Saturday, 5 February 2022

'ഗുഡ് മോണിങ്ങ്!'

വല്ലപ്പോഴുമെങ്കിലും ആബ്സെന്റ് മൈന്റഡാവുക വളരെ രസമുള്ള കാര്യമാണ്...മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏറെ സംഭവബഹുലമായിരിക്കും ഇത്തരത്തിലുള്ള നിമിഷങ്ങള്‍!

ഉദാഹരണത്തിന് - വെറും ഉദാഹരണത്തിന് വേണ്ടി മാത്രം - നമ്മളൊരു പുതിയ ഓഫീസില്‍ ജോലിക്ക് വന്നു എന്നിരിക്കട്ടെ.സ്വഭാവികമായും സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന കുറച്ചധികം സഹപ്രവൃത്തകരും നമുക്കവിടെ ഉണ്ടാവും.രാവിലെ ജോലിക്കെത്തുമ്പോള്‍ എല്ലാവരേയും ഒന്നു ഗൗനിക്കണം എന്നത് അനിഷേധ്യമായ ഒരു കാര്യമാണ്.പുഞ്ചിരികളും തത്തുല്ല്യമായ ഗോഷ്ഠികളും മാസ്കിനടിയില്‍ മറഞ്ഞു പോയ ഈ കാലത്ത് എല്ലാവരോടും ഒരു 'ഗുഡ് മോണിങ്ങ്' പറയുക എന്നതു തന്നെയായിരിക്കും ഉചിതം.

അങ്ങിനെയൊരു ദിവസം ഓടിപ്പാഞ്ഞ് ഓഫീസിലെത്തി.കട്ടന്‍ കാപ്പി കണക്കു നോക്കാതെ കുടിച്ചതിനാല്‍ മോശമല്ലാത്ത മൂത്രശങ്കയുണ്ട്.ഓഫീസ് വാതില്‍ക്കല്‍ ഒരു പിടി സഹപ്രവൃത്തകര്‍ നില്‍പ്പുണ്ട്.മൂത്രശങ്കയടക്കിപ്പിടിച്ച് എല്ലാവര്‍ക്കും ഗുഡ് മോണിങ്ങുകള്‍ വാരി വിതറി.ഹാജറും കൂടി വെച്ച ശേഷം ബാത്ത്റൂം ലക്ഷ്യമാക്കി ആവേശത്തോടെ നടന്നു.വാതിലടഞ്ഞു കിടപ്പാണ്.ഒന്നു രണ്ടു മിനിറ്റുകള്‍ക്കകം നേരിയ ഒരു ചമ്മലോടെ സഹപ്രവൃത്തകമാരില്‍ ഒരാള്‍ വാതില്‍ തുറന്നു പ്രത്യക്ഷപ്പെട്ടു.

കൊടുത്തു ഒരു ഗുഡ് മോണിങ്ങ്!

തിരിച്ചിറങ്ങി നടക്കുമ്പോള്‍ പിറുപിറുക്കലുകള്‍ കേട്ടു."വഷളന്‍!രാവിലെ ഒരു ഗുഡ് മോണിങ്ങ്.പിന്നെ ബാത്ത്റൂമിന്റെ വാതുക്കല്‍ വെച്ച് ഒരു ഗുഡ് മോണിങ്ങ് കൂടി..ഹും"

സംഭവബഹുലം.

1 comment: