"മഴക്കാറൊണ്ട്.വണ്ടിയെടുക്കാറായോ?"ജീപ്പ് റ്റാക്സിയിലെ യാത്രക്കാരാണ്.
"പൂവാം ചേട്ടാ.അധികം പേരു തൂങ്ങണ്ട കെട്ടോ.വഴിയാകെ നാശമായി കെടക്കുവല്ലേ!"വണ്ടിക്കു പുറത്ത് അധികം പേര്‍ തൂങ്ങി പിടിച്ച് നില്‍ക്കണ്ട എന്നാണ് ഡ്രൈവറുടെ അപേക്ഷ..
"അതൊന്നും സാരവില്ലടാ.വീടെത്തിപ്പെടട്ടെ.കൊച്ച് എവിടുത്തെയാ?"ഒരു കാരണവര്‍.
"ഇവനെയറിയത്തില്ലേ?!നമ്മടെ വെട്ട് പാപ്പച്ചന്റെ മോനല്ലേ."വേറൊരു കാരണവര്‍.
"വെട്ട് കഴിഞ്ഞകൊല്ലം മരിച്ചില്ലേ?ഇവന്‍ പൊടി പയ്യനാണല്ലോ!"ആദ്യ കാരണവര്‍.മനസ്സിലുദ്ദേശിച്ചതു നടത്താന്‍ കാരണവന്‍മാര്‍ക്കു സ്വന്ത ബന്ധങ്ങള്‍,പരിചയം ഓര്‍മ്മപ്പെടുത്തല്‍ ഒരു രീതിയാണല്ലോ!
"ആ വേഗം കേറ് ചേട്ടാ.എല്ലാരും പിടിച്ചോ?"പയ്യന്‍ ഡ്രൈവര്‍ ഉച്ചത്തില്‍ ചോദിച്ചു.
"ആ പൂവാ,റൈറ്റ്!"വണ്ടിക്കു പുറത്തു തൂങ്ങി നില്‍ക്കുന്നവരിലൊരാള്‍ ഗ്രീന്‍ സിഗ്നലും കൊടുത്തു.
തൊട്ടടുത്ത് ഡീസല്‍ ബ്ളാക്കില്‍ വില്‍ക്കുന്ന കടയില്‍ നിന്ന് കടം പറഞ്ഞ് പത്തു ലിറ്ററുമടിച്ച് ആ യാത്ര തുടങ്ങി.സ്കൂളു വിട്ട നേരമാണ്.നടപ്പുകാര്‍ പിള്ളേരൊരുപാടു പേരുണ്ട്.വീതി കുറഞ്ഞ റോഡ് നിറഞ്ഞു വിളയാടി നടക്കുന്ന അവര്‍ക്കുവേണ്ടി അടിക്കടി ഹോണ്‍ മുഴക്കുന്നുണ്ട്.വണ്ടി കാണുമ്പോള്‍ അവര്‍ക്കും ഉത്സാഹം കൂടും.
ഇനിയൊരു ഗംഭീര കയറ്റമാണ്.എലുമ്പനായ ഡ്രൈവര്‍ സീറ്റില്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്നപോലെയാണ് ഇരിക്കുന്നത്.കയറ്റം കയറാന്‍ ഈ മലയോരവണ്ടികളിലൊരു സ്പെഷ്യല്‍ ഗിയറുമുണ്ട്.ചെറിയോരു കൂണു പോലെ വലിയ ഗിയറിന്റെ ചുവട്ടിലൊളിച്ചിരിക്കുന്ന അത് ചലിപ്പിക്കാന്‍ ഡ്രൈവര്‍ ഒരുപാടു പാടുപെട്ടു.മുന്‍പിലിരിക്കുന്ന കാരണവന്‍മാരുടെ നിര്‍ദ്ദേശ ബഹളങ്ങള്‍ വേറെ.വണ്ടിയിങ്ങനെ വലിയൊരു ആമയെപ്പോലെ ഇഴഞ്ഞു കയറ്റം കയറുകയാണ്.വേഗത്തിലോടാത്തപ്പോള്‍ ജീപ്പിനകത്ത് വായുസഞ്ചാരം കുറയും.തിങ്ങിനിറഞ്ഞിരിക്കുന്നവരുടെ ശരീരത്തിന്റെയും നിശ്വാസത്തിന്റെയും ചൂടും അത്ര സുഖമുളളതല്ല.പുറത്തു തൂങ്ങി നില്‍ക്കുന്നവര്‍ക്കും കൈകളില്‍ കൂടുതല്‍ ഭാരം വരും.എല്ലാ ഭാരത്തിന്റേയും വളയവുമായി പയ്യന്‍ ഡ്രൈവറും.
റോഡിന്റെ എഡ്ജിനു താഴെ മാറി ഒതുങ്ങി നിന്ന വലിയ സ്കൂള്‍ബാഗ് തൂക്കിയ രണ്ടു കുഞ്ഞു കുസൃതിക്കാരെ ആരും ശ്രദ്ധിച്ചില്ല.അവര്‍ റോഡില്‍ നിന്നിറങ്ങി മാറി നില്‍ക്കുകയാണല്ലോ.ജീപ്പ് അരിച്ചരിച്ച് കഷ്ടി അവരെ കടന്നുപോകും നേരത്ത് അതിലൊരു കുസൃതി മറ്റേ കുഞ്ഞിനെ അവര്‍ കളിച്ചുകൊണ്ടിരുന്ന എന്തോ കളിയുടെ സ്മരണയിലാവാം ജീപ്പിനുനേരെ പിടിച്ചു തള്ളി.അവന്‍ പിറകില്‍ തൂങ്ങിനിന്ന ഒരാളെ ചെറുതായി തട്ടി റോഡിലേക്കു കമിഴ്നന്നു വീണു.
"ആണ്ട്രാ,അവന്‍ കൊച്ചിനെ തട്ടിയിട്ടു."ജീപ്പിന്റെ മേല്‍ക്കൂരയില്‍ ആഞ്ഞ് ഇടിച്ചുകൊണ്ട് പിറകില്‍ തൂങ്ങി നിന്നൊരാള്‍ അലറി.ഒച്ചുപോലിഴയുന്ന വണ്ടിയില്‍ നിന്നു കാലുകുത്തിയിറങ്ങി കുഞ്ഞിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ അയാള്‍ തുനിഞ്ഞില്ല.ആദ്യം ധാര്‍മ്മികരോക്ഷപ്രകടനം.
"അയ്യോ!കൊച്ച്..നീയ്യിത് എങ്ങോട്ടാടാ കാലാ ഓടിക്കുന്നത്?"സ്ത്രീജനങ്ങള്‍ പെട്രോള്‍ കണ്ട തീപ്പൊരി പോലെ ആളിപ്പടര്‍ന്നു.നിമിഷാര്‍ദ്ധത്തില്‍ മുന്‍പിലിരുന്ന പ്രതികരിക്കുന്ന കാരണവന്‍മാര്‍ പയ്യന്‍ ഡ്രൈവറുടെ കണ്ണും മൂക്കും ചെവിയുമടക്കം പിടിച്ചു വലിച്ച് ചോദ്യം ചെയ്യലാരംഭിച്ചു.വണ്ടി നിയന്ത്രണം വിട്ടു.പിറകൊട്ടുരുണ്ട് ചെറിയ മുറിവുകളുമായി കിടന്ന കുഞ്ഞിനെ കയറിയിറങ്ങി പോയി.പ്രാണന്‍ പിരിഞ്ഞു!!
കാരണവന്‍മാരുടെ പിടി വിടുവിച്ച് വണ്ടി ചവിട്ടി നിര്‍ത്തിയ ഡ്രൈവറുടെ ശിക്ഷ ഉടനടി നടപ്പാക്കപ്പെട്ടു.വെട്ട് പാപ്പച്ചനെ കാരണവന്‍മാര്‍ പെട്ടന്ന് മറന്നു.
കരിങ്കല്‍ചീളുകള്‍ക്കൊണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ചു,രണ്ടു മൂന്നു അസ്ഥികളും തകര്‍ത്തു.
അപകടകരമായ ഡ്രൈവിങ്ങ്,മനപൂര്‍വ്വമല്ലാത്ത നരഹത്യ,പെര്‍മിറ്റിലധികം ആളെ കയറ്റല്‍...പൊട്ടക്കണ്ണന് നിയമപരമായ അവാര്‍ഡുകളുമൊരുപാടുണ്ട്.
പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ എല്ലാം മികച്ചു നിന്ന അകാലത്തില്‍ പൊലിഞ്ഞ ആ കുരുന്നിനുവേണ്ടി ജീപ്പ് യാത്രികരടക്കം എല്ലാവരും,പ്രബുദ്ധരും സര്‍വ്വശക്തരും നീതിനിഷ്ഠരുമായ പൊതുജനം അനുശോചനമീറ്റിങ്ങുകള്‍ കൂടി,ഒപ്പീസു ചൊല്ലി.നരാധമനായ ഡ്രൈവര്‍ പയ്യന്റെ പട്ടിണിയായ അമ്മ കാരുണ്യം തേടി കുറ്റവാളീ ഭാവത്തില്‍ തലയും താഴ്ത്തി പല പ്രമാണികളുടേയും മുന്‍പില്‍ നില്‍ക്കുന്നതു കാണായി.നില്‍ക്കണമല്ലോ!
"നാട്ടുകാരെടപെട്ടതുകൊണ്ട് ആ കൊച്ചിന് കറക്ടായിട്ട് ഇന്‍ഷുറന്‍സെങ്കിലും കിട്ടി.അല്ലെങ്കിലോ!?"കവലയിലിരുന്ന് ആരോ പറഞ്ഞു.
No comments:
Post a Comment