Sunday, 20 December 2020

പെലയന്‍ തോമ

എന്റെ പിതാവിന്റെ ജന്മസ്ഥലത്തെ വട്ടപ്പേരാണ്.

പെലയനെന്ന് വിളിച്ചത് പുലയസമുദായക്കാരല്ല!റോമന്‍ കാത്തലിക്കായി ജീവിക്കാമായിരുന്നിട്ടും ജാതി നോക്കാതെ സൗഹൃദങ്ങള്‍ സൂക്ഷിച്ചതിന് സവര്‍ണ്ണരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ പതിച്ചു നല്‍കിയ വിശേഷണമാണ്.കൂട്ടത്തില്‍ കൂടാത്ത കുരങ്ങനോട് വാനരന്‍മാര്‍ കാണിക്കാറുള്ള വെറുപ്പ്!

ആ വിളിയൊക്കെ പോയി.

പിന്നെ വന്നത് ഞാനാണ്!!

സ്കൂളില്‍ ഒന്നും രണ്ടും സ്ഥാനമൊക്കെ വാങ്ങിയിരുന്ന കുറേക്കാലം റാങ്കുള്ളവര്‍ ആയിരുന്നില്ല സുഹൃത്തുക്കള്‍!ചില അദ്ധ്യാപകര്‍ നേരിട്ട് ഉപദേശിച്ചിട്ടുണ്ട്.പഠിക്കുന്നവരുടെ കൂടെ കൂടണം.എന്നാലേ പുരോഗതിയുണ്ടാവൂ.

പഠനമൊക്കെ ഒരു വഴിക്കാക്കി കോര്‍പ്പറേറ്റ് ദുനിയാവിലെത്തി.അവിടേയും സൗഹൃദം സാറമ്മാരില്‍ ഒതുക്കിയില്ല..തീര്‍ച്ചയായും ഉപദേശങ്ങള്‍ ഒരുപാട്.പെലയെന്ന് വിളിക്കാതെ വിളിക്കലുകളും!!

ഒരുപാട് കര്‍മ്മമണ്ഡലങ്ങളില്‍ ബലഹീനപക്ഷത്ത് നിന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ വളരെ സങ്കടത്തോടെ പറയട്ടെ,നേരും നെറിവും പ്രവൃത്തികളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ഭൂരിപക്ഷത്താലും വേട്ടയാടപ്പെടും.

നന്മയെന്തെങ്കിലും ഉണ്ടായാല്‍ അത് സ്വീകരിച്ചവര്‍ പോലും അത് പ്രകടിപ്പിക്കുകയില്ല!!

സാമൂഹികനീതി നടപ്പിലാക്കിയതിന് സമൂഹം നെഞ്ചിലേറ്റുന്ന ആപ്പീസറമ്മാരൊക്കെ ഏതെങ്കിലും മസാലപ്പടങ്ങളിലേ ഉണ്ടാവൂ!!ശരിയായ ജീവിതത്തില്‍ അധികാരം അല്‍പ്പം വളഞ്ഞ വഴിയില്‍ ഉപയോഗിക്കുന്നവരേ പിടിച്ചു നില്‍ക്കാറുള്ളൂ.സാറന്മാര്‍ ഏതു വിധേനയും സാറത്തം നിലനിര്‍ത്തണം.

സമത്വം എന്നത് മറ്റൊരു തമാശ!ഞങ്ങള്‍ ദുര്‍ബലരല്ലെന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ പറയുന്നത് അംഗീകരിച്ചാല്‍ അപ്പോള്‍ മുറവിളിയുടെ ദിശ മാറും.ചിന്തകള്‍ ബലപ്പെട്ട കാലം മുതലേ ജാതി,മത,ലിംഗ,പ്രായ ഭേദമന്യേ വ്യക്തിത്തത്തെ സമഭാവനയോടെ വീക്ഷിക്കാന്‍ ശ്രമിച്ചു പോന്ന എനിക്ക് നിഷ്കാസനങ്ങളും ഹ്യുമിലിേഷനുകളും ചതിവുകളുമാണ് ഇന്നോളമുണ്ടായത്.

അഴിമതിയും സ്വജനപക്ഷപാതവുമൊന്നും വിവരിക്കാന്‍ ഇപ്പോള്‍ ഊര്‍ജ്ജം അവശേഷിക്കുന്നില്ല.

സാമാന്യജനത്തിന്റെ പ്രവൃത്തികള്‍ അവരുടെ സൂക്തങ്ങള്‍ക്കെതിരെ ചരിക്കുന്നു എന്ന ദുഃഖസത്യം മനസ്സിലാവാറുണ്ടെങ്കിലും പെലയനായി(?) തുടരാന്‍ എന്തോ ഇഷ്ടമാണ്!ന്യായ അന്യായങ്ങളുടെ തുലാസ്സില്‍ എന്റെ ജീവിതം ആടുമ്പോള്‍ എല്ലാവരും -അഴിമതിക്കാരനും അഴിമതിയുടെ ദൂഷ്യഫലമേറ്റ് ജീവിതത്തിന്റെ ഗതി മാറിയവനും  എല്ലാം - എന്റെ രക്തത്തിനായി ആക്രോശിക്കാറാണ്.എങ്കിലും ഇതൊക്കെ ഏതെങ്കിലും വിധേന തുടരുക തന്നെ ചെയ്യും. മനുഷ്യനോടൊപ്പം നീങ്ങല്‍ എന്റെ തീരുമാനമാണ്..ആര് തള്ളിപ്പറഞ്ഞാലും...ഏത് വാനരന്‍ വാനരസംഹിത ഉദ്ധരിച്ചാലും

Tuesday, 15 December 2020

നാമം

പേരായ ശബ്ദം നാമം!

"ചീച്ചീ,ഈ സീറ്റ്..ഇന്റയാനെന്ന് തോന്നുന്നു"മലയാളം സംസാരിച്ചു വലിയ ശീലമില്ലാത്ത ഒരാളുടെ ശൈലി പോലെ തോന്നിയതിനാല്‍ ഞാനും തലയുയര്‍ത്തി നോക്കി.യൂറോപ്പിലെവിടെയോ ജനിച്ചു വളര്‍ന്ന മലയാളി വേരുകളുള്ള ഒരു ചെറുപ്പക്കാരന്‍ എന്നു വ്യക്തം.മാന്യതയും കൗതുകവും സ്ഫുരിക്കുന്ന മുഖവും ആകാരവും.

"ആ...അപ്പറത്ത് ആദ്യം വെയിലാരുന്നു കെട്ടോ. അതാ മാറിയിരുന്നെ.മോനിരുന്നോ!"ചേച്ചി സമാധാനപ്രിയയാണ്.അതോ പകുതി സായിപ്പിനെ കണ്ടപ്പോള്‍ പകുതി കവാത്ത് മറന്നതോ.

"താങ്ക്സ് ചീച്ചീ..പേരെന്റാ?"

"എന്തുവാ മോനേ?"

"പേര്..പേര്!"

"പേര് ഓമന!"

"നല്ല പേരാനല്ലോ!ഓമന മീന്‍സ് ഡിയര്‍ അല്ലേ?"

"അതേ..പണ്ടത്തെ പേരുകളൊക്കെ അങ്ങിനെയാണ്.വലിയ പാരമ്പര്യത്തിന്റെ തലക്കനം പേറാത്ത എല്ലാ സംസ്കാരങ്ങളിലേയും പേരുകള്‍ ഇതുപോലെ സ്വീറ്റ് എന്‍ സിമ്പിളായിരിക്കും.ശ്രദ്ധിച്ചിട്ടുണ്ടോ?!"ഉത്തരം പറഞ്ഞത് ഞാനാണ്.ഓമനച്ചേച്ചി ചിരിച്ചുകൊണ്ടിരുന്നതേ ഉള്ളൂ.

"ആഹാ.അങ്കിളിനിതിനെക്കുരിച്ചി നല്ല അരിവുണ്ടെന്നു തോന്നുന്നു!"ചെറുപ്പക്കാരന്‍ എന്നെ സംസാരിപ്പിക്കാനുള്ള ശ്രമത്തിലാണ്.ഞാനും ആഗ്രഹിക്കുന്നത് അതു തന്നെ!

"നല്ല അറിവൊന്നുമില്ല.കുറച്ചൊക്കെ കണ്ടും കേട്ടും വായിച്ചും സംസാരിച്ചും ഓര്‍ത്തു വെച്ച ചില കാര്യങ്ങളുണ്ട്.അത്ര മാത്രം!"

"പരയൂ"


"നോമന്‍ക്ളേച്ചര്‍ അഥവാ നാമകരണശാസ്ത്രത്തെ എനിക്കു മനസ്സിലായതുപോലെ,പറഞ്ഞു ഫലിപ്പിക്കാനുള്ള എളുപ്പത്തിന് രണ്ടായി തിരിക്കാം.ഒന്ന് മാക്സിമം നന്മ വാരിപ്പൂശിയ പേരുകള്‍,രണ്ടാമത്തേത് പുച്ഛത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉണ്ടാവുന്നത്!"

"വൗ"

"ശാസ്ത്രത്തിലെ പല പേരിടലുകളും ലത്തീനും ഗ്രീക്കിനും മുന്‍ഗണന കൊടുക്കുന്നവയാണ്.ഇവ പഠിക്കാന്‍ അല്‍പ്പം പാടു പെടണം എന്നതുകൊണ്ടു തന്നെ തൊഴിലിന്റെയും തൊഴില്‍ ചെയ്യുന്നവരുടേയും നിലവാരം ഉയര്‍ത്താന്‍ സഹായകരമാവും.ചരിത്രപരമായി അല്‍പ്പം പാരമ്പര്യം ഉള്ള സംസ്കാരങ്ങളിലെ പേരുകളും അല്‍പ്പം നന്മ വാരിപ്പൂശിയതായി തോന്നിയിട്ടുണ്ട്...

ഇനി രണ്ടാമത്തേത്..അല്‍പ്പം ബ്ളാക് ഹ്യൂമര്‍ കലര്‍ന്നതെന്ന് മനസ്സിലാക്കാവുന്ന ഇത്തരം പേരുകള്‍ കുടിയേറ്റത്തിന്റെയും കടന്നു കയറ്റത്തിന്റേയും ബാക്കിപത്രമാണ്.

പാപുവ ന്യൂ ഗിനിയയില്‍ സ്വര്‍ണ്ണവേട്ടക്കെത്തിയ കങ്കാരുക്കള്‍ തദ്ദേശീയകുട്ടികളെ മങ്കികള്‍ എന്നു വിളിച്ചു..കുട്ടി എന്നതിന്റെ ശരിയായ വാക്ക് അതാണെന്നു ധരിച്ച് പാവങ്ങള്‍ അത് അനുകരിച്ചു.കറുമ്പന്‍,മണിയന്‍,കൊലുമ്പന്‍ ഇത്തരം പേരുകളൊക്കെ പുച്ഛത്തോടെ അക്ഷരാഭ്യാസവും ദൈവപൂജയുമൊക്കെ കൈയ്യടക്കി വെച്ചിരുന്ന സ്വയംപ്രഖ്യാപിത വരേണ്യവര്‍ഗ്ഗം സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിച്ചതു തന്നെ.മലയോരമേഖലയിലെ കുടിയേറ്റവും ഒരുപാട് ഗ്രാമ്യമായ പേരിടലുകള്‍ക്ക് കാരണമായി.അരിക്കണ്ടി,കമ്പംതൂറി എന്നൊക്കെ പേരിടുമ്പോള്‍ നഗരത്തില്‍ നിന്ന് കാട്ടുമുക്കിലെത്തിയവരുടെ ധാര്‍ഷ്ട്യവും പുച്ഛവും കാണാം.പ്ളാവും മാവും ആലും കൂട്ടിയ വീട്ടുപേരുകളിലും കൊച്ചു കാമാക്ഷിയെന്നും മറ്റും തദ്ദേശീയായ ഒരുവളെ പുച്ഛിക്കുന്ന സ്ഥലപ്പേരുകളിലും ഒരുപാട് കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്!"

"അമേസിങ്ങ്!നാനിതിനെ പറ്റി ആദ്യായി കേക്കുവാ .അങ്കിലിന്റെ പേരെന്റാ?"

"പേര് ജോണ്‍"



"വീറ്റുപേര്?"

"ജോണ്‍ വില്ല!"ഞാനൊന്നു പരുങ്ങി.

"അതു പുതിയ പേരല്ലേ.പഴയ വീറ്റുപേര്?"

"ആ അത്..കുട്ടകക്കൂസില്‍!!"

ഇതില്‍ കൂടുതല്‍ ചരിത്രപഠനത്തിന് യോഗ്യനാരുണ്ട്.

Monday, 14 December 2020

ശാക്തീകരണം

എല്ലാ ശാക്തീകരണത്തിന്റെയും അടിസ്ഥാനം സാമ്പത്തിക സ്വാതന്ത്ര്യം തന്നെയാവും.

പലപ്പോഴും ശാക്തീകരണമെന്ന ലേബലൊട്ടിച്ച് വിതരണം ചെയ്യപ്പെടുന്നത് വേറെയെന്തൊക്കെയോ ആണ്!

ഉദാഹരണത്തിന് ഒരു വവ്വാലിനെ ചിറകെല്ലാം മുറിച്ചു കളഞ്ഞ് തല ഭൂഗുരുത്വാകര്‍ഷണത്തിന് എതിരായി ഉയര്‍ത്തിപ്പിടിച്ച് ഞങ്ങള്‍ കുഞ്ഞു കുറുക്കന്‍മാരേപ്പോലെ അഭിനയിച്ചാല്‍ ശാക്തീകരണം സംഭവിക്കും എന്നു വിശ്വസിപ്പിച്ചു എന്നു വിചാരിക്കൂ.

അഭിനയം ജീവിതത്തിന്റെ ഭാഗമെന്ന് സ്ഥാപിക്കുന്ന മഹദ്വചനങ്ങളും പശ്ചാത്തലസംഗീതംപോലെ മുഴങ്ങുന്നുണ്ടാവും.

വവ്വാല്‍ സ്വത്വത്തോട് മേല്‍പ്പറഞ്ഞ ദ്രോഹങ്ങളെല്ലാം ചെയ്ത് കുറുക്കവത്കരിക്കപ്പെടുമ്പോള്‍ ശരിക്കും കുറുക്കന്‍ നീ ഒറിജിനലല്ല എന്നു പറയും.

വവ്വാലിനുമത് എങ്ങിനെയെങ്കിലും തോന്നിത്തുടങ്ങും.

പിന്നീടങ്ങോട്ട് സൈക്കോളജിക്കല്‍ ത്രില്ലറുകളാണ്!!

ട്രെന്റുകള്‍ക്ക് പിറകേ പോവുന്നതാണ് നമ്മുടെ സമൂഹത്തിലെ അസമത്വങ്ങള്‍ക്കു കാരണമെന്ന് കുറച്ചെങ്കിലും പഴങ്കഞ്ഞി കുടിക്കുന്ന ആര്‍ക്കും മനസ്സിലാവും.

ആരെങ്കിലും അവരുടെ പാഷനുകളെ പിന്തുടര്‍ന്നു ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയാല്‍ സകലരും ആ വഴിയേ പോവുക.ഇത്തരത്തില്‍ തൊഴിലാളി തൊഴില്‍ അനുപാതത്തിലെ സാച്വറേഷന്‍ പോയിന്റ് പെട്ടെന്ന് താണ്ടി സമൂഹം പിന്നീട് വരുന്ന ശരിയായ താത്പര്യമുള്ളവരുടെ അവസരങ്ങള്‍ ദുഷ്കരമാക്കുന്നു.'റാറ്റ് റേസ്' എന്നൊക്കെ പറയും പോലൊരു അവസ്ഥ സമൂഹത്തില്‍ സംജാതമാകുന്നു.

സമൂഹത്തില്‍ എല്ലാത്തരം ജോലി ചെയ്യുന്നവരുടേയും അനുപാതം നീതിയുക്തമായി നിലനിര്‍ത്തപ്പെടാനുള്ള ശ്രമങ്ങള്‍ വേണമെന്നു പറയുമ്പോള്‍ അതിനെ തൊഴിലടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥയുമായി ദയവായി കൂട്ടി വായിക്കരുത്.

എല്ലാത്തരം ജോലി ചെയ്യുന്നവരും ജീവിതസൗഭാഗ്യങ്ങള്‍ നീതിയുക്തമായി പങ്കിട്ടെടുക്കുന്ന രാജ്യങ്ങള്‍ ഭൂഗോളത്ത് ഉണ്ട് എന്നു പറയുന്നത് അതിശയോക്തിയല്ല.

ഭരണം ഒരു തൊഴിലായി കാണുന്നവരുണ്ടെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭരണം പാരമ്പര്യമായി കാണുന്നവര്‍ക്ക് അതിശയമുണ്ടായേക്കാം!

ഫോര്‍ട്ട് കൊച്ചി ബാസ്റ്റിന്‍ സ്ട്രീറ്റിലെ Ministry of tribal affairs ന്റെ ഒരു റീട്ടെയ്ല്‍ ഔട്ട്ലെറ്റ് സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു.ഇടനിലക്കാരുടെ കുതന്ത്രങ്ങളില്ലാതെ തൊഴിലെടുക്കുന്നവര്‍ക്ക് പരമാവധി വില കിട്ടും പോലെയാണ് ഈ സ്ഥാപനത്തിന്റെ പ്രവൃത്തനശൈലിയെന്നത് വളരെ മതിപ്പുളവാക്കി.(ഇടനിലക്കാരുടെ പ്രവൃത്തനശൈലിയോട് അന്ധമായ വെറുപ്പുണ്ടെന്നു തന്നെ കരുതിക്കോളൂ!കൃഷി മരണശയ്യയിലാവാനുള്ള കാരണം അവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു.)

ശരിയായ ശാക്തീകരണത്തില്‍ പങ്കാളികളാവാന്‍ ഇത്തരം ഇടനിലക്കാരില്ലാത്ത ഉത്പന്നങ്ങളെ ദയവു ചെയ്ത് പ്രോത്സാഹിപ്പിക്കൂ.

അനുപാതങ്ങള്‍ നിലനില്‍പ്പിനെ അടിസ്ഥാനമാക്കിയാവട്ടെ!

ശാക്തീകരണശ്രമങ്ങള്‍ ആത്മാര്‍ത്ഥമാവട്ടെ!

Friday, 4 December 2020

തീമഴയും ടോക്സിനും

വില്ലന് നിറപ്പകിട്ടില്ലെങ്കില്‍ പിന്നെ നായകനെങ്ങിനെ അതുണ്ടാവും!!

മോനന്ന് ഹൈസ്കൂളിലാണ് നേരം കളയാറ്.

കല്ല്യാണപ്പുരകളില്‍ ചെന്നാല്‍ കലവറയില്‍ സഹായത്തിന് കൂടുക എന്ന പരമ്പരാഗതമായ ചടങ്ങ് നടത്തപ്പെട്ടു എന്നതില്‍ നിന്ന് പിതാശ്രീയും കൂടെയുണ്ടെൂന്നത് മനസ്സിലാക്കാവുന്നതാണല്ലോ!

മറ്റുള്ളവരിലെ സംസാരപ്രിയരെ കണ്ടെത്തി തൊട്ടുണര്‍ത്തുക എന്ന മറ്റൊരു പാരമ്പര്യം അദ്ദേഹം പൊടുന്നനെ പിന്തുടര്‍ന്നു.

പാചകത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയ ഒരാളായിരുന്നു ഇര.

കാലാവസ്ഥ,വിലക്കയറ്റം,രാഷ്ട്രീയകാറ്റുകള്‍,പഴമയും പുതുമയും തമ്മിലുള്ള താരതമ്യപഠനം ഇത്യാദിയെല്ലാം താണ്ടി പാചകവീരന്‍ അദ്ദേഹത്തിന്റെ ഇഷ്ടവിഷയത്തിലെത്തിച്ചേര്‍ന്നു.

"മോനോട് ചോദിക്കാം..അവന്‍ പഠിക്കുന്ന ആളല്ലേ?ഈ വെള്ളത്തില്‍ എന്തൊക്കെ ഉണ്ടെൂന്ന് പഠിച്ചോ?"

"വെള്ളത്തില് മൂലകങ്ങള്..സൂക്ഷ്മജീവികള്..സൂക്ഷ്മസസ്യങ്ങള്..."

"അതല്ലടാ..ഈ കെമസ്ട്രീല് വെള്ളത്തിനെന്താ പറയുന്നെ?"

"ഓ,രാസനാമം?അത് എച്ച് ടു ഓ"

"അതിലീ എച്ചും ഓയും?!"

"ഹൈഡ്രജനും ഓക്സിജനും"

"ഹൈഡ്രജന്‍ പെട്ടെന്ന് തീപിടിക്കുമെന്ന് കേട്ടിട്ടുണ്ടോ?!"

"മ്.."

"അതുപോലെ ഓക്സിജന്‍ തീ കത്താന്‍ സഹായിക്കുമെന്നും കേട്ടിട്ടില്ലേ?!"

"ഉംം.ആം"

"തീമഴയെന്നൊക്കെ അറിവൊള്ളോര് പറയുമ്പോള്‍ നമ്മക്ക് പുച്ഛം..എച്ചും ഓയും കൂടി തീമഴ പെയ്യിക്കാത്തതേ സര്‍വ്വേശന്റെ കാരുണ്യമുള്ളതു കൊണ്ടാ.."

അതങ്ങനെ കഴിഞ്ഞു.

പക്ഷേ കാലം വൃത്തത്തിലാണല്ലോ ചരിക്കാറ്!

ഒരു മുഴുവന്‍ സമയ ശാസ്ത്ര വിദ്യാര്‍ത്ഥിയായി മാറിയ മോനെ പാചകന്‍ വീണ്ടും കണ്ടുമുട്ടി.

"മോനീ പീയൂഷഗ്രന്ഥിയെപ്പറ്റിയൊക്കെ പഠിച്ചോ?"

"പീയൂഷം എന്നു പറഞ്ഞാല്‍ പിറ്റ്യൂറ്ററി..ആം പഠിച്ചല്ലോ..?"മോന്‍ ചോദ്യഭാവത്തില്‍ നോക്കി.

"പീയൂഷഗ്രന്ഥി പുറത്തു വിടുന്ന രാസവസ്തുക്കളെപ്പറ്റി പഠിച്ചോ?"

"ഹോര്‍മോണുകളാണോ?ഓക്സിടോസിന്‍,വാസോ."

"ആ..നില്ലു നില്ല്..ഓക്സി ടോക്സിന്‍..അതു തന്നെ..ഈ ടോക്സിന്‍ എന്നു പറഞ്ഞാല്‍ എന്താണ്?"

"ടോക്സിന്‍ എന്നു പറഞ്ഞാല്‍ വിഷം എന്നാണ്..പക്ഷേ ഇതിന്റെ സ്പെല്ലിങ്ങ് അതല്ലല്ലോ.."

"സ്പെല്ലിങ്ങിലൊക്കെ എന്തിരിക്കുന്നു?നമ്മുടെ ബോഡിക്കകത്തു തന്നെ ടോക്സിനുണ്ടായിട്ടും ജീവനോടെ ഇരിക്കുന്നത് എന്തുകൊണ്ടാണ്?"

"സര്‍വ്വേശ്വരന്‍..?!"

"കറ കറക്ട്!"

ഇതുപോലെയുള്ളവര്‍ ഇല്ലെങ്കില്‍ സര്‍വ്വേശ്വരന്‍ കഷ്ടത്തിലായേനെ..

ഫിലാസഫി

പ്പോഴത്തേതുമെന്നപോലെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഒരു വേനല്‍ക്കാലരാത്രി.സംഭവം നടക്കുന്നത് സ്ഥാവരമോ ജംഗമമോ എന്ന് പ്രയോഗാര്‍ത്ഥം ആധാരമെഴുത്തുകാര്‍ പോലും സംശയിക്കുന്ന പിതൃഗൃഹത്തിന്റെ പൂമുഖത്തു വെച്ചാണ്.

നോം മാതാശ്രീയോട്,"ലേശം കഞ്ഞി?!"

"ഏത് കഞ്ഞി?പോയ വഴി വല്ലതും കനത്തില്‍ അടിച്ചെന്നു കരുതി ഞാനതെടുത്തു പശൂനുള്ള വെള്ളത്തിലിട്ടു!!അല്ലേലും ശരീരത്തിന്റെ ഭാഗമായി മൊവീലൊള്ളതല്ലേ?കഞ്ഞി വേണമെന്ന് നേരത്തേ വിളിച്ചങ്ങോട്ട്
പറയാരുന്നല്ലോ?!"

ഇനിയും തുടര്‍ന്നാല്‍ തളര്‍ച്ച കൂടുമെന്നറിയാവുന്നതിനാല്‍ പിന്നീട് ശ്വാസം കഴിക്കുന്ന ശബ്ദം പോലും പുറത്ത് വരാതെ പിന്‍വാങ്ങി.അല്ലെങ്കിലും ഒരിക്കലുമില്ലാത്ത പഴത്തൊലിയൊക്കെ കാടിവെള്ളത്തില്‍ അന്ന് ആരെങ്കിലും നിക്ഷേപിച്ചിരിക്കും..തീര്‍ച്ച!

പക്ഷേ കാലം അതിന്റെ പകിടയെറിഞ്ഞു.അതേ പൂമുഖത്തു വെച്ച് മാതാശ്രീ നമ്മോട് ചോദിച്ചു,"എന്താ നെന്റെ ജീവിതത്തിന്റെ ഫിലോസഫി?!"

പ്രതികാരവാഞ്ജയാല്‍ അണപൊട്ടി നിന്ന നമ്മുടെ വാചകങ്ങള്‍ കുതിച്ചു ചാടി,"ജീവിതത്തിന്റെ ഫിലോസഫി ജീവിതം തൊടങ്ങണേനു മുന്നേ ചോയിക്കേണ്ടതല്ലേ?!അത് ചോയിച്ചില്ലല്ലോ?നേരം തെറ്റിയ ചോദ്യങ്ങള്‍ക്ക് കമ്പനി ഉത്തരവാദിയല്ല പോലും.ഉപഭോക്തൃസംരക്ഷണനിയമത്തിലത് പറഞ്ഞിട്ടുണ്ടത്രെ!"

#അങ്ങിനെ അന്നും പട്ടിണി