Sunday, 6 March 2022

'ഞാന്‍?'

'ആരാണ് ഞാന്‍?' എന്ന് എപ്പോഴെങ്കിലുമൊക്കെ ചിന്തിക്കാത്തവരാരെങ്കിലുമുണ്ടാവുമോ?!

സംശയമാണ്!

എന്താണ് നമ്മുടെ ജീവിതോദ്ദേശ്യം,സമൂഹം നമ്മളെ എങ്ങിനെ വിലയിരുത്തുന്നു എന്നീ ചോദ്യങ്ങളും ആദ്യത്തെ ആരാണ് ഞാന്‍ ഇല്‍ ഗുപ്തമാണ്.പല വീക്ഷണകോണുകളില്‍ നിന്ന് ഈ ചോദ്യത്തെ നിരീക്ഷിക്കാം.

മനുഷ്യസമൂഹത്തില്‍ ഡിവിഷന്‍ ഓഫ് ലേബര്‍ അഥവാ തൊഴില്‍ സംബന്ധമായ പിരിവുകള്‍ വന്നതോടെ ആരാണ് ഞാന്‍ എന്ന് സ്ഥാപിക്കേണ്ടത് ജീവനത്തിന് ഒരു ഉപാധിയും അത്യന്താപേക്ഷികതയുമായി.ആരുമല്ലാത്ത ഒരാള്‍ക്ക് ജീവിക്കാനാവില്ല പോലും.

പല മഹര്‍ഷിവര്യന്‍മാരുടേയും അഭിപ്രായപ്രകാരം 'ഞാന്‍' എന്ന സംജ്ഞ തികച്ചും ആപേക്ഷികമായ ഒന്നാണ്.കടലിലെ ഒരു ജലകണത്തിന് ഞാന്‍ ഒരു ജലകണം മാത്രമാണെന്നും ഞാന്‍ കടലാണെന്നും പറയാം.ഒഴുകുന്ന പുഴയ്ക്ക് ഞാന്‍ പുഴയാണെന്ന് പറയാം;പക്ഷേ പറഞ്ഞും തീരും മുന്‍പേ ആ പുഴ ഒഴുകി മറഞ്ഞ് അടുത്ത പുഴ നമുക്ക് മുന്‍പിലെത്തിയിരിക്കും.ഇപ്രകാരം ഗതികമല്ലേ നമ്മുടെ അസ്തിത്വവും.നമ്മളും അനുനിമിഷം പഠിക്കുന്നു,മറക്കുന്നു,മാറുന്നു.ഞാന്‍ ഒരിക്കലും പഴയ ഞാന്‍ അല്ല പോലും;ഇനിയൊരിക്കലും അങ്ങിനെ ആയിരിക്കയുമില്ല.

നമ്മള്‍ ചവിട്ടി നില്‍ക്കുന്ന ഭൗതികസാഹര്യങ്ങളുടെ കണ്ണിലൂടെ നോക്കിയാല്‍ നമ്മള്‍ വെറും കളിപ്പാട്ടങ്ങള്‍ പോലെയല്ലേ?!ഫുഡ് ചെയിനില്‍ ഇര പിടിക്കാനും ഇരയാവാനും മാത്രം ശേഷിയുള്ളവര്‍.എല്ലാവിധ ആകസ്മികതകള്‍ക്കും വശംവദര്‍.പലപ്പോഴും ഉദരപൂര്‍ത്തിക്കു വേണ്ടി 'ഞാന്‍' ആരൊക്കെയോ ആണെന്ന് പറയാറുണ്ടെങ്കിലും ബൃഹത്തായ ഈ പ്രപഞ്ചത്തിലെ എപ്പോള്‍ വേണമെങ്കിലും മാറ്റപ്പെടാവുന്ന (replaceable)ഒരു ജീവശകലമാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

No comments:

Post a Comment