപ്പറ്റിയും ഒരുപാടു ചിന്തിച്ചു പതിനയ്യായിരത്തി ഇരുന്നൂറ്റിമുപ്പത്തിമൂന്ന് ജോലി മാറിയ,സ്വത്വത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാടു ചിന്തിച്ചു സ്വയംപീഡകനായ എനിക്കും എന്നോടു ചോദിക്കാവുന്ന ഒരു ചോദ്യമാണ് മേല്‍പ്പറഞ്ഞത്.ഏതെങ്കിലും വിഷയത്തില്‍ നടപടി എടുക്കണ്ട എങ്കില്‍ മാത്രം അതിനേക്കുറിച്ച് ഒരുപാടാലോചിക്കുക എന്നതാണ് പുതിയ സ്കീം.

No comments:

Post a Comment