മധുരമിട്ട ഒരു ഗ്ലാസ് ചായക്കായി കൊതിച്ചു കിടക്കുന്ന ഈ ജീവിത സായാഹ്നത്തിലല്ലാതെ എപ്പോളാണ് ചായ യേക്കുറിച്ച് ഓർക്കേണ്ടത് ?!
പഞ്ചാരയുടെ അസുഖമാണല്ലോ!
"ചായ" കനപ്പെട്ട ഒരു ശബ്ദം ബാലകർണ്ണങ്ങളിൽ.
"വെട്ടു കേക്കുണ്ടട്രാ. വഴക്കു പറഞ്ഞാലോ തല്ലിയാലോ ഉടനെ വാശി പിടിക്കണ്ട. ഇവിടെ അത് നടക്കില്ല." അത്ര തന്നെ കനമില്ലാത്ത ശബ്ദമാണെങ്കിലും സന്ദേശം കനപ്പെട്ടതാണ്.
ഇവിടെ വലിയ ആളുകളുടെ വാശിയേ നടക്കൂ!
സ്വന്തം വീട്ടിൽ വെള്ളം ചേർക്കാത്ത പാലിലുണ്ടാക്കിയ വെട്ടിയാൽ മുറിയാത്ത ചായയുണ്ടെങ്കിലും സുഹൃത്തുക്കളോടൊപ്പമുള്ള കട്ടനാണ് കൗമാരത്തിനിഷ്ടം.
" ഊളച്ചായ!!" ഞാനുണ്ടാക്കിയ ചായ മറിച്ചു കളഞ്ഞാണ് ആദ്യ പ്രണയം നടന്നു പോയത്.
"വാടാ, ചായ കുടിക്കാം" ആദ്യത്തെ തല്ലു പിടുത്തവും ചായയിൽ മുക്കി പൊടിച്ചു തിന്നു.
" എന്നാലും ആദ്യമായി കാണാൻ വന്നപ്പോ ഞാനുണ്ടാക്കിയ ചായ അത്ര പോരെന്ന് പറഞ്ഞു കളഞ്ഞേല്ലോ!" സഖി പിന്നീടൊരിക്കൽ പറഞ്ഞു.
പിന്നീടിന്നോളം മഞ്ഞിലും മഴയിലും ഞങ്ങൾ ഒരു പാട് ചായ മൊത്തിക്കുടിച്ചു.
നാണിച്ചു നിന്നാൽ രണ്ടാമതു ചായ ഓഫർ ചെയ്യില്ല നഗരം!
" ഒരു ചായ കുടിച്ചാലോ?"
"ഇപ്പോ വേണ്ട!" നാട്ടിൻ പുറത്തെ ആ കടക്കാരന്റെ ഒരു 12 രൂപ ചായ നിഷേധിച്ചതിനാണ് കുടുംബത്തെക്കുറിച്ച് അപവാദം പറഞ്ഞതും അത്രമേൽ പ്രധാന പെട്ട സ്ഥലക്കച്ചവടം മുടക്കിയതും! അതിനു മുൻപും ശേഷവുമൊക്കെ അവിടെ നിന്ന് എത്രയോ ചായ കുടിച്ചു. എല്ലാം അപ്രധാനം.
ടീ ബാഗുകൾ കൊള്ളില്ല. നാട്ടിലെ ചായ തന്നെ നല്ലത്.
ചായയിങ്ങനെ ജീവിതമായും ജീവിതം ചായ ഗ്ലാസിലേയ്ക്കും പകർന്ന് പതഞ്ഞു പാകമാവുകയാണ്.
Hello! Left a message on Twitter. Please call.
ReplyDelete