Friday, 2 October 2020

മുഷിവ്

ഒരു ജീവിതത്തെ ബാധിക്കാവുന്നതില്‍ ഏറ്റവും ഭീതിതമായ മാനസികാവസ്ഥ എന്തെന്നു ചോദിച്ചാല്‍ ഞാന്‍ പറയും 'മുഷിവ്' ആണെന്ന്.

ഒന്നും നേടാനാകാത്തവനും ഒരുപാടു നേടിയവനുമൊക്കെ മുഷിവിന്റെ മുന്നില്‍ തുല്യരാണ്.


മറ്റു പല അസുഖങ്ങളുടേയും സ്വഭാവവൈകല്യങ്ങളുടേയും തുടക്കമാണീ മുഷിവ്. 

എങ്ങിനെയാണ് മുഷിവുണ്ടാവുന്നത്?

മുഷിവുണ്ടാകാന്‍ കാരണം ക്വോട്ടുകളില്‍ പറയുംപോലെ നമ്മള്‍ കംഫര്‍ട്ട് സോണുകളില്‍ തുടരുന്നതാണ്.

ഞാന്‍ ചെയ്തതുപോലെ പഠനം ഇടക്കുവെച്ച് ഉപേക്ഷിക്കുന്നതിനെയോ ജോലികള്‍ മാറി മാറി പരീക്ഷിക്കുന്നതിനെയോ ന്യായീകരിക്കാനല്ല ഈ എഴുത്ത് എന്ന് ആദ്യമേ തന്നെ പറയട്ടെ.അതൊക്കെ 'പതിയെ പഠിക്കുന്ന' എന്റെ പരാജയങ്ങള്‍ മാത്രമാണ്.

പിന്നെയെന്താണ് കംഫര്‍ട്ട് സോണ്‍?

സാധാരണകുടുംബങ്ങളില്‍ ജനിച്ചു വളരുന്ന എല്ലാവരും അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ജീവിച്ചിരിക്കുവോളം ഒന്നും അറിയാത്ത കുഞ്ഞു വാവകളായി പരിഗണിക്കപ്പെടാറാണ് പതിവ്.

എല്ലാ മനുഷ്യരിലും ഒരു കുട്ടിയുണ്ട്,ആ കുട്ടിയ്ക്കും മതിയായ ശ്രദ്ധ കിട്ടണം.

പക്ഷേ ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ നമ്മളെ കുട്ടികളാക്കി കണ്ണുപൂട്ടി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ആളുകളല്ല,സമചിത്തതയോടെ ജീവിതത്തെ നേരിടാന്‍ പ്രേരിപ്പിക്കുന്നവരെയാണ് നമുക്ക് ആവശ്യം.

നമ്മുടെ സുഹൃത്ത്വലയങ്ങളും തൊഴിലിടങ്ങളുമൊക്കെ നമ്മളെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്നത് അത്ര നല്ല സൂചനയല്ല!

സാമൂഹികബന്ധപ്പാടുകള്‍ മുഷിവിന് കാരണമാവുമോ?

തീര്‍ച്ചയായും!

ഏതൊരു ഗ്യാങ്ങിനും സിസ്റ്റത്തിനും പറയാനുണ്ടാവുന്ന ക്ളിഷെ ഡയലോഗാണ് 'ഇതിനിപ്പോ എന്താ കുഴപ്പം'(നിലവിലുള്ള രീതികളെക്കുറിച്ച്).

പുരാതനശിലായുഗത്തിലുള്ളവരിലും ഇതുപോലെ ചിന്തിക്കുന്ന ഭൂരിപക്ഷം ഉണ്ടായിരുന്നിരിക്കാം.പക്ഷേ നമ്മള്‍ അവിടെ നിന്ന് ഒരുപാട് മുന്നോട്ടു പോന്നു.വസ്ത്രം ധരിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ശീലിച്ചു.

മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച പലരേയും നമ്മള്‍ വേദന തീറ്റിച്ചു.എന്നിട്ടും മാറ്റം സംഭവിക്കുന്നു.പിന്നെയെന്തിനാണ് നിഷ്പ്രയോജനകരമായ വേദനിപ്പിക്കലുകള്‍?

മുഷിവിനെ നേരിടാന്‍ നമ്മളെ കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്തേയ്ക്ക് തള്ളിയിടണം!

അതു ചെയ്തു തരാന്‍ മറ്റാരുമില്ലെങ്കില്‍ സ്വയം ചെയ്യണം!!

വീണ്ടും പറയുന്നു,പഠനവും ജോലിയുമൊന്നും ഉപേക്ഷിക്കുന്ന കാര്യമല്ല,ജീവിതത്തില്‍ ആയിരിക്കുന്ന/കഴിയാവുന്ന അവസ്ഥകളില്‍
പുതിയ രീതികള്‍ അടിക്കടി പരീക്ഷിക്കാന്‍ മടിക്കരുതെന്നു മാത്രമാണ് ഇതിലൂടെ പറയാനാഗ്രഹിച്ചത്.

1 comment: