Wednesday, 18 May 2022
വീടുപണി
വീടുപണിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനോമുകുരത്തിലേയ്ക്ക് ഇരമ്പിപ്പാഞ്ഞെത്തുന്നത് രണ്ട് കാര്യങ്ങളാണ്.സ്വഭാവികമായും രണ്ട് പ്രശ്നങ്ങള്‍ തന്നെ!അതില്‍ നിസ്സാരമായത് കയ്യിലോ ബാങ്കിലോ അഞ്ച് പൈസ തുട്ടുപോലും ഇല്ലയെന്നതാണ്.പരമപ്രധാനമായ ദ്വിതീയസമസ്യ എന്തെന്നാല്‍ എന്നെങ്കിലും പണിതു കഴിഞ്ഞേക്കാവുന്ന വീടിന് എന്ത് ബില്‍ഡപ്പ് കൊടുക്കും എന്നതാണ് പോലും!!പഴയ ബംഗ്ളാവുകളിലൊക്കെ മാനിന്റെയും മറ്റും തലയും ആനക്കൊമ്പും തോക്കുകളും വാളും പരിചയുമൊക്കെ പ്രദര്‍ശനത്തിന് വെച്ച് കണ്ടിട്ടില്ലേ?പുതിയ വീടുകളിലാണെങ്കിലും ആരെങ്കിലുമാണ് ഈ വീടിന്റെ നാഥനെന്നോ ഐശ്വര്യമെന്നോ തുണയെന്നോ എഴുതിയതും ഗേറ്റില്‍ IAS,IPS,ഡോക്ടര്‍,എഞ്ചിനീയര്‍, പ്രൊഫസര്‍ ഇത്യാദി തൊങ്ങലുകളും നിര്‍ബന്ധമത്രെ! അപ്പോഇതൊന്നുമില്ലാത്തവരും ഇതൊന്നുമല്ലാത്തവരും?!!മറിഞ്ഞും തിരിഞ്ഞും ഗുണനഹരണങ്ങള്‍ നടത്തിയിട്ടും ബില്‍ഡിങ്ങിന് കൊടുക്കാന്‍ ബില്‍ഡപ്പുകളൊന്നും ഓര്‍മ്മയിലെത്തിയതേയില്ല.ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടോ??ഓര്‍മ്മയില്ല!!ദുഫായീല്‍ പോയിട്ടാണേല്‍ ഒട്ടകവും ക്രൂഡോയിലും ഈത്തപ്പഴക്കുരുവുമൊന്നും മിച്ചം വെക്കാനോ പറ്റിയില്ല.അങ്ങനെയിരിക്കേ ഇളവെയിലടിച്ചപ്പോഴാണ് ചെറിയൊരു ബുദ്ധിയുദിച്ചത്.കൊറോണ മഹാമാരി!ആരോഗ്യപ്രവൃത്തനം!സാനിറ്റൈസര്‍!പി പി ഇ കിറ്റ്!റിസ്ക് അലവന്‍സ്!ഒന്നു പൊലിപ്പിക്കാനുള്ള മരുന്നുണ്ട്!രണ്ട് പിപിഇ കിറ്റുകള്‍ സകല ആടയാഭരണങ്ങളോടും കൂടെ സ്റ്റഫ് ചെയ്ത് ഗേറ്റിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിക്കണം. ഉമ്മറത്ത് മാസ്കുകള്‍ - N 95 വും സര്‍ജിക്കലും ഒന്നിടവിട്ട്..മുറ്റത്ത് കിണറിന്റെ മുകള്‍വശം സാനിറ്റൈസര്‍ കുപ്പിയുടെ ഡിസ്പെന്‍സര്‍ പോലെക്കൂടാക്കിയാല്‍ ചാരിതാര്‍ത്ഥ്യത്തിനുള്ള വകയായി.പിന്‍കുറിപ്പ് : ഇത് സമൂഹത്തില്‍ മാന്യമായി ജോലി ചെയ്യുന്നവരുടെ വീടിനു മുന്‍പിലെ നെയിം ബോഡുകളെ യാതൊരുവിധത്തിലും അപമാനിക്കാനുദ്ദേശിച്ചെഴുതിയതല്ല.പിന്നെയോ സമൂഹത്തിലെല്ലാരോടും ഒരേ നീതിയില്‍ പ്രത്യേകിച്ച് ഒരു ലേബലിന്റെയും പിന്‍തുണയില്ലാതെ ഇടപെടാന്‍ ശ്രമിച്ച് തിരിച്ചടികളും അപമാനങ്ങളും വാങ്ങിക്കൂട്ടുന്നതിന്റെ ചെറ്യേരു അസക്യതയില്‍ എഴുതിയതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment