കൊന്നത്തെങ്ങിന്റെ മുകളില്‍ ഉണങ്ങി നിന്നിരുന്ന കൊതുമ്പും തേങ്ങയും തെങ്ങോലയും വീഴുന്ന ശബ്ദമാണ് തുടക്കം.
പിന്നെ പൊടിമണ്ണില്‍ കുഴിയാനയുടെ വീടുപോലുള്ള രൂപങ്ങള്‍ ഉണ്ടാക്കുന്ന കനത്ത തുള്ളികള്‍ 'പൊത്തോ' ന്ന് വീഴും.
പിന്നെ പുരപ്പുറത്തെ ശിങ്കാരിമേളം.
വല്ല്യമ്മച്ചി മെഴുക്കിളക്കാന്‍ ഇറവാലത്ത് വെച്ച ചക്കപ്പുഴുക്ക് കലത്തിന്റേയും തവിയുടേയും സംഗീതവും അകമ്പടിയായെത്തും.
കാറ്റിന്റെ സീല്‍ക്കാരവും ശിഖരങ്ങള്‍ ഇരിയുന്ന ശബ്ദവും.
ചോരുന്ന നടുമുറിയില്‍ ഇറ്റുവീഴുന്ന മഴത്തുള്ളികള്‍ക്ക് ശ്വാസം മുട്ടുമ്പോഴേക്കും ചീവിടുകള്‍ ആ ഗാനം ഏറ്റെടുക്കും.
ഇപ്പോളിങ്ങിനെയൊന്നുമല്ലേ മഴ പാടുന്നതെന്ന് മനസ്സ് സന്ദേഹപ്പെട്ട് തുടങ്ങിയിരിക്കുന്നു.