Thursday, 15 November 2018

മണങ്ങള്‍

മണങ്ങളെപ്പറ്റി ഏറെസമയം ചിന്തിക്കുന്നവര്‍ അങ്ങിനെയാണ്,ഇങ്ങിനെയാണ് എന്നൊന്നും പറയാനറിയില്ല.

എന്തായാലും മണങ്ങളെ വളരെ ഗൗരവത്തോടെ കണക്കിലെടുത്തിരുന്നു.

വെളുത്ത ചെളി(?)യുള്ള നഖം കടിക്കുമ്പോള്‍ ഒരു പാല്‍മണം അനുഭവപ്പെടാറുണ്ടായിരുന്നു.നഖംകടിക്കുന്ന കാലത്ത് അത് ഇഷ്ടവുമായിരുന്നു.പിന്നീട് നോം നഖംകടി നിര്‍ത്തിയതില്‍ പിന്നെയാണ് അത് മനഃശാസ്ത്രപരമായ അരക്ഷിതാവസ്ഥ(ഇന്‍സെക്യൂരിറ്റി)യുടെ ലക്ഷണമായി മാറിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മുല്ലയും ഗന്ധരാജനും കല്ല്യാണസൗഗന്ധികവും ചെറുകുപ്പികളില്‍ വെള്ളത്തിലിട്ടുവെച്ചാല്‍ സുഗന്ധം പടരുമെന്ന് ആരോ മുതിര്‍ന്നവര്‍ പറഞ്ഞ്,പരീക്ഷിച്ച് പഠിച്ചുവെച്ചു.കാപ്പിപ്പൂവിന്റെ മണം കാത്തിരുന്നു സീസണല്‍ ആയി മാത്രം നുകരാനാവുന്ന ഒന്നാണ്.പാലപ്പൂ മണത്താല്‍ ബോധം കെടുമെന്നല്ലാതെ യക്ഷി വരുമെന്ന് അധികമാരും പറഞ്ഞില്ല.ബോധമില്ലാത്ത നീ ബോധംകെടുമെന്ന് പേടിക്കേണ്ടന്നും അനുഭാവത്തോടെ പറഞ്ഞവരുണ്ട്.

പുതുമഴയിലുണരുന്ന പൊടിമണ്ണിന്റെ മണം ഒരു ലഹരിയാണ്.

കശുവണ്ടി ചുടുന്നതിന്റേയും കുരുമുളകു പുരട്ടി പച്ചത്തവള വറക്കുന്നതിന്റേയും കോഴിക്കോടന്‍ ബിരിയാണിയുടേയും കുറുമയുടേയും
മണം മൃതസഞ്ജീവിനി പോലെ മരിച്ചവനെ ചാടിയെണീപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്.

മണങ്ങളുടെ ജീവശാസ്ത്രം പഠിപ്പിച്ചപ്പോള്‍ കാര്യങ്ങളാകെ തകിടം മറിഞ്ഞു.പദാര്‍ത്ഥകണികകള്‍ നാസാരന്ധ്രങ്ങളിലെ നാഡീ സന്ദേശ സ്വീകരണകേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ച്,ഉദ്ദീപനത്തെ തരംഗങ്ങളും ന്യൂറോട്രാന്‍സ്മിറ്ററുകളുംവഴി  തലച്ചോറിലെ വിശകലന വിഭാഗത്തിലെത്തിച്ചാണത്രേ നമ്മള്‍ മണമറിയുന്നത്.

അയ്യേ!!കേട്ടതും പതിവുപോലെ വൃത്തികെട്ട മണങ്ങളെപ്പറ്റി ഓര്‍ത്തുപോയി.ഇനിമുതല്‍ ശ്വാസം പിടിച്ചുവെക്കണം.
അതുപോലെ ഹോട്ടലിന്റെ അടുത്തെത്തിയാല്‍ ഏറ്റവും വിലകൂടിയ കറിയുടെ മണം പരമാവധി വലിച്ച് അകത്താക്കണം.മുന്തിയ ഹോട്ടലുകളില്‍ സ്വര്‍ണ്ണവിലയുള്ള ലോബ്സ്റ്റര്‍ പോലെയുള്ള  സമുദ്രവിഭവങ്ങളൊക്കെ ഉണ്ടാവും.

വിലയുള്ള കറിയുടെ സൗജന്യ പദാര്‍ത്ഥകണികകള്‍ പോരട്ടെ...

No comments:

Post a Comment