"സാറേ,ഇതിവിടെ ആണോ പറയേണ്ടതെന്നറിയില്ല."
"എന്താടോ?വെക്കം പറ"
"സാറേ,കുറേക്കാലമായി എന്റെ അത്ഭുതങ്ങള്‍ ഓരോന്നായി കാണാതെ പോവുകയാണ്.അതു പരാതിയാക്കണോ പരസ്യമാക്കണോ എന്നറിയാത്തതുകൊണ്ടാണ് നേരെ ഇങ്ങോട്ട് പോന്നത്"
"എന്തു കാണാനില്ലെന്ന്?അത്ഭുതങ്ങളോ!?തെളിച്ച് പറയെടോ!നൂറു കൂട്ടം പണിയുള്ളതാണ്!"
"എന്റെ സാറേ,അത്ഭുതം!അത്ഭുതമെന്ന് കേട്ടിട്ടില്ലേ!?"
"ഇതു കുരിശായല്ലോ!ഒരു ഉദാഹരണം പറയാമോ സാാര്"
"ഉദാഹരണം ചോദിച്ചാല്‍ എന്തോരം പറയാനുണ്ട്!നമ്മടെയൊക്കെ ചെറുപ്പത്തില് തീ കത്തിക്കാന്‍ തീപ്പെട്ടിയായിരുന്നു.തണുത്തുപോയാല്‍ പിന്നെ ഒരു രക്ഷേം ഇല്ല.അങ്ങനെയിരിക്കെ ഗള്‍ഫുകാര് ലൈറ്ററു കൊണ്ടുവന്നു.അടപ്പു തുറന്നാല്‍ തീ വരുന്ന അത്ഭുതം.പിന്നെ ചൈനക്കാരതിനെ എല്ലായിടത്തുമാക്കി.എല്‍.ഇ.ഡി.ലൈറ്റുള്ളതടക്കം.ആദ്യമൊക്കെ അല്‍ഭുതം തന്നെയായിരുന്നു.പിന്നെ തുറന്നു നോക്കിയപ്പോ ഞെക്കുമ്പോളുരയുന്ന കല്ലുകളും തീപ്പൊരി തുപ്പുന്ന ബാറ്ററിയും ഗ്യാസ് അഴിച്ചുവിടുന്ന വാല്‍വുമൊക്കെ കണ്ടു.അങ്ങിനെ ആ അല്‍ഭുതം അങ്ങ് പോയി.ബലൂണ്‍ പൊട്ടുമ്പോള്‍ ശബ്ദം കേള്‍ക്കുന്നത് മര്‍ദ്ദവ്യത്യാസം കൊണ്ടാണെന്ന് പിന്നീട് പഠിച്ചു.അങ്ങിനെ അല്‍ഭുതങ്ങളോരോന്നായി മോഷ്ടിക്കപ്പെടുകയാണ്."
"എടോ,ഇതിനുള്ള സ്ഥലം ഇവിടെയല്ല.താനേതെങ്കിലും വല്യ ആശുപത്രിയില്‍ പോയി പറ. പോടോ!"
"സാറീ പറഞ്ഞതിലും അത്ഭുതമില്ല.സാറിതേ പറയൂ എന്ന മുന്‍വിധി പകരം വെച്ച് ആരോ ആ അത്ഭുതവും മോഷ്ടിച്ചിരിക്കുന്നു!!"