ചൂഷകരും ചൂഷിതരും പിന്‍തുടരുന്ന പാറ്റേണിന് ചരിത്രത്തിന്റെ ആരംഭം മുതല്‍ ഇന്നേ വരെ സാരമായ വ്യത്യാസങ്ങളൊന്നും വന്നിട്ടില്ല എന്ന നിരീക്ഷണത്തില്‍ നിന്നാണ് ഇതെഴുതുന്നത്.ചൂഷകരും ചൂഷിതരും എപ്പൊഴെങ്കിലുമൊക്കെ തങ്ങളുടെ വാദമുഖങ്ങളുമായി സമൂഹത്തിന്റെ മനഃസാക്ഷിക്കു നേരെ വരുമെന്നത് എല്ലാവര്‍ക്കുമറിയാവുന്ന ഒരു വസ്തുത ആണല്ലോ!
നമ്മുടെ ജന്മനാടായ ഭാരതത്തിന്റെ ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ളതും സ്വാതന്ത്ര്യലബ്ദിയുമായി ബന്ധപ്പെട്ടതുമായ ചരിത്രം അറിയണമെന്ന കൗതുകം ഉണ്ടായിരുന്ന കാലത്ത് ആകര്‍ഷകമായ ചേരുവകളോടെ കൈയ്യിലെത്തിയത് ഡോമിനിക് ലാപിയറും ലാരി കോളിന്‍സും ചേര്‍ന്നെഴുതിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന കൃതിയുടെ മലയാള പരിഭാഷയാണ്.വിശദമായി വായിച്ചു.വായനയ്ക്കു ശേഷം ആദ്യം തോന്നിയ വികാരം ബ്രിട്ടീഷ് ഭരണനൈപുണ്യത്തോടുള്ള ആരാധനയാണെന്ന് അല്‍പ്പം കുറ്റബോധത്തോടെ ഇപ്പോള്‍ സ്മരിക്കുന്നു.ബ്രിട്ടീഷുകാരുടെ കൊള്ളയും ക്രൂരതകളുമെല്ലാം വെള്ളം ചേര്‍ത്ത് മയപ്പെടുത്തി ഇന്ത്യന്‍ നാട്ടു രാജാക്കന്‍മാരുടേയും സ്വാതന്ത്ര്യസമരസേനാനികളുടേയും സ്വഭാവത്തിലെ ചെറിയ വികലതകളെ പോലും ഒരു കാരിക്കേച്ചറിലെന്നപോലെ പെരുപ്പിച്ചു കാണിച്ച് അനുവാചകഹൃദയങ്ങളെ സത്യത്തില്‍ നിന്ന് വളരെ ദൂരെയൊരു മൂഢസ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നതില്‍ എഴുത്തുകാര്‍ എന്തൊരു വിജയമാണ്.ഇപ്പോഴും ബ്രിട്ടീഷ് രാജിനെ ആരാധിക്കുന്ന അസംഖ്യം ഇന്ത്യക്കാരുണ്ടെന്നത് എത്രയോ വലിയ ബൗദ്ധികാടിമത്വത്തെയാണ് സൂചിപ്പിക്കുന്നത്.സ്വന്തം അടുക്കളയിലെ ചോറ് അടുത്ത വീട്ടിലെ ചേട്ടന്‍ വന്ന് അതില്‍ 90 ശതമാനം എടുത്ത് അയാളുടെ വീട്ടിലേയ്ക്ക് കടത്തി ബാക്കി നമുക്ക് വിളമ്പി തരുന്ന രീതിയിലുള്ള ഭരണമാണ് നമ്മളിഷ്ടപ്പെടുന്നതെങ്കില്‍ പ്രശ്നം ഗുരുതരമാണ്.
'Django unchained' എന്നൊരു ഹോളിവുഡ് സിനിമ കണ്ടത് ഈയടുത്താണ്.അമേരിക്കന്‍ ഐക്യനാടുകളില്‍ ആഫ്രിക്കന്‍ വംശജരായ അടിമകള്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ക്ക് ഏല്‍ക്കേണ്ടി വന്ന പീഡകളും പ്രതിരോധശ്രമങ്ങളുമൊക്കെയാണ് ഇതിവൃത്തം.ഈ സിനിമയിലും ഏറ്റവും നീചമായ വേഷം ചെയ്യുന്നത് ഒരു ആഫ്രിക്കന്‍ വംശജനാണെന്നത് പ്രസ്താവ്യമാണ്.വെള്ളക്കാരായ അടിമ കച്ചവടക്കാര്‍ ശ്രദ്ധിക്കാതെ പോവുന്ന ക്രൂരതകള്‍ കൂടി ഓര്‍മ്മിപ്പിച്ച് നടപ്പിലാക്കുന്ന ആ കഥാപാത്രവും ചരിത്രത്തില്‍ മായം ചേര്‍ക്കുന്നതാണെന്നത് സുവ്യക്തം.
ഒരു (കുറ്റ)കൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കി ശേഷം വസ്തുതകളെ വളച്ചൊടിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ തന്നെയാണ് ഏറ്റവും വലിയ ഉത്തരവാദികള്‍.ഒരു ഹിമപാതം (avalanche)തുടങ്ങാന്‍ ചെറിയോരു മഞ്ഞുകഷണം എറിഞ്ഞാല്‍ മതിയത്രെ!
വീക്ഷണവും എഴുത്തും ഗംഭീരം...
ReplyDelete