"കോളിയെ കളിവെച്ച് കുളിക്കാന്‍ പോയപ്പോ പട്ടി കയറി കളിച്ചിട്ട് പോയി.യാരെ കൊളപ്പം ശേട്ടാ?"പാണ്ഡ്യമന്നന്റെ ഉദ്ധരണിയില്‍ പറയുംപോലെ വളകൊളപ്പന്‍ കൊളപ്പക്കാരനാണോ?
വെള്ളിക്കെട്ടന്‍,ശംഖുവരയന്‍..ആളു കേമനാണ്....വലിയ വിഷപ്പല്ലും നാഡികളെ ബാധിക്കുന്ന,സുഖമരണം പ്രധാനം ചെയ്യുന്ന ന്യൂറോറ്റോക്സിക് വിഷവും.രാജവെമ്പാല പോലും അടുക്കില്ലെന്നാണ് വിദഗ്ദമതം.നല്ല തിളങ്ങുന്ന കറുപ്പും വെളുപ്പും നിറവും.
അരുമനായയോ പൂച്ചയോ ഒക്കെപ്പോലെ മനുഷ്യരോട് ഒട്ടി ജീവിക്കാനാണ് ആള്‍ക്ക് ഇഷ്ടം.അവന്റെ ആവാസവ്യവസ്ഥയില്‍ ഇടിച്ചുകയറിയത് മനുഷ്യനാണോയെന്നും അറിയില്ല. വെയിലുകൊള്ളിച്ച് ഫ്രഷാക്കാനിട്ട തലയിണക്കിടയിലൊളിച്ചാണ് അവന്‍ എന്റെ ശ്രദ്ധയിലാദ്യമെത്തിയത്.രാത്രിയിലെ ശൂ ശൂ വിളികള്‍ക്കൊടുവില്‍ അവന് ചെറുവടികൊണ്ട് മരണത്തിന്റെ സ്വാതന്ത്ര്യം നല്‍കിയില്ലായിരുന്നെങ്കില്‍ എന്താകമായിരുന്നുവെന്നറിയില്ല.പിന്നീട ഉമിക്കരിയിടുന്ന മുളംകുറ്റി പാത്രത്തിലും കല്ല്യാണപ്പെണ്ണിന്റെ തലയിലെ പുട്ടപ്പിലുമൊക്കെ കൊച്ചരിവിഷപ്പല്ലുകാട്ടി കൊളപ്പന്‍ ചിരിച്ചുനിന്നു.പട്ടണമൊക്കെ വട്ടംകറങ്ങി പ്ളസ് റ്റു പഠനകാലത്ത് എത്തിപ്പെട്ടത് ഏറെ ഇഷ്ടപ്പെട്ട പ്രകൃതിയുടെ മടിത്തട്ടിലേക്കാണ്.കറന്റ് എത്തിപ്പെടാത്ത ഒരു മണ്‍വീട്.തൊട്ടടുത്ത് മഴപെയ്താല്‍ പുഴയാവുന്ന ഒരു ഉരുള്‍ പൊട്ടിയ ചാല്‍.വളകൊളപ്പന് വംശവര്‍ദ്ധന നടത്താന്‍ പാകത്തിന് ഉരുളന്‍കല്‍ മടകളും ചെറിയ നനവും.വംശാവലി എഴുതിക്കാനെന്നോണം സന്താനപരമ്പര അന്തിമയങ്ങുമ്പോള്‍ മണ്‍കട്ട വിടവിലൂടെ അടുക്കളയിലെത്തും.മണ്ണെണ്ണവിളക്ക് വെളിച്ചത്തില്‍ അപരിചിത,അവിധഗ്ദ നേത്രങ്ങള്‍ക്ക് ഇത് നിഴലോ നിലാവോ എന്നു ആശയക്കുഴപ്പമുണ്ടാക്കുംവിധം പുരാതനഹൈറോഗ്ളിഫിക്സ് ലിപിപോലെ വളഞ്ഞുകൂടിയിരിക്കും.പിടിക്കപ്പെടുമ്പോള്‍ എനിക്ക് മോക്ഷം തരൂ എന്നമട്ടില്‍ പാരഗണ്‍ ചെരുപ്പിന്റെ അഗ്രത്താല്‍ പോലും മരണം വരിക്കാന്‍മാത്രം ലാളിത്യവും ആത്മീയതയുമണിയും.
ഈ കൊളപ്പക്കാരനല്ലാത്ത കൊളപ്പന് വിഷമില്ലാത്ത ഒരു അപരനുണ്ടെന്ന് അറിഞ്ഞത് ഈയിടെയാണ്.പരലോകത്ത് ചെല്ലുമ്പോളറിയാമായിരിക്കും ആരെയൊക്കെയാണ് അങ്ങോട്ട് അയച്ചതെന്ന് .
No comments:
Post a Comment