Tuesday, 4 June 2019

അവിസ്മരണീയമായ ഒരു ഉത്ഥാനം(നവോത്ഥാനമല്ല)

പാന്റ്സുകളുടെ അരവണ്ണം മുപ്പത്തിരണ്ടില്‍ നിന്ന് ഇരുപത്തേഴായി നിന്ന കാലത്താണ്.പാന്റ്സുകള്‍ ചെറുതായതല്ല..അതിന്റെ ഉടമസ്ഥന്‍ മെലിഞ്ഞതാണ്.

മെലിഞ്ഞോന്‍ ജോലി ചെയ്യുന്ന ദൂരദേശത്തും പുതിയതാണ്.

തൊഴിലുടമയേയും കുടുംബത്തേയും നാട്ടില്‍ നിന്നേ അറിയാം.അരുമ മക്കളെ ട്യൂഷന്‍ പഠിപ്പിച്ചിട്ടുണ്ട്.ആകെ മൊത്തം തൊഴിലാളി മുതലാളി ബന്ധം മധുവിധു കാലത്തെന്നപോലെ കുശുമ്പും കുന്നായ്മയുമൊക്കെ പാടേ ഒളിപ്പിച്ച് സുന്ദരസുരഭിലമായിരിക്കുകയാണ്.

ടെക്നോ ഫ്രീക്കനായ മുതലാളി കുടുംബസമേതം തന്റെ ഓഫീസ് മുറിയിലിരുന്ന് ഇന്റര്‍കോമിലൂടെ പുതുമുഖമായ മെലിഞ്ഞോനെ വിളിപ്പിച്ചു.

മുപ്പത്തിരണ്ടു ഇഞ്ച് പാന്റ് ഇരുപത്തേഴിഞ്ച് അരയില്‍ ബെല്‍റ്റുകൊണ്ട് ഒന്നു കൂടി വരിഞ്ഞു മുറുക്കി മുഖത്താകെ പ്രസന്നതയും സേവനസന്നദ്ധതയും വാരി പുരട്ടി മെലിഞ്ഞോന്‍ മുതലാളി കുടുംബമിരുന്ന മുറിയുടെ വാതിലില്‍ മുട്ടി.

"വാ വാ"വിളികളെ ഫോളോ ചെയ്ത് കയറിയതും മുതലാളിയുടെ ഭാര്യയുടെ മുഖം വെള്ളിടികൊണ്ടപോലെ വിണ്ടുകീറി.അടങ്ങിയൊതുങ്ങി ഇരുന്ന മെലിഞ്ഞോന്റെ അരുമശിഷ്യകൂടിയായ പെണ്‍കുഞ്ഞിനോട് "മിണ്ടാതിരിയെടീ"എന്നും ആകസ്മികമായ ഒരു ക്ഷോഭധാരയില്‍ മുതലാളീപത്നി പറഞ്ഞു.അതിനുശേഷവും ആരും മുഖത്തു നോക്കുന്നില്ല.സംസാരത്തില്‍ വല്ലാത്ത ഔപചാരികത.പറയാനുള്ളതെല്ലാം പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കുകയും ചെയ്തു.എന്തായാലും ആകെ വല്ലാത്ത പന്തികേട് ഫീലു ചെയ്തു.അത് മെലിഞ്ഞോനെ ചുറ്റിപ്പറ്റിയാണെന്നും മനസ്സിലാക്കി.

ഇറങ്ങിയ വഴിയേ റെസ്റ്റ് റൂമിലെ വലിയ നിര മുഖക്കണ്ണാടികളുടെ മുന്നിലേക്ക് പാഞ്ഞു.മറിഞ്ഞും തിരിഞ്ഞും നിന്ന് പരിശോധിക്കലാണ് ലക്ഷ്യം.അധികം നോക്കേണ്ടി വന്നില്ല..മുപ്പത്തിരണ്ടിഞ്ച് പാന്റ് ഇരുപത്തേഴിഞ്ചില്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ ഉരുണ്ടുകൂടി മിച്ചം വന്ന പാന്റ്സിന്റെ ഭാഗങ്ങള്‍ മുന്‍വശത്ത് കേന്ദ്രസ്ഥാനത്തുതന്നെ മുഴച്ചു നില്‍ക്കുന്നു.ടേബിളിനു പിറകിലെ കസേരകളിലിരിക്കുന്ന മുതലാളികുടുംബം ആദ്യം കണ്ടിട്ടുണ്ടാവുക മുഴച്ചു നില്‍ക്കുന്ന മുന്‍ഭാഗമുള്ള പാന്റ്സാണെന്നത് വ്യക്തം.

ട്യൂഷന്‍ ശിഷ്യരായ അരുമക്കുട്ടികളും അവരുടെ മാതാപിതാക്കളും.ദേഷ്യം തുറന്നു പ്രകടിപ്പിച്ച് കൊച്ചിനോട് ഒച്ചയിട്ട മാഡം..ഭൂമി പിളര്‍ന്ന് താഴേക്കിറങ്ങി പോയെങ്കിലെന്ന് കൊതിച്ച നേരം.അങ്ങിനെയല്ല ഇങ്ങിനെയാണെന്ന് വിശദീകരിക്കാന്‍ കഴിയുന്ന ഒരു വിഷയമാണോ?തികച്ചും ബല്ലാത്തൊരു ഉത്ഥാനം😓 

No comments:

Post a Comment