'മരണം കാത്തു കിടക്കുന്ന രോഗി'..അര്‍ദ്ധബോധാവസ്ഥയിലും ആരോ പിറുപിറുത്ത വാക്കുകള്‍ വ്യക്തമായി കേട്ടു അയാള്‍.'നിങ്ങളാരും മരണത്തെ പ്രതീക്ഷിക്കാത്തതിന് ഞാനെന്ത് പിഴച്ചു?'
ചിന്തകള്‍ പരിഹാസത്തെ മൂടിക്കളഞ്ഞു.മരണം കാത്ത് കിടക്കുകയെന്നാല് കടലുപോലെയൊരു അവസ്ഥയത്രെ - തിരകളും ചുഴികളും ഒരുപാടുണ്ടെങ്കിലും കണ്ട് പഴകിയവര്‍ക്ക് നിഷ്ക്രിയമെന്ന് തോന്നും...ചിന്തകളങ്ങിനെ അലയടിക്കുകയാണ്.
ശത്രുതയേക്കുറിച്ച് ചിന്തിച്ചു.പാറക്കെട്ടില്‍ തലതല്ലുന്ന ഒാരോ തിരയും ഒന്നും വേണ്ടായിരുന്നുവെന്ന് തീര്‍ച്ചയായും ചിന്തിക്കാറുണ്ടാവും.ശത്രുതയെന്നൊരു കുഴിയില്‍ മൃതസംസ്കാരം എളുപ്പം കഴിയുമെന്ന് ആശ്വസിച്ചു.
ശൈശവത്തേക്കുറിച്ച്, ചിന്തകളില്ലാതിരുന്ന കാലത്തേക്കുറിച്ച് ചിന്തിച്ചു.
ഇഷ്ടമുള്ള ഇടങ്ങളേക്കുറിച്ച് ചിന്തിച്ചു.അച്ഛന്റെ വിയര്‍പ്പ് മണമുള്ള കക്ഷത്തിലും അമ്മയുടെ കുട്ടിക്കൂറ റ്റാല്ക്കം പൗഡര്‍ മണക്കുന്ന സാരിത്തലപ്പിലും മുഖം പൂഴ്ത്തി എത്ര ഉറങ്ങിയിരിക്കുന്നു.പാതിരാക്കുര്ബാനക്കിടയിലെപ്പൊഴോ തളര്‍ന്നുറങ്ങിയ പിഞ്ചുശരീരത്തെ താങ്ങിയ ചുമലുകളെ ഓര്‍ത്തു.കട്ടിലില്‍ എത്തുംവരെ ഓളപ്പരപ്പിലെന്നവണ്ണം താരാട്ടുന്ന ചുമലുകള്‍.പറ്റിപ്പിടിച്ച് ഉറങ്ങുന്ന ചെമ്പകത്തിന്റേയും ജാതിയുടേയും ശിഖരങ്ങളെയോര്ത്തു.ഇവയെല്ലാം ഇപ്പോളെവിടെയെന്നും ഒാര്‍ത്തു.
വാഗ്ദാനങ്ങളെക്കുറിച്ചോര്ത്തു സ്വപ്നങ്ങളെക്കുറിച്ചും.പറഞ്ഞതും പറയാനാവാഞ്ഞതും ചിരിച്ചതും ചിരിക്കാതിരുന്നതും കരഞ്ഞതും കരയാനാവാതെ നിന്നതുമെല്ലാമോര്ത്തു.ചിന്തകളുടെ വേലിയേറ്റത്തില്‍ നിമിഷങ്ങള്‍ക്ക് ജന്മങ്ങളേക്കാള്‍ നീളമുണ്ട്.
athe....നിമിഷങ്ങള്‍ക്ക് ജന്മങ്ങളേക്കാള്‍ നീളമുണ്ട്.
ReplyDelete