ഞാന്‍ പിഴയാളി ചൊല്ലുമ്പോളറിയാം കൂട്ടത്തില്‍ അധികം പിഴയാരെന്ന്
Saturday, 21 October 2017
Wednesday, 18 October 2017
പനിനീര്‍
എന്തൊരു വൃത്തികെട്ട തണുപ്പാണിവിടെ?ഞരമ്പുകളിലെ ദ്രവമെല്ലാം മരവിച്ചല്ലോ!ദേഹത്ത് പറ്റിയ നീര്‍ത്തുള്ളി പോലും തണുത്തുറഞ്ഞു പോയി.ഇവിടെ കാറ്റില്ല.സൂര്യപ്രകാശമില്ല.കുടിവെള്ളം പോലുമില്ല.ഈയടുത്ത് മാത്രം പരിചയപ്പെട്ട വിചിത്രമായ വെളിച്ചങ്ങളാണിവിടെ.ഒരുപാടു ആളുകള്‍ അടുത്തുവരുന്നുണ്ട്.ബലം പിടിച്ച് നില്‍ക്കുന്നവരുണ്ട്.കരയുന്നവരുണ്ട്.പ്രാര്‍ത്ഥിക്കുന്നവരുണ്ട്.ഇടക്കിടെ ആകാശം മങ്ങുമ്പോള്‍ ആരോ വന്ന് തുടച്ച് വൃത്തിയാക്കുന്നുണ്ട്.
ഞാനാദ്യമായി കണ്ണു തുറന്ന ദിവസമോര്‍ത്തുപോയി.സൂര്യപ്രകാശത്തിനെന്ത് ഊഷ്മളതയായിരുന്നു..കാറ്റിന്റെ കുളിരെത്ര ഹൃദ്യമായിരുന്നു..നിറങ്ങളുടെ ഒരു ലോകമായിരുന്നു അത്.വരി വരിയായി അമ്മച്ചെടികള്‍.വളക്കൂറുള്ള മണ്ണില്‍ നനവ് വറ്റാറില്ല.വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷം.ഇതളുകള്‍ വീശി ഞാനും വളര്‍ന്നു;കഴുത്തറക്കുന്ന സാധനവുമായി അവര്‍ വരുന്നതുവരെ...
വേദന!!അല്‍പ്പം ഭക്ഷണവുമായി രണ്ട് കുഞ്ഞ് ഇലകളും കൂടെയുണ്ട്.
ജീവിതത്തിലെ നല്ല നാളുകളവസാനിച്ചു.അര്‍ദ്ധപ്രാണനായി പല കൈകളില്‍ പുളഞ്ഞ് പുതിയ ലോകങ്ങളിലൂടെ യാത്ര ചെയ്തു.അവസാനമിവിടെ ഈ മരവിച്ച മനുഷ്യന്റെ പളുപളുത്ത കുപ്പായത്തിനു മുകളില്‍.
Tuesday, 17 October 2017
വനില വാര്‍സ്
മഡഗാസ്കറില്‍ ആഞ്ഞുവീശിയ ആ കാറ്റാണെല്ലാത്തിന്റെയും തുടക്കം!!ലോകത്തിന്റെ രസമുകുളങ്ങളെ ഇക്കിളിയിടാന്‍ തയ്യാറെടുത്തു കുലമറിഞ്ഞു കായ്ച്ചു കിടന്ന അനേകായിരം വനില വള്ളികളല്ലേ നശിച്ചുപോയത്?എന്തും വിളയുന്ന മലയാള മണ്ണാണ് ഇനി ഏക ആശ്രയമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!ശ്രീ,രത്നം എന്നൊക്കെ കുറിയ വാലുപേറുന്ന കര്‍ഷകമാസികകളിലെ സൂചനകളില്‍ ആവേശഭരിതരായ കാര്‍ഷികശാസ്ത്രജ്ഞര്‍ കൊണ്ടുപിടിച്ച അന്വേഷണം തുടങ്ങി.വീട്ടില്‍ നേരിട്ടു വന്ന് ക്ഷണിച്ചില്ലെന്ന ഭീകരമായ കാരണംകൊണ്ട് കല്ല്യാണങ്ങള്‍ ബഹിഷ്കരിച്ച് സമ്മാനത്തിന്റെ പണം ലാഭിച്ച ബന്ധുവീടുകളില്‍ വരെ ഈ അന്വേഷണം ലിമിറ്റഡ് സ്റ്റോപ്പില്‍ ചെന്നെത്തി.ഊഷ്മളമായ പുനഃസമാഗമത്തിന്റെ ഉപഹാരമായി കിട്ടിയ വനില വള്ളികളും നെഞ്ചോടടുക്കിപ്പിടിച്ച് കുടുംബനാഥന്‍ വീട്ടിലെത്തുന്നു.കറുകപ്പുല്ലുപോലും നുള്ളിപ്പറിച്ച് മണ്‍കുടത്തിന്റെ പുറംപോലാക്കിയ മണ്ണില്‍ കുളിപ്പിച്ചു പൊട്ടു തൊടുവിച്ച വള്ളികള്‍ നടുന്നു.ഓരോ തളിരും റംസാനിലെ പിറ പോലെ-മലയപ്പുലയന്റെ വാഴ പോലെ.അപ്പനും അമ്മയും മക്കളും പരാഗണോപകാരികള്‍ കരിവണ്ടുകളായി.വനില ചാറിന്റെ ആവശ്യമിങ്ങിനെ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്..കുന്നു കൂടുകയാണ്..കായ പാകമാകും മുന്‍പേ വില ഇങ്ങിനെ കൂടിയാലെന്തു ചെയ്യും.ലാഭം കണക്കുകൂട്ടാന്‍ കൈകാല്‍ വിരലുകള്‍ മതിയാവുന്നില്ല.ഒരു ചാക്ക് കായക്ക് ഒരു ലോറി നോട്ടെന്ന അവസ്ഥയിലാണിപ്പോള്‍.കേട്ടവര്‍ കേട്ടവര്‍ നിധി വേട്ടങ്ങിറങ്ങുകയായി.നടീല്‍ വസ്തുവായ തണ്ടിനും റോക്കറ്റുപോലെ വില കുതിക്കുകയാണ്.അവിടെയുമിവിടെയും ചില്ലറ വള്ളി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.അച്ചായന്‍മാരുടെ ഉറക്കം ആധിയുടെ ചൂളയിലെരിഞ്ഞു പോകുന്നു.കാവലിന് നാടന്‍ തോക്കുമായി കൂലിക്കാരെ ഏര്‍പ്പാടാക്കുന്നുണ്ട്.മോഷണം നടന്ന വള്ളിച്ചുവട്ടിലെ കാല്‍പ്പാടിന്റെ ആകൃതിയും ആഴവും പൊടുന്നനെ അപ്രത്യക്ഷരായ കലുങ്കില്‍ തപസ്സിരിക്കുന്ന ജീവികളുമൊക്കെ പൊതുജനത്തിന്റെ മേശപ്പുറത്ത് കീറിമുറിക്കപ്പെടുകയാണ്.
"രണ്ട് പൂശുകൊടുത്താല്‍ അവന്റെ കീച്ചിപ്പാപ്പാന്‍ നേരു പറയും.വേണ്ടി വന്നാ വീട്ടീ കയറി പരിശോധിക്കണം."അസഹിഷ്ണുക്കള്‍ മൊഴിഞ്ഞു.
വെള്ളത്തിന്റെ വിലയില്ലെങ്കിലും പാലു ചുരത്തിക്കൊണ്ടിരുന്ന റബ്ബറുമരങ്ങളുടെ മണ്ട വെട്ടി വള്ളി പടര്‍ത്തിയവരാണ്..അസഹിഷ്ണുവാകാം.തെറ്റില്ല.
കാലമാകുന്ന വള്ളി അച്ചടക്കത്തോടെ വളര്‍ന്നു.നാലാം ക്ളാസുകാരനെഴുതിയ ചോദ്യ ചിഹ്നം പോലെ വനില കായകള്‍ വള്ളികളില്‍ വരണ്ടു നിന്നു.ലോകമെപ്പോഴും വനില നുണയുന്നുണ്ടായിരുന്നു.എവിടെ നിന്നെന്നറിയില്ല.
Monday, 16 October 2017
മണമില്ലാത്ത വെള്ളപ്പൂക്കള്‍
മണമില്ലാത്ത വെള്ളപ്പൂക്കളുണ്ടാവുമോ? അറിയില്ല..
അവള്‍ ചെറുപ്പത്തിലേ അങ്ങിനായിരുന്നു..കറുത്ത്..മെലിഞ്ഞ്..അധികമാര്‍ക്കും ഓമനത്തം തോന്നാത്ത..ഒക്കത്തിരുത്താനും ഉമ്മ കൊടുക്കാനും മത്സരിക്കുന്ന കുഞ്ഞേച്ചിമാരില്ലാത്ത..
വളര്‍ന്നപ്പോള്‍ അവളുടെ മൗനവും കൂടെ വളര്‍ന്നു.
ക്ളാസ്സിന്റെ സാധ്യമായതില്‍ ഏറ്റവും കോണില്‍ പുസ്തകസഞ്ചിയുടെ പിറകില്‍ മുഖം പൂഴ്ത്തിയങ്ങിനെ ഇരിക്കും.പൂച്ചയെപ്പോലെ നടക്കും.പഠിപ്പിക്കുന്നതൊന്നും മനസ്സില്‍ നില്‍ക്കാറില്ല.പരീക്ഷകള്‍ പരീക്ഷണങ്ങള്‍...പാട്ടുപാടുമോ,പടം വരക്കുമോ,ഓടുമോ,ചാടുമോ എന്നൊക്കെആശ്വസിപ്പിക്കാനെന്നോണം പലരും ചോദിച്ചിട്ടുണ്ട്.ഒന്നുമില്ല.കണ്ണു തുറന്ന് ആളും അനക്കവുമില്ലാത്ത എവിടെയെങ്കിലും നോക്കിയിരുന്ന് കിനാവ് കാണാനറിയാം.കറുപ്പിലും വെളുപ്പിലുമുള്ള കിനാക്കളാവാം.പത്താംതരം കഷ്ടി കരകയറി കന്യാസ്ത്രീ മഠത്തിലെത്തി.അടുക്കളയിലേയും തൊഴുത്തിലേയും പന്നിക്കൂട്ടിലേയും സ്ഥിരം മൂലകളില്‍ നിന്നൊരു ദിനം അവര്‍ ബാലഭവനിലും.ഒരുപാട് കുഞ്ഞുങ്ങള്‍.വര്‍ണ്ണാഭമായ ചിത്രം.പാടാനും ഓടാനും കഥ പറയാനും മായാജാലം കാട്ടാനും ആരും പഠിച്ചുപോവും.അവരും പഠിച്ചു.പഠിപ്പിച്ചു.
നേര്‍ത്തതെങ്കിലും പരിമളം പരക്കട്ടെ.
Sunday, 15 October 2017
അബ്സ്ട്രാക്റ്റ്
അബ്സ്ട്രാക്റ്റ് ചിത്രങ്ങളോടു ഇഷ്ടം കാണിക്കുന്നത് ആശയക്കുഴപ്പമുള്ള,വിഷാദത്തിലേയ്ക്കു വഴുതിയ മനസ്സിനെയാവാം പ്രതിഫലിപ്പിക്കുന്നതെന്നൊരു വിജ്ഞാനം അയാളോടൊരിക്കല്‍ വിളമ്പിപ്പോയി.പിന്നെ ഒരിക്കല്‍ അയാളുടെ കല്ല്യാണക്കത്തില്‍ തീരെ മഷിപുരളാത്ത ഒരെണ്ണം അയച്ചു തന്നു.
Saturday, 14 October 2017
താളുകള്‍ മറിയുമ്പോള്‍
താളുകള്‍ മറിയുമ്പോള്‍
ഭാഷയേ മാറിപ്പോവുന്നു
'സ്വാര്‍ത്ഥം എന്നെ വേദനിപ്പിച്ചു'- പ്രസ്താവനയുടെ മൂന്നില്‍ രണ്ടു ഭാഗവും വിരല്‍ ചൂണ്ടുവതാര്‍ക്കുനേരെ?
'നിസ്സാരം' വികാരങ്ങളരിച്ചുമാറ്റിയേക്കാം- പകല്‍വെളിച്ചത്തില്‍ നിന്ന് ഏഴുനിറങ്ങളെന്നപോല്‍..
രാത്രിയായി!!
കണ്ണാലെ കണ്ടതോ?
കണ്ണേതെന്നൊരു ചോദ്യം..
Monday, 2 October 2017
അതിരേല്‍ ദേഹണ്ണം
ഏക്കറു കുറേയുണ്ടെങ്കിലും അതിരേല്‍മാത്രം ദേഹണ്ണിക്കുന്നത് അച്ചായനൊരു വീക്കന്‍സായിരുന്നല്ലോ.പള്ളിനട വീതികൂട്ടിയപ്പോ ജെ.സി.ബി. പുള്ളിയുടെ പെട്ടിയുടെ അതിരുമൊന്നു മാന്തി.കൊച്ചുങ്ങളു പെട്ടീലിട്ട സെന്റ് കുപ്പീം പൊട്ടിച്ചു.