Thursday, 3 September 2015

നിലാവ്

"തെര്‍ത്ത്യാപ്പെണ്ണേ,ചെറുക്കനിവിടെ വെള്ളപ്പൊക്കമാക്കിയല്ലോടീ.നീയിങ്ങ് വരുവാണോ?"

ത്രേസ്യ ഓടിവന്നു.

"ആ നിങ്ങളു വേഗം വന്നോ?ഞാന്‍ ചോറിച്ചിരി ആവി കയറ്റി വെക്കുവാരുന്നു."

കയ്യിലെ കറിക്കത്തിയുടെ അഗ്രത്താലവള്‍ ചെരിവുനോക്കി തഴപ്പായിലൊരു ചാലു വരച്ചു.വഴിയറിയാതെ നിന്ന മൂത്രം ചാലിലൂടൊലിച്ച് ചാണകം മെഴുകിയ തറയിലെ ഈയലിറങ്ങിയ സുഷിരത്തിലൊളിച്ചു.അവള്‍ ഞളിപിരി കൊള്ളുന്ന കുഞ്ഞിന്റെ പഴന്തുണിക്കച്ചയുടെ കുടുക്കഴിച്ച് വായുസഞ്ചാമുണ്ടാക്കി.കട്ടി പുക വമിപ്പിച്ചിരുന്ന മണ്ണെണ്ണ വിളക്കിന്റെ തിരി കൈപ്പടം കൊണ്ട് തട്ടി ശരിയാക്കി.

"അവന്റെ തുണി മാറ്റുന്നില്ലേ?"

"സാറിനിനി ഒന്നുകൂടി പതിവാ.അതുംകൂടി കഴിയട്ടെ.തുണി ഒണങ്ങിക്കിട്ടാനിച്ചിരി പാടാ."

"ഓ"

"നിങ്ങളു മേലുകഴുകിയോ?ചോറെടുക്കാം"

"എടുത്തോ.ഞാന്‍ തോട്ടിലൊന്ന് മുങ്ങി കയറി.കറിയെന്നതാ?"

"മത്തിയിരിപ്പുണ്ടാരുന്നല്ലോ.നെയ്യുള്ളത് കൊണ്ട് ചാറുവെക്കാന്‍ നല്ലതാ."

'മ്യാവൂ' ശരണംവിളികളുമായി എവിടെനിന്നറിയാതെ ചക്കിപ്പൂച്ചയുമെത്തി.അയാള്‍ മത്തിക്കഷണത്തില്‍ ശസ്ത്രമില്ലാതൊരു ശസ്ത്രക്രിയ നടത്തി മുള്ളെടുത്ത് ഒരുപിടി ചോറുംകൂട്ടി ചക്കിക്ക് കൊടുത്തു.നിമിഷാര്‍ദ്ധത്തിലത് നക്കിത്തുടച്ച് മ്യാവൂ ഇട്ട മര്‍ജാരത്തിയെ കണ്ണിലൊരല്‍പ്പം മത്തിമുളകുചാറ് കണ്ണീര്‍വാതകം തെറുപ്പിച്ച് അയാള്‍ അതിര്‍ത്തി കടത്തി.

"ഇതെന്നാ കൂത്താ.ഒരു തല്ലങ്ങ് വെച്ചുകൊടുത്താ പോരേ?"

പതിവുപോലന്നും പാതി ചോര്‍ ബാക്കിയായി -നല്ലപാതിക്ക്.ക്ഷാമകാലം.ചോറ് ആഡംബരവസ്തു.

"നീയും കഴിച്ചിട്ട് വാ.കുരിശു വരക്കാം.കാര്യം പറഞ്ഞാലിന്നൊരു കപ്പവാട്ടുണ്ടാരുന്നല്ലോ.നീയും ചെറുക്കനും ഒറ്റക്കാണല്ലോ."

"എവിടെയാ?അത്യാവശ്യമാണേല്‍ പോണം.മാറ്റപ്പണി പോലെ എല്ലാവരുമിവിടേം വന്നു സഹായിക്കുന്നതല്ലേ?പോണ വഴി പാപ്പന്റെ വീട്ടീന്ന് ഒറോതപ്പെണ്ണിനെ ഇങ്ങ് പറഞ്ഞുവിട്ടേച്ചാല്‍ മതി.ഒരു ചൂട്ടുകറ്റ കെട്ടി പെണ്ണിന് കൊടുക്കാന്‍ മറക്കാതിരുന്നാല്‍ മതി."

"അങ്ങിനെ മതിയോ?നമ്മുടെ പള്ളി കൈക്കാരന്‍ ഓനച്ചന്റെ വീട്ടിലാന്നേ.ഒറോതക്ക് ബുദ്ധിമുട്ടാകുവോ?"

"ഓ, എന്നാ ബുദ്ധിമുട്ട്.അവക്ക് വര്‍ത്താനം പറയാന്‍ ആരെയേലും കിട്ടാത്ത ബുദ്ധിമുട്ടേയുള്ളു.വന്നാല്‍ ഒരു തൊള്ളി ഉറങ്ങാന്‍ സമ്മതിക്കുവേല..കാക്കേടേം പൂച്ചേടം വിശേഷം പറഞ്ഞ് ചെവി തിന്നും..പാവമാ.."

"ആഹാ"

"ഓനന്‍ചേട്ടന്റെ വീട്ടിലേക്ക് കേറുന്ന തൊണ്ട് പെരുംകാടാണല്ലോ.ഞാന്‍ ഓട പന്തത്തിലിച്ചിരെ മണ്ണെണ്ണ ഒഴിക്കാം."

"മണ്ണെണ്ണ ഇരിപ്പുണ്ടോ?"

"ഒണ്ട്.വഴി ലാഭിക്കാന്‍ തോട്ടിലെ കല്ല് വഴി ചാടണ്ട.മൊത്തം പായലാ.പട്ടാപ്പകല് അലക്കാന്‍ പോയപ്പോ ഞാന്‍ കാലു തെറ്റി വീഴേണ്ടതാരുന്നു.മോളിലത്തെ പാലം വഴി പോയാ മതി."

"ആയിക്കോട്ടെടീ പെണ്ണേ."

"കപ്പവാട്ടായിട്ടു കൂമ്പുവാട്ടുന്ന സൂത്രം കാണൂല്ലോ.ഞാന്‍ കളിയാക്കീന്നൊരു കാരണോം പറഞ്ഞോണ്ട് വരണ്ട.ചെറക്കന്‍ അപ്പനെ കണ്ടാണ് വളരുന്നെ."

"പള്ളിക്കാരന്റെ വീടല്ലേടീ..പഞ്ഞമാസവും..ഒറ്റുകാരുമുണ്ട്.വട്ട വെട്ടിയാലും പന്നിയെലിയെ കൊന്നാലും ചാമ്പങ്ങാ പഞ്ചാരയിട്ടുവെച്ചാലുമൊക്കെ ശിക്ഷയാ."

നനവു വലിഞ്ഞ പായില്‍ കിടന്ന് മയക്കത്തിനിടെ മോണകാട്ടി ചിരിച്ചു കുഞ്ഞ് - സ്വപ്നം കണ്ടു കാണും.

"നീയിത് കണ്ടോ?കീരിപ്പല്ല് വരുന്നുണ്ടല്ലോ ചെറുക്കന്."

കുഞ്ഞുകാല്‍പ്പാദത്തില്‍ അരുമയോടെ തലോടി അയാള്‍.

"പല്ല് വന്നോന്ന്?കടി വാങ്ങി വലഞ്ഞല്ലോ ഞാന്‍.നിങ്ങളിപ്പഴാണോ കാണുന്നേ?"

"അതിനവന്‍എന്നെ കടിച്ചില്ലടീ പെണ്ണേ.അല്ലേലും ഞാനെന്തു കൊടുത്തിട്ട് കടി വാങ്ങാനാ?നിന്നെ സ്വര്‍ണ്ണക്കൊന്തേം ഇടീച്ച് റോമാസാമ്രാജ്യം കാണിക്കാനുള്ളോനല്ലേ?അതിന്റെ മുതലിലേക്ക് വരവ് വെച്ചോ."

"അല്ലേലും തറുതലകൃഷിക്ക് മാത്രം ഇവിടെ ഒരു കേടുമില്ല,പന്നിശല്ല്യോമില്ല."

ത്രേസ്യ നാണം കള്ളപ്പരിഭവത്തിലൊളിപ്പിച്ചു.

"നേരം പോയടീ പെണ്ണേ. ഞാനിറങ്ങട്ടെ."

നേര്‍ത്ത നിലാവെളിച്ചം ആ പുല്ലുമേഞ്ഞ കൊച്ച് വീടിനെ പൊതിഞ്ഞു.കുറുകിയ പാല്‍പ്പായസം ഒലിച്ചിറങ്ങുംപോലെ - മെല്ലെ.

No comments:

Post a Comment