നവീകരണം ഒരു അനുഭവമായിരുന്നു.
ദാരിദ്ര്യവും രോഗപീഢകളും അനിശ്ചിതത്വവും നിറഞ്ഞ ലോകമായിരുന്നു അവരുടേത്.
ഭാവികാലമെന്നത് വ്യാകരണപുസ്തകങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഒന്നാണവള്‍ക്ക് -രജനി -ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി.ഇളയവര്‍ രണ്ടും പൊടിപ്പിള്ളേരാണ്.
മീനാക്ഷിയുടെ വളരെ നാളായുള്ള നടുവേദന ഒരു ധ്യാനം കൂടി സുഖമായപ്പോളാണ് രാജനും കുടുംബവും മാമോദീസ മുങ്ങുവാന്‍ തീരുമാനിച്ചത്.അല്‍പ്പസൊല്‍പ്പം മരനീര് കഴിക്കലും ഒറ്റനമ്പര്‍ ലോട്ടറിയെടുപ്പും ഉപേക്ഷിക്കണമെന്നും തോന്നിത്തുടങ്ങിയിരുന്നു അയാള്‍ക്ക്.
ഇതെല്ലാം നടക്കുന്ന കാലത്ത് മതംമാറ്റത്തിന് അത്ര അന്താരാഷ്ട്ര വാര്‍ത്താപ്രാധാന്യം നേടിക്കൊടുക്കാനാരുമില്ലാതിരുന്നതു കൊണ്ട് എല്ലാം സാധാരണപോലെ നടന്നു.
ഞായറാഴ്ച കുര്‍ബാനക്കിടയില്‍ അച്ചന്‍ രാജനേയും കുടുംബത്തേയും ഇടവകസമൂഹത്തിലേക്ക് ഔപചാരികമായി സ്വാഗതം ചെയ്തു.ഇടവകജനങ്ങള്‍ തല ചെരിച്ച് ശുഭ്രവസ്ത്രധാരികളെ കണ്ണാലളന്നു.
അങ്ങിനെ നാട്ടിന്‍പുറത്തുകാര്‍, ഇടവകജനങ്ങള്‍ക്ക് ഒരു വിഷയം കിട്ടി - ദളിതനായ രാജനും കുടുംബവും..പുതുക്രിസ്ത്യാനികള്‍...പുക്രി കള്‍..
മരംചാടി നടക്കുന്ന വിശ്വാസികളുടെ അസ്തിത്വം,തനിമയുള്ള ആ കൊച്ചു ഇടവകാസമൂഹത്തിലേക്ക് തനിമ കുറഞ്ഞ ഒന്നിന്റെ സങ്കലനം,പള്ളിക്കമ്മറ്റിയിലെ അഭിപ്രായസ്വാതന്ത്ര്യം,ഭാരവാഹിത്തങ്ങള്‍,വളര്‍ന്നുവരുന്ന പുക്രി കുട്ടികളുടെ വിവാഹാലോചനകള്‍ മുതല്‍ വാര്‍ഡ് കൂട്ടായ്മക്ക് വിളിച്ചാല്‍ എവിടെ ഇരുത്തണം എന്നത് വരെ സമസ്തമേഖലകളേയും പല സ്ഥലങ്ങളിലിരുന്ന് വിശകലനം ചെയ്തു ഇടവകാജനം.പോരാത്തതിന് ശരീരത്തിനും മനസ്സിനും കേള്‍വിക്കുറവുള്ള വല്ല്യമ്മച്ചിമാരും വികൃതിപ്പിള്ളേരും സാമാന്യം ഉച്ചത്തില്‍ പുക്രിയെന്ന് സംബോധന ചെയ്യാനും തുടങ്ങി.
പുക്രി കുടുംബത്തില്‍ ചര്‍ച്ച നടന്നു.മക്കളുടെ ഭാവി രാജനൊരു പ്രശ്നമായിത്തുടങ്ങി.
"നീ പഠിക്കണ കൊച്ചല്ലേടീ.അച്ചനോട് അതിന്റെ തഞ്ചത്തില്‍ നിയ്യിതൊന്ന് സൂചിപ്പിക്ക്."മീനാക്ഷിയുടെ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി.
'പരാതിയായി കരുതല്ലേ അച്ചോ' എന്ന മുഖവുരയോടെ ചുരുങ്ങിയ വാക്കുകളില്‍ രജനി അച്ചനോട് കാര്യങ്ങള്‍ പറഞ്ഞു.അല്ലെങ്കിലും പരാതി പറയാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അവരാരും വിശ്വസിച്ചു തുടങ്ങിയിരുന്നില്ല.
"ഞാനും ഇതൊക്കെ കാണുന്നുണ്ട് മോളേ.വിഷമം തോന്നാറുമുണ്ട്.പക്ഷേ ഇതിലിപ്പോള്‍ ചാടിക്കയറി ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്.നമ്മളിപ്പോ വിശ്വാസത്തെ ഒരു സമൂഹമായി കെട്ടുറപ്പോടെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണല്ലോ.ഈ കെട്ടുറപ്പ് നിലനിര്‍ത്താന്‍ ചിലരുടെ ചില സ്വാര്‍ത്ഥതാത്പര്യങ്ങളേയും സഹിക്കേണ്ടതായി വരും. വിശ്വാസത്തെ അളവോ തൂക്കമോ പ്രായമോ കൊണ്ട് അളക്കാനാവില്ല എന്ന് മനസ്സിലാകാത്തവരും ഉണ്ട്.അവരേയും ഈ സമൂഹത്തില്‍ പിടിച്ചുനിര്‍ത്താനും ദൈവം അവര്‍ക്ക് ബോധ്യങ്ങള്‍ നല്‍കുംവരെ ക്ഷമ കാണിക്കാനും നമ്മള്‍ ശ്രമിക്കുന്നു.ഒരു ഭരണാധികാരിയെന്ന നിലക്ക് ഞാനും അധികാരം ആവശ്യമില്ലാതെ വിനിയോഗിച്ചിട്ടുണ്ട്,ചെറിയ പക്ഷപാതമൊക്കെ കാട്ടിയിട്ടുമുണ്ട്.മോളുടെ ഇപ്പോഴത്തെ സങ്കടങ്ങള്‍ക്ക് ഇതൊരു പരിഹാരമല്ലെന്നറിയാം.പക്ഷേ ഞാന്‍ ഈ പ്രശ്നം ഉപദേശരൂപേണയോ തമാശക്കോ ശാസനയായോ പൊതുവേദിയില്‍ അവതരിപ്പിച്ചാല്‍ അത് മറ്റുള്ളവരുടെ ദുര്‍ അഭിമാനത്തേലേക്കേ നേരെ ചെന്ന് തറക്കുകയുള്ളൂ.ഇതിനെപ്പറ്റി ചിന്തിക്കാനവസരം കിട്ടാതിരുന്നവരടക്കം വിഷയം ആഘോഷിക്കും.എന്നെ കാണിക്കാന്‍ വേണ്ടി ചുരുക്കം ചിലര്‍ ഏച്ചു കെട്ടിയ സമഭാവനയുമായി വന്നേക്കാം.പക്ഷേ അത് കൂടുതല്‍ വേദനയാകുമെന്നാണെനിക്ക് തോന്നുന്നത്.മക്കള്‍ നന്നായി പഠിക്കുക.വിശ്വാസം മനസ്സിലുണ്ടാവുക.ഈ സഹനങ്ങളെ വിശ്വാസത്തിന് വളമാക്കുക.മോള് നന്നായി പാടുന്നതല്ലേ.പാട്ടൊക്കെ പഠിച്ച് ഗായകസംഘത്തില്‍ ചേരണം.ഞാനവരോട് പറയാം.ജോലിയൊക്കെ വാങ്ങി സ്വന്തം കാലില്‍ നില്‍ക്കണം.കൊള്ളാവുന്ന ഒരു നസ്രാണിച്ചെക്കന്റെ മനസ്സിലും കയറിപ്പറ്റുന്നതിലും തെറ്റില്ല.കല്ല്യാണമൊക്കെ ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ നടത്തിത്തരും.അങ്ങിനെ കാലം ഇതൊക്കെ പരിഹരിക്കട്ടെ.വിവരദോഷികള്‍ക്കുവേണ്ടി ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു."
അങ്ങിനെയങ്ങിനെ പുക്രി വെറും ക്രി ആവട്ടെ.
No comments:
Post a Comment