Sunday, 1 July 2018

സമയസഞ്ചാരത്തില്‍ നിന്നൊരേട് (adapted)

രേഖപ്പെടുത്തിയതെല്ലാം നശിപ്പിക്കണം എന്ന തീരുമാനത്തിലാണെത്തിച്ചേര്‍ന്നത്...

സമയസഞ്ചാരിയാണ് ഞാന്‍...പൗരാണിക സമുദ്രസഞ്ചാരകഥകളിലെ കിറുക്കന്‍ നാവികന്‍.ഭൂഗോളത്തിലെ ഓക്സിജന്‍ പാര്‍ലറുകളുടെ സര്‍വ്വാധിപനായിരുന്നവന്‍..ധനികന്‍..

മകളാണ് ഈ സാഹസിക സമയസഞ്ചാരത്തിന് കാരണഭൂ തയായത്...മകള്‍...പ്രാണവായു പോലെ ജീവനുള്ളവള്‍...

മറ്റുള്ളവരുടെ കുട്ടികളില്‍ നിന്നു വ്യത്യസ്തമായി അവളെ കഥകളൂട്ടിയാണ് വളര്‍ത്തിയത്...ഓക്സിജന്‍വത്കരിച്ച അറകളിലെ ജീവിതം മനുഷ്യന്‍ തുടങ്ങുന്നതിനു മുന്‍പുള്ള കഥകള്‍....മരങ്ങളും മഴയും ഉണ്ടായിരുന്ന കാലത്തെ കഥകള്‍....പൂക്കളെ കുഞ്ഞുങ്ങളെപ്പോലെ സുന്ദരമെന്ന് കരുതിയിരുന്ന കാലത്തെ കഥകള്‍....

കഥ പറച്ചിലും കേള്‍ക്കലും ഒരല്‍പ്പം കൂടിപ്പോയോ എന്ന് സംശയമില്ലാതില്ല.അതാണല്ലോ അവള്‍ പൗരാണിക രേഖകള്‍ പരതി നടക്കുന്നോരു ചരിത്രകുതുകിയായത്.എന്നോടൊപ്പം ഈ സമയസഞ്ചാരത്തിനിറങ്ങാന്‍ ഒത്തിരി ശഠിച്ചത്.

പക്ഷേ ഇത്തരമൊരു പരീക്ഷണത്തില്‍ അവളെയെന്നല്ല ആരേയും കൂടെക്കൂട്ടാനാവില്ല.ഇവിടെ ഈ പഴയ ഭൂമിയുടെ ആകാശത്ത് നദീതടത്തിനും കാടിനും മുകളിലായി സമയസഞ്ചാരപെട്ടകം കമാഫ്ളേജ് മോഡിലിട്ട് വൈറ്റമിന്‍ കാപ്സ്യൂളുകളും വിഴുങ്ങി ഇങ്ങനെ..ഇടക്കിടെ വാഹനത്തിന്റെ ആരോഗ്യവും പരിശോധിക്കണമല്ലോ.

നദിയും കാടുമൊക്കെ പൗരാണിക വീഡിയോ രേഖകളില്‍ കണ്ടിട്ടേയുള്ളൂ. ഇവിടെ മനുഷ്യരെപ്പോലുള്ളവര്‍ ഉണ്ട്...ചരിത്രരേഖകളില്‍ പറഞ്ഞിട്ടുള്ള ജന്തുക്കളുമുണ്ട്...എല്ലാത്തിനേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

മനുഷ്യന്‍ കൈകള്‍ കൂടി ഊന്നിയാണ് സഞ്ചരിക്കുന്നത്.നട്ടെല്ലു സംബന്ധമായ അസുഖളൊന്നുമുള്ളവരെ നാളിതുവരെയായിട്ടും നിരീക്ഷിക്കാനായില്ല.മരംകയറ്റത്തില്‍ നിപുണരാണ്.ഇലക്കൂമ്പുകളും പഴങ്ങളും കിഴങ്ങുകളുമാണ് ഭക്ഷണം.പാചകം എന്നൊരു സങ്കല്‍പ്പമേയില്ല.വളര്‍ന്നുവരുന്ന കൈനഖങ്ങള്‍ കിഴങ്ങുമാന്തുമ്പോള്‍ ഒടിഞ്ഞ് ചെറുതാവുന്നു.രാത്രിയിലും ഭാഗികമായി കണ്ണു കാണാം.കണ്ണിലെ രാത്രികാഴ്ച കോശങ്ങള്‍ വികസിതമാണ്.കൃഷി എന്നൊരു സങ്കല്‍പ്പമില്ല.സമയം മാറുന്നതിനനുസരിച്ച് ലഭ്യമാകുന്നതുപോലെ ആഹാരം മാറും.കുട്ടികള്‍ മൂന്നു വയസ്സില്‍ സ്വയംപര്യാപ്തരാകുന്നു.ആഹാരം,അപകടങ്ങള്‍ എന്നിവയെക്കുറിച്ച് നല്ല അന്തര്‍ജ്ഞാനമുള്ളവരായിത്തീരുന്നു.ഇന്ദ്രിയജ്ഞാനവും വളരെ മുന്നിലാണെന്നു പറയേണ്ടിയിരിക്കുന്നു.ഗന്ധവും,കാഴ്ചയും,കേഴ്വിയുമെല്ലാം കുറ്റമറ്റതെന്ന് വിളിക്കാവുന്നപോലെ.വിത്തുവിതരണം വിസര്‍ജ്ജനത്തിലൂടെ മാത്രം.അതും ചെറിയ മണ്‍കുഴികളില്‍.അംഗസംഖ്യ ഒരുപാട് വര്‍ദ്ധിക്കാത്ത കൂട്ടം.

പഠനങ്ങളും നിരീക്ഷണങ്ങളും വന്ന വഴിയുമടക്കം എല്ലാം തിരിച്ചെടുക്കാനാവാത്തവിധം നശിപ്പിക്കണം എന്നു തന്നെ തോന്നി.

ഭാവിയില്‍ ഈ നാലുകാലി പാവം ജീവികള്‍ അഗ്നി കണ്ടുപിടിച്ചേക്കാം..ചുട്ട മാംസത്തിന്റെ രോഗങ്ങളും കാമാസക്തിയുമൊളിപ്പിച്ച രുചിയറിഞ്ഞേക്കാം.കൃഷിയുടേയും നായാട്ടിന്റേയും പേരില്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നവരായേക്കാം.

അഗ്നിയെ ഭയപ്പെടാത്തവന്‍ ദൈവത്തിന്റെ പ്രതിപുരുഷനായേക്കാം.മിഷനറിമാരും വിദ്യാഭ്യാസചൂഷകരും ഭീതി വിതക്കാനിറങ്ങിയേക്കാം.

ചക്രം കണ്ടുപിടിച്ച് യാത്രികരും വിശ്വവിജയികളുമായേക്കാം.സംഖ്യ കണ്ടുപിടിച്ച് കണക്കു പറയുന്നവരായേക്കാം.കലയും സാഹിത്യവും കണ്ടുപിടിച്ച് മൂഡസ്വര്‍ഗ്ഗത്തിലെ ചോരക്കുമുകളില്‍ ഉന്‍മത്തനായി ഉറങ്ങുന്നവനായേക്കാം.

പെറ്റു പെരുകി സാമ്രാജ്യങ്ങളും മതങ്ങളും രാഷ്ട്രീയപാര്‍ട്ടികളുമൊക്കെയായി വിഘടിച്ച് പരസ്പരം കൊന്നു തീര്‍ന്നേക്കാം.

അന്തര്‍ജ്ഞാനവും ഇന്ദ്രിയജ്ഞാനവും ഭയപ്പെടുത്തുന്ന,ഭയപ്പെടുന്ന കഥകളാല്‍ മങ്ങിപ്പോയേക്കാം.

പക്ഷേ ഇതെല്ലാം താനേ സംഭവിക്കാനിടയാവുന്നതിനു മുന്‍പുള്ള കുറച്ചു സഹസ്രാബ്ദങ്ങള്‍ അവര്‍ ജീവിച്ചുകൊള്ളട്ടെ.

No comments:

Post a Comment