ഞങ്ങളുടെ നാട്ടില്‍ പ്രശസ്തനായ ഒരു മേസ്തിരിയുണ്ട്.അദ്ദേഹത്തിന്റെ പേര് 'x' എന്നിരിക്കട്ടെ!!!കഥയിലാണെങ്കില്‍ പോലും,ഏതെങ്കിലും ജാതിയെയോ ലിംഗത്തേയോ വിഭാഗത്തെയോ സൂചിപ്പിക്കുന്ന ഒരു പേരു പറഞ്ഞാല്‍ അതിന്റെ പേരില്‍ ജീവിതം തകര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ഒരു പാട് ഊളകളോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു ഒളിച്ചുകളി.
കഥയിലേയ്ക്കു തിരിച്ചു വരട്ടെ?
കഥ കാണാന്‍ രണ്ടു കണ്ണുകള്‍ വേണമായിരുന്നല്ലോ!എളുപ്പത്തില്‍ കിട്ടുന്ന രണ്ടെണ്ണം ഇങ്ങെടുക്കുവാ.നാടു ചുറ്റി നടന്ന് പൊട്ടും പൊടിയും വാരുന്ന സ്ഥിരം കണ്ണുകളാണ്.
മേസ്തിരി എല്ലായിടത്തുമുണ്ടാവും.ഏതു കൊടികുത്തിയ എഞ്ചിനീയര്‍ വരച്ച പ്ളാനും അപ്രൂവ് ചെയ്യപ്പെടുന്നത് ഇദ്ദേഹത്തിന്റെ സന്നിധിയിലാണ്.
നേരത്തേ പറഞ്ഞ കഥ കാണുന്ന കണ്ണുകള്‍ മേസ്തിരിയുടെ പുകളിന്റെ മുകളിലും പറന്നിറങ്ങി.
"ചേട്ടാ,ശൂ....ഓയ്..ചേട്ടാ.."വിളി മേസ്തിരിയെയാണ്.
തിരിഞ്ഞു നോക്കുന്നില്ലെങ്കിലും കടക്കണ്ണിലൂടെ (കടക്കണ്ണ് പെണ്ണിനു മാത്രമെന്നു കരുതുന്നവര്‍ പാക്കിസ്ഥാനിലേയ്ക്കോ മറ്റോ ഉടനെ പോകേണ്ടതാണ്)എന്നെ കാണുന്നുണ്ടെന്നത് വ്യക്തമാണ്.
"ഒരു കാര്യം ചോയിക്കാനാരുന്നു..ഓയ്.."വീണ്ടും വീണ്ടും ഞാനാണ്.
ഇത്രയൊക്കെയായപ്പോള്‍ അദ്ദേഹം വളരെ മെല്ലെ തിരിഞ്ഞു.ഒരു ശില്‍പ്പി മാര്‍ബിള്‍ കഷണത്തെയെന്നപോലെ എന്നെ ആപാദചൂഡം നോക്കി എന്നു പറയുമ്പോള്‍ ഓസില്‍ മാര്‍ബിള്‍ കഷണമാകാനുള്ള ശ്രമമല്ലേ എന്നു സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനില്ല.
എന്തായാലും നോക്കി.ശേഷം മുഖം കൊണ്ട് എന്താ കാര്യം എന്ന അര്‍ത്ഥത്തില്‍ ഒരു ആംഗ്യം കാണിച്ചു.
"ചേട്ടന്റെ ഈ ജനസമ്മിതിയുടെ രഹസ്യം എന്താ?"ഞാന്‍ അക്ഷമനാണ്.
മുന്‍വിധിപോലെ അദ്ദേഹം കേട്ട ഭാവം നടിച്ചില്ല.
"അങ്ങനെ ചോയിച്ചതല്ല.ഞാനും പലയിടത്തും ജോലി ചെയ്തിട്ടുണ്ട്.ജോലി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് എന്നു പറയുന്നതാവും കൂടുതല്‍ ശരി.പക്ഷേ എല്ലായിടത്തും നമ്മള്‍ അധികപ്പറ്റായിരുന്നു എന്നപോലെ.ജോലി നടക്കാന്‍ വേണ്ടിയാണ് നിന്നെ സഹിക്കുന്നതെന്ന് പോലും പലരും പറഞ്ഞിട്ടുണ്ട്.പക്ഷേ ആലോചിക്കുമ്പോള്‍ ഇതേ ഡയലോഗ് ഞാന്‍ അവരോട് പറയേണ്ടതല്ലേ എന്നു തോന്നിയിട്ടുമുണ്ട്.അലഞ്ഞ് അലഞ്ഞ് മടുത്തു.എവിടെയെങ്കിലും പിടിച്ചു നില്‍ക്കണം.അതേ സമയം തന്നെ നമ്മടെ ആദര്‍ശങ്ങളോടും ഇഷ്ടങ്ങളോടും നീതി പുലര്‍ത്താന്‍ സാധിക്കുകയും വേണം.കൂലി തരുന്നവര്‍ക്കൊട്ടു നഷ്ടബോധം തോന്നാനും പാടില്ല.
എന്താണ് ചേട്ടന്റെ ഈ വിജയത്തിന്റെ രഹസ്യം??!പറയാമോ?പ്ളീസ്"
"ഇന്നെന്താഴ്ച?"
"ങ്ങേ?!"
"ഇന്ന് ദെവസം ഏതാന്ന്?"മുറുക്കാന്‍ നിറഞ്ഞ വായ കൊണ്ട് മേസ്തിരി പറഞ്ഞൊപ്പിച്ചു.
"ചൊവ്വ.ചൊവ്വാഴ്ച."മൊബൈലില്‍ നോക്കി ഉറപ്പും വരുത്തി.തൂസ്ഡേയും തേഴ്സ്ഡേയും കുഞ്ഞിലേപ്പോലെ ഇപ്പോഴും മാറിപ്പോകുന്നുണ്ടെല്ലോയെന്നോര്‍ത്ത് മനസ്സില്‍ ചമ്മി.ചിരിച്ചു.
"ഷമയമൊണ്ടേ ഇന്നത്തേക്ക്
കൂടെ പോരെ!" മേസ്തിരിയാണ്.
"സമയമുണ്ട് ചേട്ടാ.സമയമേ ഒള്ളൂ."ഞാന്‍ ആവേശോജ്ജവലിത വിനയകളേബരനായി.
"ആ ഷഞ്ചി.."
"സഞ്ചി ഞാനെടുത്തോളാം!"അങ്ങനെ സഞ്ചിയുമെടുത്ത് നടക്കുകയായാണ്.എങ്ങോട്ടാണെന്ന് ചോദിക്കാന്‍ മനസ്സിലെ അക്ഷമന്‍ വെമ്പുന്നുണ്ടെങ്കിലും പേടി അതിനെയെല്ലാം മൂടിക്കളഞ്ഞു.
ഇടക്ക് പെട്ടിക്കടയെത്തിയപ്പോള്‍ നില്‍ക്കാന്‍ സിഗ്നല്‍ വന്നു.നിന്നു.ചുരുങ്ങിയ വാക്കുകളില്‍ അവിടുത്തെ ഡീലും കഴിഞ്ഞു.നോട്ടിനു പകരം ഒന്ന് ഒന്നരക്കിലോ മുറുക്കാന്‍ പൊതിയായി സഞ്ചിയിലെത്തി.
നടപ്പ് തുടരപ്പെട്ടു!
NRI അച്ചായന്റെ ഔട്ട് ഹൗസിന്റെ പണി നടക്കുന്നിടത്താണ് ആ തീരെ ചെറുതല്ലാത്ത യാത്ര അവസാനിച്ചത്.
ചെന്നപാടെ അക്ഷമരമായ സഹപണിക്കാര്‍ ചോദ്യശരങ്ങളുമായി പൊതിഞ്ഞു.
"യെവനേതാ പുതിയത്?!"അത് എന്നെയാണ്.
"ഞാന്‍ ചുമ്മാ.."
"കൈലിയുടുക്കാതെ ജീന്‍സിട്ടോണ്ട് ഈ പണി നടക്കത്തില്ല.ഞങ്ങള് പറയാനൊള്ളത് പറഞ്ഞു."
"ഇന്നലെയടിച്ചതിന്റെ തലവേദന ഇതുവരെ മാറിയിട്ടില്ല"അടുത്തയാള്‍..
"കൈയ്യേലും കാലേലും ഈ മലരെല്ലാം കൊണ്ടു കേറി മുറിഞ്ഞതിന്റെ വേദന മറന്നു ഒന്നു കിടന്നൊറങ്ങണ്ടേ?അതിനല്ലേ ഇല്ലാത്ത കാശു മൊടക്കി കള്ളു മേടിക്കുന്നെ."മറുപടിയും ആ ടെമ്പററി നാടകഗ്രൂപ്പില്‍ നിന്ന് തന്നെ വന്നു.
"കൂലി കിട്ടീട്ട് ആഴ്ച രണ്ടായി..മലര്"അടുത്ത ഇന്റര്‍വ്യൂവര്‍..
"ബോധമില്ലാത്തവമ്മാരാ ഇതെല്ലാം ഒണ്ടാക്കി വെച്ചേക്കുന്നെ..ഇടിഞ്ഞു പൊളിഞ്ഞു അച്ചായന്റേം കെട്ടിയൊക്കടേം തലേല്‍ വീണ് എല്ലാം ജയിലില്‍ പോകണ്ടി വരുമോന്നാണ്..ഇവിടെ കാമറാ ഒള്ളതാ.പണിക്ക് വന്നില്ല എന്നൊന്നും പറഞ്ഞ് രക്ഷപെടാന്‍ പറ്റില്ല...മലര്..പിള്ളേര് പട്ടിണിയാകും"ലവന്‍ കടക്കണ്ണെറിഞ്ഞ് ഗൂഡമായി ചിരിച്ചു.
"മേശിരി പതിവുപോലെ ഇന്നും ലേറ്റ്.ഇനി പണി തീര്‍ക്കാനെന്നും പറഞ്ഞ് പാതിരാത്രി വരെ നിക്കണ്ടി വരും..മലര്"അവസാനിക്കാറായെന്ന് തോന്നുന്നു..അളക്കലുകളുടേയും ഇന്റിമിഡേഷന്റെയും ആദ്യഘട്ടം.
ഈ സമയം മേശിരി അച്ചായന്റെ വീട്ടില്‍ ചെന്ന് ആളെവിടെ എന്ന് ആംഗ്യഭാഷയില്‍ ചോദിക്കുകയായിരുന്നു.
"പപ്പ ഏതോ ഓഫീസില്‍ പോയേക്കുവാണല്ലോ ചേട്ടാ..അര്‍ജന്റ് വല്ലതുമാണോ?മൊബൈലില്‍ വിളി ofക്കാം."മോള് മൊബൈലെടുക്കാന്‍ അകത്തേയ്ക്ക് പോവാന്‍ തുടങ്ങിയപ്പോള്‍ മേസ്തിരി വേണ്ടെന്ന് ആംഗ്യം കാട്ടി തിരിഞ്ഞു നടന്നു.
"എവിടെ തൊടങ്ങണം മേശിരീ"ഒരുത്തന്‍ ചോദിച്ചു..കേട്ടഭാവം നടിച്ചില്ല.
"ഇന്നലത്തെ ഷേഡിന്റെ പണി വാക്കി തീര്‍ക്കാം..ഇന്ന് മഴ കാണില്ല.ഇന്ന് കൊണ്ട് തീരുവാരിക്കും."വേറൊരാള്‍.
മേസിശി കൈകൊണ്ട് ആംഗ്യം കാട്ടി ഷെഡ്യൂളിന് അപ്രൂവല്‍ കൊടുത്തു.
"ഷവ്വല് എവിടെയാന്ന് കണ്ടോ മേശിരീ..കാണുന്നില്ല"വേറൊരുത്തന്‍..മേശിരി കേട്ട ഭാവം നടിച്ചില്ല.
എന്നോട് മറ്റു പണിക്കാരുടെ കൂടെ കൂടിക്കോളാന്‍ ആംഗ്യഭാഷയില്‍ നിര്‍ദ്ദേശിച്ച് മേശിരി കണക്കുകളുടെ ലോകത്തേയ്ക്ക് കടന്നു.
ഞാനവരുടെ കൂടെ ചേര്‍ന്നു.കാണുന്ന പോലെ അല്ല.പഠിക്കാനേറെ ഉണ്ട്.
ഇടയ്ക്ക് വിശ്രമമുണ്ട്.തമാശകളുണ്ട്.ചെറിയ പിണക്കങ്ങളുണ്ട്.പണി നീങ്ങുന്നുണ്ട്.സമയവും...
ഭക്ഷണം കഴിക്കാനായി..അച്ചായന്‍ എത്തിയിട്ടില്ല.എല്ലാവരും എത്തിയിട്ടും മേശിരി വന്നില്ല.ഞങ്ങള്‍ നല്ല രുചിയോടെ ചോറുണ്ടു.കഴിയാറായപ്പോള്‍ മേശിരി വന്നു.സമയമെടുത്ത് മുറുക്കാനെല്ലാം കഴുകിക്കളഞ്ഞ് വന്ന് ഇരുന്നു.ചോറ് വിളമ്പി.
"ഇച്ചിരീം കൂടെ ചൂടുണ്ടാരുന്നേല്‍..വാതത്തിന്റെ പ്രശ്നമൊള്ളതാ.."മേശിരി..
"ചൂടൊണ്ടാരുന്നതാ ചേട്ടാ..അല്ലേലിവരോട് ചോയിച്ചു നോക്കിക്കോ."അച്ചായന്റെ മോളാണ്.
"ഇച്ചിരി ആവി കേറ്റുന്ന താമസമല്ലേ ഉള്ളൂ..മേശിരി ഇരി."അച്ചായന്റെ ഭാര്യ മകളുടെ വിവരക്കേടിനെ പരിഹരിച്ചു.
അങ്ങനെ ദിവസം കഴിയാറായി.അച്ചായന്‍ വന്നു.മേശിരി മറ്റൊരു ആളായി മാറി.മുറുക്കാനൊക്കെ തുപ്പിക്കളഞ്ഞു.അച്ചായനോട് സുദീര്‍ഘമായ സംഭാഷണത്തിലേര്‍പ്പെട്ടു.കൂലി കണക്കു പറഞ്ഞ് വാങ്ങി എല്ലാര്‍ക്കും വീതിച്ച് നല്‍കി.
എന്നെ ഒന്നുകൂടി ഇരുത്തി നോക്കി പൊക്കോളാന്‍ ആംഗ്യം കാണിച്ചു.
കിട്ടിയ 800 രൂപകൊണ്ട് രാവിലത്തെ പെട്ടിക്കടയില്‍ നിന്ന് ഒന്ന് ഒന്നരക്കിലോ മുറുക്കാന്‍ വാങ്ങണമെന്ന ലക്ഷ്യത്തോടെ ഒരു വിശ്വവിജയിയേപ്പോലെ ശരീരംവേദനയ്ക്കിടയിലും ഞാന്‍ ദൃഡമായ കാലടികളോടെ നടന്നു.