ടൊയോട്ട ഇന്ത്യ ഇന്നോവ എന്ന ഇനത്തില്‍ പെട്ട വാഹനം നമ്മുടെ വിപണിയിലെത്തിച്ച കാലം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?എന്റെ നാട്ടിലൊരു ഡോക്ടര്‍ അത്തരമൊന്ന് ആദ്യകാലത്ത് സ്വന്തമാക്കി ഒന്നര വര്‍ഷത്തോളം ഒരു അന്യഗൃഹജീവിയെപ്പോലെ അതിനെ ഉരുട്ടിക്കൊണ്ടു നടക്കുന്നത് കൗതുകത്തോടെ കണ്ടുകൊണ്ടിരുന്നതിനിടയ്ക്കാണ് രണ്ടാമതൊന്നു ആ നാട്ടിലെത്തിയത്..ഒന്നര വര്‍ഷം!
പിന്നീട് ചെറിയൊരു വിദേശവാസമൊക്കെ കഴിഞ്ഞ് തിരിച്ചു വന്ന കാലത്ത് ഓട്ടോറിക്ഷകളേക്കാള്‍ കൂടുതല്‍ ഇന്നോവ കളുള്ള നാടായി മാറിക്കഴിഞ്ഞു നമ്മുടേത്.
ടച്ച് സ്ക്രീന്‍ ടെക്നോളജിയുള്ള മൊബൈല്‍ ഫോണുകളോടും സിമന്റുകൊണ്ടുള്ള കട്ടിള,ജനല്‍ ഉരുപ്പടികളോടും ഇരുമ്പ് ഫര്‍ണിച്ചറുകളോടും ഡീസല്‍ ഓട്ടോറിക്ഷാകളോടുമുള്ള നമ്മുടെ നാടിന്റെ ആദ്യ പ്രതികരണം എന്തായിരുന്നുവെന്ന് ഓര്‍ക്കാം.
ഒറ്റയോ പെട്ടയോ കോളേജ് കുമാരികള്‍ ഒരു നാട്ടിലുള്ള അന്ത കാലത്ത് സുസുക്കിയുടെ അല്‍പ്പം ഒച്ചപ്പാടുള്ള ബൈക്കിലൊരു ഫ്രീക്കന്‍ ആ വഴി കറങ്ങിയാല്‍ എന്തു സംഭവിക്കും എന്നു കണ്ടിട്ടുണ്ടോ?ഒരു സ്ത്രീയുടെ പേരില്‍ എഴുത്തു വല്ലതും പോസ്റ്റോഫീസിലെത്തിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നു കണ്ടിട്ടുണ്ടോ?മനസ്സിന്റെ ശ്രീകോവിലില്‍ വെച്ചാരാധിക്കാന്‍ ഏതെങ്കിലുമൊരു ചഞ്ചലാക്ഷിയുടെ ഫോട്ടോയൊരെണ്ണം സംഘടിപ്പിക്കാന്‍ സ്റ്റുഡിയോ കൊള്ളയടിക്കാന്‍ പോലും തുനിയുമായിരുന്ന ഒരു കാലം ഓര്‍മ്മയുണ്ടോ?
ഇന്നിപ്പോള്‍ ആര്‍ക്കും ഏതു കോലത്തിലും എതിലെയും നടക്കാം,ഉഭയസമ്മതപ്രകാരം ആരോടും ഏതു സമയത്തും സംസാരിക്കാം,ആരുടെ ഏത് പോസിലുള്ള ഫോട്ടോയും നൊടിയിടയില്‍ ഓണ്‍ലൈനായി ആക്സസ് ചെയ്യാം.
ട്രെന്റുകള്‍ മാറുകയാണ്...
പുറമേ നിന്നു നോക്കുമ്പോള്‍ ഏതു പെസിമിസ്റ്റിനും ഗുണദോഷസമ്മിശ്രമെന്നു മാത്രം തോന്നിക്കുന്ന മാറ്റങ്ങള്‍.
ഞാന്‍ പൊതുവേ വെള്ളമടിക്കാത്തപ്പോഴാണ് ധാര്‍മ്മികരോക്ഷവും ആദര്‍ശധീരതയും പ്രദര്‍ശിപ്പിക്കുക എന്നു എങ്ങിനെയോ മനസ്സിലാക്കിയ ചില കൊളീഗ്സ് എന്നെ വേണേല്‍ രണ്ടെണ്ണം അടിച്ചോളൂ എന്നു വരെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്..അവരത് ലോകനന്മയ്ക്കുവേണ്ടി ചെയ്തതാണ്.ഈ ഒരു വിഷയം ഇതേ രീതിയില്‍ വീട്ടുകാരേയും പറഞ്ഞു മനസ്സിലാക്കാനായാല്‍ വെളുപ്പിന് കട്ടന്‍കാപ്പിക്കു പകരം ഒരു ലാര്‍ജ് കിട്ടുന്ന കുടുംബാന്തരീക്ഷ ട്രെന്റ് സ്രഷ്ടിക്കാനാവുമോ എന്നു ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.
ആരാണ് ട്രെന്റുകള്‍ സ്രഷ്ടിക്കുന്നത്?
ആരാണ് എന്നതില്‍ ആലോചിച്ച് കഷ്ടപ്പെടാന്‍ ഒന്നും ഇല്ല;അത് കച്ചവടക്കാര്‍ aka സംരഭകരാണ്. അവരെ സഹായിക്കാനെത്തുന്നതും പ്രചാരകരാകുന്നതും സമൂഹത്തിലെ വിവിധ സ്ഥാനങ്ങളലംങ്കരിക്കുന്ന പ്രമുഖര്‍,രാഷ്ട്രീയക്കാര്‍.
പുതിയൊരു നാട്ടില്‍ സ്ഥിരം
കച്ചവടത്തിന് ചെല്ലുന്ന എല്ലാവരും അവിടെയുള്ള ആരാധനാലയങ്ങളിലും അധികാരി,നിയമപാലകവിഭാഗങ്ങള്‍ക്കും മുടങ്ങാതെ നേര്‍ച്ചയിടാറുണ്ട്.
ലോകരാഷ്ട്രങ്ങളില്‍ തമ്മിലടികളുണ്ടാക്കുന്നത് ആയുധനിര്‍മ്മാതാക്കളും എണ്ണക്കമ്പനികളും രത്നവേട്ടക്കാരുമൊക്കെ സ്പോണ്‍സര്‍ ചെയ്യുന്ന ഏജന്‍സികളാണെന്നാണ് അറിവ്.
കേരളത്തിന്റെ വ്യവസായചക്രവാളത്തിലെ സൂര്യനാണ് ലുലു ഗ്രൂപ്പിന്റെ സ്ഥാപകമേധാവിയായ യൂസഫലി സാഹിബ്.ഫാന്‍ പേജുകളിലൊക്കെ അദ്ദേഹത്തിന്റെ പ്രൗഡിയുടേയും ജനറോസിറ്റിയുടേയും ഫാന്‍സി കാറുകളുടെ ഫാന്‍സി നമ്പറുകളേപ്പറ്റിയുമൊക്കെ ഒരുപാട് വായിക്കാനാവും.
പ്രളയകാലത്തെ കനപ്പെട്ട സംഭാവന അനൗദ്യോഗികമായി
കണക്കിലെടുത്തും മറ്റെന്തോ കുനിഷ്ഠ് വകുപ്പ് ഔദ്യോഗികമായി കണക്കിലെടുത്തും അദ്ദേഹത്തിന് ഡോക്ടറേറ്റ് കൊടുത്ത് നമ്മുടെ ഒരു യൂണിവേഴ്സിറ്റി അടുത്തിടെ
ആദരിച്ചിരുന്നു.
എന്റെ പ്ളസ് റ്റു കാലത്ത് നമ്മുടെ നാടിന്റെ തീരദേശമേഘലയെ തകിടം മറിച്ച ഒരു സുനാമി ഉണ്ടായിരുന്നു.(സുനാമി ഉണ്ടായതിന് കാരണം ഞാന്‍ പ്ളസ്റ്റുവിലായതുകൊണ്ടല്ല,എളുപ്പത്തില്‍ ഓര്‍ത്തുവെച്ചത് അതേപോലെ പറഞ്ഞു എന്നേ ഉള്ളൂ)വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ നിന്ന് നിര്‍ബന്ധിത സംഭാവന പിരിച്ചതൊക്കെ ഓര്‍മ്മയുണ്ട്.ആ കാലഘട്ടം ഗള്‍ഫിലെ സുവര്‍ണ്ണകാലമായിരുന്നു എന്ന് പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഓര്‍ത്തെടുക്കാവുന്നതാണ്.രണ്ടു പറോത്തയും സാമ്പാറും ചായയും ഏഴ് രൂപയ്ക്ക് കിട്ടുമായിരുന്ന ആ കാലത്ത് UAE ദിര്‍ഹത്തിനും സൗദി റിയാലിനും പതിനൊന്ന് - പന്ത്രണ്ട് രൂപ വിനിമയനിരക്കുണ്ട്. ഇന്ന് പൊറോട്ടയും ചായയും കുടിച്ചിറങ്ങുമ്പോള്‍ 30+ രൂപ ചിലവാകുന്ന സമയത്ത് ദിര്‍ഹവും റിയാലും മധുരപ്പതിനെട്ടിനും പത്തൊന്‍പതിനും ഇടയില്‍ എക്സ്ചേഞ്ചു റേറ്റുമായി ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.അന്നത്തെ ഗള്‍ഫുകാര്‍ നാട്ടില്‍ വരുമ്പോള്‍ വലിയ ധനികരാണെന്ന് സാരം.യൂസഫലി സാഹിബ് അന്നും വലിയ ബിസിനസ് ശൃംഘലകളുള്ള ഒരാളാണ്.തൊഴിലാളി ധനികനായ ഒരു കാലത്ത് വിജയിയായ ഒരു മുതലാളിയുടെ കാര്യം പറയണോ?പറഞ്ഞുവന്നത് ആ പ്രതാപകാലത്ത് സാഹിബ് സുനാമി ഇരകള്‍ക്ക് ഒന്നും കൊടുത്തതായി കേട്ടിട്ടില്ല..എല്ലാമറിയുന്ന ഫേസ്ബുക്ക് ഇല്ലാതിരുന്നതിനാലാവണം.
വെള്ളപ്പൊക്കം വന്നപ്പോള്‍ ദാനധര്‍മ്മങ്ങളുടെ എല്ലാം കണക്കറിയുന്ന ഫേസ്ബുക്കും കേരളത്തില്‍ സഹസ്രകോടികളുടെ ലുലുമാളും വന്നത് പാവങ്ങളുടെ ഭാഗ്യം.
ഞാന്‍ UAE യില്‍ ചെറിയൊരു ജോലി നോക്കുന്ന സമയത്താണ് അബു ദാബി ബനിയാസില്‍ ലുലു ഗ്രൂപ്പിന്റെ പുതിയൊരു മാള്‍ വരുന്നത്. സന്ദര്‍ശിച്ചിട്ടുമുണ്ട്.ഗംഭീരമാണ്.യൂസഫലി സാഹിബ് അന്ന് UAE ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ മുഖ്യഉപദേഷ്ടാവോ ഡിസിഷന്‍ മേക്കറോ ഒക്കെ ആണെന്നാണ് എന്റെ പരിമിതമായ അറിവ്. ബനിയാസ് ലുലുവില്‍ മറ്റു ബ്രാഞ്ചുകളിലെന്നപോലെ വിറ്റുവരവില്ലെന്നു സംസാരമുളള കാലത്താണ് അബുദാബിയിലെ ചെറിയ ഗ്രോസറി ഷോപ്പുകളെല്ലാം നിര്‍ബന്ധമായും ഗ്ളാസ് കൊണ്ടുള്ള ഫര്‍ണിച്ചറും പ്രൊജക്ട് ചെയ്ത അക്ഷരങ്ങളുള്ള ബോര്‍ഡുകളും ഉള്ളവയായിരിക്കണമെന്ന് നിയമം പൊടുന്നനേ വന്നത്.ചുരുക്കത്തില്‍ ചെറിയ കച്ചവടക്കാര്‍ക്ക് തുടരണമെങ്കില്‍ നാട്ടിലെ പത്ത് ഇരുപത് ലക്ഷം മുടക്കാം..ഇല്ലെങ്കില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി നാട്ടില്‍ പോകാം.ഭൂരിഭാഗവും നാട്ടില്‍ പോയി.ലുലുവിന് അക്കങ്ങളുടെ കണക്കില്‍ കുതിച്ചുചാട്ടം ഉണ്ടായി.നഗരം മനോഹരമാക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള അബുദാബി ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായിരിക്കാം വൃത്തിയും ഭംഗിയും കുറഞ്ഞ കടകളെ തുടച്ചുനീക്കുക എന്നത്.പക്ഷേ അനേകം മലയാളി ചെറു കച്ചവടക്കാരുടെ കണ്ണീരിന് സാഹിബ് മേല്‍ത്തരമൊരു സ്ഥാനത്തിരുന്നിട്ടും ഒന്നും പറഞ്ഞു കേട്ടില്ല.
ഇതൊക്കെപ്പറയാന്‍ ഞാനാരാണെന്നുള്ള സ്വഭാവിക ചിന്ത മിക്കവര്‍ക്കും ഉണ്ടായിക്കാണുമല്ലോ!മനസ്സലാകും.പറയത്തക്ക വിദ്യാഭ്യാസയോഗ്യതയോ ജോലിയോ സൗകുമാര്യമോ ഇല്ലാത്ത ഒരു ഊരുതെണ്ടി എന്നോടിങ്ങനെ വലിയ വര്‍ത്തമാനം പറഞ്ഞാലും നീയാരുവ്വാ എന്ന പുച്ഛമേ ആദ്യം ജനറേറ്റ് ചെയ്യപ്പെടുകയുള്ളൂ.
അതുകൊണ്ട്
എന്റെ നാലു വര്‍ഷത്തെ ആദ്യ ഗള്‍ഫ് ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി ഓട്ടോ പിടിച്ച് വീട്ടിലെത്തിയ സമയം. അന്ന് കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങളെല്ലാം ഞാനൊറ്റയ്ക്കായിരുന്നു.ഭരണം ഞാനല്ല താനും. പോരുന്നതിന് മുന്‍പുള്ള ഒരാഴ്ച നല്ല സമ്മര്‍ദ്ദമുള്ള സമയമാണ്.പാതി നിര്‍ത്തിയ ഡ്രൈവിങ്ങ് പഠനവും ഭാവിയേക്കുറിച്ചുള്ള ആശങ്കയും ആശയസംഘട്ടനങ്ങളുമൊക്കെയായി രണ്ടു മൂന്നു ദിവസം ഉറങ്ങാനേ സാധിച്ചിരുന്നില്ല.ഫ്ളൈറ്റിലിരുന്ന രാത്രിയും അകത്ത് കൂടെ ഒരു സഹപ്രവര്‍ത്തകന്റെ കടിഞ്ഞൂല്‍ ഗര്‍ഭിണിയായ ഭാര്യയുടെ ആശങ്കകളും പുറത്ത് മഴക്കോളും എയര്‍പോക്കറ്റുകളും ഉണ്ടായിരുന്നതിനാല്‍ ഉറങ്ങാനായില്ല.വീട്ടിലെത്തി ഒന്നും കഴിക്കാതെ 'ഒറങ്ങീട്ടു മൂന്നാലു ദിവസമായെന്നും' പറഞ്ഞ്
കട്ടിലിലേയ്ക്കു മറിഞ്ഞപ്പോള്‍ ദാ റേഡിയോയില്‍ ഫുള്‍ വോളിയത്തില്‍ ഹലോ ജോയ് ആലൂക്കാസ്. 'ഉറങ്ങട്ടെ' എന്നു പറഞ്ഞ് പാതിമയക്കത്തിലൊന്നു മുക്രയിട്ടപ്പോള്‍ റേഡിയോ വലിച്ചു പറിച്ച് "ഇവരൊക്കെ നല്ല കാര്യങ്ങള്‍ പറയുന്നത് കേട്ടാല്‍ മതി മനസ്സു നിറയാന്‍" എന്നോ മറ്റോ ആത്മഗതമടിച്ച മാതാശ്രീ അടുക്കളയില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു വോളിയം കൂട്ടാവുന്നത്രെയും കൂട്ടുന്നത് കാണായി. ഉറക്കം പോയി.നല്ല കാര്യങ്ങള്‍ കേട്ടേക്കാം.ആശാലത എന്ന കുയില്‍നാദമുള്ള ഗായികയും ബാലകൃഷ്ണന്‍ എന്ന ഗംഭീരശബ്ദമുള്ള ഒരാളുമാണ്.അവര്‍ പരസ്പരം കോളേജുകുട്ടിളെപ്പോലെ നല്ല ശബ്ദത്തില്‍ സൊള്ളുന്നു,വീട്ടിലെ വിശേഷങ്ങള്‍ പറയുന്നു,ഇടക്കിടെ പാട്ടു പാടുന്നു,കണ്ണീരും കിനാവും നിറഞ്ഞ കത്തുകള്‍ വായിക്കുന്നു,അത്യാവശ്യം നല്ല രീതിയില്‍ ഉപദേശങ്ങള്‍ മറുപടിയായി പറയുന്നു.പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.അവരുടെയൊക്കെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടോ ഇല്ലയോ എന്നറിയില്ല.പക്ഷേ ഇതിനിടയില്‍ മിനിറ്റിനു ഇരുപത്തഞ്ചു തവണയില്‍ കുറയാതെ ജോയി സാറ് നല്ല മനുഷ്യനാണ്,എല്ലാവരും ജോയ് ആലുക്കാസില്‍ തന്നെ വരണം,ആശേച്ചിയെ കാണണം എന്നെല്ലാം പറയുന്നത് എന്നെ ഹഠാദാകര്‍ഷിച്ചു.അതേ ജോയ് സാറു നല്ല മനുഷ്യനായതുകൊണ്ടാണല്ലോ നാലു ദിവസം ഉറങ്ങാത്തവന്റെ ചെവിട്ടിലേയ്ക്ക് ഈ മന്ത്രം ഫുള്‍ വോളിയത്തില്‍ വെച്ചുകൊടുത്തത്.എത്ര ആഴത്തിലാണ് ചില വേരുകള്‍ ഓടുന്നതെന്ന് നോക്കണേ!
എങ്ങിനെയാണ് സംരഭകത്വത്തിലേയ്ക്ക് വീണു പോകുന്നതെന്ന് ചിന്തിച്ചാലോ!!??
L.P.സ്കൂളില്‍ പഠിപ്പിച്ച ഒരു കന്യാസ്ത്രീ ടീച്ചര്‍ കുറച്ചു മിഷന്‍ ലീഗ് (കുട്ടികളുടെ ഒരു ക്രൈസ്തവസംഘടന) കുട്ടികളോടൊപ്പം വീടു കയറി എന്റെ എളിയ വാടകവീട്ടിലുമെത്തി. കുറേനേരമായിട്ടും തിരിച്ചറിയാതെ വന്നതിനാല്‍ അങ്ങോട്ടു പറഞ്ഞു പരിചയപ്പെടുത്തി.വെള്ളിടി വെട്ടിയാലെന്നവണ്ണം ആളുടെ ഭാവം മാറി.തൊണ്ടയിടറി.ദീര്‍ഘനിശ്വാസത്തിനിടയിലൂടെ ഈ അവസ്ഥയൊക്കെ മാറി നല്ലൊരു വീടൊക്കെ പണിയാന്‍ ഞാന്‍ പ്രത്യേകം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും എന്നു അന്‍പോടെ പറഞ്ഞു.എനിക്ക് ചിരിവന്നു.എന്നെ സെമിത്തേരിയിലോ ജയിലിലോ വല്ല പുനരധിവാസ കേന്ദ്രത്തിലോ കണ്ടിരുന്നെങ്കില്‍ ആളു ചിലപ്പോ മനോവിഷമത്താല്‍ ഇഹലോകവാസം വെടിഞ്ഞേനെയല്ലോ എന്ന ചിന്തയാണ് ചിരിപ്പിച്ചത്.
ഇത്രയൊക്കെ പറഞ്ഞത് ഒരു ചോദ്യം ചോദിക്കാനാണ്.
നമ്മള്‍ നമ്മുടെ നൈസര്‍ഗികവാസനകള്‍ പറയുംപോലെ സംരഭകരുടെ പണകേന്ദ്രീകൃതമായ ട്രെന്റുകളുടെ ഒഴുക്കിനൊത്ത് മൃതദേഹങ്ങളെപ്പോലെ നീങ്ങേണ്ടുന്നവരാണോ?