Tuesday, 27 March 2018

എന്റെ ചങ്ങനാശ്ശേരിക്കാരി നഴ്സ് പെങ്ങള്‍

ചങ്ങനാശ്ശേരിയില്‍ നിന്ന് പാസഞ്ചര്‍ പിടിച്ച്  പത്തുമണിക്ക് മുന്‍പ് കുറവിലങ്ങാട് ക്ളാസ്സിലെത്തണം.

തലേന്ന് ആക്രാന്തത്തോടെ കഴിച്ച ഏഴു പെഗ് തേനീച്ച(ഹണിബീ)വെള്ളം അന്വേഷിച്ച് തലച്ചോറില്‍ മൂളിപ്പറക്കുകയാണ്.

വലിയോരു ബാക്ക് പാക്കും വള്ളിച്ചെരുപ്പും എണ്ണ വെക്കാത്ത തുരുമ്പു കളറുള്ള മുടിയും കറുത്ത തൊലിയുമൊക്കെയായി കണ്ണാടിയില്‍ നോക്കിയാല്‍ ബംഗാളി ഭാഷ സംസാരിച്ചു പോകുന്ന അവസ്ഥയിലാണ്.

എസ്.ബി.കോളേജിനടുത്തു പ്രായമായ രണ്ടുപേരെ ശുശ്രൂഷിക്കാന്‍(സുഹൃത്തിനു പകരം അദ്ദേഹത്തിന്റെ ചെറിയ ഒരു അവധിക്കാലത്ത്)പോയി നിന്ന വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പരപരാ വെളുപ്പിന് വലിഞ്ഞ് നടക്കുകയാണ്.

ഹൗസിങ്ങ് കോളനിയിലെ ഏതോ ഒരു വളവില്‍ അപ്രതീക്ഷിതമായൊരു സ്ത്രീശബ്ദം "മോന്‍ റെയില്‍വേ സ്റ്റേഷനിലേക്കാണോ?ഞാനും കൂടെ കൂടിക്കോട്ടെ?" തിരിഞ്ഞുനോക്കിയപ്പോള്‍ ഏറിയാല്‍ എന്നെക്കാള്‍ രണ്ടു വയസ്സിനു മൂത്ത ഒരു ശരാശരി സുന്ദരി.

മോനെന്നു വിളിച്ചതിലുള്ള കിറുകിറുപ്പില്‍ ഞാന്‍ നാണവും മാന്യതയും മറന്ന് അടിമുടി നോക്കിപ്പോയി.കറുത്ത നിറത്തിലുള്ള വൃത്തിയും ഭംഗിയുമുള്ള ചുരിദാര്‍,പേരിന് ആഭരണങ്ങള്‍,സാധാരണ വാച്ചും ചെരിപ്പും,സാധാരണ ബാഗ്,വ്യക്തിത്വമുള്ള ഒരു ഹെയര്‍സ്റ്റൈലും ആത്മവിശ്വാസവും സന്മാര്‍ഗ്ഗബോധവുമുള്ള(ഇന്ന് പത്രത്തില്‍ വരുന്ന സദാചാര പോലീസ് അല്ല)പുഞ്ചിരിയും.

ഇതെല്ലാം കണ്ടപ്പോള്‍ മോനേയെന്ന് വിളിച്ചതിലെ ഈര്‍ഷ്യ മോന്റെ വായില്‍ നിന്ന് കള്ള് മണക്കുമല്ലോ എന്ന ചമ്മലായി മാറി.

"ആഹാ!കൊന്തയൊക്കെയുണ്ടല്ലോ!ജീസസ് യൂത്തിലംഗമാന്നോ?" ബാഗിന്റെ ഘനം കൊണ്ട് വലിഞ്ഞ എന്റെ കോളറിനിടയില്‍ കൊന്ത കാണാം.

എനിക്ക് പരിഹാസം അടക്കാനായില്ല"ചേച്ചിയിങ്ങിനെ ആണോ എല്ലാരോടും?ഇന്നത്തെ കാലത്ത് ആരേയും ചാടിക്കയറി വിശ്വസിക്കുതെന്ന് അറിയില്ലേ?"

"മോനേ,ഞാന്‍ ഐ.ഇ.എല്‍.റ്റി.എസ്. പാസ്സായി യു.കെ. പേപ്പേഴ്സ് ശരിയാക്കാന്‍ കാത്തുനില്‍ക്കുന്ന ഒരു ബി.എസ്.സി.നഴ്സാണ്.ആ ആവശ്യത്തിനായി കോട്ടയത്തുകാരി ഒരാളുടെ കൂടെ എര്‍ണാകുളത്തിന് പോവുകയാണ്.നമ്മളാഗ്രഹിക്കാതെയും അനുവദിക്കാതെയും നമ്മളെ ഒന്നും ചെയ്യാന്‍  ഈ ലോകത്തിണ് പറ്റില്ല.ആ ധൈര്യത്തിലാണ് ദൈവത്തോട് പ്രാര്‍ത്ഥിച്ച് ഞാന്‍ യു.കെ.ക്ക് പോകാനൊരുങ്ങുന്നത്."

അതിനു മുന്‍പും ശേഷവും ഒരുപാട് വമ്പന്‍മാരോട് ഏറ്റുമുട്ടി പ്രശസ്തി പത്രത്തില്‍ വിജയവും ജീവിതത്തില്‍ പരാജയവും സമ്പാദിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ചേച്ചി എന്നെ 'പുഴു' എന്നോ 'കൃമി' എന്നോ വിളിച്ചുകൊള്ളൂ  എന്ന് പറയാന്‍ തോന്നി.

ആങ്ങളമാരെക്കൊണ്ട് തല്ലിക്കും,നിയമവും സപ്പോട്ടക്കായും പെണ്ണിനേ കിട്ടൂ ലൈനിലുള്ള അച്ചായത്തി ഗുണ്ടായിസമോ എറുമ്പിനേയും പേടിക്കുന്ന പേടമാന്‍ കളികളോ കൂടാതെ റെയില്‍വേ സ്റ്റേഷന്‍ വരെ അവര്‍ എന്നോട് വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും കൊണ്ടിരുന്നു.

"മോന് കോട്ടയം വരെ ഞാനെടുത്ത ടിക്കറ്റില്‍ സഞ്ചരിക്കാം,കൂട്ടുകാരി കോട്ടയത്തുനിന്നേ കയറൂ" എന്ന ഓഫര്‍ ഒത്തിരി അഭിമാനത്തോടെ സ്വീകരിച്ചു.

തിരക്കുള്ള യാത്രയിലൊന്നും മനപൂഃര്‍വ്വം തോണ്ടി എന്റെ സദാചാരബോധം അവര്‍ അളന്നില്ല.

അല്ലെങ്കിലും വഴിയില്‍ കാണുന്നവരെല്ലാം തന്റെ സ്വയംവരപന്തലില്‍ പരീക്ഷക്കിരിക്കാന്‍ വന്നവരാണെന്ന് കരുതുന്നവനെ/അവളെ എന്റെ ഒരു അദ്ധ്യാപകന്‍ എന്നോട് പറഞ്ഞതുപോലെ 'അല്‍പ്പം കൂടി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ മദ്ധബുദ്ധിയെന്ന് വിളിക്കാം' ലെവലിലേ കണ്ടിട്ടുള്ളൂ.

"ലോകം ഉരുണ്ടതല്ലേ..എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മിണ്ടണേ" യെന്ന് മാത്രം പറഞ്ഞ അവര്‍ മൊബൈല്‍ നമ്പര്‍ വിനിമയത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.ഞാനും ചോദിച്ചില്ല.

ആ ചെറുപരിചയത്തില്‍ ജീവിതത്തിലെന്നും മുതല്‍ക്കൂട്ടാകുന്ന ചില പാഠങ്ങള്‍ അവര്‍ എനിക്ക് തന്നിരുന്നു. 

Sunday, 25 March 2018

കുറ്റവും ശിക്ഷയും

പലപ്പോഴും മാധ്യമങ്ങളിലെ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ കണ്ട് നമ്മള്‍ പുറത്തുവിടുന്ന ആശ്ചര്യചിഹ്നങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് പിന്നീട് മഴയായി പൊഴിയാറുണ്ടത്രെ.

അച്ഛന്‍ മകളെ കുത്തിക്കൊന്നു,റ്റി.വി.കാണാന്‍ അനുവദിക്കാത്തതിനാല്‍ പത്താംക്ളാസുകാരന്‍ ആത്മഹത്യ ചെയ്തു,അന്യസംസ്ഥാനക്കാരന്‍ മൈഥുനം നിഷേധിച്ചതിന്
മലയാളി വനിതയെ ജനനേന്ദ്രിയത്തിലടക്കം കത്തികൊണ്ട് മുറിവേല്‍പ്പിച്ച് കൊന്നു. 

മാധ്യമങ്ങള്‍ കോഴിത്തള്ള്ക്ക് കിട്ടിയ സഹകോഴിയുടെ കുടലുപോലെ കൊക്കിയും കൊത്തിയും ആഘോഷിക്കുന്ന ഇത്തരം വാര്‍ത്തകളും കാരണങ്ങളും എത്ര മാത്രം വിശ്വസനീയമാണ്??!!

ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ കൊലപാതകം ചെയ്തിട്ടു ആത്മഹത്യ നടത്താനുള്ള പ്ളാന്‍ എനിക്കില്ല.ഇതൊന്നും ഒരു മുന്‍കൂര്‍ ജാമ്യവുമല്ല.

മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ എല്ലാ ലോകമഹായുദ്ധങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും കാരണങ്ങളും പെട്ടെന്നുണ്ടായ കാരണങ്ങളുമുണ്ടാവാം.

മാനസികരോഗത്തിന്റെ സ്വാധീനത്തില്‍ അബോധമായി ചെയ്യുന്ന നിയമലംഘനങ്ങള്‍ ഇല്ല എന്നു തന്നെ പറയാം.

ഒരു അച്ഛന്‍ മകളെ കത്തികൊണ്ട് ക്രൂരമായി കൊന്നത് ഇഷ്ടമില്ലാത്ത പ്രണയത്തെ അസാധുവാക്കുന്നതിന്റെ പേരില്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന എത്ര മാധ്യമങ്ങള്‍ ഉണ്ട്?

ഒരു കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തത് റ്റി.വി.ഓഫാക്കിയതുകൊണ്ടോ പ്രണയനൈരാശ്യം കൊണ്ടോ പരീക്ഷയില്‍ തോറ്റതുകൊണ്ടോ മാത്രം ആണെന്ന് ആര്‍ക്കു  തെളിയിക്കാന്‍ പറ്റും?!

അന്യസംസ്ഥാനക്കാരനാല്‍ വധിക്കപ്പെട്ട ശരാശരി സുന്ദരി മലയാളി വനിതയുടെ പ്രിയജനത്തിന്റെ തുടര്‍നടപടികളില്‍ നിന്ന് അത് പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ച രീതിയില്‍ ഉള്ള എന്തോ ഒന്ന് മാത്രമാണെന്ന് എങ്ങിനെ പറയാനാവും??!!

ഇതിലെല്ലാം നീതി നിഷേധങ്ങളുടേയും തെറ്റായ വിദ്യാഭ്യാസത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ചില നിസ്സാരമല്ലാത്ത ഉപകഥകളും ഉണ്ടാവില്ലേ?

ലോകമഹായുദ്ധങ്ങളുടെ പെട്ടന്നുള്ള കാരണങ്ങള്‍ അക്ഷമരും മുതലെടുപ്പുകാരുമായ ന്യൂനപക്ഷം മനഃപൂര്‍വ്വം സൃഷ്ടിക്കുന്നതു തന്നെ.

എന്നാല്‍ കാരണങ്ങള്‍ എന്നത് രണ്ടു പക്ഷത്തിന്റെയും അനീതികളുടെ കഥ പേറുന്നവയായിരിക്കില്ലേ?

വിദ്യാഭ്യാസമുള്ളവരുടെ ഒരു സമൂഹം എന്ന നിലക്ക് ജനസമ്മതിയില്ലാത്ത കുറ്റവാളികളുടെ ശിക്ഷയ്ക്കുവേണ്ടി കുറച്ചുകാലം മുറവിളി കൂട്ടുക മാത്രമാണോ അതോ ഇടപെടുന്ന ഓരോരുത്തര്‍ക്കും നീതി കൊടുത്തും നീതി സമാധാനത്തില്‍ ചോദിച്ചു വാങ്ങിയും സമൂഹത്തിന്റെ കുറ്റവാസനകളെ വേരോടെ പിഴുതു കളയുകയാണോ വേണ്ടത്?

സാമൂഹികപ്രശ്നങ്ങളില്‍ ഓരോരുത്തരും ഇടപെടുകതന്നെ വേണം.പക്ഷേ അത് 'എങ്ങിനെ' എന്നത് കുറച്ച് ചിന്തിക്കേണ്ട ഒരു വിഷയമല്ലേ?!

Tuesday, 20 March 2018

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന എന്നാല്‍ പ്രകര്‍ഷേന ഉള്ള അര്‍ത്ഥന (ഓട്ടോ സജഷന്‍) അഥവാ ഒരു വ്യക്തി തനിക്കുതന്നെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങളാണെന്ന് ക്രിസ്തീയ സഭ തന്നെ ഒളിഞ്ഞും തെളിഞ്ഞും പഠിപ്പിക്കുന്നുണ്ടല്ലോ!

സ്വയം നിര്‍ദ്ദേശങ്ങള്‍ കൊടുത്തതു കൊണ്ടു മാത്രം ഒന്നും നടക്കാനിടയില്ല.

സ്വയമേ വാക്കിനും പ്രാര്‍ത്ഥനയ്ക്കും വില കൊടുക്കുന്നവരാകണം.

പ്രവൃത്തി കൂടാതെുയുള്ള വിശ്വാസം നിരര്‍ത്ഥകമെന്ന് മതഗ്രനഥം ബൈബിള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ 90% പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി.നാട്ടുകാരെ ബോധിപ്പിക്കല്‍ 10% ത്തില്‍ ഒതുക്കാന്‍ അത്തരക്കാരെ അനുവദിക്കേണ്ടതല്ലേ!!

Thursday, 15 March 2018

നാഴികക്കല്ലുകള്‍

പഴയ നാട്ടുവഴികളില്‍ പൊടിപിടിച്ച,കാറ്റുപിടിച്ച മരംപോലെ ചെരിഞ്ഞ നാഴികക്കല്ലുകള്‍ കാണാം.അതിന്റെ ഉദ്ദേശ്യം  എന്തെന്ന് നാഴികക്കല്ലിനോ,വഴിക്കോ,കുഴിച്ചിട്ടവനോ,കാഴ്ചക്കാരനോ അറിയുമോ എന്നറിയില്ല.

നിലത്തു നോക്കി നടക്കുന്ന ശീലം മറന്നവര്‍ ഈ കല്ലുകളില്‍ തട്ടി വീണ് മാനസികാവസ്ഥ പോലെ ദൈവത്തേയും സമയത്തേയും സര്‍ക്കാരിനേയും കൂടെ നടക്കുന്നവനേയുമൊക്കെ വിമര്‍ശിക്കാനുളള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇടര്‍ച്ചക്കുള്ള കല്ലുകള്‍ എന്ന് മതഗ്രന്ഥമായ ബൈബിളിലും ഒരു പ്രയോഗമുണ്ട്.

നാഴികക്കല്ലുകളില്‍ തട്ടിയുള്ള വീഴ്ച നിലത്തുനോക്കി നടക്കാനുള്ള ഒരു പാഠമായി എടുത്ത് അതിനപ്പുറത്തുള്ള കുഴിയിലോ,തോട്ടിലോ,അഴുക്കുചാലിലോ വീണില്ലല്ലോ എന്ന ആശ്വാസത്തോടെ യാത്ര തുടരുന്നതില്‍ തെറ്റുണ്ടോ?

Tuesday, 13 March 2018

ഒരു നാടന്‍ നാണക്കഥ

ഉത്സവങ്ങളും ആനയും വിവിധ രുചികളും ആവേശമായിരുന്ന ഒരു കലാലയകാലത്താണ്..ഉത്സവപ്പറമ്പിലെ കേരളീയ വസ്ത്രമണിഞ്ഞ തരുണികളും കണ്ണിന് വിരുന്നാണ്.

രാത്രി ട്രെയിനിന് നഗരത്തിലെത്തി.ആരോ വിളിച്ചപോലെ ഉണര്‍ന്നതുകൊണ്ട് രാത്രിട്രെയിനില്‍ ഉറങ്ങിപ്പോയ നോം ഭാരതസര്‍ക്കാരിന് ഒരു ബാധ്യതയായില്ല.

വിഷുക്കാലമാണ്.പുറത്തിറങ്ങി ഏത്തക്കാ ചിപ്സ് വാങ്ങി.തൊട്ടടുത്ത ക്ഷേത്രത്തിലെ സുപ്രഭാതം അടുത്തു നിന്നു കേട്ടു.സഹപാഠിയെ മൊഫൈലില്‍ വിളിച്ചു.നിര്‍ദ്ദേശപ്രകാരം അവന്റെ നാട്ടിലേക്ക് പോകുന്ന വണ്ടികള്‍ നിര്‍ത്തുന്ന സ്റ്റാന്റിലെത്തി.

കാത്തിരിപ്പിനൊടുവില്‍ ആളെത്തി.സംസ്കാരം പരിചയപ്പെടുന്നതിന്റെ ഭാഗമായി മദ്യത്തില്‍ തന്നെ തുടങ്ങി.മധ്യം അല്ല മദ്യം.തെണ്ടി കൗണ്ടര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബ്രാന്റില്ലാത്ത മദ്യം അറുപത്,തൊണ്ണൂറ് അളവുകളില്‍ ഫ്രീ അച്ചാര്‍ കൂട്ടി കഴിക്കാം അവിടങ്ങളില്‍.കസേരകള്‍ കുറവായത് കൊണ്ട്  പ്രസ്തുത സ്ഥലങ്ങളില്‍ നിന്ന് കിട്ടുന്ന മദ്യത്തെ 'നില്‍പ്പന്‍' എന്നും പറയാറുണ്ട്.

എന്തായാലും കുറവിലങ്ങാട് ദേശത്ത് ഇരുപത്തിരണ്ടു രൂപ വില ഉള്ള നില്‍പ്പനും അറുകൊല പാവക്കാ അച്ചാറിനും പകരം ഇവിടെ പതിനെട്ടിന് മദ്യവും നാരങ്ങാ അച്ചാറും കിട്ടി.കാഴ്ച കാണാനുള്ള ബോധം ബാക്കിവെച്ച് കൗണ്ടറില്‍ നിന്നിറങ്ങി ബസില്‍ ഉപവിഷ്ടരായി.നല്ല തണുത്ത കാറ്റുകൂടി അടിച്ചപ്പോള്‍ ബസിന് ചിറകുമുളച്ചു.എല്ലാം ആകാശത്തേക്കുയരാന്‍ തുടങ്ങി.സതീര്‍ത്ഥ്യന്‍ മാളിക പ്രതീക്ഷിക്കരുതെന്ന ലൈനില്‍ മുന്‍കൂര്‍ ജാമ്യമെടുത്തു തുടങ്ങി.പാലക്കാടന്‍ കള്ളിന്റെ കാര്യമൊഴിച്ച് ബാക്കിയെല്ലാം ക്രൂരമായി അവഗണിച്ചു വിട്ടു.

ബസിറങ്ങി വീണ്ടും ഒരു കിലോമീറ്റര്‍ നടക്കാനുണ്ട്.അതില്‍ പകുതിയും സ്വപ്നസമാനം കാഞ്ചനവര്‍ണ്ണമണിഞ്ഞ വയലേലകളിലൂടെ.അവിസ്മരണീയമായ കാഴ്ച.പാടശേഖരത്തിന്റെ മുക്കാലുമെത്തിയപ്പോള്‍ ഈയുള്ളവന്റെ ഇരട്ടി കായബലമുള്ള രണ്ടു ലേഡീസ് ഒരു ചെറുമാവില്‍ നിന്ന് മാങ്ങാ പറിക്കാന്‍ ഉദ്യമിക്കുന്നത് കാണായി.സഹപാഠിയോട് ഒന്നും ചോദിച്ചില്ല.ചോദിച്ചാല്‍ അത് അവന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് പിന്നീട് പരിചയപ്പെടുത്താനേ തരമുള്ളൂ.അങ്ങിനെയാണ് അനുഭവം. അനുഭവത്തില്‍ നിന്ന് പഠിച്ചു.അവരെ കണ്ടതായി ഭാവിച്ചില്ല.

അവര്‍ ഞങ്ങളെ കണ്ടപ്പോളാണ് ട്വിസ്റ്റ് സംഭവിച്ചത്.മാങ്ങായും തോട്ടിയുമൊക്കെ ഉപേക്ഷിച്ച് തരുണികള്‍ ഒരു കുളത്തില്‍ ചാടി അന്തര്‍ധാനം ചെയ്തു.ഇനി ചോദിക്കാതിരിക്കുന്നത് ശരിയല്ല.ഇന്ത്യന്‍ പൗരന്റെ കൃത്യവിലോപം കൊണ്ടും അനാസ്ഥ കൊണ്ടും തരുണികളാരും കുളങ്ങളില്‍ അപ്രത്യക്ഷരാകരുതല്ലോ? 'അതാരാ കുളത്തില്‍ ചാടിയത്?!' കുളത്തിന് പടികള്‍ ഉണ്ടെന്നും നാണം കൊണ്ട് അതിലൂടെ ഓടിയിറങ്ങി ഒളിച്ചതാണെന്നും പരദേശിയെ പുച്ഛിക്കുന്ന രീതിയില്‍ അവന്‍ പറഞ്ഞു മനസ്സിലാക്കി തന്നു.അച്ചായ ഫാഷയില്‍ ഫയങ്കരം..ഫീകരം.

വീട്ടില്‍ ചെന്നു കയറിയപ്പോള്‍ ഒരാള്‍ പല്ലുതേക്കേണ്ട ടൂത്ത് പേസ്റ്റ് കൈകളില്‍ അരയിഞ്ച് ഘനത്തില്‍ തേച്ചുപിടിപ്പിക്കുന്നു.പഴയ പടക്കം പൊട്ടിച്ചതാണത്രെ.പൊള്ളിയ ചര്‍മ്മം പൊളിഞ്ഞു പോകാതിരിക്കാനുള്ള ദിവ്യൗഷധം ആണത്രെ ടൂത്ത്പേസ്റ്റ്.

പരിചയപ്പെടല്‍ കര്‍മ്മങ്ങള്‍ക്കിടയില്‍ കുളത്തില്‍ ചാടിയ പോലൊരു തലയും പ്രത്യക്ഷപ്പെട്ടു.എല്ലാവരേയും എന്റെ സഹപാഠി തന്നെ പരിചയപ്പെടുത്തി.കുളത്തില്‍ ചാടിയുടെ ഊഴമെത്തിപ്പോള്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആണെന്ന് മനസ്സിലായി.'എനിക്കുപോലും ഇത്ര നാണമില്ലല്ലോ!' എന്ന ഒരു കമന്റില്‍ നാണം അംഗീകരിക്കപ്പെട്ടു.പിന്നെ സംസാരമില്ല.മുഖത്തേക്ക് നോക്കാതെയുമായി.

പിന്നീട് നാണത്തിന്റെ വീട്ടില്‍ ആരുടെയോ കല്ല്യാണക്കാസറ്റ് ഇട്ടു കാണിച്ച് അവശേഷിച്ച ബന്ധുക്കളെയും പരിചയപ്പെടുത്തി.

രണ്ടു ദിവസത്തെ ഷാപ്പിങ്ങിനും (ഷാപ്പ് നിരങ്ങല്‍) സാഹസികതകള്‍ക്കുമൊടുവില്‍ നാട്ടിലേക്ക് പോരാനൊരുങ്ങിയ എന്നെ സഹപാഠിയോടു ചേര്‍ന്ന് കുളത്തില്‍ ചാടിയും അനുഗമിക്കുന്നു.പാടശേഖരം പകുതി നടന്നപ്പോള്‍,'എന്തിനാ വെറുതെ വെയില് കൊള്ളുന്നത്?കോട്ടയത്തിന് പോരുവാണോ?' എന്ന ആക്ഷേപഹാസ്യത്തിന് 'ഏട്ടന്‍ വിളിച്ചില്ല്ലോ!' എന്ന റെഡിമേയ്ഡ് മറുപടി കിട്ടി.

ഞെട്ടി..പണി പാളിയോ? പതിവുപോലെ കേട്ടതായി ഭാവിച്ചില്ല.

ഇതിനിടയിലെ ഒന്നു രണ്ടു നിസ്സാര സംഭവങ്ങള്‍ പറയാന്‍ മറന്നു.പാടത്തിനരികില്‍ വെളിക്കിരുന്നപ്പോളും അരയേക്കര്‍ കുളത്തില്‍ തോര്‍ത്തുമുടുത്ത് ചാടി മറിഞ്ഞ് കുളിക്കുമ്പോളും ഞങ്ങള്‍ പരസ്പരം കണ്ടിരുന്നു.

യാത്രക്കൊടുവില്‍ മനസ്സിലായ കാര്യം തുണി ഉടുത്ത് കാണുമ്പോള്‍ മാത്രം ഉളവാകുന്ന പവിത്രമായ ഭാവമാണ് നാടന്‍ നാണം..ഇതൊക്കെ എഴുതാന്‍ വല്ലാത്ത നാണമാകുന്നു.

Monday, 12 March 2018

കുട്ടികളെ സൂക്ഷിക്കുക

ശാസ്ത്രം പറയുന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ തൊണ്ണൂറ് ശതമാനവും രൂപപ്പെടുന്നത് നാലു വയസ്സിന് മുന്‍പാണെന്നാണ്.

ഒരു ഒപ്പുകടലാസ് പോലെ ബ്ളോട്ടിംഗ് പേപ്പര്‍) പോലെ ഇന്ദ്രിയങ്ങളും തലച്ചോറും വിവേചനരഹിതമായി കണ്ടതും കേട്ടതും മണത്തതും തൊട്ടതുമൊക്കെ സംഭരിക്കുന്ന സമയം.

കുട്ടികള്‍ എങ്ങിനെ ഒഴിവുകഴിവുകള്‍/നുണ പറയുന്നു എന്നു പല മാതാപിതാക്കളും സമര്‍ത്ഥമായി നുണ പയുന്നത് കേട്ടിട്ടുണ്ട്.

വ്യക്തിപരമായ അനുഭവം പറയാം.ഒരു ചെയിന്‍ സ്മോക്കറായ അപ്പനെ പിന്തിരിപ്പിക്കാന്‍ ഗര്‍ഭിണിയായിരുന്ന അമ്മ മൂന്നു ദിവസം വരെ ഗാന്ധിയന്‍ നിരാഹാരം അനുഷ്ടിച്ചിട്ടുണ്ടത്രെ.അന്ന് ഗര്‍ഭസ്ഥശിശുവായിരുന്ന എനിക്കുണ്ടായേക്കാവുന്ന ശാരീരിക,മാനസിക മുരടിച്ച പോട്ടെ,ഈ കഥ പക്വത ആകാത്ത പ്രായത്തിലേ വിശദമായി കേള്‍ക്കാന്‍ ഇടയായ എന്റെ മനസ്സിലൂടെ പാഞ്ഞ ചിന്തകളെപ്പറ്റി ഒന്ന് ഇമാജിന്‍ ചെയ്യാമോ?

പലപ്പോഴും സ്വന്തം ജീവനെക്കാള്‍ പ്രാധാന്യം മറ്റു പലതിനും (ആദര്‍ശങ്ങള്‍ എന്നു പോസിറ്റീവ് ആയും മര്‍ക്കടമുഷ്ടി എന്ന് നെഗറ്റീവ് ആയും പറയാവുന്നവ)കൊടുക്കുന്ന രീതിയിലുള്ള തീരുമാനങ്ങള്‍ക്കു പിറകില്‍ ഈ കഥകളാവാം.ഇന്ന് ഒരുപാട് ദുരനുഭവങ്ങള്‍ക്കും ഇരുന്നു ചിന്തിക്കലുകള്‍ക്കും ശേഷം എന്റെ അമ്മയോട് അവരുടെ അറിവില്ലായ്മ ഓര്‍ത്ത് സഹതപിക്കാന്‍ ആവുന്നുണ്ട്.

അതുപോലെ ഗുണപാഠമില്ലാത്ത ഒരു കഥകളും കുട്ടികളുടെ മുന്‍പില്‍ വെച്ച് പറയാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.അധരങ്ങളില്‍ മദ്യത്തിന്റെ മണം ഉള്ളപ്പോള്‍ കുഞ്ഞുങ്ങളെ എടുക്കാന്‍ പോകാറില്ല.മദ്യപിച്ചതിന്റെ ന്യായീകരണം കുട്ടികള്‍ കേള്‍ക്കെ പറയാറുമില്ല.

തനിക്ക് ബിവറേജില്‍ ക്യൂ നില്‍ക്കാന്‍ പറ്റാത്ത ഒരു കാലത്ത് കരുത്തനായ ഒരു സഹകുടിയനെ ദീര്‍ഘവീക്ഷണത്തോടെ കണ്ട് പേരക്കുട്ടികള്‍ക്കും മക്കള്‍ക്കും മദ്യം നാവില്‍ തൊട്ടുകൊടുക്കുന്ന മഹാന്‍മാരുമുണ്ട് പരിചയത്തില്‍.ഇത് അറിവില്ലായ്മയുടേയും അഹങ്കാരത്തിന്റെയും പാരമ്യത അല്ലേ?

ഇത് ഒരു കുറ്റാരോപണമോ രക്ഷപെടല്‍ തന്ത്രമോ അല്ല.ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമൊക്കെ ഉത്തരവാദി ഞാന്‍ തന്നെയാണ്.

കുട്ടികളോട് ഇടപെടുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപാടു ആളുകളുടേയും മനുഷ്യന് എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളുടേയും ഭാവി നമ്മള്‍ നെഗറ്റീവ് ആയി തിരുത്തുകയാണെന്ന് ഓര്‍ക്കണേ!!!

Sunday, 11 March 2018

നിയമനിര്‍മ്മാണം

'First obey, then question'ഇതു സൈനികര്‍ക്ക് സുപരിചിതമായ ഒരു ഗോള്‍ഡന്‍ റൂളാണ്.

നമ്മുടെ നികുതിപ്പണം കൊണ്ട് ഫേസ്ബുക്കിലടക്കം പ്രചരണം നടത്തി ഭൂരിപക്ഷം നേടി അധികാരത്തില്‍ ഏറിയ ജനപ്രതിനിധികള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍  പാലിക്കപ്പെടേണ്ടേ?

പാലിച്ചു തുടങ്ങുമ്പോള്‍ അനുഭവപ്പെടുന്ന പോരായ്മകള്‍ ജനസേവകരെ എഴുതി അറിയിക്കുക.വിശ്വസിക്കൂ,ഗവണ്‍മെന്റ് നിയമം ഭേദഗതി വരുത്താന്‍ സ്വമേധാ മുന്‍പോട്ടു വരും-അവരില്‍ ഭൂരിഭാഗവും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണെങ്കില്‍.

ഭരണവര്‍ഗ്ഗത്തിനും സില്‍ബന്ധിക്കള്‍ക്കും നിയമം വെറും കളിക്കോപ്പായതാണ് അവര്‍ പൊതുജനത്തെ കേള്‍ക്കാത്തത്.

ഒരു മാസത്തേക്ക് ബീഫ് ഉപേക്ഷിക്കാമോ?വിദേശപര്യടനത്തിലുളള ജനസേവക മൊയലാളി ബീഫ് കറി വെച്ച് നമുക്കു തരും-വേറെ പീഡനകേസുകളില്‍ പൊതുജനശ്രദ്ധ തിരിക്കപ്പെട്ടില്ലെങ്കില്‍..

Tuesday, 6 March 2018

ഹോളിവുഡ് സിനിമകള്‍ എന്ന വിലക്കപ്പെട്ട കനി

ഹോളിവുഡ് ഏറ്റെടുക്കൂന്ന ജോലിക്കുവേണ്ടി എന്തും ചെയ്യുന്ന (വണ്ടി അറഞ്ചം പുറഞ്ചം ഓടിച്ച് ഒരു നഗരം മുഴുവന്‍ താറുമാറാക്കുക,മുന്‍പില്‍ വരുന്ന എല്ലാരേയും കൊന്നു തള്ളുക)നായികാ നായക വില്ല സംഘങ്ങളെ കൊണ്ട് നിറഞ്ഞതാണല്ലോ! ഭാരതീയ സംസ്കാരത്തില്‍ മതവും രാഷ്ട്രീയവും അല്ലാത്ത ഒരു കാരണത്തിനുവേണ്ടി ഒരാളെ ഒറ്റയടിക്ക് കൊല്ലുന്നത് നിഷിദ്ധമാണ്.(ഇഞ്ചിഞ്ചായി കൊല്ലും).ശരിക്കും ജോലിസംബന്ധമായ(ചീത്ത ദുരഭിമാന ബന്ധിതമായ) കൊലാറ്ററല്‍ ഡാമേജുകള്‍ നമ്മള്‍ ഹോളിവുഡില്‍ നിന്ന് കണ്ടുപടിക്കണോ?

ഹോളിവുഡ് രീതിയില്‍ ജോലി ചെയ്യുന്നവരെപ്പറ്റി പറയാം.അധികാരി പരീക്ഷണാര്‍ത്ഥം തന്ന ഒരു ജോലി സഹജീവനക്കാരുടെ സമയവും പ്രൊഫഷണലിസവും ജോബ് സാറ്റിസ്ഫാക്ഷനും തട്ടിപ്പറിച്ച് (അത് സ്ട്രീറ്റ് സ്മാര്‍ട്ട്നെസ്സിലൂടെ മാത്രമാണ്) ഒരു ആത്മാര്‍ത്ഥതയും ദീര്‍ഘവീക്ഷണവുമില്ലാതെ ചെയ്തു തീര്‍ത്തു(?)തട്ടിപ്പറിക്കപ്പെട്ടവനോട് അധികാരിയോടു ചേര്‍ന്ന് ദേഷ്യപ്പെടുകയോ സഹതപിക്കുകയോ നെഗറ്റീവ് ആയി മോട്ടിവേറ്റ് ചെയ്യുകയോ ചെയ്യുന്നവരില്ലേ? ഇതിനാണ് ശരിക്കും തെറ്റായ ഹോളിവുഡ് അനുകരണം എന്നു പറയുന്നത്.

തങ്ങള്‍ക്ക് പരിഹരിക്കാന്‍ (പഞ്ചാരവാക്കുകൊണ്ടും മത്തിക്കച്ചവട തന്ത്രങ്ങളിലൂടെയും ഒരു ചിലവുമില്ലാതെയല്ല,കണ്ണിനു പകരം കണ്ണ്,സമയത്തിന് പകരം സമയം രീതിയില്‍)പറ്റാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണം...ഇത് ഞാന്‍ എന്നോടു കാണിക്കുന്ന നീതിയാണ്..ന്യായമായി പരിഹരിക്കാന്‍ ആവുന്ന പക്ഷപാതവും രാഷ്ട്രീയവും ദുരഭിമാനവും മാറ്റി വെച്ചുള്ള തീരുമാനങ്ങള്‍ വ്യക്തിജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ഒരു മുതല്‍ക്കൂട്ടാണ്.വഴിയരികിലെ തേന്‍മാവ് പോലെ ഈ തീരുമാനങ്ങള്‍ തിരിച്ചറിയപ്പെടാതെ ഫലം പൊഴിക്കും എന്നു തന്നെ വിശ്വസിക്കുന്നു.

സായിപ്പിന്റെ സിനിമയിലെ വെടിക്കോപ്പുകളും വേഗതയും മദ്യവും രത്നക്കല്ലുകളും ചൂതാട്ടസംസ്കാരവും ഇന്‍സെക്യൂരിറ്റിയും വില്‍ക്കാനുള്ളവയാണ്.

സിനിമകളിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും വില ഉയര്‍ത്തപ്പെട്ട മേല്‍ പറഞ്ഞ വസ്തുക്കള്‍ (ഉദാ:ഒരു ഇന്ത്യന്‍ വ്യവസായി,ചൂഷകന്‍ കെട്ടിയോള്‍ക്ക് വാങ്ങി കൊടുത്ത രത്നക്കല്ലിന്റെ വില ആര് എങ്ങിനെ നിര്‍ണ്ണയിച്ചു?)കര്‍ശനമായ മാധ്യമസെന്‍സര്‍ഷിപ്പുള്ള പാശ്ചാത്യര്‍ പൗരസ്ത്യര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ബുള്‍ ഷിറ്റല്ലേ?

എല്ലാ സംസ്കാരത്തില്‍ നിന്നും നല്ലത് മാത്രം സ്വീകരിക്കുന്ന ആതിഥേയത്വത്തിന്റെ അമ്മയായ ഭാരതസംസ്കാരം ഇന്ന് ആരോ അടിച്ചേല്‍പ്പിക്കുന്നതിനെ വേദവാക്യമെന്ന് പറഞ്ഞിരിക്കുന്നു.ഉത്പാദനപരമായി ഒരു മൂല്യവുമില്ലാത്ത,പണപ്പെരുപ്പം ഉണ്ടാക്കാന്‍ മാത്രം ഉപയുക്തമാകുന്ന ഇടനില ജോലികള്‍ (ഷെയര്‍,സ്ഥലക്കച്ചവടം,മാട്രിമോണി കച്ചവടം),ലോട്ടറി പോലുള്ള ചൂതാട്ട ജോലികള്‍ ഇവയ്ക്കു കിട്ടുന്ന സോഷ്യല്‍ അക്സപ്റ്റന്‍സും മതിപ്പും(?)പാശ്ചാത്യര്‍ ഈരി തന്ന ഓട്ട വീണ അടിവസ്ത്രങ്ങള്‍ അല്ലേ?! 

ഇതേ ഹോളിവുഡ് സിനിമകളെ ശരിയായ ഇന്ത്യന്‍ സംസ്കാരത്തില്‍ നോക്കി കണ്ടാല്‍ അവരുടെ ഡെഡിക്കേഷനും,റ്റീം വര്‍ക്കും,മാറ്റത്തെ അംഗീകരിക്കാനും മാറാനുമുള്ള കഴിവും മാതൃകയാക്കാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല?

ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞ്ഞന്റെ ദിവസം ഒന്നു പരിശോധിച്ചാലോ?രാവിലെ കണി നില്‍ക്കുന്ന ഭാര്യ അന്തര്‍ജനം കുളിച്ച് ചിരിച്ച് കാല്‍ക്കല്‍ നില്‍ക്കണം.നല്ല ശോധന വേണം.പത്രത്തില്‍ സ്വന്തം തടിയില്‍ തട്ടാത്ത മസാല വാര്‍ത്തകള്‍ ഒരുപാടുവേണം.മക്കള്‍ അനുഗ്രഹം വാങ്ങണം.ഡ്രൈവര്‍ ചിരിച്ച് ഡോര്‍ തുറന്നു പിടിക്കണം.വേലക്കാരി ജാനു ചൂലു മറച്ചുപിടിച്ചു നാണിച്ചു പൂത്തു നില്‍ക്കണം.ട്രാഫിക് അനുകൂലമായിരിക്കണം.ആപ്പീസിലെല്ലാരും ബഹുമാനിക്കണം.മണിയടിച്ചാല്‍ ഉടനേ പ്യൂണത്തി ഓടി വന്ന് സ്വന്തം കെട്ടിയോന്റെ കുറ്റം പറയണം.(കുശലപ്രശ്നത്തിന് മറുപടിയായിട്ട് മതി)ചോദിച്ച ഫയലുകള്‍ പൊടി തുടച്ച് ശാസ്ത്രജ്ഞന്റെ ദേഹത്ത് ഒന്നു മുട്ടിയുരുമ്മി ആ ചാപല്യം കൂടി തൃപ്തിപ്പെടുത്തി മേശപ്പുറത്തു വെച്ചാല്‍ തന്റെ ജോലിയുടെ പ്രാധാന്യത്തെപ്പറ്റിയും മാനസികസംഘര്‍ഷങ്ങളെപ്പറ്റിയും പത്താം ക്ളാസുകാരി പ്യൂണിനോട് പത്തുമിനിറ്റ് പ്രസംഗിച്ച ശേഷം അദ്ദേഹം തന്റെ തുല്യം ചാര്‍ത്തല്‍ വേലയിലേക്ക് കടക്കും.അതിനുമുന്‍പ് മഷിപ്പേന രണ്ടു വട്ടം കുടയും.വേറൊരു ഫയലില്‍ കുത്തിവരക്കും. 

ഒരു പാശ്ചാത്യ ശാസ്ത്രജ്ഞന്‍ തന്റെ ജോലിക്കുവേണ്ടി പന്നിക്കൂട്ടില്‍ പോയിക്കിടന്ന് ഉറങ്ങേണ്ടി വന്നാല്‍ ഉറങ്ങും.ചെയ്ത ജോലിക്ക് പണം കണക്കു പറഞ്ഞ് വാങ്ങും.കൊടുക്കുന്നവനും വാങ്ങുന്നവനും അവരുടെ സന്തതി പരമ്പരക്കും പ്രസ്തുത പണം ശാപമാകില്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

പുതിയ തലമുറയെങ്കിലും അവര്‍ക്കിഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കുക.

നമ്മള്‍ മാര്‍ഗ്ഗനിര്‍ദ്ദേശിയുടേയോ ഡിസിഷന്‍ മേക്കറുടെയോ സ്ഥാനത്തു നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പോസിറ്റീവ് ആയ, ദീര്‍ഘവീക്ഷണം ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുപരി സ്വാതന്ത്ര്യം കൊടുക്കുക.

എഴുതാന്‍ പേനയില്ല,ഫയല്‍ തൊട്ടു മറിക്കാന്‍ വായില്‍ തുപ്പലില്ല എന്നിങ്ങനെയുള്ള മഹത്തായ കാരണങ്ങള്‍ പറഞ്ഞ് വാങ്ങുന്ന പണത്തിനുള്ള ജോലി ചെയ്യാതിരിക്കരുത്.

തുപ്പലിന്റെ ഉദാഹരണം പറഞ്ഞതുകൊണ്ട് ആരും ഫയല്‍ മറിക്കാനുള്ള തുപ്പലിനായി എന്റെ വീട്ടില്‍ വരരുത്.സ്വന്തം ഫയല്‍ മറിക്കാനുള്ളതേ എന്റെ വായില്‍ ഉള്ളൂ.

കഥയും ഉദാഹരണങ്ങളും കൂട്ടി എന്തെങ്കിലും അനുഭവമോ ചിന്തകളോ പങ്കു വെച്ചാല്‍ ഏത് ലെവലിലുള്ള ശരാശരി ഇന്ത്യക്കാരന്റേയും സംശയം ഉദാഹരണത്തെ ചുറ്റിപ്പറ്റി ആയിരിക്കും.അതുകൊണ്ടാണ് എന്റെ വിഷയം തുപ്പലല്ല എന്ന് പ്രത്യേകം പറയേണ്ടി വന്നത്..