Tuesday, 27 March 2018

എന്റെ ചങ്ങനാശ്ശേരിക്കാരി നഴ്സ് പെങ്ങള്‍

ചങ്ങനാശ്ശേരിയില്‍ നിന്ന് പാസഞ്ചര്‍ പിടിച്ച്  പത്തുമണിക്ക് മുന്‍പ് കുറവിലങ്ങാട് ക്ളാസ്സിലെത്തണം.

തലേന്ന് ആക്രാന്തത്തോടെ കഴിച്ച ഏഴു പെഗ് തേനീച്ച(ഹണിബീ)വെള്ളം അന്വേഷിച്ച് തലച്ചോറില്‍ മൂളിപ്പറക്കുകയാണ്.

വലിയോരു ബാക്ക് പാക്കും വള്ളിച്ചെരുപ്പും എണ്ണ വെക്കാത്ത തുരുമ്പു കളറുള്ള മുടിയും കറുത്ത തൊലിയുമൊക്കെയായി കണ്ണാടിയില്‍ നോക്കിയാല്‍ ബംഗാളി ഭാഷ സംസാരിച്ചു പോകുന്ന അവസ്ഥയിലാണ്.

എസ്.ബി.കോളേജിനടുത്തു പ്രായമായ രണ്ടുപേരെ ശുശ്രൂഷിക്കാന്‍(സുഹൃത്തിനു പകരം അദ്ദേഹത്തിന്റെ ചെറിയ ഒരു അവധിക്കാലത്ത്)പോയി നിന്ന വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പരപരാ വെളുപ്പിന് വലിഞ്ഞ് നടക്കുകയാണ്.

ഹൗസിങ്ങ് കോളനിയിലെ ഏതോ ഒരു വളവില്‍ അപ്രതീക്ഷിതമായൊരു സ്ത്രീശബ്ദം "മോന്‍ റെയില്‍വേ സ്റ്റേഷനിലേക്കാണോ?ഞാനും കൂടെ കൂടിക്കോട്ടെ?" തിരിഞ്ഞുനോക്കിയപ്പോള്‍ ഏറിയാല്‍ എന്നെക്കാള്‍ രണ്ടു വയസ്സിനു മൂത്ത ഒരു ശരാശരി സുന്ദരി.

മോനെന്നു വിളിച്ചതിലുള്ള കിറുകിറുപ്പില്‍ ഞാന്‍ നാണവും മാന്യതയും മറന്ന് അടിമുടി നോക്കിപ്പോയി.കറുത്ത നിറത്തിലുള്ള വൃത്തിയും ഭംഗിയുമുള്ള ചുരിദാര്‍,പേരിന് ആഭരണങ്ങള്‍,സാധാരണ വാച്ചും ചെരിപ്പും,സാധാരണ ബാഗ്,വ്യക്തിത്വമുള്ള ഒരു ഹെയര്‍സ്റ്റൈലും ആത്മവിശ്വാസവും സന്മാര്‍ഗ്ഗബോധവുമുള്ള(ഇന്ന് പത്രത്തില്‍ വരുന്ന സദാചാര പോലീസ് അല്ല)പുഞ്ചിരിയും.

ഇതെല്ലാം കണ്ടപ്പോള്‍ മോനേയെന്ന് വിളിച്ചതിലെ ഈര്‍ഷ്യ മോന്റെ വായില്‍ നിന്ന് കള്ള് മണക്കുമല്ലോ എന്ന ചമ്മലായി മാറി.

"ആഹാ!കൊന്തയൊക്കെയുണ്ടല്ലോ!ജീസസ് യൂത്തിലംഗമാന്നോ?" ബാഗിന്റെ ഘനം കൊണ്ട് വലിഞ്ഞ എന്റെ കോളറിനിടയില്‍ കൊന്ത കാണാം.

എനിക്ക് പരിഹാസം അടക്കാനായില്ല"ചേച്ചിയിങ്ങിനെ ആണോ എല്ലാരോടും?ഇന്നത്തെ കാലത്ത് ആരേയും ചാടിക്കയറി വിശ്വസിക്കുതെന്ന് അറിയില്ലേ?"

"മോനേ,ഞാന്‍ ഐ.ഇ.എല്‍.റ്റി.എസ്. പാസ്സായി യു.കെ. പേപ്പേഴ്സ് ശരിയാക്കാന്‍ കാത്തുനില്‍ക്കുന്ന ഒരു ബി.എസ്.സി.നഴ്സാണ്.ആ ആവശ്യത്തിനായി കോട്ടയത്തുകാരി ഒരാളുടെ കൂടെ എര്‍ണാകുളത്തിന് പോവുകയാണ്.നമ്മളാഗ്രഹിക്കാതെയും അനുവദിക്കാതെയും നമ്മളെ ഒന്നും ചെയ്യാന്‍  ഈ ലോകത്തിണ് പറ്റില്ല.ആ ധൈര്യത്തിലാണ് ദൈവത്തോട് പ്രാര്‍ത്ഥിച്ച് ഞാന്‍ യു.കെ.ക്ക് പോകാനൊരുങ്ങുന്നത്."

അതിനു മുന്‍പും ശേഷവും ഒരുപാട് വമ്പന്‍മാരോട് ഏറ്റുമുട്ടി പ്രശസ്തി പത്രത്തില്‍ വിജയവും ജീവിതത്തില്‍ പരാജയവും സമ്പാദിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ചേച്ചി എന്നെ 'പുഴു' എന്നോ 'കൃമി' എന്നോ വിളിച്ചുകൊള്ളൂ  എന്ന് പറയാന്‍ തോന്നി.

ആങ്ങളമാരെക്കൊണ്ട് തല്ലിക്കും,നിയമവും സപ്പോട്ടക്കായും പെണ്ണിനേ കിട്ടൂ ലൈനിലുള്ള അച്ചായത്തി ഗുണ്ടായിസമോ എറുമ്പിനേയും പേടിക്കുന്ന പേടമാന്‍ കളികളോ കൂടാതെ റെയില്‍വേ സ്റ്റേഷന്‍ വരെ അവര്‍ എന്നോട് വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു.

"മോന് കോട്ടയം വരെ ഞാനെടുത്ത ടിക്കറ്റില്‍ സഞ്ചരിക്കാം,കൂട്ടുകാരി കോട്ടയത്തുനിന്നേ കയറൂ" എന്ന ഓഫര്‍ ഒത്തിരി അഭിമാനത്തോടെ സ്വീകരിച്ചു.

തിരക്കുള്ള യാത്രയിലൊന്നും മനപൂഃര്‍വ്വം തോണ്ടി എന്റെ സദാചാരബോധം അവര്‍ അളന്നില്ല.

അല്ലെങ്കിലും വഴിയില്‍ കാണുന്നവരെല്ലാം തന്റെ സ്വയംവരപന്തലില്‍ പരീക്ഷക്കിരിക്കാന്‍ വന്നവരാണെന്ന് കരുതുന്നവനെ/അവളെ എന്റെ ഒരു അദ്ധ്യാപകന്‍ എന്നോട് പറഞ്ഞതുപോലെ 'അല്‍പ്പം കൂടി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ മദ്ധബുദ്ധിയെന്ന് വിളിക്കാം' ലെവലിലേ കണ്ടിട്ടുള്ളൂ.

"ലോകം ഉരുണ്ടതല്ലേ..എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മിണ്ടണേ" യെന്ന് മാത്രം പറഞ്ഞ അവര്‍ മൊബൈല്‍ നമ്പര്‍ വിനിമയത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.ഞാനും ചോദിച്ചില്ല.

ആ ചെറുപരിചയത്തില്‍ ജീവിതത്തിലെന്നും മുതല്‍ക്കൂട്ടാകുന്ന ചില പാഠങ്ങള്‍ അവര്‍ എനിക്ക് തന്നിരുന്നു. 

No comments:

Post a Comment