Sunday, 25 March 2018

കുറ്റവും ശിക്ഷയും

പലപ്പോഴും മാധ്യമങ്ങളിലെ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ കണ്ട് നമ്മള്‍ പുറത്തുവിടുന്ന ആശ്ചര്യചിഹ്നങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് പിന്നീട് മഴയായി പൊഴിയാറുണ്ടത്രെ.

അച്ഛന്‍ മകളെ കുത്തിക്കൊന്നു,റ്റി.വി.കാണാന്‍ അനുവദിക്കാത്തതിനാല്‍ പത്താംക്ളാസുകാരന്‍ ആത്മഹത്യ ചെയ്തു,അന്യസംസ്ഥാനക്കാരന്‍ മൈഥുനം നിഷേധിച്ചതിന്
മലയാളി വനിതയെ ജനനേന്ദ്രിയത്തിലടക്കം കത്തികൊണ്ട് മുറിവേല്‍പ്പിച്ച് കൊന്നു. 

മാധ്യമങ്ങള്‍ കോഴിത്തള്ള്ക്ക് കിട്ടിയ സഹകോഴിയുടെ കുടലുപോലെ കൊക്കിയും കൊത്തിയും ആഘോഷിക്കുന്ന ഇത്തരം വാര്‍ത്തകളും കാരണങ്ങളും എത്ര മാത്രം വിശ്വസനീയമാണ്??!!

ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ കൊലപാതകം ചെയ്തിട്ടു ആത്മഹത്യ നടത്താനുള്ള പ്ളാന്‍ എനിക്കില്ല.ഇതൊന്നും ഒരു മുന്‍കൂര്‍ ജാമ്യവുമല്ല.

മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ എല്ലാ ലോകമഹായുദ്ധങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും കാരണങ്ങളും പെട്ടെന്നുണ്ടായ കാരണങ്ങളുമുണ്ടാവാം.

മാനസികരോഗത്തിന്റെ സ്വാധീനത്തില്‍ അബോധമായി ചെയ്യുന്ന നിയമലംഘനങ്ങള്‍ ഇല്ല എന്നു തന്നെ പറയാം.

ഒരു അച്ഛന്‍ മകളെ കത്തികൊണ്ട് ക്രൂരമായി കൊന്നത് ഇഷ്ടമില്ലാത്ത പ്രണയത്തെ അസാധുവാക്കുന്നതിന്റെ പേരില്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന എത്ര മാധ്യമങ്ങള്‍ ഉണ്ട്?

ഒരു കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തത് റ്റി.വി.ഓഫാക്കിയതുകൊണ്ടോ പ്രണയനൈരാശ്യം കൊണ്ടോ പരീക്ഷയില്‍ തോറ്റതുകൊണ്ടോ മാത്രം ആണെന്ന് ആര്‍ക്കു  തെളിയിക്കാന്‍ പറ്റും?!

അന്യസംസ്ഥാനക്കാരനാല്‍ വധിക്കപ്പെട്ട ശരാശരി സുന്ദരി മലയാളി വനിതയുടെ പ്രിയജനത്തിന്റെ തുടര്‍നടപടികളില്‍ നിന്ന് അത് പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ച രീതിയില്‍ ഉള്ള എന്തോ ഒന്ന് മാത്രമാണെന്ന് എങ്ങിനെ പറയാനാവും??!!

ഇതിലെല്ലാം നീതി നിഷേധങ്ങളുടേയും തെറ്റായ വിദ്യാഭ്യാസത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ചില നിസ്സാരമല്ലാത്ത ഉപകഥകളും ഉണ്ടാവില്ലേ?

ലോകമഹായുദ്ധങ്ങളുടെ പെട്ടന്നുള്ള കാരണങ്ങള്‍ അക്ഷമരും മുതലെടുപ്പുകാരുമായ ന്യൂനപക്ഷം മനഃപൂര്‍വ്വം സൃഷ്ടിക്കുന്നതു തന്നെ.

എന്നാല്‍ കാരണങ്ങള്‍ എന്നത് രണ്ടു പക്ഷത്തിന്റെയും അനീതികളുടെ കഥ പേറുന്നവയായിരിക്കില്ലേ?

വിദ്യാഭ്യാസമുള്ളവരുടെ ഒരു സമൂഹം എന്ന നിലക്ക് ജനസമ്മതിയില്ലാത്ത കുറ്റവാളികളുടെ ശിക്ഷയ്ക്കുവേണ്ടി കുറച്ചുകാലം മുറവിളി കൂട്ടുക മാത്രമാണോ അതോ ഇടപെടുന്ന ഓരോരുത്തര്‍ക്കും നീതി കൊടുത്തും നീതി സമാധാനത്തില്‍ ചോദിച്ചു വാങ്ങിയും സമൂഹത്തിന്റെ കുറ്റവാസനകളെ വേരോടെ പിഴുതു കളയുകയാണോ വേണ്ടത്?

സാമൂഹികപ്രശ്നങ്ങളില്‍ ഓരോരുത്തരും ഇടപെടുകതന്നെ വേണം.പക്ഷേ അത് 'എങ്ങിനെ' എന്നത് കുറച്ച് ചിന്തിക്കേണ്ട ഒരു വിഷയമല്ലേ?!

No comments:

Post a Comment