അനിശ്ചിതത്വത്തിലൂടെ,അനിശ്ചിതത്വത്തിലേയ്ക്കുള്ള ഒരു വിമാനയാത്രക്കൊരുങ്ങുകയാണ്.പ്രായോഗികതയും ആദര്‍ശവും സ്നേഹവും സഹതാപവും സൗഹൃദവും നിസ്സഹായതയും ദുരഭിമാനവും ജനക്കൂട്ടസ്വഭാവവുമൊക്കെ മഴയായി പെയ്ത ചില മാസങ്ങള്‍ക്കുശേഷം നാട്ടിലേയ്ക്ക്....മേല്‍പ്പറഞ്ഞതൊന്നും ഏകപക്ഷീയമല്ല.ചോദിച്ചപ്പോള്‍ പടിപടിയായി പുറത്തുവന്നതാണ്.
വാടക തലച്ചോറുള്ള പുലിയായി രാവിലെ ചീറിനിന്ന പി.ആര്‍.ഒ. വീട്ടിലെ പ്രാരാബ്ധം പറഞ്ഞ് പാര്‍ക്കിങ്ങിലെ മെഷീനിലിടാനെങ്കിലുമുള്ള ചില്ലറപ്പൈസ ചോദിച്ച വൈകുന്നേരം.
വിസ അസാധുവാക്കല്‍ പ്രക്രിയയ്ക്ക് ശേഷം അകത്തെത്തി.സമയമൊരുപാടുണ്ട്.ഡ്യൂട്ടി ഫ്രീ ഷോപ്പൊക്കെ നടന്നു കണ്ട്, ഫോട്ടോകളൊക്കെയെടുത്ത് ടിക്കറ്റില്‍ പറഞ്ഞ ഗേറ്റിലെത്തി;ക്യൂ വില്‍ നിന്നു.തിരക്കുള്ള സമയമാണ്.നീണ്ട ക്യൂ.കുട്ടികളും പ്രായമായവരും രോഗികളും സമയത്ത് ഉറങ്ങുന്നവരും ക്ഷീണിക്കാനും അസ്വസ്ഥരാകാനും തുടങ്ങുന്ന രാത്രിസമയം.
"ഹേയ്,യുവര്‍ ബാഗ് ഈസ് ഓപണ്‍"തിരിഞ്ഞുനോക്കി.
ശരിയാണ്.തോള്‍സഞ്ചിയുടെ മുകളിലെ അറ സിബ് കേടായി തുറന്നു കിടക്കുകയാണ്.
"ഓഹ്,താങ്ക്യൂ"നന്ദി പറഞ്ഞു.
കണ്ടാല്‍ ധനികരെന്നു തോന്നിക്കുന്ന ഒരു കുടുംബത്തിലെ ചെറുപ്പക്കാരനാണ് ഇപ്പോളീ
നന്ദിക്ക് അര്‍ഹനായിരിക്കുന്നത്. കാഴ്ചയില്‍ തീരെ പകിട്ടില്ലാത്ത ഈയുള്ളവനോട് സംസാരിക്കാനുള്ള സൗമനസ്യം കാട്ടിയല്ലോ!
പളപളപ്പില്ലാത്തതിനോട് ദുര്‍മുഖം കാട്ടുന്നവരെ മനസ്സിലെങ്കിലും പുച്ഛിക്കാന്‍ മനഃപൂര്‍വ്വം വള്ളിച്ചെരുപ്പിടുന്ന ചില സമയങ്ങളുമുണ്ടെന്ന് സമ്മതിക്കാതിരിക്കാനാവില്ല.
സിബ്ബിന്റെ കാര്യത്തില്‍ തത്കാലം ഒന്നും ചെയ്യാനില്ല.ശൂന്യമായ ആ അറ തുറന്നു കിടക്കുന്നതില്‍ പ്രശ്നവുമില്ല.
"അണ്ണാ,ഉങ്കള്‍ തമിഴാ?"ഒച്ചിഴയുന്നതുപോലെയുള്ള ആ വലിയ ക്യൂവില്‍ മുന്‍പില്‍ നിന്ന ആളാണ് മെല്ലെ തിരിഞ്ഞ് ചോദിച്ചത്.ഒരു പത്താംക്ളാസ്സുകാരിയുടെ മുഖഛായയുള്ള നാണംകുണുങ്ങിയെന്ന് ആര്‍ക്കും വായിച്ചെടുക്കാവുന്ന ഒരു പെണ്‍കുട്ടിയാണ്.സിനിമകളിലെപ്പോലെയുള്ള അതിഭവ്യതയിലാണ് സംസാരം.
"അല്ല.തമിഴല്ല.തെരിയും.പേശറ്ത്ക്ക് മട്ടും കൊഞ്ചം ഡിഫിക്കല്‍റ്റിയിറിക്ക്.ഏനായിത്തു?അല്ലല്ല എന്ന വിഷയം?"പ്രയോഗിച്ച് ശീലമില്ലാത്തതിനാല്‍ അവിയലോ സാമ്പാറോ ഒക്കെ ആയാണ് സെന്തമിള്‍ ഒഴുകുന്നത്.
ഹാന്റ്ബാഗില്ലാത്ത അമ്മച്ചിമാര്‍ തൂവാലത്തുണിക്കുളളില്‍ പത്തുരൂപ ചുരുട്ടുംപോലെ ചുരുട്ടപ്പെട്ട ഒരു കടലാസെടുത്ത് നിവര്‍ത്തി അവരെന്റെ കൈയ്യില്‍ തന്നു.ബോര്‍ഡിങ്ങ് പാസാണ്.
"ഇതെ കൊഞ്ചം പടിച്ച് പാരുങ്കെ'എന്നോ മറ്റോ മൃദുവായി പറഞ്ഞു.പാരിയ എന്റെ ചങ്കിടിച്ചു.ശ്രീലങ്കയ്ക്ക് പോവേണ്ട ആളാണ് കൊച്ചിന്‍ ക്യൂവില്‍ നില്‍ക്കുന്നത്.വിമാനം പറന്നു പൊങ്ങാന്‍ പത്തു മിനിറ്റുകൂടി.
"അയ്യോ!ഇത് തപ്പാന ക്യൂവ്.റൊമ്പ ലേറ്റ്"എന്നു അവരോടും "ഷീ ഈസ് ഇന്‍ ദ റോങ്ങ് ക്യൂ മാം.ഷീ ഹാസ് ഗോട്ട് എ ലിറ്റില്‍
ലാങ്ങ്വേജ് പ്രോബ്ളം ഇറ്റ് സീംസ.ഹെര്‍ ഫ്ളൈറ്റ് വില്‍ ലീവ് ഇന്‍ ടെന്‍ മിനിറ്റ്സ്.കാന്‍ യു പ്ളീസ് ഡു സംതിങ്ങ്?താങ്ക്യൂ"എന്ന് തിരക്കിട്ട് ജോലി ചെയ്യുന്ന ഗൗരവക്കാരി ഗ്രൗണ്ട് സ്റ്റാഫിനോടും പറഞ്ഞു.എത്തിവലിഞ്ഞ് ശ്രീലങ്കന്‍ ബോര്‍ഡിങ്ങ് പാസ് ഓഫീസര്‍ക്കു കൈമാറി.
നാടിന്റെ പ്രത്യേകത കൊണ്ടാവാം പറഞ്ഞവന്റെയും പോകേണ്ടവളുടേയും പത്രാസു നോക്കാതെ ബോര്‍ഡിങ്ങ് പാസൊന്നു ഓടിച്ചുനോക്കി
അവര്‍ നേരിട്ട് തമിഴ് കുട്ടിയെ അവളുടെ ശരിയായ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് സ്പെഷ്യല്‍ റെക്കമെന്റേഷനോടെ കയറ്റി വിടുന്നതിനായി ഇറങ്ങി.
"റൊമ്പ താങ്ക്സങ്കെ"കുട്ടി വട്ടംതിരിഞ്ഞ് ഭവ്യത വാരി വിതറുകയാണ്.
"പറവായില്ലൈ.ശീഘ്രം ജായിയേ"തിരക്കില്‍ ആ ജായിയേ അങ്ങ് അലിഞ്ഞു പോയി.
ഗ്രൗണ്ട് സ്റ്റാഫ് ഒരു സുഹൃത്തിനെ അവരുടെ ജോലിക്കായി വാക്കി ടോക്കിയിലൂടെ വിളിച്ച് വരുത്തിയിരുന്നു.തമിഴ്കുട്ടിക്ക് നാട്ടിലേക്കുള്ള വിമാനം കിട്ടിയെന്നു തന്നെ കരുതാം.വിമാനം മിസ്സാവുന്നത് എത്ര കഴിവും സമ്പത്തും ഉള്ളവനും ബുദ്ധിമുട്ടുതന്നെയാണ്.
സീറ്റിലെത്തും വരെ അവളെക്കുറിച്ച് അവളുടെ സാഹചര്യത്തെക്കുറിച്ചും അറിയാതെ ആലോചിച്ചു പോയി.സാധാരണഗതിയില്‍ ശബ്ദം പൊങ്ങാത്ത താനെങ്ങിനെ ഇതൊക്കെ പറഞ്ഞൊപ്പിച്ചു!ബാഗിന്റെ സിബ് തുറന്നു കിടക്കുകയാണെന്ന് അനുഭാവപൂര്‍വ്വം കാട്ടിത്തന്ന ചെറുപ്പക്കാരന്‍ കാട്ടിത്തന്ന നല്ല മാതൃക തന്നെയാണ് ഇപ്പോളിതൊക്കെ കുറേക്കൂടി ഫലപ്രദമായി ചെയ്യാന്‍ പ്രചോദനമായത്.എല്ലാ ലോകമഹായുദ്ധങ്ങള്‍ക്കും കാരണങ്ങളും പെട്ടെന്നുണ്ടായ കാരണങ്ങളുമുണ്ടാവുമല്ലോ!തീര്‍ച്ചയായും ചെറിയ നല്ല പ്രവൃത്തികള്‍ക്ക് നമ്മളുദ്ദേശിക്കുന്നതിലുമപ്പുറം ഫലങ്ങളുണ്ടാവുമല്ലേ?
No comments:
Post a Comment