Tuesday, 24 January 2023

ജീവിതം ചായയിൽ ഒതുക്കിയാൽ

മധുരമിട്ട ഒരു ഗ്ലാസ് ചായക്കായി കൊതിച്ചു കിടക്കുന്ന ഈ ജീവിത സായാഹ്നത്തിലല്ലാതെ എപ്പോളാണ് ചായ യേക്കുറിച്ച് ഓർക്കേണ്ടത് ?!

 പഞ്ചാരയുടെ അസുഖമാണല്ലോ!

"ചായ" കനപ്പെട്ട ഒരു ശബ്ദം ബാലകർണ്ണങ്ങളിൽ. 

"വെട്ടു കേക്കുണ്ടട്രാ. വഴക്കു പറഞ്ഞാലോ തല്ലിയാലോ ഉടനെ വാശി പിടിക്കണ്ട. ഇവിടെ അത് നടക്കില്ല." അത്ര തന്നെ കനമില്ലാത്ത ശബ്ദമാണെങ്കിലും സന്ദേശം കനപ്പെട്ടതാണ്.

 ഇവിടെ വലിയ ആളുകളുടെ വാശിയേ നടക്കൂ!

സ്വന്തം വീട്ടിൽ വെള്ളം ചേർക്കാത്ത പാലിലുണ്ടാക്കിയ വെട്ടിയാൽ മുറിയാത്ത ചായയുണ്ടെങ്കിലും സുഹൃത്തുക്കളോടൊപ്പമുള്ള കട്ടനാണ് കൗമാരത്തിനിഷ്ടം.

" ഊളച്ചായ!!" ഞാനുണ്ടാക്കിയ ചായ മറിച്ചു കളഞ്ഞാണ് ആദ്യ പ്രണയം നടന്നു പോയത്.

"വാടാ, ചായ കുടിക്കാം" ആദ്യത്തെ തല്ലു പിടുത്തവും ചായയിൽ മുക്കി പൊടിച്ചു തിന്നു.

" എന്നാലും ആദ്യമായി കാണാൻ വന്നപ്പോ ഞാനുണ്ടാക്കിയ ചായ അത്ര പോരെന്ന് പറഞ്ഞു കളഞ്ഞേല്ലോ!" സഖി പിന്നീടൊരിക്കൽ പറഞ്ഞു.

പിന്നീടിന്നോളം മഞ്ഞിലും മഴയിലും ഞങ്ങൾ ഒരു പാട് ചായ മൊത്തിക്കുടിച്ചു.


നാണിച്ചു നിന്നാൽ രണ്ടാമതു ചായ ഓഫർ ചെയ്യില്ല നഗരം!


" ഒരു ചായ കുടിച്ചാലോ?"

"ഇപ്പോ വേണ്ട!" നാട്ടിൻ പുറത്തെ ആ കടക്കാരന്റെ ഒരു 12 രൂപ ചായ നിഷേധിച്ചതിനാണ് കുടുംബത്തെക്കുറിച്ച് അപവാദം പറഞ്ഞതും  അത്രമേൽ പ്രധാന പെട്ട സ്ഥലക്കച്ചവടം മുടക്കിയതും! അതിനു മുൻപും ശേഷവുമൊക്കെ അവിടെ നിന്ന് എത്രയോ ചായ കുടിച്ചു. എല്ലാം അപ്രധാനം.

ടീ ബാഗുകൾ കൊള്ളില്ല. നാട്ടിലെ ചായ തന്നെ നല്ലത്.

ചായയിങ്ങനെ ജീവിതമായും ജീവിതം ചായ ഗ്ലാസിലേയ്ക്കും പകർന്ന് പതഞ്ഞു പാകമാവുകയാണ്.

Tuesday, 21 June 2022

ഡിസ്കഷന്‍

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് ഡിസ്കഷന്‍.ചര്‍ച്ച ചെയ്യല്‍ (അതിനുശേഷം നിഗമനം,പ്രവൃത്തനം)എന്ന് പരക്കെ പറയപ്പെടുന്ന ഈ വാക്കിന്റെ സത്യം ഹാര്‍പ്പിക്കടിച്ച ടോയ്ലറ്റിലെ കീടാണുക്കളുടെ എണ്ണം പോലെ 0.001 പേര്‍സെന്റാണ്.ലോകത്തിലൊരിടത്തും ഡിസ്കഷന്‍ അക്ഷരാര്‍ത്ഥത്തില്‍ നടക്കാറില്ല.പിന്നെയോ അജണ്ടകള്‍ തമ്മിലുള്ള വടംവലിയോ ഗുസ്തി മത്സരമോ ആണ് നടക്കാറുള്ളത്.ഡിസ്കഷന്‍ എന്ന വാക്ക് കള്ളമാണ്.അതിന്റെ നിര്‍വ്വഹഹണവും പരിണിതഫലവും ശരിയോ തെറ്റോ എന്ന് സാമാന്യവത്കരിക്കാനുമാവില്ല.

Sunday, 22 May 2022

പാര്‍ശ്വവത്കൃതം

'അടിച്ചമര്‍ത്തപ്പെട്ടവര്‍!','പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍!'...എന്നും എപ്പോളും ഉയര്‍ന്നു വരുന്ന പ്രശ്നമാണിത്.

എന്തുകൊണ്ടായിരിക്കും ഇതുപോലുള്ള പ്രശ്നങ്ങള്‍ അവസാനിക്കാതെ പോവുന്നത്?

ചിന്തനീയമല്ലേ?

കുറേയേറെ ചിന്തിച്ചതിലും നിരീക്ഷിച്ചതിലും നിന്ന് പാര്‍ശ്വവത്കരണത്തില്‍ 'ഭാഷാപരമായ' സ്വാധീനം വളരെയധികമാണെന്ന് തോന്നി.

  എങ്ങിനെയാവും ലോകത്ത് ആദ്യമായി സവര്‍ണ്ണന്‍/ഉയര്‍ന്ന ജാതിക്കാരന്‍/പ്രത്യേക പ്രിവിലേജുകളുള്ള ആള്‍ ഉണ്ടായിട്ടുണ്ടാവുക?

ലളിതമായി ഭാവന വിടര്‍ത്തി ഒന്നു ചിന്തിച്ചാലോ?

അവര്‍ തന്നെ അന്നത്തെ സമൂഹത്തിലെ നിലവാരത്തേക്കാള്‍ ഉയര്‍ന്ന എന്തെങ്കിലും പ്രത്യേകതകള്‍ - ഉയരമോ,പേശീബലമോ,വാക്ചാതുരിയോ,സംഘടനാശേഷിയോ - ഉപയോഗിച്ച് മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തി സ്വയം ഉയര്‍ന്നയാളെന്ന് സ്ഥാപിച്ചെടുത്തതായിരിക്കണം.

ഈ പ്രസ്താവന മനസ്സിലാക്കാന്‍ മടി തോന്നുന്നുവെങ്കില്‍ മതഗ്രന്ഥങ്ങളെടുത്തു നോക്കൂ.എല്ലാത്തിനും കാരണമെന്ന് കരുതപ്പെടുന്ന ദൈവം/ദേവന്‍ പോലും എത്രയോ തവണ താനാണ് ദൈവം,താനാണ് ദേവന്‍ എന്ന് പറയുന്നുണ്ട്.

ഒരു വീട്ടിലോ സംഘടനയിലോ സ്ഥാപനത്തിലോ ആണെങ്കിലും ഞാനാണിവിടുത്തെ അധികാരി എന്ന് പലവട്ടം പറയേണ്ടി വരുന്നത് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ!

സവര്‍ണ്ണരും ഇപ്രകാരം സ്വന്തം സ്ഥാനം പറഞ്ഞുറപ്പിച്ചത് തന്നെയാവണം!!

ഇനി ഇതൊന്നു തിരിച്ചു ചിന്തിച്ചാലോ?പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സംഘടിപ്പിക്കാന്‍ ഇന്ന് പല വേദികളുമുണ്ട്.എല്ലാ വേദികളിലും അവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണെന്ന് ഏറ്റ് പറയുന്നുമുണ്ട്.ദൈവവും സവര്‍ണ്ണരുമൊക്കെ സ്വയം പറഞ്ഞ് ഇടം പിടിച്ചെടുത്തവരാണെങ്കില്‍ പാര്‍ശ്വവത്കൃതരും സ്വയം അതേ വിശേഷണം നടത്തിക്കൊണ്ടിരുന്നാല്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയല്ലേ സംഭവിക്കൂ?!!

സമൂഹത്തിലെ സ്ത്രീകളുടെ ഉദാഹരണമെടുക്കൂ.ബഹിരാകാശയാത്ര നടത്തി തിരിച്ചു വരുന്ന ഒരു വനിതയെ നോക്കിയും 'ഒരു പെണ്ണായിട്ടും അവളിതൊക്കെ സാധിച്ചില്ലേ!'എന്ന് അത്ഭുതം കൂറുന്ന ഒരു സമൂഹത്തില്‍ ഇത്തരം ' (പെണ്ണ്)ആയിട്ടും' എന്ന മനോഭാവം ഒരു കാലത്തും മാറുമെന്ന് തോന്നുന്നില്ല.

മനുഷ്യരെല്ലാവരും ജീവശാസ്ത്രപരമായി 99.9 ശതമാനം തുല്യരാണെന്ന് തെളിയിക്കപ്പെട്ട ഈ കാലത്ത് അത്തരമൊരു തുല്യതാബോധം തലച്ചോറില്‍ പാകി വളര്‍ത്താതെ ഒരു സാമൂഹിക അസന്തുലിതാവസ്ഥയും മാറുമെന്ന് തോന്നുന്നില്ല.'വണ്‍ എമങ്ങ് ദ ഈക്വല്‍സ്' എന്ന ചിന്താഗതി സത്യസന്ധമായി കൊണ്ടു നടക്കുന്നവരാണ് സമൂഹത്തിലെ പാര്‍ശ്വവത്കരണത്തിനെതിരെ ശരിക്കും പോരാടുന്നവര്‍ എന്ന് മനസ്സിലാക്കുന്നു.

Wednesday, 18 May 2022

വീടുപണി

വീടുപണിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനോമുകുരത്തിലേയ്ക്ക് ഇരമ്പിപ്പാഞ്ഞെത്തുന്നത് രണ്ട് കാര്യങ്ങളാണ്.സ്വഭാവികമായും രണ്ട് പ്രശ്നങ്ങള്‍ തന്നെ!അതില്‍ നിസ്സാരമായത് കയ്യിലോ ബാങ്കിലോ അഞ്ച് പൈസ തുട്ടുപോലും ഇല്ലയെന്നതാണ്.പരമപ്രധാനമായ ദ്വിതീയസമസ്യ എന്തെന്നാല്‍ എന്നെങ്കിലും പണിതു കഴിഞ്ഞേക്കാവുന്ന വീടിന് എന്ത് ബില്‍ഡപ്പ് കൊടുക്കും എന്നതാണ് പോലും!!പഴയ ബംഗ്ളാവുകളിലൊക്കെ മാനിന്റെയും മറ്റും തലയും ആനക്കൊമ്പും തോക്കുകളും വാളും പരിചയുമൊക്കെ പ്രദര്‍ശനത്തിന് വെച്ച് കണ്ടിട്ടില്ലേ?പുതിയ വീടുകളിലാണെങ്കിലും ആരെങ്കിലുമാണ് ഈ വീടിന്റെ നാഥനെന്നോ ഐശ്വര്യമെന്നോ തുണയെന്നോ എഴുതിയതും ഗേറ്റില്‍ IAS,IPS,ഡോക്ടര്‍,എഞ്ചിനീയര്‍, പ്രൊഫസര്‍ ഇത്യാദി തൊങ്ങലുകളും നിര്‍ബന്ധമത്രെ! അപ്പോഇതൊന്നുമില്ലാത്തവരും ഇതൊന്നുമല്ലാത്തവരും?!!മറിഞ്ഞും തിരിഞ്ഞും ഗുണനഹരണങ്ങള്‍ നടത്തിയിട്ടും ബില്‍ഡിങ്ങിന് കൊടുക്കാന്‍ ബില്‍ഡപ്പുകളൊന്നും ഓര്‍മ്മയിലെത്തിയതേയില്ല.ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടോ??ഓര്‍മ്മയില്ല!!ദുഫായീല്‍ പോയിട്ടാണേല്‍ ഒട്ടകവും ക്രൂഡോയിലും ഈത്തപ്പഴക്കുരുവുമൊന്നും മിച്ചം വെക്കാനോ പറ്റിയില്ല.അങ്ങനെയിരിക്കേ ഇളവെയിലടിച്ചപ്പോഴാണ് ചെറിയൊരു ബുദ്ധിയുദിച്ചത്.കൊറോണ മഹാമാരി!ആരോഗ്യപ്രവൃത്തനം!സാനിറ്റൈസര്‍!പി പി ഇ കിറ്റ്!റിസ്ക് അലവന്‍സ്!ഒന്നു പൊലിപ്പിക്കാനുള്ള മരുന്നുണ്ട്!രണ്ട് പിപിഇ കിറ്റുകള്‍ സകല ആടയാഭരണങ്ങളോടും കൂടെ സ്റ്റഫ് ചെയ്ത് ഗേറ്റിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിക്കണം. ഉമ്മറത്ത് മാസ്കുകള്‍ - N 95 വും സര്‍ജിക്കലും ഒന്നിടവിട്ട്..മുറ്റത്ത് കിണറിന്റെ മുകള്‍വശം സാനിറ്റൈസര്‍ കുപ്പിയുടെ ഡിസ്പെന്‍സര്‍ പോലെക്കൂടാക്കിയാല്‍ ചാരിതാര്‍ത്ഥ്യത്തിനുള്ള വകയായി.പിന്‍കുറിപ്പ് : ഇത് സമൂഹത്തില്‍ മാന്യമായി ജോലി ചെയ്യുന്നവരുടെ വീടിനു മുന്‍പിലെ നെയിം ബോഡുകളെ യാതൊരുവിധത്തിലും അപമാനിക്കാനുദ്ദേശിച്ചെഴുതിയതല്ല.പിന്നെയോ സമൂഹത്തിലെല്ലാരോടും ഒരേ നീതിയില്‍ പ്രത്യേകിച്ച് ഒരു ലേബലിന്റെയും പിന്‍തുണയില്ലാതെ ഇടപെടാന്‍ ശ്രമിച്ച് തിരിച്ചടികളും അപമാനങ്ങളും വാങ്ങിക്കൂട്ടുന്നതിന്റെ ചെറ്യേരു അസക്യതയില്‍ എഴുതിയതാണ്.

Sunday, 1 May 2022

ലബ്ബര്‍ വാന്റ്

"എന്നാലും ഇതേതവതാരം?നമ്മളറിഞ്ഞില്ലല്ലോ!!മട്ടും ഭാവവും കണ്ടിട്ട് ഏതിനമാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.കാക്കി പാന്റാണ്,കറുത്ത ഷൂവാണ്,ഇന്‍സൈഡാക്കിയിട്ടുണ്ട്..പക്ഷേ താടിയുണ്ട്..പോലീസും എക്സൈസുമൊന്നുമാരിക്കത്തില്ല!എന്തായാലും ഒന്ന് മുട്ടി നോക്കാം!"തിരക്കിട്ട ടിക്കറ്റു വിതരണത്തിനിടയിലും കണ്ടക്ടര്‍ സര്‍ ഒരു പുതുമുഖത്തെ കണ്ട് ഇത്രയും ആലോചിച്ചു കൂട്ടി.

പുതുമുഖം മിണ്ടാതെ,ഉരിയാടാതെ പതിനഞ്ചു രൂപ ടിക്കറ്റിന് 20 എടുത്തു നീട്ടി.

"ശെടാ..സംസാരശൈലികൊണ്ട് എങ്കിലും ഒന്ന് മനസ്സിലാക്കാനുള്ള ചാന്‍സുപോലും തന്നില്ലല്ലോ!"കണ്ടക്ടറിന് നിരാശയായിത്തുടങ്ങി.

നിരാശയാണല്ലോ എല്ലാ ഉപായങ്ങളുടേയും മാതാവും പിതാവുമെല്ലാം.

"ഒരഞ്ചുറുപ്യ ഉണ്ടാവ്വോ ചേഞ്ച്?"എന്നാലിവനെക്കൊണ്ടൊന്ന് വായ തുറപ്പിച്ചിട്ടു തന്നെ കാര്യം.

"നോക്കട്ടെ കെട്ടോ"ഏതായാലും ഈ അടുത്ത നാട്ടുകാരനല്ല.സംസാസശൈലിയില്‍ നിന്നു വ്യക്തം!

പുതുമുഖം പോക്കറ്റില്‍ പരതാനാരംഭിച്ചു.അല്‍പ്പസമയത്തെ ശ്രമത്തിനുശേഷം പോക്കറ്റില്‍ മുങ്ങിത്തപ്പിയ കൈ ഒരുപിടി ചില്ലറ നാണയങ്ങളും ഒരു റബ്ബര്‍ ബാന്റുമായി പൊങ്ങിവന്നു.റബ്ബര്‍ ബാന്റ് പതിവുപോലെ ചില്ലറയുടെ കൂടെ ടിക്കറ്റെടുക്കാതെ കയറി വന്നതാണ് പോലും.

"ആ..ക്ളൂ കിട്ടി..റബ്ബര്‍ ബാന്റ്"കണ്ടക്ടര്‍ മനസ്സിലൊന്നു തുള്ളിച്ചാടി.

"ബേങ്കിലൊക്കെ നോട്ടുമ്മെ ഇടാന്‍ റിബ്ബണ്‍ വന്നില്ലേ സാറേ?റബ്ബര്‍ ബാന്റൊക്കെ ഇപ്പളും ഇണ്ടാ?"

"അതിന് ഞാന്‍ ബാങ്കിലല്ല ചേട്ടാ..ഇതുകൊണ്ട് മൈന്റ് റിഫ്രഷാകുന്ന വേറൊരു പണിയുണ്ട്...ഇതിങ്ങനെ ഇടത്തെ കൈയ്യിലിട്ട്, ലോക്ക് ചെയ്ത്,ഇങ്ങനെ വലിക്കുമ്പോള്‍ ..ദേ കണ്ടോ ..സ്റ്റാറ്..ഇങ്ങനെ ആക്കിയാല്‍ കുരിശ്..ദേ ഡബ്ളയു..അതിനാണീ ലബ്ബര്‍ വാന്റ്..നോട്ടുകെട്ടിലിടാനല്ല"

"പുല്ല് പരിചയപ്പെടണ്ടായിരുന്ന്!"

Thursday, 17 March 2022

വാര്‍ ഹീറോ

വാര്‍ ഹീറോകളെ ആദരിക്കുന്ന ഒരു ചടങ്ങിലാണ് ചെറിയൊരു ആശ്ചര്യം പടര്‍ന്നത്.

ഇനിയൊരല്‍പ്പം ഫ്ളാഷ് ബാക്കാവാം.

ലോകമഹായുദ്ധകാലമാണ്.ലോകമെങ്ങും പരിഭ്രാന്തി കൊടുമ്പിരി വലംപിരി ഇടംപിരി കൊണ്ടിരിക്കുന്ന കാലം.

വാറ്റുചാരായവും പുഴുങ്ങിയ കോഴിമുട്ടയും കഴിഞ്ഞാല്‍ ഏറ്റവും പ്രിയമുള്ളത് എന്താണെന്ന് ചോദിച്ചാല്‍ ആരും പറയും അത് പട്ടാളത്തില്‍ ചേരാന്‍ വരുന്ന ചെറുപ്പക്കാരോടാണെന്ന്.

റിക്രൂട്ട്മെന്റ് റാലികള്‍ നടക്കുന്ന മൈതാനങ്ങള്‍ക്ക് പുറത്തുകൂടി വെറുതെ നടക്കുന്നവരെപ്പോലും "അനക്ക് പട്ടാളത്തി ചേരണ്ടേടാ ചങ്ങായിയേ?"എന്നൊക്കെ ചോദിച്ച് പ്രോത്സാഹിപ്പിക്കുമായിരുന്നത്രെ ഉദ്യോഗസ്ഥര്‍.

അത്തരമൊരു റിക്രൂട്ട്മെന്റ് റാലിയാണ് നമ്മള്‍ നേരത്തേ പറഞ്ഞ ഫ്ളാഷ്ബാക്കിന്റെ കേന്ദ്രബിന്ദു.

നാട്ടിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെല്ലാവരും സ്ഥലത്തുണ്ട്.

എല്ലാവരും കുട്ടിനിക്കറും ബനിയനുമിട്ട് ശരീരമൊക്കെ പരമാവധി പൊലിപ്പിച്ച് പിടിച്ച് ഗ്രൗണ്ടില്‍ നിരന്നു നില്‍ക്കുകയാണ്.

കുറച്ചു നേരത്തെ വെയില്‍ കൊള്ളലിനു ശേഷം റിക്രൂട്ട്മെന്റിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ഓരോരുത്തരേയും മാറി മാറി നോക്കിക്കൊണ്ട് അധികാരസ്വരത്തില്‍ പറഞ്ഞു"നിങ്ങളെ എല്ലാവരേയും ഒരു വിശ്വാസത്തിന്റെ പേരില്‍ ഞങ്ങള്‍ ട്രെയിനിങ്ങിനായി വിടുകയാണ്.എല്ലാവര്‍ക്കും സ്വാഗതം.മുന്‍പില്‍ നിന്നു മുതല്‍ ഓരോരുത്തരായി വന്ന് ഈ സാബിന് പേരുവിവരങ്ങള്‍ നല്‍കണം.ആആആ..താന്‍ വാ..ആ താന്‍ തന്നെ..കറുത്ത നിക്കര്‍!"

പേരെഴുതുന്ന സാബ് അല്‍പ്പം പരിഷ്കാരിയാണ്."തന്റെ പേരെന്തുവാ?"

"ഔസേപ്പ് സാബേ"

"ഓ എന്തോ പേരാടോ..ജപ്പാനിലൊക്കെ യുദ്ധത്തിന് പോവുമ്പോ സായിപ്പ് എങ്ങിനെ ഔസേപ്പെന്നൊക്കെ വിളിക്കും?!നാക്കുളുക്കത്തില്ലായോ?!"

"ജോസഫെന്ന് എഴുതടോ!"റിക്രൂട്ടിങ്ങ് അധികാരി എഴുതുന്ന സാബിനോട് പറഞ്ഞു.

കാര്യം പുരിഞ്ചു പോച്ച്! 

അങ്ങനെ ഉലഹന്നന്‍ ജോണും തോമാച്ചന്‍ തോമസും ഒക്കെ ആയി..സര്‍വ്വോപരി പട്ടാളവീരന്‍മാരുമായി.

അവരെല്ലാം വിദേശരാജ്യങ്ങളില്‍ രാജ്ഞിക്കുവേണ്ടി പടവെട്ടി വെടി പൊട്ടിച്ച് സംവത്സരങ്ങള്‍ പിന്നൂരിയ ഗ്രനേഡ് പോലെ പൊട്ടിത്തീര്‍ന്നു!

അതില്‍ പലരും തങ്ങളുടെ വെള്ള മേലധികാരികളുടെ ജീവന്‍ രക്ഷിച്ചും മാനം രക്ഷിച്ചും വലിയ യുദ്ധവീരന്‍മാരായി!

പലര്‍ക്കും ബ്രിട്ടീഷ് ഭരണകൂടം ബഹുമതികളും മെഡലുകളും റെക്കമെന്റ് ചെയ്തു!

അത്തരമൊരു മെഡല്‍ ദാന ചടങ്ങാണ് നമ്മുടെ വര്‍ത്തമാനകാല രംഗം.

മെഡല്‍ വിവരങ്ങള്‍ അനൗണ്‍സ് ചെയ്യുന്നയാളുടെ വിവരണത്തിന്റെ സ്വതന്ത്രപരിഭാഷ ഏറെക്കുറെ ഇങ്ങനെയായിരുന്നു"സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ മഹാറാണിയുടെ പരിപാലനത്തിന്‍ കീഴിലും സായ്വന്‍മാരുടെ ശിക്ഷണത്തിന്‍ കീഴിലും മഹായുദ്ധത്തില്‍ പ്രശംസനീയമാംവണ്ണം പോരാടുകയും മേലുധ്യോഗസ്ഥന്റെ ജീവനെ സ്വജീവന്‍ വരെ പണയപ്പെടുത്തി സംരക്ഷിക്കുകയും ചെയ്ത സുബേദാര്‍.'ഡൗട്ട് ഡാര്‍ലിങ്ങി' നെ ........


ഔസേപ്പ് ജോസഫായതുപോലെ ശങ്കുണ്ണി ഡൗട്ട് ഡാര്‍ലിങ്ങ് ആയി. ശങ്ക ഡൗട്ടും ഉണ്ണി ഡാര്‍ലിങ്ങുമായതിനാല്‍ പരിഭാഷ തെറ്റാവാനിടയില്ല.

പിന്‍കുറിപ്പ് : ഹാസ്യം മാത്രം ഉദ്ദേശിച്ചുള്ള എഴുത്താണ്.സൈനികരേയോ റിക്രൂട്ട്മെന്റ് പ്രകൃിയയേയോ വില കുറച്ചു കാണിക്കാന്‍ ശ്രമിക്കുകയല്ല.

Monday, 7 March 2022

ഫിക്സ്ഡ് ചാര്‍ജ്

സ്ഥിരമായി തിക്കി തിരക്കി പോകാറുള്ള ബസില്‍ പതിവില്ലാത്ത ഒരു സമയത്ത് തിരക്കൊട്ടുമില്ലാതെ കയറിയപ്പോഴാണ് ഡ്രൈവറിരിക്കുന്നതിന് പിറകിലായി ഇംഗ്ളീഷ് വലിയ അക്ഷരത്തില്‍ എന്തോ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.ആദ്യം വായിച്ചിട്ട് എന്തോ ഒരു കണ്‍ഫൂഷന്‍ തോന്നി വീണ്ടും വീണ്ടും വായിച്ചു.

 "ലക്ഷ്മി പത്തേ രാധ പത്തേ"!

അതിനപ്പുറത്തു ബസിന്റെ സീറ്റിങ്ങ് കപ്പാസിറ്റിയും പെര്‍മിറ്റിന്റെ വിവരങ്ങളുമൊക്കെ കണ്ടപ്പോള്‍...എന്നാലും ഇവര്‍ക്കു രണ്ടുപേര്‍ക്കും പത്തു രൂപ ഫിക്സഡ് ടിക്കറ്റാണെന്ന് എഴുതിവെക്കേണ്ട കാര്യത്തിലെ കാര്യം എന്തായിരിക്കും?!

പിന്നെയും കുറേ നാഴികകള്‍ക്കപ്പുറം അല്‍പ്പം സംസ്കൃതം കലര്‍ത്തി ചിന്തിച്ചപ്പോഴാണ് സംഗതി ചുരുളഴിഞ്ഞത്.

'ലക്ഷ്മീപതേ രാധാപതേ!'