"ദാക്ഷായണിച്ചേച്ചീ,നമസ്കാരം.എന്താണ് പുതിയ വിശേഷങ്ങള്‍?"
നാട്ടിലെ ഒറ്റമുറി പോസ്റ്റോഫീസിലെ ആളാണ് ദാക്ഷായണി.പണ്ടുമുതല്‍ക്കേ കാണുന്ന ഐശ്വര്യമുള്ള ഒരു മുഖം.ഓ..ഐശ്വര്യമെന്ന ആപേക്ഷികമായ പദപ്രയോഗം ചിന്തകളിലേക്കു മാത്രമായി ഒതുക്കിയിരുന്നല്ലോ!
"അല്ല,ഇത്താര്?ചെറിയോനാ!ഇയ്യ് ഈടെ ഉണ്ടായീനോ?അന്റെ റേഡിയത്തില് വാര്‍ത്തവായ്ക്കും മാതിരിയുള്ള ബര്‍ത്താനം കേട്ടിട്ട് തോനെ കാലായപോലെ!"കാലം രണ്ടുപേരുടേയും തലയില്‍ പായിച്ച വെള്ളിരേഖകളുടെ ആധിക്യം പഴയ ഔപചാരികത തെല്ലൊന്ന് കുറച്ചിട്ടുണ്ടോ?
"പ്രാദേശികത ഗണിച്ചെടുക്കാനാവാത്ത സംസാരശൈലി എന്നെപ്പോലെ ഊരു തെണ്ടി നടക്കുന്നവരുടെ സമ്പാദ്യവും വിധിയും പ്രചോദനവും അനുകൂലനുവുമൊക്കെയാണ് ചേച്ചീ"
"തൊടങ്ങി ഓന്റെ ബല്ല്യ ബര്‍ത്താനം.ഇപ്പ ഏടെയാണ്?എത്താ ബിഷയങ്ങള്‍?"
ചിരി വന്നു പോയി.കുപ്രസിദ്ധമായ ഫിലോസഫിക്കൊരു തട്ടു കിട്ടി.
"ഇപ്പോള്‍ ഇവിടെ.ഇനിയെങ്ങോട്ടെന്നറിയില്ല.പോസ്റ്റോഫീസിലെ പുതിയ സമ്പാദ്യപദ്ധതിയേക്കുറിച്ച് ഒന്ന് അന്വഷിക്കാന്‍ വന്നതാണ് ചേച്ചീ"
"സമ്പാദ്യശീലൊക്കെ തോടങ്ങ്യോ ഇയ്യ് ചെറ്യോനേ?"വീണ്ടും ചേച്ചി ഒരു കള്ള അത്ഭുതം മുഖത്തു വരുത്തി.
"എനിക്കുവേണ്ടിയല്ല.പേടിക്കണ്ട.ലൈബ്രറിയിലെ കുട്ടികള്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടിയാണ്." പ്രതിഛായ മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന രീതിയില്‍ ഞാനും പറഞ്ഞു.
"അയിനെന്താ?എനക്കറിയുംപോലെ പറഞ്ഞു തരാലോ!പിന്നെ,അമ്മേന്റെ ബിഷയം പറയീ."
"അമ്മയ്ക്ക് പ്രായത്തിന്റേതായ അസുഖങ്ങളൊഴിച്ചാല്‍ സുഖം"
"ഓളെന്റൊപ്പരം പടിച്ചതാന്നറിയ്വോ അനക്ക്.പസ്റ്റാംക്ളാസ്സായിട്ട് പടിക്കണോലാളാരുന്നു.അന്നേപ്പോലെ അന്ന് ബല്ല്യ ബര്‍ത്താനങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് മിണ്ടാണ്ടായി"എല്ലാവരേയും എല്ലാ വിഷയങ്ങളേപ്പറ്റിയും നല്ല ധാരണയുണ്ട് ചേച്ചിക്ക്.
ഭര്‍ത്താവ് മരിച്ച് ചെറുപ്രായത്തിലേ വിധവയായി മൂന്ന് പെണ്‍മക്കളെ വളര്‍ത്തി വലുതാക്കിയ ഒരാളുടെ ആധികാരികത ഓരോ ചലനത്തിലും വ്യക്തമാണ്.
ആദ്യകാലങ്ങളിലൊക്കെ കാണാന്‍ ഭംഗിയുള്ള ഒരു മുഖത്തിന്റെ ഉടമയെന്ന പേരില്‍ സമൂഹത്തിന്റെ എല്ലാവിധ പ്രലോഭന പ്രകോപന പരീക്ഷകളും സാത്വികമായ ഒരു ഭാവം കൊണ്ട് അതിജീവിച്ചവളാണ് ദാക്ഷായണിച്ചേച്ചി.ചന്ദനത്തിരിയുടെ സുഖമുള്ള ഗന്ധമുള്ള ഈ പോസ്റ്റോഫീസില്‍ ദാക്ഷായണിച്ചേച്ചിയുടെ ജീവന്‍ സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
"ചിലരങ്ങിനെയാണ് ചേച്ചീ.ചില അനിശ്ചിതാവസ്ഥകള്‍ ശരീരത്തിന്റെ ഒരു ഭാഗംപോലെ അങ്ങ് കൂടെക്കൊണ്ടുപോകും.ഞങ്ങളൊക്കെയങ്ങിനെയാണ്."
"ഓന്‍ തൊടങ്ങി പിന്നേം.അന്നോട് സംസാരിച്ചാ തലേല്‍ ഒരു ഇടീം മിന്നലും പോലാണ് ചെറ്യോനെ!"ചേച്ചി അസഹിഷ്ണുത അഭിനയിച്ചു.ഞാന്‍ ചിരിച്ചു.
"ചേച്ചിയുടെ വിശേഷങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ!"
"എനക്കെന്തു ബിഷയം?മാസികേം ഗവര്‍മെന്റ് കള്ളാസുമല്ലാതെ ഈടെ കാര്യായിട്ടൊന്നുല്ല.കമ്പൂട്ടറും വാട്ട് ആപ്പ്സും പടിക്കാന്‍ മല്ലിടലൊണ്ട്."
"ആഹാ.വീട്ടിലെ വിശേഷങ്ങള്‍?"
"മൂന്നും മൂന്നു ബഴിക്കായി.ആരേം ഒന്നിനും നിര്‍ബന്ധിച്ചില്ല.ഓര് തന്നെ ലോണെടുത്ത് പടിച്ച് തിരിച്ചടച്ചു.ചെറിയോള്ടെ കുഞ്ഞിയെ നോക്കാനൊരു മൂന്ന് മാസം പാസ്സ്പോര്‍ട്ടിടെത്ത് ബ്രിട്ടണിലും പോയ്.ഊയ്യെന്റമ്മേ,കാഴ്ചബംഗ്ളാവിലടച്ചേലായി."
"ആഹാ.എല്ലാവരും നല്ല നിലയില്‍ ആയല്ലോ.സന്തോഷം.എനിക്കറിയാമായിരുന്നു.അവരെല്ലാം ചേച്ചിയേപ്പോലെ നല്ല മനസ്സുള്ളവരാണ്.ചേച്ചിക്കും ലണ്ടനൊക്കെ കാണാനുള്ള ഭാഗ്യമുണ്ടായല്ലോ!"
"എനക്കൊന്നും കാണണ്ട ചെറ്യോനേ.മക്കളേം കൊച്ചുമക്കളേം ഇടക്ക് കണ്ടാ മതി."
"എന്നാലും ലോകം കാണുന്നതൊക്കെ ഒരു ഭാഗ്യമല്ലേ ചേച്ചീ?"
"അറീല്ല.എത്തായാലും ഇന്നാട്ടില്‍ നിക്കുന്നതാണ് എനക്ക് സുഖം.അയ്ലുമൊണ്ട് ഒരു സുഖം."
ശരിയായിരിക്കും.കാടും മലയും പുഴയും പലതരം മനുഷ്യരുമൊക്കെ ഇവിടെയുമുണ്ട്.എണ്ണയിട്ട യന്ത്രംപോലെ ജീവിച്ചു സംതൃപ്തരായി കടന്നുപോവുന്നവരുമുണ്ട്.
പുല്ലു മുളക്കാത്ത മലയിലും,മുകളില്‍ പാറയുള്ള മലയിലും,മഞ്ഞു മൂടിയ മലയിലുമൊക്കെ കയറി നിന്ന് അതിലെ സുഖത്തെ പറ്റി ഒരുപാട് ആവേശം കൊണ്ടിട്ടുണ്ടെങ്കിലും ദാക്ഷായണിച്ചേച്ചിയേപ്പോലെ ഇത്ര അനായാസമായി പിന്നിട്ട ജീവിതം സുഖമായിരുന്നെന്ന് പറയാന്‍ ആവുന്നില്ലല്ലോ.ഒരുപക്ഷേ യാത്രികന്റെ ജീനുകളിലോ നക്ഷത്രങ്ങളിലോ വിധിയിലോ എഴുതപ്പെട്ട ഒന്നാവാം ഇതും.മനസ്സ് നിസ്സഹായമാവുന്നുണ്ട്.
"അപ്പോള്‍ ചേച്ചീ നമ്മുടെ സമ്പാദ്യപദ്ധതി?"
No comments:
Post a Comment