ഊണുമേശയിലൂടെ പരക്കംപാഞ്ഞ് ഓടുന്ന എറുമ്പിന്റെ മുന്‍പില്‍ കൈപ്പടം കുത്തിനിര്‍ത്തി വഴിതെറ്റിച്ചു വിട്ടുകൊണ്ടിരിക്കുകയായിരുന്നു അരുണ്‍.
"താനെന്താണീ ചെയ്യുന്നത്?!" ഡാഡയാണ്.കര്‍മ്മസാക്ഷി.എല്ലാം കാണുന്ന ചൊറിയന്‍ കണ്ണുകള്‍.
"ഓ,വെറുതെ."
"ഇതിലൊക്കെ നമ്മുടെ മനസ്സാണ് പ്രൊജക്റ്റ് ചെയ്തു കാട്ടുന്നതെന്നറിയാമോ?ഒരു ജീവിയുടെ നിസഹായതയും പരിഭ്രമവും കണ്ട് സന്തോഷിക്കുന്നത് നല്ലതാണോ?ഹോളിവുഡിലെ കിംഗ്കോംഗ് ഇറങ്ങിവന്ന് തന്നെ ഇങ്ങിനെ ചെയ്താലോ?"
"എന്റെ പൊന്നു ഡാഡ,ചായക്കപ്പിന്റെ വെളുമ്പില്‍ ഇരുന്ന ഇതിനെ ഞാന്‍ തട്ടി താഴെയിടാന്‍ നോക്കി.അതെന്നെ കടിച്ചു.എനിക്ക് നന്നായി വേദനിച്ചു.അതിനെ കൊല്ലാതെ വിട്ടല്ലോ?!പിന്നെയെന്താ?അല്ലെങ്കിലും ഇത്ര നിസ്സാരകാര്യങ്ങള്‍ക്ക് ഇത്ര വലിയ വ്യാഖ്യാനങ്ങളെന്തിനാ?ഉറുമ്പിന്റെ വഴിതെറ്റിച്ച് സന്തോഷിക്കുന്ന ഒരു സാഡിസ്റ്റായി എന്നെ ചിത്രീകരിക്കുന്നതിലൂടെ എന്ത് നന്മയാണിവിടെ സംഭവിക്കുക."അരുണ്‍ എറുമ്പിനെ ഊതി അകറ്റി.
"സാഡിസമെന്നല്ല മോനെ.."അയാള്‍ അയഞ്ഞു."ഞാനൊരുപാട് ഇന്റര്‍വ്യൂ ബോര്‍ഡുകളിലിരിക്കുന്ന ആളല്ലേ.ചെറിയ മാനറിസങ്ങളിലൂടെ പോലും ഇന്നത്തെ ലോകം നിന്നെ വിലയിരുത്തും.നിര്‍ദ്ദയം തള്ളിക്കളയും.ജീവിതം ചെറുതായി ചെറുതായി വരുന്ന ഈ കാലഘട്ടത്തില്‍ എത്ര തള്ളിക്കളയലുകളെ സര്‍വൈവ് ചെയ്യാനാകും?പിന്നെ ഞാനും ഈ പ്രൊഫഷനില്‍ കാലമെത്രയായി.അല്‍പ്പമൊക്കെ എന്റെ സ്വഭാവത്തെ ഇന്‍ഫ്ളുവെന്‍സ് ചെയ്യുന്നില്ലാ എന്ന് പറയാനാവില്ല."
"ഓ, പ്രൊഫഷണല്‍ ഇറച്ചിവെട്ടുകാരന്‍ വീട്ടുകാരേയും നാട്ടുകാരേയും ഇറച്ചിവിലയില്‍ അളക്കണമെന്നുണ്ടോ?വര്‍ഷങ്ങളൊന്നിച്ചു താമസിച്ചിട്ടു മമ്മയുടെ സ്വഭാവം പഠിക്കാനായില്ല.മാനറിസം..ഈ റിഡിക്കുലസ് ഇന്റര്‍വ്യൂ ബോര്‍ഡുകളില്ലാതെ ഭക്ഷണം കഴിക്കാനാവുമോ എന്നറിയണല്ലോ?"
"ഫ്രാന്‍കസ്റ്റൈന്‍ മേക്കര്‍. എല്ലാത്തിനേയും ഇങ്ങിനെ തീക്ഷ്ണമായ ഭാഷയില്‍ നീട്ടിപ്പരത്തി ന്യായീകരിക്കുന്ന ശീലം ഞാന്‍ നിയന്ത്രിക്കണമായിരുന്നു.അറ്റ് ലീസ്റ്റ് നിന്റെ മുന്‍പിലെങ്കിലും."
"ന്യായീകരണങ്ങള്‍ മാത്രമല്ല.ഒരു നാലു വയസ്സുകാരന്‍ മിഠായി കൊണ്ടുവരുമോ എന്ന് ചോദിക്കുന്നതിന് ഇത്ര ദൈവശാസ്ത്രവും തത്ത്വശാസ്ത്രവുമൊക്കെ വിളമ്പണമായിരുന്നോ?കഴിയില്ലെങ്കില്‍ ഇല്ല എന്ന് പറയുക.1000 മിഠായി വാങ്ങാനുള്ള പൈസ ഡാഡ ഒരു ദിവസം സമ്പാദിക്കുന്നുണ്ടെന്നും 100 മിഠായിക്കുള്ള പൈസ പുകച്ചു തീര്‍ക്കുന്നുമുണ്ടെന്ന് പിന്നീട് ഞാനറിയുമെന്ന് ചിന്തിച്ചില്ലേ?"
"സാധനങ്ങളുടെ വിലയറിഞ്ഞ് വളരണം.ലക്ഷ്യങ്ങള്‍ എന്നത് അത്ര എളുപ്പമായിരിക്കണമെന്നില്ലെന്നും പഠിക്കണം.അത് പഠിപ്പിക്കേണ്ട കടമ എനിക്കില്ലേ?"
"ഇല്ല എന്ന് പറയാനുളള ആര്‍ജ്ജവം ഒരുപാട് നീരസം കുറക്കേണ്ടതാണ്."
No comments:
Post a Comment