Wednesday, 22 July 2020

ഒപ്റ്റിമിസത്തെക്കുറിച്ചോര്‍ത്ത്

ഒപ്റ്റിമിസം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ്.

ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതെന്നും പറയാവുന്നതാണ്.

മറ്റൊരാള്‍ എത്ര ഒപ്റ്റിമിസ്റ്റിക്കാണെന്ന് ആലോചിച്ച് സ്വന്തം കൈയ്യിലുള്ള ഒപ്റ്റിമിസം എറിഞ്ഞുടക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ?

ചെറിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയട്ടെ,മനുഷ്യരില്‍ അപൂര്‍വ്വം ചിലരേ സ്ഥിരമായി ഒപ്റ്റിമിസ്റ്റിക്കായി തുടരാറുള്ളൂ.മറ്റെല്ലാവര്‍ക്കും തങ്ങളുടെ നെഗറ്റീവ് എനര്‍ജി ചിലവഴിക്കാന്‍ അവരവരുടേതായ മാര്‍ഗ്ഗങ്ങളുണ്ട്.

വല്ലപ്പോഴും ഓഫീസില്‍ സന്ദര്‍ശനത്തിനെത്തുന്ന M.D. മിക്കപ്പോഴും സ്റ്റാഫുകളോട് വളരെ സ്നേഹമായി പെരുമാറും.ഓഫീസ് അവേഴ്സിലെല്ലാം ഒരുമിച്ചുള്ള സൂപ്രണ്ടിനോ മാനേജര്‍ക്കോ മറ്റുള്ളവരോട് അത്ര സ്നേഹസ്വരത്തില്‍ സംസാരിക്കാനായെന്നു വരില്ല.

ഇതിനര്‍ത്ഥം M.D.പോസിറ്റിവിറ്റിയുടെ നിറകുടമെന്നും മാനേജര്‍ കരിങ്കാലി എന്നും ആണോ?

ഒരിക്കലുമല്ല!!

M.D.തന്റെ തനിക്കൊണം വെളിപ്പെടും മുന്‍പേ സീനില്‍ നിന്ന് എസ്കേപ്പാവാറുള്ള ഒരു സ്മാര്‍ട്ട് ആസ്സ് ആണെന്നു മാത്രം മനസ്സിലാക്കിയാല്‍ മതി.

അതുകൊണ്ട് മറ്റുളളവര്‍ ഭയങ്കര ഒപ്റ്റിമിസ്റ്റിക്കാണെന്നു തെറ്റിദ്ധരിച്ച് സ്വന്തം മനസമാധാനം ഒരിക്കലും കളയേണ്ടതില്ല. 

കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനാവൂ എന്നു കാരണവന്‍മാര്‍ പറഞ്ഞു വെച്ച അല്‍പ്പം നെഗറ്റീവ് സ്വരമുള്ള ചൊല്ല് ഇടക്കിടെ ഓര്‍ത്താല്‍ ഈ കമ്പാരിസണ്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതാണ്. 

Thursday, 16 July 2020

ഹാനികരം

 മിഡില്‍ ഈസ്റ്റിലെ ചെറിയൊരു ജോലിയില്‍ പ്രവേശിച്ചതിന്റെ മൂന്നാം വര്‍ഷമാണ് ആദ്യ അവധി കിട്ടിയത്.

മഴക്കാലത്തോടുള്ള സ്നേഹം നിമിത്തം ജൂണ്‍ മാസത്തിലാണ് ലീവിനപേക്ഷിച്ചത്.മഴക്കാലത്തിന് ഈയുള്ളവനോടുള്ള സ്നേഹം കാരണമാവും ആ വര്‍ഷം ജൂലൈ ആദ്യം,കൃത്യമായി പറഞ്ഞാല്‍ തിരിച്ചു പോവുന്ന അന്നാണ് പെയ്തു തുടങ്ങിയത്.

ഇത്തരം ചെറിയ സൗന്ദര്യപ്പിണക്കങ്ങളുണ്ടെങ്കിലും മഴ പ്രിയങ്കരി തന്നെ.

അതെന്തെങ്കിലുമാവട്ടെ!!

ആദ്യത്തെ ലീവിനു പോക്ക് ഒരുപാട് സ്വപ്നങ്ങളൊക്കെ കണ്ട് മധുരമനോജ്ഞമാക്കാവുന്ന ഒരു വേളയാണ്.

സ്വപ്നം കാണുന്നതില്‍ ഒട്ടും പിറകിലല്ലാത്തതിനാല്‍ ലീവ് ഒരു ആഘോഷമാക്കാന്‍ തീരുമാനിച്ചു.കൈയ്യിലുള്ള ചെറിയ സമ്പാദ്യത്തിന്റെ ഒരു പങ്ക് സമ്മാനങ്ങള്‍ വാങ്ങാനായി ഉപയോഗിക്കണം എന്നും തീരുമാനിച്ചു.

ക്രിസ്തുമസ് അപ്പൂപ്പനെപ്പോലെ സമ്മാനപ്പൊതികളുമായി പ്രിയജനങ്ങളുടെ വീട്ടില്‍..ആഹാ!

മാത്രമല്ല ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ അതിഥിവേഷം കെട്ടിയതും ഞാനാവും.തീരെ ചെറുപ്പത്തിലേ ഒഴിവു സമയം കിട്ടിയാല്‍ വീട്ടില്‍ നിന്ന് ഇങ്ങോട്ടു പറയും 'ഇവിടെ ഒറ്റക്കിരുന്നു മുഷിയണ്ട.ബന്ധുവീട്ടിലെ പിള്ളേരുടെ കൂടെ കൂടിക്കോളൂ' എന്ന്.

അങ്ങിനെ ഞാനൊരു സ്ഥിരം അതിഥിയായി.എല്ലാ ബന്ധുജനങ്ങളോടും അതിനുള്ള കടപ്പാടും സ്നേഹവും ഉണ്ടാവുകയും ചെയ്തു.അതുകൊണ്ടു തന്നെ കഴിയുംവിധം സമ്മാനങ്ങള്‍ കൊടുക്കേണ്ട ബാധ്യതയുണ്ടെന്നും സ്വയം ആലോചിച്ചുറപ്പിച്ചു.

എന്തു തരം സമ്മാനങ്ങള്‍ എന്നതായി അടുത്ത ചിന്ത.

കള്ളും പുകയില ഉത്പന്നങ്ങളും വേണ്ട എന്നു ആദ്യമേ കരുതി.സമ്മാനങ്ങളില്‍ ഒരു സന്ദേശമുണ്ടല്ലോ!അതു കൊടുത്തവര്‍ക്കും വാങ്ങുന്നവര്‍ക്കും പിന്നീടൊരു മനഃസാക്ഷിക്കുത്തിന്റെ ആവശ്യമില്ല.ഷോകേസില്‍ വക്കാവുന്ന വസ്തുക്കളും വേണ്ട എന്നു വെച്ചു.ഉപകാരമുള്ള എന്തെങ്കിലുമായേക്കാം.

അങ്ങിനെ പല ഫ്ളേവറുകളുള്ള ചായപ്പാത്തികള്‍,സ്പൂണുകള്‍,ഫോര്‍ക്കുകള്‍,കോടാലിത്തൈലമെന്നു പ്രശസ്തമായ ഔഷധം,ടൈഗര്‍ ബാം,ടോര്‍ച്ചുകള്‍,പെര്‍ഫ്യൂമുകള്‍,മിഠായികള്‍,തൊപ്പികള്‍,ചോക്കളേറ്റ് പൗഡര്‍ എന്നിവയൊക്കെ വാങ്ങി.കോളേജു കുമാരികളായ കസിന്‍മാരെ ഉദ്ദേശിച്ച് കുറച്ചു ചുരിദാര്‍ പീസുകളും കൂടെയുണ്ട്.

മധുരമനോജ്ഞമായ ലീവ് യാഥാര്‍ത്ഥ്യമായി.

മഴക്കാലമൊഴിച്ച് ബാക്കിയെല്ലാം എന്നെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു.

ദിവസങ്ങള്‍ പറക്കുകയാണ്.

തറവാടിന്റെ ഭാഗത്തുള്ള പ്രിയരെയെല്ലാം കണ്ടു തീര്‍ത്തു.

ചെറിയ ചെറിയ സമ്മാനങ്ങള്‍ കൊടുത്തു.

സന്തോഷം പടരുന്നു.

കടപ്പാട് വീടുന്നു.

ദിവസങ്ങള്‍ കുറവാണ്.അമ്മവീടിന്റെ ഭാഗത്തേയ്ക്കും പോവേണ്ടതുണ്ട്.

അവിടെയുള്ള ബന്ധുവീടുകളുടെ അംഗബലം കണക്കെടുത്തു ചെറിയ സമ്മാനങ്ങള്‍ ഒന്നു രണ്ടു കവറുകളില്‍ എടുത്തു വെച്ചു.അടുത്ത ദിവസം അതിരാവിലെ ബസ് കയറണം.തയ്യാറെടുപ്പുകളെല്ലാം നേരത്തേ കഴിഞ്ഞ സ്ഥിതിക്ക് പുറത്തേയ്ക്ക് ഒന്നു ഇറങ്ങിയേക്കാം.

പുറത്തിറങ്ങി.

പ്രലോഭകന്‍ ഏതോ സുഹൃത്തിന്റെ രൂപത്തില്‍ വന്നു.

ഷാപ്പില്‍ പോകാം.

തെങ്ങിന്‍കള്ളടിക്കാം...

അടിക്കാം..

മഴയോ ഇല്ല.മരനീരെങ്കിലും പെയ്യട്ടെ.

മാന്യതയുടെ പരിധി വിടാതെ കള്ളടിച്ചു.വീടണഞ്ഞ് നേരേ കയറി കിടന്നു.അതിരാവിലെ ചെറിയ ക്ഷീണത്തോടെ ഉണര്‍ന്ന് സമ്മാനപ്പൊതികള്‍ ബാഗിലാക്കി ബസു കയറി.

ആദ്യ വീട്ടില്‍ അപ്പനും അമ്മയും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ്.

എല്ലാവരും വീട്ടിലുണ്ട്.

സന്തോഷം..

വിശേഷങ്ങള്‍ പറഞ്ഞു.

സാമ്പ്രദായികമായി പഴയകാലം സ്മരിച്ചു.

ചായപലഹാരങ്ങള്‍ സ്വീകരിച്ചു.

അവസാനം എല്ലാവരുടേയും ശ്രദ്ധ ഉറപ്പുവരുത്തി സമ്മാനക്കവറുകളെടുത്ത് തലയിട്ടു നോക്കി.

ഞെട്ടിപ്പോയി!

ചുരിദാര്‍ തുണിയൊഴിച്ച് മറ്റെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

ബാഗിലെങ്ങാനും ചാടി പോയതാവുമോ?

തപ്പി നോക്കി.

അല്ല!!

കാര്യങ്ങള്‍ ചുരുളഴിയാന്‍ അധികനേരം വേണ്ടി വന്നില്ല.

സമ്മാനക്കവറുകളില്‍ തലേദിവസം
ചെക്കിങ്ങ് നടന്നു.'ഈ ലൊട്ടുലൊടുക്ക് സാധനങ്ങളൊന്നും അങ്ങോട്ടു ചുമക്കണ്ട'എന്ന തുക്കടാന്യായത്തോടെ സ്വന്തം വീട്ടുകാര്‍ എല്ലാം അടിച്ചു മാറ്റിയിരിക്കുന്നു.

അതിവിടെ എങ്ങിനെ പറയാന്‍?!

പെണ്‍കുട്ടിക്കുള്ള ചുരിദാര്‍ തുണി ചമ്മലോടെ കൊടുത്തു.ഞാന്‍ തന്നെ കൊടുത്ത പ്രതീക്ഷയുടെ പൂത്തിരിയും കണ്ണില്‍ കൊളുത്തി നില്‍ക്കുന്ന മറ്റുള്ളവരെ അവഗണിച്ച് കവറു മടക്കി ബാഗിലിട്ട് പൂട്ടി.

"അതെന്നാടാ പെണ്ണിനു മാത്രേ ഫോറിന്‍ സമ്മാനവൊള്ളോ?" ചമ്മല്‍ പൂര്‍ത്തിയായി.

ഈ കഥയുടെ സന്ദേശമെന്താണെന്നു ചോദിച്ചാല്‍ തെങ്ങിന്‍കള്ള് നല്ലതല്ല എന്നാവും നിങ്ങള്‍ പറയുക.ഉറപ്പാണ്.സമ്മാനങ്ങള്‍ എന്നോടു പറയാതെ അടിച്ചുമാറ്റി എന്നെ പക്ഷപാതിയാക്കിയവരെ നിങ്ങള്‍ സംരക്ഷിക്കും.

Wednesday, 15 July 2020

പടരുന്ന ഭയവും പകരാത്ത ജാഗ്രതയും

 വളരെ സേഫ് ആയി വാഹനമോടിക്കാറുള്ള ഒരാളോട് എങ്ങിനെയാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചു.അദ്ദേഹത്തിന്റെ മറുപടി ഡ്രൈവിങ്ങില്‍ മാത്രമല്ല ജീവിതത്തിലെവിടെയും മുതല്‍ക്കൂട്ടാവുന്നതായിരുന്നു.

"വാഹനം ഓടിക്കുന്ന ആള്‍ പിഴവുകള്‍ സംഭവിക്കാവുന്ന ഒരു മനുഷ്യനാണെന്ന ബോധ്യം സ്വയമുണ്ടാവണം.വാഹനം മനുഷ്യനിര്‍മ്മിതമെന്നും തകരാറുകള്‍ സംഭവിക്കാവുന്നതാണെന്നും ബോധ്യം വേണം.മറ്റു വാഹനമോടിക്കുന്നവരൊക്കെ ലേശം വട്ടുള്ളവരാണെന്ന് സങ്കല്‍പ്പിക്കണം.വട്ടുള്ളവരുടെ തൊട്ടടുത്ത് പോവാന്‍ ആരുമൊന്ന് മടിക്കുമല്ലോ!ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ തുല്യപ്രാധാന്യമുള്ള മറുവശവുമുണ്ട്. പിഴവു സംഭവിച്ചേക്കാമെന്നു കരുതി വാഹനം ഉപയോഗിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.റോഡില്‍ കൂടെ മറ്റു വാഹനങ്ങളിലുള്ള ഡ്രൈവര്‍മാരെ വട്ടന്‍മാരായി സങ്കല്‍പ്പിച്ചാല്‍ മതി;അവരെ പ്രകോപിപ്പിച്ച് ഉറക്കെ വട്ടനെന്ന് വിളിക്കേണ്ടതില്ല.വാഹനം ഫിറ്റാണോ എന്ന് ചെക്കു ചെയ്യുക,മുന്‍പില്‍ പോകുന്ന വാഹനവുമായി അകലം പാലിക്കുക,അനാവശ്യ പിരിമുറുക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കുക..ഇങ്ങനെയൊക്കെയാണ് സേഫായി വണ്ടി ഓടിക്കാന്‍ ശീലിക്കുന്നത്"

ഈ വാക്കുകളെ കോവിഡ് 19 നുമായി ബന്ധിപ്പിച്ചാലോ?

മുന്‍കൂറായി പറയട്ടെ,കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതേ ഉള്ളൂ.അതിനെപ്പറ്റി അവസാനവാക്ക് പറയാന്‍ ശേഷിയുള്ള ആരും ഇന്ന് ഉണ്ടെന്ന് കരുതുന്നില്ല.നമ്മുടെ മുന്നിലുള്ളത് വൈറസ് രോഗങ്ങളെപ്പറ്റിയുള്ള പൊതുവായ നിരീക്ഷണങ്ങള്‍ ആണ്.വൈറല്‍ പനി വരുമ്പോള്‍ ചെയ്യാറുള്ളതുപോലെ തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുക,സമീകൃതാഹാരം ശീലിക്കുക,ആവശ്യത്തിന് ഉറങ്ങുക,ശുചിത്വശീലങ്ങള്‍ പാലിക്കുക,
സമയത്ത് വൈദ്യസഹായം തേടുക,നിലവിലെ ചികിത്സയോട് സഹകരിക്കുക എന്നിവയൊക്കെയാണ് ഇപ്പോഴുള്ള വൈറസ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍.ഇത് സാമാന്യം ഫലപ്രദവുമാണെന്ന് ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

സേഫ് ഡ്രൈവിങ്ങ് പാഠത്തിലെ പോലെ നമ്മള്‍ മറ്റു ഡ്രൈവര്‍മാരെ വട്ടന്‍മാരെന്നു കരുതി അകലം പാലിച്ച് ഓടിക്കാതെ ആക്സിഡന്റാക്കി അവരെ വട്ടന്‍മാരെന്ന് ഉറക്കെ വിളിച്ച് ബഹളം ഉണ്ടാക്കാനുളള പ്രവണത കാണിക്കാറുണ്ടോ?

പ്രവാസികള്‍ക്ക് അസുഖം കൂടുതലെന്ന് മാധ്യമങ്ങളില്‍ കണ്ടാല്‍ അവര്‍ക്കെതിരെ ബഹളം ഉണ്ടാക്കും!!

അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് രോഗമെന്നു കേട്ടാല്‍ അവരെ നാട്ടിലേയ്ക്ക് അടുപ്പിക്കില്ല!!

ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും അഗ്നിശമനസേനാംഗത്തിനും എക്സൈസ് ജീവനക്കാരനും രോഗമെന്നു കേട്ടാല്‍ അവരെ പേടി!!

പൊതുജനത്തിന് ആണ് ഇന്ന് രോഗം കൂടുതല്‍ എന്നു കേട്ടാല്‍ നമ്മള്‍ ആരെയായിരിക്കുമാവോ മാറ്റി നിര്‍ത്തുക?!

മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വ്യക്തമായ അജണ്ടകളുണ്ട്.ഒരേ വാര്‍ത്ത നാലോ അഞ്ചോ മാധ്യമങ്ങളില്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്ന വസ്തുത ആണിത്.


പൗരബോധമുള്ള ആളുകള്‍ സ്വയം സംരക്ഷിക്കുക,മറ്റുള്ളവരുടെ നിയമലംഘനങ്ങളെ നിയമപരമായി എതിര്‍ക്കുക..അതിനപ്പുറമുള്ള ചേരിപ്പോരുകള്‍ ഈ ദുരിതകാലത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കും.

പിന്നെഴുത്ത്:ഉപദേശസ്വരം പോലും ഇഷ്ടമില്ലാത്ത എന്നെപ്പോലുള്ളവര്‍ ഇതിനെ ഉറക്കെ ചിന്തിച്ചതായി കണക്കാക്കിയാല്‍ മതി.

ഇതൊക്കെ പറയുന്നതുകൊണ്ട് ഡയറക്ടായി ഒരു ലാഭവുമില്ല.സമൂഹം നല്ല ദിശയില്‍ നീങ്ങിയാല്‍ അതിന്റെ ഭാഗമായി നിന്ന് ഒരു വിഹിതം ആസ്വദിക്കാം..അത്രമാത്രം

Tuesday, 7 July 2020

വിവാദനായികമാര്

വിവാദനായികമാര്‍ ഇടക്കിടെ പൊങ്ങിവരുമ്പോള്‍ മനസ്സില്‍ വരുന്നത് രണ്ട് ചോദ്യങ്ങളാണ്.

1.സമൂഹത്തിന് ഇത്ര ലൈംഗികദാരിദ്ര്യം ഉണ്ടോ?സമൂഹം എന്നത് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പറഞ്ഞതാണ്.പീഡിപ്പിക്കാനുള്ള ഉപകരണം കൈയ്യിലില്ലെങ്കിലും (നിയമപരമായി സേഫാണ്)വാക്കുകൊണ്ട് പീഡിപ്പിക്കുന്നതില്‍ സ്ത്രീവേഷധാരികളായ മനുഷ്യരും ഒട്ടും  പിറകിലല്ലെന്ന് പല സംഭവങ്ങളിലൂടെ മനസ്സിലായി.

2.പരമ്പരാഗതമായി നമ്മള്‍ പറഞ്ഞു പോരുന്നതാണ് 'അവന്റെ/അവളുടെ മുഖം കണ്ടാലേ അറിയാം ആള് മോശമാണ്'(കള്ളലക്ഷണം എന്നും ചില നാട്ടില്‍ പറയും) എന്നത്.

ഇപ്രകാരം
പറയാത്തവരും ചിന്തിക്കാത്തവരുമുണ്ടെങ്കില്‍ വിവരത്തിന് കത്തിടണേ!

പക്ഷേ ലോകം കണ്ട എല്ലാ ചൂഷകരും സാമൂഹികവിരുദ്ധരും വലിയ തോതില്‍ ക്രിമിനല്‍ ആക്റ്റിവറ്റികള്‍ നടത്തിയവരും നടത്തുന്നവരും ഒരു കള്ളലക്ഷണവും ഇല്ലാതെ സമൂഹത്തിന്റെ ലക്ഷണശാസ്ത്രടെസ്റ്റില്‍ ഉന്നതവിജയം നേടിയവരല്ലേ? 

സമയവും സൗമനസ്യവുമുള്ളവര്‍ ഒന്ന് ആലോചിക്കൂ.

 അപ്രിയവചനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ അവഗണിക്കൂ.

Monday, 6 July 2020

ഓവര്‍ തിങ്കിങ്ങിനെപ്പറ്റി കൊഞ്ചം ഓവര്‍ തിങ്കിങ്ങ്

ഓവര്‍ തിങ്കിങ്ങ് എങ്ങിനെയായിരിക്കും ഒരു വ്യക്തിയെ ബാധിക്കുക??

എന്റെ തന്നെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയാം.

ദാ ഇതു കേട്ടപ്പോള്‍ തന്നെ നമ്മളില്‍ പലരും കോവിഡ് പോസിറ്റീവ് ആയ ഒരാളെ കാണും പോലൊരു മാനസികാവസ്ഥയില്‍ എത്തിയിട്ടുണ്ടാവും!!

ഇതാ ഒരു ഓവര്‍തിങ്കര്‍...

ഇതാ..

ഇതാ..

ഏതു നിമിഷവും 'ഈ ജീവി' ഓവര്‍തിങ്ക് ചെയ്തു തുടങ്ങാം..

എന്താവും സംഭവിക്കുക!!ഓ മൈ ഗോഡ്!!

ഹലോ..

മാന്യരേ..

ഒരു നിമിഷം..

നിങ്ങളില്‍ ആരാണ് ഓവര്‍ തിങ്ക് ചെയ്യാത്തത്?

ഒന്നു പറയാമോ?

'ഞാന്‍ ഭയങ്കര കൂളാണ്','ഒരുപാടൊന്നും ആലോചിച്ചു കൂട്ടാറില്ല' എന്നൊക്കെ ഇടക്കിടെ അല്ലെങ്കില്‍ അടിക്കടി പ്രഖ്യാപിക്കുന്ന പല മഹാനുഭാവരും സന്ദര്‍ഭം വരുമ്പോള്‍ അവരുടെ ചിന്തകള്‍ എത്ര കുഴഞ്ഞു മറിഞ്ഞതാണെന്ന് വെളിവാക്കാറുണ്ട്.ഇത് പൂര്‍ണ്ണമായും അവരുടെ സത്യസന്ധതയെ മാത്രം ബാധിക്കുന്ന ഒരു കാര്യമായി അവശേഷിക്കും.ആരോഗ്യകരമായ എന്തു സംവാദവും ഈ വിഷയത്തില്‍ സ്വീകരിക്കപ്പെടുന്നതാണ്.

പക്ഷേ എന്നെപ്പോലൊരു ഓവര്‍ തിങ്കറും നിങ്ങളില്‍ പലരുമായി ഒരു മാറ്റമുണ്ട്.

ഓവര്‍ തിങ്കിങ്ങ് പോലുള്ള കാര്യങ്ങളില്‍
ഞാന്‍ എന്റെ കാര്യങ്ങള്‍ തുറന്നു സമ്മതിച്ച് എന്റെ അടുത്ത ഇഷ്ടത്തിലേയ്ക്ക് പോവാന്‍ താത്പര്യപ്പെടുന്ന ആളാണ്!

നിങ്ങളില്‍ പലരും ചില നുണകളില്‍ കടിച്ചു തൂങ്ങി കിടക്കാനിഷ്ടപ്പെടുന്നവരും.

തീര്‍ച്ചയായും പ്രായോഗികജീവിതം താലോലിക്കുക ഇത്തരം പിടികൊടുക്കാത്ത ഓവര്‍ തിങ്കറെ ആവും.

ഓവര്‍ തിങ്കറുടെ പരാജയം!!

അതാണു പറഞ്ഞു വരുന്നത്..

ജീവിതത്തില്‍ ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ മറന്നു പോയി സമയബന്ധിതമായി ചെയ്യാന്‍ കഴിയാതെ പോയിട്ടുണ്ട്.

ജോലി ഏല്‍പ്പിച്ച ആള്‍ കാരണം ചോദിച്ചാല്‍ 'മറന്നുപോയതാണ്' എന്നാവും ആദ്യത്തെ ഉത്തരം.

'അതെങ്ങിനെ മറക്കാനാ?' 'പ്രയോരറ്റൈസ് ചെയ്യാന്‍ വയ്യാത്തതുകൊണ്ടല്ലേ മറന്നത്?' എന്നൊക്കെ ഫോളോ അപ് ക്വസ്റ്റ്യന്‍സ് വന്നാല്‍ സ്വയം ചോദിക്കാന്‍ തുടങ്ങും...'ശരിയാണോ??പ്രാധാന്യമില്ലെന്നു തോന്നിയതു കൊണ്ടാണോ മറന്നുപോയത്?'

ഇത്തരം ചിന്തകള്‍ സ്വഭാവികമായും ആവശ്യത്തില്‍ കൂടുതല്‍ കുറ്റബോധത്തിന്റെ ഭാവം ശരീരഭാഷയിലും ശബ്ദത്തിലും കൊണ്ടുവരികയും ചെയ്യും.

സ്വയം സംരക്ഷിക്കാനാവാത്തവിധം ഓവര്‍ തിങ്കിങ്ങിനെ ഒരിക്കലും വളര്‍ത്തരുതെന്നാണ് എന്റെ ആഗ്രഹവും ഉപദേശവും.

ഇനി ആദ്യം പറഞ്ഞപോലെ സ്വയം സമ്മതിക്കുന്ന ഓവര് ‍തിങ്കറും സമ്മതിക്കാത്തയാളും ഒന്നിച്ചായാലോ അത് പരസ്പരം പരിചയമില്ലാത്ത,വളര്‍ച്ചയെത്തിയ ഒരു പട്ടിയെയും പൂച്ചയേയും ഒന്നിച്ച് ഒരു ചെറിയ  കൂട്ടില്‍ ഇടുന്നതുപോലെയാവും. നൂറില്‍ രണ്ടോ മൂന്നോ മാത്രമേ ഇണങ്ങൂ!

Saturday, 4 July 2020

ഇനേര്‍ഷ്യ

സയന്‍സ് പഠിച്ചവരും കൊമേഴ്സ് പഠിച്ചവരുമൊക്കെ കേട്ടിരിക്കാനിടയുള്ള ഒരു പഥമാണ് 'ഇനേര്‍ഷ്യ'.

ഇതിന്റെ മലയാളപദം 'ജഡത്വം' എന്നാണ്.

പുറമേ നിന്നുള്ള തക്കതായ
ഒരു ബലത്താല്‍ സ്വാധീനിക്കപ്പെടുംവരെ
ആയിരിക്കുന്ന അവസ്ഥയില്‍ തുടരാനുള്ള പ്രവണതയാണത്രെ ജഡത്വം എന്ന ഇനേര്‍ഷ്യ. 

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടാല്‍ ശരീരം മുന്നോട്ട് ആയാറില്ലേ?അത് ജഡത്വമാണ്;യാത്രയുടെ പ്രവേഗത്തില്‍ തുടരാനുള്ള അഭിവാഞ്ജ.

ഈ പദത്തെ നമുക്ക് ജീവിതങ്ങളുമായി ബന്ധിപ്പിക്കാനാവുമോ?

ആവും എന്നു തന്നെ തോന്നുന്നു.

വ്യക്തിക്ക് തനിക്കുള്ളില്‍ നിന്നും സമൂഹത്തില്‍ നിന്നും ആയിരിക്കുന്നിടത്ത് തുടരാനുള്ള പ്രേരണയും സമ്മര്‍ദ്ദവും കിട്ടിക്കൊണ്ടേയിരിക്കും!

മിണ്ടാത്തവന്‍ മിണ്ടാന്‍ തുടങ്ങുമ്പോള്‍,മിണ്ടുന്നവള്‍ മിണ്ടാതാവുമ്പോള്‍,മെലിഞ്ഞയാള്‍ തടിക്കുമ്പോള്‍,പരാജയം ശീലമായവര്‍ വിജയിക്കുമ്പോള്‍,വിജയിച്ചു മാത്രം ശീലമുള്ളവര്‍ പരാജയം രുചിക്കുമ്പോള്‍,ഒരു തത്വശാസ്ത്രത്തിന്റെ വക്താവ് മറ്റൊരു തത്വശാസ്ത്രത്തെ പരിചയപ്പെടുമ്പോള്‍,പ്രണയിക്കപ്പെടുന്നവര്‍ക്ക് അത് നഷ്ടപ്പെടുമ്പോള്‍,മെയ്യനങ്ങാത്തവര്‍ അധ്വാനിക്കുമ്പോള്‍,കായികാധ്വാനം മാത്രം ശീലമുള്ളവര്‍ ബൗദ്ധികമായി പണിയെടുക്കേണ്ടി വരുമ്പോള്‍,വിശ്വാസം സ്വീകരിക്കുമ്പോഴും തിരസ്കരിക്കുമ്പോഴും...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവിതസാഹചര്യങ്ങളില്‍ നമുക്കുള്ളിലെയും സമൂഹത്തിലെയും ജഡത്വം നമുക്ക് മനസ്സിലാക്കാം.

എന്താനിതിന്റെ പ്രാധാന്യം എന്നു നിങ്ങള്‍ സംശയിച്ചേക്കാം!

പ്രാധാന്യമുണ്ടല്ലോ!!

വിഷാദവും ആത്മഹത്യയും കുറ്റകൃത്യങ്ങളുമൊക്കെ നമ്മുടെയും സമൂഹത്തിന്റെയും ജഡത്വത്തിന്റെ ഫലമല്ലേ?ഈ പോയിന്റ് ഉദാഹരണസഹിതം വിശദീകരിക്കണമെന്നു ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ദയവായി ആവശ്യപ്പെടുക.

സമൂഹത്തില്‍ ഒറ്റ ലക്ഷ്യത്തെ പിന്‍തുടരുന്ന ആളുകള്‍ വേണ്ട എന്ന് ഒരിക്കലും ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നില്ല.ശാസ്ത്രരംഗത്തൊക്കെ നമുക്ക് കണ്‍സിസ്റ്റന്റായ ആളുകളെ ആവശ്യമുണ്ട്.പക്ഷേ നമ്മുടെ കണ്‍സിസ്റ്റന്‍സി ജീവനും ജീവിതത്തിനും മുകളില്‍ പ്രാധാന്യമുള്ള ഒന്നായി മാറരുതെന്നാണ് പറയാന്‍ ഉദ്ദേശിച്ചത്.

എന്റെ ചെറിയ ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അഭിമാനവും ആത്മവിശ്വാസവും തോന്നുന്നത് ഒരേ ഒരു കാര്യത്തിന്റെ പേരില്‍ മാത്രമാണ്.ജീവന്‍ നഷ്ടപ്പെടാതെ തന്നെ എന്റെ പല അവസ്ഥകളുടേയും ജഡത്വത്തെ തരണം ചെയ്യാനായി എന്നതാണ് ആ കാര്യം.രൂപവും,ഭാവവും,ഉടയാടകളും,ജോലിയും,സാമ്പത്തികാവസ്ഥയും അങ്ങിനെ എല്ലാമെല്ലാം ഏറെക്കുറെ വിട്ടുകളയാനോ വിട്ടുപോവലുകളെ തരണം ചെയ്യാനോ എനിക്ക് സാധിച്ചു..പല തവണ. അതെല്ലാം ഒരു ശാസ്ത്രീയപരീക്ഷണം പോലെ കൃത്യമായി പ്ളാന്‍ ചെയ്തതല്ല.അതിനാല്‍ തന്നെ അതില്‍ അഹങ്കരിക്കാനുമൊന്നുമില്ല.

ഇതെല്ലാം എഴുതിയത് ആര്‍ക്കെങ്കിലും പ്രയോജനകരമായി തോന്നുന്നെങ്കില്‍ എടുക്കാം.

ഇല്ലെങ്കില്‍ തള്ളിക്കളയാം.

നന്ദി.