Sunday, 13 February 2022

ബെസ്റ്റ് പാര്‍ട്ട് ഓഫ് വേള്‍ഡ്

ചിലരിങ്ങനെ മറ്റു സംസ്കാരങ്ങളുമായി തീവ്രപ്രണയത്തിലാവും!കാരണമെന്തെന്നറിയില്ല.

ഫ്രാന്‍സുകാരനായ ആന്ദ്രെ കേരളത്തിലെത്തിയത് ഇത്തരത്തിലാണ്.

നാട്ടുകുളത്തില്‍ താളിയും ഇഞ്ചയും പതപ്പിച്ച് നീന്തി കുളിച്ച് കുറിയും തൊട്ട് ചൂട് പുട്ട് കടലക്കറി കുഴച്ച് കഴിച്ച് ഫ്രഞ്ചില്‍ രോമാഞ്ചം കൊണ്ട ആദ്യനാളുകള്‍!

മലയാളം പഠിക്കാന്‍ പഴയൊരു മലയാളം മാഷിനെ കണ്ടെത്തി.

കഥകളി പഠനം തുടങ്ങി.

കേരളചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു കൂട്ടി.മുണ്ടുടുക്കാന്‍ ശീലിച്ചു.

എത്രയൊക്കെയായാലും യാത്രകളില്ലാതെ ഒരു സംസ്കൃതിയെ പഠിക്കുക അസാധ്യമത്രെ.

പൊതുഗതാഗതസംവിധാനമുപയോഗിച്ച് ഒരുപാട് യാത്ര ചെയ്തു;പ്രത്യേകിച്ചും നാട്ടിന്‍പുറങ്ങളിലേയ്ക്ക്.

അങ്ങിനെയൊരിക്കല്‍,ഒരുപാട് മുന്നൊരുക്കങ്ങളില്ലാതെ പാലക്കാടിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേയ്ക്ക് ആന്ദ്രെ ബസ് കയറി.

കടലു പോലെ പരന്നു കിടക്കുന്ന പാടശേഖരങ്ങളും കാളവണ്ടിയും പരിഷ്കാരമധികം കടന്നു കയറാത്ത ചെറു വീടുകളും അങ്ങിനെ ആ യാത്ര വിഫലമായില്ല.

കുറേ ചിത്രങ്ങളെടുത്തും കുശലം ചോദിച്ചും കറങ്ങി നടന്ന് തളര്‍ന്ന കഥാനായകന്റെ കൃഷ്ണമണിയിലെ കൗതുകത്തിന്റെ വെളിച്ചത്തിന്‍മേല്‍ ക്ഷീണം തിരശ്ശീല വലിച്ചിട്ടു തുടങ്ങിയപ്പോള്‍ തിരിച്ചു പോവണം എന്ന് മനസ്സും ശരീരവും ആവശ്യപ്പെട്ടു.

ഒരുപാട് ദൂരം ബസില്‍ സഞ്ചരിക്കാനുണ്ട്.

ബസ്!

ബസിന്റെ സമയം അറിയണമല്ലോ.അതിനി ആരോട് ചോദിക്കും.

ആന്ദ്രെ കുഴങ്ങിയ കാല്‍വെപ്പുകളോടെ ബസിറങ്ങിയ ചെറിയ ജംഗ്ഷന്‍ ലക്ഷ്യമാക്കി നടന്നു.നടന്നിട്ടും നടന്നിട്ടും എത്താത്തതുപോലെ!!

അതാ കുറച്ചു ദൂരെ ഒരാള്‍.ഭീമാകാരനാണ്.ഒരു കൈലി മാത്രമുടുത്ത ഭീമന്‍ കരടിയെപ്പോലെ നിന്ന് മിനുത്ത കത്തികൊണ്ട് വിറക് വെട്ടുകയാണ്.

എന്തോ ചവയ്ക്കുന്നുമുണ്ട്.ഉള്ളില്‍ ഭയമുണ്ടെങ്കിലും താന്‍ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു സംസ്കാരത്തിന്റെ അംഗമല്ലേ..ചോദിച്ചേക്കാം.

"സീട്ട,സീ വസി ബുസ് ഉന്റോ?"ഈ വഴി ബസ് ഉണ്ടോ ചേട്ടാ എന്നാണ് വിവക്ഷ.

ചേട്ടന് ആകെ അരോചകഭാവം.വായിലെ ചുവന്ന മിശ്രിതം തെല്ലൊന്നു തുപ്പി,മിന്നുന്ന കത്തി ഭീതിതമായി വീശി ആ മനുഷ്യക്കരടി പറഞ്ഞു"കാലിനൊന്ന് ..അരയ്ക്കൊന്ന്...."

അറിയാവുന്ന മലയാളത്തില്‍ ചിന്തിച്ചിട്ട് ആന്ദ്രെയുടെ പേടി വളരുന്നതേ ഉള്ളൂ.ആശ്ചര്യം കലര്‍ന്ന ഭയം!

ഒരു വിധത്തില്‍ താമസസ്ഥലത്ത് എത്തിയ ആന്ദ്രെ അടുത്ത ദിവസങ്ങളില്‍ മലയാളം മാഷിനോട് പറഞ്ഞത്രെ

"ബുസിന്റെ സമായം ചൂദിച്ചാപ്പോല്‍ കാലും അറയും പാര്‍ട്സ് പാര്‍ട്സാക്കുമെനു പറാഞ്ഞു.പെടിച്ചു പൂയി"

കാലിനൊന്ന് ..അരയ്ക്കൊന്ന്..

1 comment: