Tuesday, 13 March 2018

ഒരു നാടന്‍ നാണക്കഥ

ഉത്സവങ്ങളും ആനയും വിവിധ രുചികളും ആവേശമായിരുന്ന ഒരു കലാലയകാലത്താണ്..ഉത്സവപ്പറമ്പിലെ കേരളീയ വസ്ത്രമണിഞ്ഞ തരുണികളും കണ്ണിന് വിരുന്നാണ്.

രാത്രി ട്രെയിനിന് നഗരത്തിലെത്തി.ആരോ വിളിച്ചപോലെ ഉണര്‍ന്നതുകൊണ്ട് രാത്രിട്രെയിനില്‍ ഉറങ്ങിപ്പോയ നോം ഭാരതസര്‍ക്കാരിന് ഒരു ബാധ്യതയായില്ല.

വിഷുക്കാലമാണ്.പുറത്തിറങ്ങി ഏത്തക്കാ ചിപ്സ് വാങ്ങി.തൊട്ടടുത്ത ക്ഷേത്രത്തിലെ സുപ്രഭാതം അടുത്തു നിന്നു കേട്ടു.സഹപാഠിയെ മൊഫൈലില്‍ വിളിച്ചു.നിര്‍ദ്ദേശപ്രകാരം അവന്റെ നാട്ടിലേക്ക് പോകുന്ന വണ്ടികള്‍ നിര്‍ത്തുന്ന സ്റ്റാന്റിലെത്തി.

കാത്തിരിപ്പിനൊടുവില്‍ ആളെത്തി.സംസ്കാരം പരിചയപ്പെടുന്നതിന്റെ ഭാഗമായി മദ്യത്തില്‍ തന്നെ തുടങ്ങി.മധ്യം അല്ല മദ്യം.തെണ്ടി കൗണ്ടര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബ്രാന്റില്ലാത്ത മദ്യം അറുപത്,തൊണ്ണൂറ് അളവുകളില്‍ ഫ്രീ അച്ചാര്‍ കൂട്ടി കഴിക്കാം അവിടങ്ങളില്‍.കസേരകള്‍ കുറവായത് കൊണ്ട്  പ്രസ്തുത സ്ഥലങ്ങളില്‍ നിന്ന് കിട്ടുന്ന മദ്യത്തെ 'നില്‍പ്പന്‍' എന്നും പറയാറുണ്ട്.

എന്തായാലും കുറവിലങ്ങാട് ദേശത്ത് ഇരുപത്തിരണ്ടു രൂപ വില ഉള്ള നില്‍പ്പനും അറുകൊല പാവക്കാ അച്ചാറിനും പകരം ഇവിടെ പതിനെട്ടിന് മദ്യവും നാരങ്ങാ അച്ചാറും കിട്ടി.കാഴ്ച കാണാനുള്ള ബോധം ബാക്കിവെച്ച് കൗണ്ടറില്‍ നിന്നിറങ്ങി ബസില്‍ ഉപവിഷ്ടരായി.നല്ല തണുത്ത കാറ്റുകൂടി അടിച്ചപ്പോള്‍ ബസിന് ചിറകുമുളച്ചു.എല്ലാം ആകാശത്തേക്കുയരാന്‍ തുടങ്ങി.സതീര്‍ത്ഥ്യന്‍ മാളിക പ്രതീക്ഷിക്കരുതെന്ന ലൈനില്‍ മുന്‍കൂര്‍ ജാമ്യമെടുത്തു തുടങ്ങി.പാലക്കാടന്‍ കള്ളിന്റെ കാര്യമൊഴിച്ച് ബാക്കിയെല്ലാം ക്രൂരമായി അവഗണിച്ചു വിട്ടു.

ബസിറങ്ങി വീണ്ടും ഒരു കിലോമീറ്റര്‍ നടക്കാനുണ്ട്.അതില്‍ പകുതിയും സ്വപ്നസമാനം കാഞ്ചനവര്‍ണ്ണമണിഞ്ഞ വയലേലകളിലൂടെ.അവിസ്മരണീയമായ കാഴ്ച.പാടശേഖരത്തിന്റെ മുക്കാലുമെത്തിയപ്പോള്‍ ഈയുള്ളവന്റെ ഇരട്ടി കായബലമുള്ള രണ്ടു ലേഡീസ് ഒരു ചെറുമാവില്‍ നിന്ന് മാങ്ങാ പറിക്കാന്‍ ഉദ്യമിക്കുന്നത് കാണായി.സഹപാഠിയോട് ഒന്നും ചോദിച്ചില്ല.ചോദിച്ചാല്‍ അത് അവന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് പിന്നീട് പരിചയപ്പെടുത്താനേ തരമുള്ളൂ.അങ്ങിനെയാണ് അനുഭവം. അനുഭവത്തില്‍ നിന്ന് പഠിച്ചു.അവരെ കണ്ടതായി ഭാവിച്ചില്ല.

അവര്‍ ഞങ്ങളെ കണ്ടപ്പോളാണ് ട്വിസ്റ്റ് സംഭവിച്ചത്.മാങ്ങായും തോട്ടിയുമൊക്കെ ഉപേക്ഷിച്ച് തരുണികള്‍ ഒരു കുളത്തില്‍ ചാടി അന്തര്‍ധാനം ചെയ്തു.ഇനി ചോദിക്കാതിരിക്കുന്നത് ശരിയല്ല.ഇന്ത്യന്‍ പൗരന്റെ കൃത്യവിലോപം കൊണ്ടും അനാസ്ഥ കൊണ്ടും തരുണികളാരും കുളങ്ങളില്‍ അപ്രത്യക്ഷരാകരുതല്ലോ? 'അതാരാ കുളത്തില്‍ ചാടിയത്?!' കുളത്തിന് പടികള്‍ ഉണ്ടെന്നും നാണം കൊണ്ട് അതിലൂടെ ഓടിയിറങ്ങി ഒളിച്ചതാണെന്നും പരദേശിയെ പുച്ഛിക്കുന്ന രീതിയില്‍ അവന്‍ പറഞ്ഞു മനസ്സിലാക്കി തന്നു.അച്ചായ ഫാഷയില്‍ ഫയങ്കരം..ഫീകരം.

വീട്ടില്‍ ചെന്നു കയറിയപ്പോള്‍ ഒരാള്‍ പല്ലുതേക്കേണ്ട ടൂത്ത് പേസ്റ്റ് കൈകളില്‍ അരയിഞ്ച് ഘനത്തില്‍ തേച്ചുപിടിപ്പിക്കുന്നു.പഴയ പടക്കം പൊട്ടിച്ചതാണത്രെ.പൊള്ളിയ ചര്‍മ്മം പൊളിഞ്ഞു പോകാതിരിക്കാനുള്ള ദിവ്യൗഷധം ആണത്രെ ടൂത്ത്പേസ്റ്റ്.

പരിചയപ്പെടല്‍ കര്‍മ്മങ്ങള്‍ക്കിടയില്‍ കുളത്തില്‍ ചാടിയ പോലൊരു തലയും പ്രത്യക്ഷപ്പെട്ടു.എല്ലാവരേയും എന്റെ സഹപാഠി തന്നെ പരിചയപ്പെടുത്തി.കുളത്തില്‍ ചാടിയുടെ ഊഴമെത്തിപ്പോള്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആണെന്ന് മനസ്സിലായി.'എനിക്കുപോലും ഇത്ര നാണമില്ലല്ലോ!' എന്ന ഒരു കമന്റില്‍ നാണം അംഗീകരിക്കപ്പെട്ടു.പിന്നെ സംസാരമില്ല.മുഖത്തേക്ക് നോക്കാതെയുമായി.

പിന്നീട് നാണത്തിന്റെ വീട്ടില്‍ ആരുടെയോ കല്ല്യാണക്കാസറ്റ് ഇട്ടു കാണിച്ച് അവശേഷിച്ച ബന്ധുക്കളെയും പരിചയപ്പെടുത്തി.

രണ്ടു ദിവസത്തെ ഷാപ്പിങ്ങിനും (ഷാപ്പ് നിരങ്ങല്‍) സാഹസികതകള്‍ക്കുമൊടുവില്‍ നാട്ടിലേക്ക് പോരാനൊരുങ്ങിയ എന്നെ സഹപാഠിയോടു ചേര്‍ന്ന് കുളത്തില്‍ ചാടിയും അനുഗമിക്കുന്നു.പാടശേഖരം പകുതി നടന്നപ്പോള്‍,'എന്തിനാ വെറുതെ വെയില് കൊള്ളുന്നത്?കോട്ടയത്തിന് പോരുവാണോ?' എന്ന ആക്ഷേപഹാസ്യത്തിന് 'ഏട്ടന്‍ വിളിച്ചില്ല്ലോ!' എന്ന റെഡിമേയ്ഡ് മറുപടി കിട്ടി.

ഞെട്ടി..പണി പാളിയോ? പതിവുപോലെ കേട്ടതായി ഭാവിച്ചില്ല.

ഇതിനിടയിലെ ഒന്നു രണ്ടു നിസ്സാര സംഭവങ്ങള്‍ പറയാന്‍ മറന്നു.പാടത്തിനരികില്‍ വെളിക്കിരുന്നപ്പോളും അരയേക്കര്‍ കുളത്തില്‍ തോര്‍ത്തുമുടുത്ത് ചാടി മറിഞ്ഞ് കുളിക്കുമ്പോളും ഞങ്ങള്‍ പരസ്പരം കണ്ടിരുന്നു.

യാത്രക്കൊടുവില്‍ മനസ്സിലായ കാര്യം തുണി ഉടുത്ത് കാണുമ്പോള്‍ മാത്രം ഉളവാകുന്ന പവിത്രമായ ഭാവമാണ് നാടന്‍ നാണം..ഇതൊക്കെ എഴുതാന്‍ വല്ലാത്ത നാണമാകുന്നു.

No comments:

Post a Comment