Sunday, 1 November 2020

ഹോബി

ആറ്റുനോറ്റ് ഞമ്മക്കും ഒരു പാശ്ചാത്യ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ തരായി!

സമയം പറപറന്നു.വിമാനവും കൂടെ പറന്നു.

അല്‍പ്പമൊരു ചങ്കിടിപ്പോടെ പാശ്ചാത്യമണ്ണില്‍ കാലു കുത്തി.

ആദ്യക്ളാസ്സ്.പരിചയക്കാരന്‍ യൂണിവേഴ്സിറ്റി കോളേജിന്റെ വിശാലമായ പടിവാതിലില്‍ കൊണ്ടുചെന്നാക്കി.

വിശാലമായ പുല്‍ത്തകിടിയും ഭംഗിയുളള തണല്‍ മരങ്ങളും.

പൗരാണികതയുടെ പ്രൗഢിയും ആധുനികതയുടെ സൗകര്യങ്ങളുമുള്ള വലിയ കെട്ടിടങ്ങള്‍.

മരത്തിലും മതിലിലും പേരും ലൗ ചിഹ്നവും പോറി സ്വത്വം വെളിപ്പെടുത്താനും കാലത്തെ ജയിക്കാനും മനസ്സു വെമ്പി..നോക്കാം..സമയമുണ്ടല്ലോ!

വിശാലമായ ക്ളാസ് റൂമാണ്.ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ മേശയും കസേരയും.കൊള്ളാം!

അദ്ധ്യാപഹയന്‍ വന്നു.ആഢ്യത്വം തുളുമ്പുന്ന ഒരാള്‍.

പ്രതീക്ഷിച്ചതുപോലെ ഓരോരുത്തരേയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി സ്വയം പരിചയപ്പെടുത്തുന്ന കലാപരിപാടി ഉണ്ടായില്ല.

പകരം എല്ലാവര്‍ക്കും റൈറ്റിങ്ങ് പാഡുകള്‍ നല്‍കപ്പെട്ടു.സ്വയം പരിചയപ്പെടുത്തി ഒരു പേജില്‍ കവിയാതെ എഴുതുവാനുള്ള നിര്‍ദ്ദേശവും ലഭിച്ചു.എഴുതി.അദ്ധ്യാപകന്‍ ആ ചെറിയ സമൂഹത്തിന്റെ കടലാസു കഷണങ്ങളെല്ലാം തിരികെ വാങ്ങി പതിയെ പരിശോധിക്കാനാരംഭിച്ചു.


പരിശോധനയ്ക്കൊടുവില്‍ അദ്ദേഹം മൊഴിഞ്ഞു"നിങ്ങളെല്ലാവരും തങ്ങളുടെ ഓരോരുത്തരുടേയും ഹോബി അഥവാ എക്സ്ട്രാകരിക്കുലര്‍ ആക്ടിവിറ്റീസ് എന്നു എഴുതിയിരിക്കുന്ന ഭാഗത്തിന്റെ ഒരു ഡെമോണ്‍സ്ട്രേഷന്‍ കാണിക്കേണ്ട സെഷനാണ് അടുത്തതായി.

വെള്ളിടി വെട്ടി..ഷൂട്ടിങ്ങ് എന്നാണ് എഴുതിയിരുന്നത്!തോക്കിന്റെ പട്ട റീക്കോയില്‍ നിമിത്തം മൂക്കിന്റെ പാലാരിവട്ടം പാലം തകര്‍ക്കുന്ന ഒരുപാട് സീനുകള്‍ മനസ്സില്‍ വന്നു.

രക്ഷപെടാന്‍ ഒരു വഴിയുമുണ്ടെന്നു തോന്നുന്നില്ല.നാട്ടിലാരുന്നേല്‍ വല്ല ജാതി,മത,ലിംഗ,വിഭാഗ കാരണവും പറഞ്ഞ് ഉടക്കി രക്ഷപെടാമായിരുന്നു.ഈ ഐസുംകട്ട പോലെയുള്ള അദ്ധ്യാപഹയനോട് എന്തു പറയാന്‍.പക്ഷേ ആവശ്യം സൃഷ്ടിയുടെ മാതാവും പിതാവുമൊക്കെയാണല്ലോ!

ഷൂട്ടിങ്ങ് റേഞ്ചിലേയ്ക്ക് നടന്നു.നോക്കിയാല്‍ കാണാത്ത ദൂരത്താണ് ലക്ഷ്യസ്ഥാനം.ചങ്കു പടപടാ മിടിച്ചു.

തോക്കെടുത്തു കുറേ തുടച്ചു മിനുക്കി..എന്തൊരു മുടിഞ്ഞ ഘനമാണിതിന്..

അവസാനം ഉടായിപ്പ് പഠിപ്പിച്ച ഗുരുക്കളെ മനസ്സില്‍ ധ്യാനിച്ച് ഒരു സാധനങ്ങട് അലക്കി"സര്‍,ഞാന്‍ ഷൂട്ടിങ്ങിലെന്റെ സ്പെഷ്യലൈസേഷന്‍ പ്രതിപാദിക്കാന്‍ മറന്നു.എന്റെ ഐറ്റത്തിന് ടാര്‍ഗറ്റ് പലക ആവശ്യമില്ല!"

"ഓഹ്..ഓകായ്.പിന്നെയെന്താണ് ആവശ്യം?"അദ്ദേഹം ശാന്തഗംഭീരസ്വരത്തില്‍ ആരാഞ്ഞു.

"ലഭ്യമാണെങ്കില്‍ രണ്ടു മൂന്ന് ബ്ളാങ്ക് ബുള്ളറ്റുകള്‍ മതി..ബ്ളാങ്ക് ഷോട്ടുകളാണ് എന്റെ സ്പെഷ്യലൈസേഷന്‍."

"ഓകായ്..പെര്‍ഫെക്ട്"

പിന്‍കുറിപ്പ്:-

ശബ്ദവും പുകയും മാത്രമുള്ള സിനിമയിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റുകളാണ് പ്രതിപാദിച്ചത്!

2 comments: